ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രശസ്തി


ഇന്നലെ ഞാനൊരു പ്രശസ്തിയെക്കണ്ടു

കറവീണ പല്ലുകൾ വെളുപ്പിച്ച്
മലർക്കെ ചിരിച്ചു കാട്ടിക്കൊണ്ട്
കോതി മിനുക്കിപ്പകുത്ത മുടി കറുപ്പിച്ച്
അനുസരണയില്ലാതെ എഴുന്നു നിന്ന മീശരോമങ്ങളെ
നിഷ്ക്കരുണം കഷ്ണമാക്കി വെട്ടിമാറ്റിക്കൊണ്ട്
പുകയില വിള്ളിച്ച ചുണ്ടുകൾ പതിയെ
ചുകപ്പു പുരണ്ട ചായം തേച്ച് തുടുപ്പിച്ച്
നാല്ക്കവല മുക്കിൽ നാലാളു കാൺകെ
കാറ്റടിച്ചാൽ കുലുങ്ങാത്തയാഴത്തിൽ ഉറപ്പിച്ച
തലപോയ കവുങ്ങിന്റെ കനമുള്ള രണ്ടു കാലുകൾക്കു നടുവിൽ
സ്വയമിറങ്ങി വന്ന പോൽ പ്രസന്നനായ്
അച്ചടിയ്ക്കപ്പെട്ടു നില്ക്കയാണ് പ്രശസ്തി

കണ്ണുകളിൽ തിളക്കം, ആത്മാവില്ല
വേട്ടമോഹത്തിൻ കുറുനരി ക്രൌര്യം
ചിരിയുണ്ട്, അഹന്തയാൽ കോടിയത്
പരമപുച്ഛത്തിന്റെ ചടുലതയിൽ വിരിഞ്ഞത്
അഭിവാദ്യത്തിനായുയർത്തിയ കൈകളിൽ
അടക്കിപ്പിടിച്ച അധികാരത്തിൻ അദമ്യത
മുന്നും പിന്നും പിണച്ച കാലുകൾക്ക്
ലക്ഷ്യം വേധിയ്ക്കാനുള്ള തിരക്കു കൂട്ടൽ

പ്രശസ്തിയെ ഈ മാതിരി കണ്ടപ്പോൾ
ആകപ്പാടെ ഒരു മടുപ്പിന്റെ മനം പുരട്ടൽ
മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച രൂപത്തിന്
എവിടെയോ എന്തോ പിശകുണ്ടെന്ന തോന്നൽ

സങ്കല്പവും അനുമാനവും കൂടിക്കുഴഞ്ഞ്
പ്രശസ്തിയുടെ വീട്ടുവാതിൽക്കലെത്തി,
കീശയിൽ തോക്കും ചുരുട്ടി മടക്കിയ മീശയും
സംശയം നിഴലിയ്ക്കുന്ന നോട്ടവുമായ് കാവൽ നില്ക്കും
രക്ഷാകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചെത്തി നോക്കുമ്പോൾ
മുറിയ്ക്കു നടുവിലായ് പ്രശസ്തിയും കുറേ വൃന്ദങ്ങളും

കാതും കൂർപ്പിച്ചു കണ്ണും തുറിച്ചു
ആളറിയാതെ ഒളിഞ്ഞു നിന്നപ്പോൾ കണ്ടു
പുത്തനുണങ്ങാത്ത നോട്ടുകെട്ടുകൾ വീതംവെച്ച്
പടമെടുപ്പുകാർ, സൌന്ദര്യ വർദ്ധകക്ഷുരകർ,
അഭിനയ ഗുരുവര്യർ, മുഖസ്തുതി പാഠകർ,
മാദ്ധ്യമശിങ്കിടി മുതലാളിമാർ, രഹസ്യദൂതന്മാർ
എന്നിങ്ങനെ ഓരോരുത്തരായ് പതുക്കെ
മുൻ വാതിൽ വരെ വന്നൊന്നെത്തിനോക്കി
തുറന്നിട്ട പിൻ വാതിൽ വഴി പുറത്തേയ്ക്ക്

ഒട്ടേറെ ക്ഷീണിതനായ്, വിജയശ്രീമാനായ് പ്രശസ്തി
മുഖമൊന്നു കഴുകി ചിരിഗൌരവം വരുത്തി
മതിൽക്കെട്ടിനപ്പുറം ആരവം മുഴക്കുന്ന
അനുയായിക്കൂട്ടത്തിൻ നടുവിലേയ്ക്ക് മുൻ വാതിലിലൂടെ
വടിവാർന്ന മുണ്ടും തട്ടുപൊളിപ്പൻ മേൽക്കുപ്പായവുമണിഞ്ഞ്
ഒഴിച്ചു കുടഞ്ഞ പണഭാണ്ഡവുമായ് പുറത്തെത്തി

ഇടയ്ക്കെപ്പോഴോ കണ്ണിൽ‌പ്പെട്ട ഞാൻ
എട്ടിന്റെ പണി ഉറപ്പായി തിരികെയും പോന്നെന്റെ പൊന്നോ.!!!


2014, ജനുവരി 3, വെള്ളിയാഴ്‌ച

ഗൃഹപ്രവേശം

പച്ചപ്പിൽ മടുപ്പു കണ്ടു തുടങ്ങിയോ നീ
ആവോളം ക്ഷമിയ്ക്കുക സമ്പന്നമാം ക്ഷാമത്തെ
ഇന്നീക്കാണുന്ന താരും തളിരും പൂക്കളും പഴങ്ങളും
ഇനി വിരുന്നെത്തും വേനൽ നീരൂറ്റി വാടിവീഴാം

നമുക്കു നടക്കാമിനി ഊടുവഴികളിലോരം പറ്റി
കാമിയ്ക്കാം ഉണ്മതൻ കയ്പുനീരിറ്റും ഒറ്റയാൻ വഴികളെ
തിരിഞ്ഞൊന്നു നോക്കീടാതുരിയാടാതെ നടക്കാം കുറേനേരം
പിന്നെ, കടിത്തൂവച്ചൊറിച്ചിലിൽ അന്യോന്യം പഴിചാരി
പൊടി പുരണ്ട ചിന്തയും കണങ്കാലിൽ കുരുവുമായ്
കഥയറിയാപ്പൈതങ്ങളുടെ കൈപിടിച്ചു പദയാത്ര തുടർന്നിടാം

ഒരു കുഞ്ഞുമോഹം പോൽ തലനീട്ടും കറുകനാമ്പിനെ
നുള്ളി നോവിയ്ക്കാതെന്നടക്കം പറഞ്ഞിടാം
ഇക്കാട്ടു മൺപാതകളിൽ ചുര മാന്തി ചിനയ്ക്കും
കാട്ടുപന്നിക്കൂട്ടങ്ങളുണ്ട്, സൂക്ഷിച്ചു കാൽ വെയ്ക്കണം

ഇന്നലേവരേയ്ക്കും നാമാടിത്തളർന്നൂ രംഗകോമരങ്ങളായ്
ഒരു വിളിപ്പാടകലെ വെളിപാടും ചിലമ്പും ഉപേക്ഷിയ്ക്കാം
ആളനക്കം കെട്ട വഴിയോരത്തൊറ്റയാം ചുമടുതാങ്ങിയായ്
ഇക്ഷിതിയുടെ മൺതിട്ടിലമർന്നിരുന്നൊന്നു നെടുവീർക്കാം
ശ്വാസമൊന്നാഞ്ഞു വലിച്ചിടാം പിന്നെയും നടക്കാം
ചങ്കുപൊട്ടുന്ന നീറ്റലിൽ തുമ്പനീർ തേച്ചിടാം, ഉമിനീരിറക്കിടാം

തീർപ്പായ വ്യഥകൾ നിഴലോളം വളർന്നിരുട്ടു തുപ്പുമ്പോൾ
തമ്മിൽക്കൊരുത്ത കൈകളമർത്തി “വെറുതെ”യെന്നാശ്വസിയ്ക്കാം
മഞ്ഞിറങ്ങുന്ന നേരമായ്, കുഞ്ഞു തലകളിൽ ചീരാപ്പിറങ്ങാതെ കാക്കുക
പതുക്കെ തിരിഞ്ഞൊന്നു നോക്കുക, പിന്നിട്ട മുൾവഴികൾക്കു മംഗളം നേരുക

പ്രതീക്ഷയുടെ പൂവിലങ്ങുകൾ മാറിൽ പിണച്ചു നാമൊടുവിൽ
വഴികളുറങ്ങുമീയശാന്തമാം ജന്മകുടീരമൊന്നെത്തിടുമ്പോൾ
അറിയുകെന്നെ നീ, ഞാൻ നിന്റെ കൂട്ടു തടവുകാരൻ അന്ത്യം വരെ

പരസ്പരം കുതറാതെയീത്തടവറ സമ്പുഷ്ടമാക്കാം നമുക്കലിവിനാൽ

2013, ഡിസംബർ 25, ബുധനാഴ്‌ച

ഒരവധിക്കാലം

മകളേ, മറന്നുവോ നീയച്ഛനെ ഇത്ര മേൽ
ഒന്നീ രാത്രിയിലുരിയാടാൻ പോലുമെന്തിത്ര വെക്കം?
ഒരു വാരമവധിയ്ക്കുപോയതാണെങ്കിലും പക്ഷെ
നിനക്കിത്രകണ്ടെന്തായിരുന്നു തിരക്കും വിമ്മിഷ്ടവും?

ഒരുമ്മ നല്കാതെ, ശുഭരാത്രി നേരാതെ
പകൽ വാർന്നൊലിയ്ക്കും ദിനാന്ത്യത്തിലേകനായ്
പാതി മടക്കിയ കിടക്കയുമുറ്റുനോക്കിക്കൊണ്ട്
പതിഞ്ഞൊന്നു തലോടട്ടെ പതിവായ് നീയുറങ്ങുന്ന കട്ടിലിൽ

നിൻ നിർദ്ദോഷമാം പിണക്കങ്ങൾ  നേർത്ത തേങ്ങലായ്
സ്വപ്നാടനത്തിലെ കിളിക്കൊഞ്ചലായ് കുറുകവേ
മഞ്ഞിറങ്ങുന്ന പ്രഭാതത്തിലിഴുകുമൊരു വണ്ണാത്തിപ്പുള്ളിൻ-
ഇടതോരാക്കലമ്പലായ് കാതു കൊഴുപ്പിയ്ക്കുന്നല്ലോ

നറും പാലാടകെട്ടാതെ കാച്ചിത്തണുപ്പിച്ച് നേർപ്പിച്ച്
കാത്തിരിയ്ക്കുന്നു നീ കുളിച്ചിറങ്ങുന്നതും കാത്ത്
കണ്ണെഴുതി മുടി പിന്നിക്കോതി നാടയും കെട്ടി
അടുക്കളവാതിൽക്കൽ പതിയെ എത്തി നോക്കുന്നതും നോക്കി
മോറിത്തുടച്ച പിഞ്ഞാണത്തിലൊരു മൊരിഞ്ഞ ദോശയും
എരിവില്ലാച്ചമന്തിയും വെച്ചിരിയ്ക്കുന്നു നിനക്കായ്

നാവേറു പാടുവാനിന്നു വന്നല്ലോ പുള്ളുവക്കുടവുമായ്
ഒത്തിരിക്കാലത്തിൻ ശേഷം, പക്ഷെ നീയിവിടെയില്ലല്ലോ
കണ്ണേറു ദോഷം തീർക്കുവാൻ അമ്മയോടു പറയണം
സന്ധ്യവിളക്കിനു മുമ്പേ മുളകുഴിഞ്ഞടുപ്പിലിടാൻ

ഒഴിവു കാലത്തിൻ പൂത്തിരി കത്തി നില്ക്കുന്ന നിൻ കൺകളിൽ
ഒളിച്ചിരിയ്ക്കുന്നീയച്ഛൻ എന്നാശിച്ചു മോഹിച്ച്
ആശംസിയ്ക്കുന്നു നിറഞ്ഞ കൺകളാൽ സ്വച്ഛം
നല്ലൊരവധിക്കാലം, തെറ്റാതെ ആഘോഷിയ്ക്ക നീ

അച്ഛനൊന്നുറങ്ങട്ടെ..

2013, ഡിസംബർ 23, തിങ്കളാഴ്‌ച

കാക

കാക്ക കറുത്തിട്ടാണെങ്കിലും
കാണാൻ ചേലില്ലെങ്കിലും
കാക്കയുടെ വികാരങ്ങൾ
വെളുപ്പും കറുപ്പും എഴുന്നവയാണ്
പങ്കു വെയ്ക്കുവാനും പ്രകടിപ്പിയ്ക്കുവാനും
അശേഷം മടിയ്ക്കാറുമില്ല കാക്ക

വികൃതമായ്ത്തോന്നാമെങ്കിലും
കൊക്കുകൾ കൂട്ടിയുരുമ്മി പ്രണയിയ്ക്കാനറിയാം
വിശന്നു പിളരുന്ന കാക്കക്കുഞ്ഞിൻ കൊക്കിൽ
കൊത്തിപ്പെറുക്കിയ തീറ്റ അൻപോടെ പകരാനറിയാം
കൂടുകൂട്ടുന്ന ബഹളത്തിനിടയിലും താൻ പോരിമ കാണിച്ച്
തന്നേക്കാൾ വലിയ ചില്ലിക്കമ്പുകൾ കൊത്തി വലിയ്ക്കാനറിയാം
കള്ളിൻ കുടത്തിൽ തലയിട്ടു മോന്തി
വാനം ചെരിഞ്ഞ് മത്തു പിടിച്ച് പറക്കാനറിയാം
കല്ലെറിഞ്ഞ ചെക്കന്മാരെ വട്ടം പിടിച്ച്
മണ്ടയ്ക്ക് കിഴുക്കെന്ന പോൽ മേട്ടം കൊടുക്കാനറിയാം
പരുന്തിനൊപ്പം പറന്നു മത്സരിച്ചുയരാൻ ശ്രമിച്ച്
പാതി വഴിയിൽ ചിറകുകൾ കൂട്ടി താഴേയ്ക്കു വീണു പറക്കാനറിയാം
നിലാവൂറിത്തെളിയുന്ന രാത്രികളിൽ ഞെട്ടിയുണർന്ന്
പുലരിയുടെ പൊൻ വെളിച്ചമെന്നോതി കരയാനറിയാം
മാലിന്യശകലങ്ങൾ വെടിപ്പാക്കുമെങ്കിലും
ദേഹത്തഴുക്കുകൾ പുരളാതെ കരുതാനറിയാം
മൺ മറഞ്ഞ തലമുറകൾക്കുള്ള ബലിച്ചോറു ഭക്ഷിച്ച്
ജീവിച്ചിരിയ്ക്കുന്നവർക്ക് പിതൃപുണ്യം നല്കി തൃപ്തരാക്കാനറിയാം
ചെരിഞ്ഞ നോട്ടവും നടത്തവുമാണെങ്കിലും
സൂത്രങ്ങളിൽ നേർവഴി കാക്കാനറിയാം
പുരാണം വഴി ഒറ്റക്കണ്ണനെന്നു വിളിയ്ക്കുമെങ്കിലും
ഒരായിരം കണ്ണിന്റെ കാഴ്ചകൾ കാണാനറിയാം
കുളിച്ചാൽ കൊക്കാകില്ലെന്നറിഞ്ഞിട്ടും ചിട്ടയായ്
കലക്കവെള്ളമെങ്കിലും കുളിച്ച് കറുപ്പു മിനുക്കിക്കോതാനറിയാം

കാക്കക്കൂട്ടത്തിൽ കല്ലിട്ടാലെന്ന ചൊല്ലുപോൽ കലപില കൂട്ടി
സംഘം ചേർന്ന് മരങ്ങളിൽ ചേക്കേറി

ഒരുമയായ് സരസമായ് താമസിയ്ക്കാനുമറിയാം

2013, ഡിസംബർ 2, തിങ്കളാഴ്‌ച

അറിയാച്ചരടുകൾ

തെളിവെടുപ്പും വിസ്താരവും കഴിഞ്ഞൂ വിശദമായ്
പരസ്പരം ചാർത്തിയ പഴികകളോ പിഴകളായ് പാഴായി
വിജയിച്ചെന്ന ഭാവത്തിൽ നില്ക്കുന്നു രണ്ടുപേരും സ്വസ്ഥരായ്
ഒരുനാൾ വരേയ്ക്കുമൊരേ കൂരയ്ക്കുള്ളിൽ കഴിഞ്ഞവർ

മുഖമുയർത്താതെ ചോദിയ്ക്കുന്നു ന്യായാധിപൻ
“വഴിപിരിയുവാൻ തന്നെ നിശ്ചയിച്ചുവോ നിങ്ങളിരുവരും?”
ഒരു നിമിഷത്തിൻ ചിന്താവേള പോലുമില്ലാതെ തെറ്റെന്ന്
നിരുദ്ധകണ്ഠങ്ങളൊന്നിച്ചു പറയുന്നതുത്തരം ഉവ്വെന്ന്

വീർപ്പുമുട്ടിയ്ക്കുന്ന കോടതി വരാന്തയിലക്ഷമരായ്
കാത്തു നില്ക്കുന്നു കുടുംബാംഗങ്ങൾ, തോർത്തിട്ട പുംഗവർ
ആശ്വാസവായ്പിനായ് നിശ്ശബ്ദം കേണിരക്കുന്ന മിഴികളാൽ
ആശയോടിരിയ്ക്കുന്നു രണ്ടു കുരുന്നുകളവർക്കു നടുവിലായ്

അഗ്നിസാക്ഷിയായ് ഏഴു തിരികളിൽ കൊളുത്തിയ
ഉത്തിഷ്ഠ ദാമ്പത്യപ്പൊരുളുകളെങ്ങു മറഞ്ഞു  പോയ്?
മന്ത്രകോടിത്തളികയിൽത്തുടങ്ങിയ സ്നേഹപ്പകർച്ചയിൽ
സന്തതചാരിയാ‍യ് പൊരുത്തക്കേടുകളെങ്ങനെ കയറിക്കൂടി?

നനുത്ത വിരലുകളാൽ പരസ്പരമാശ്ലേഷിച്ചും
പൊള്ളുന്ന പനിച്ചൂടിൽ പനിക്കിടക്ക പങ്കിട്ടും
മുകുളങ്ങൾ മൊട്ടിട്ടതിന്നാഹ്ലാദം താലോലിച്ചും
തുടർന്ന പളുങ്കു കിലുക്കങ്ങളെങ്ങനെയിടറിപ്പോയ്?

ആദ്യത്തെ കണ്മണി പിറന്നു വീണതിൻ ശേഷം
തുറന്നൂ പോർമുഖങ്ങളോരോന്നും ദിനം തോറും
വളരുവതെങ്ങനെ, വളർത്തുവതെങ്ങനെയെന്നും
അന്യോന്യം തർക്കിച്ചും കലഹിച്ചും കലിതുള്ളി മതികെട്ട്

പക്ഷം ചേർന്നു പൊലിപ്പിച്ചൂ ജാമാതാക്കൾ പരിണതപ്രജ്ഞ്യരായ്
കക്ഷി ചേർന്നുപദേശിച്ചൂ മനസ്ഥൈര്യം സുഹൃത്തുക്കൾ
“അങ്ങനെ വിട്ടുകൊടുത്തുകൂടെ”ന്നു പറഞ്ഞുകൊണ്ടെ-
ങ്ങാണ്ടു നിന്നുമെത്തീ ബന്ധുവേഷം ധരിച്ച ദല്ലാളന്മാർ

പിരിമുറുക്കം കൂട്ടുവാനെന്നവണ്ണം ജനിച്ചൂ രണ്ടാമതൊരുണ്ണി-
യതിൻ പിതൃത്വം പോലുമാക്കുടിലബുദ്ധികൾ അടക്കം ചൊല്ലി
ഒരു നാൾ കണവന്റെ കാതിലുമെത്തീയീ കിംവദന്തി പിന്നെ-
യതിൻ ചുവടുപിടിച്ചായി പിന്നെ വിരട്ടലും രാത്രി കോലാഹലങ്ങളും

മനം പുരട്ടുന്ന വാക്കുകളിലാറാടി പകുതിയും നല്ലപകുതിയും
പനങ്കള്ളു പുളിച്ച പോൽ വമിച്ചൂ വാടയിരുവായിലും
കനത്ത കൺപോളയ്ക്കകം ഭീതിയാൽ മഞ്ഞളിച്ച കൺകളും
കനച്ച ശബ്ദത്തിലടച്ച ചെവികളും പൊത്തിയിരിപ്പായി പൈതങ്ങൾ

ജന്മനക്ഷത്രപ്പൊരുത്തങ്ങൾ പത്തിലൊൻപതും കണ്ടിട്ടും
മനപ്പൊരുത്തത്തിൻ കവടിക്കുരുവെന്തേ പിഴച്ചുപോയ്?
കളരിഗുരുനാഥന്മാരൊക്കെയും തോറ്റമ്പിക്കെട്ടീ സഞ്ചികൾ
കുലദൈവങ്ങളും തേവരും മടുത്തു സുല്ലിട്ടു പിന്മാറി

ഇനിയെന്തു പോംവഴിയെന്നാലോചിച്ചൂ രണ്ടു ചേരിയും
കറുത്ത കോട്ടിട്ട ദൈവങ്ങളെത്തേടി പാഞ്ഞൂ പരക്കം പാച്ചിൽ
കടുത്ത കണ്ണടച്ചില്ലിലൂടെ ദൃഷ്ടികൾ പായിച്ചുകൊണ്ട് ഝടുതിയിൽ
ദൈവശാസനങ്ങൾ വ്യാഖ്യാനിച്ചൂ വാടകദൈവങ്ങൾ ക്ലിപ്തമായ്

ജയം നമുക്കുതന്നെ വേണമെന്നായോരോ ചേരിയു-
മതിനായ് പഴുതുകളോരോന്നും ചികഞ്ഞൂ കൂലംകഷം
“ഒരുമ്പെട്ട മൂളി”യെന്നൊരുപക്ഷമാരോപിച്ചപ്പോൾ
“കാലമാടന്റെ തലയിലിടിത്തീ വീഴട്ടെ” എന്നായീ മറുപക്ഷം

സമവായശ്രമങ്ങളോരോന്നും താളം പിഴച്ചു തെറ്റിപ്പോയ്
ചമച്ച കഥകൾ കേട്ടു മൂക്കത്തു വിരൽ വെച്ചൂ ന്യായാധിപ കോടതി
ഇനിയെന്തു ചെയ്‌വാൻ? വഴിപിരിയട്ടെ രണ്ടു പേരുമെന്നായ് വിധി
ജീവനാശവും മക്കൾതന്നറിയാച്ചരടും കരാറാക്കുക തന്നെ വേഗം

സ്നേഹമിറ്റിറ്റു തോർന്നാവിയായ് പോകുന്നതു കാണെക്കാണെ
മക്കളിരുവരും പാതി പോകുന്നതിൻ വ്യഥയിൽ വിതുമ്പിപ്പോയ്
പ്രീണനം തുടർന്നു മാതാവും പിതാവും ഉപദേശകവൃന്ദവുമൊരേ നേരം
തങ്ങൾക്കു മാത്രമായ്ക്കിട്ടേണം സന്തതികളെയെന്നായിരുവരും

വാഗ്ദാന മിഠായിപ്പെരുമഴ തുടർന്നപ്പോൾ നിഷ്ക്കളങ്കരായ്
സന്താനങ്ങൾ മിടിപ്പോടെ ചോദിച്ചതൊരേ ചോദ്യം
“അമ്മയ്ക്കുമച്ഛനും വേർപ്പിരിയുവാനിഷ്ടമായിരിയ്ക്കാം പക്ഷെ
 ഞങ്ങളിലാരെ ഞങ്ങൾ പരസ്പരം പിരിഞ്ഞീടും?”

2013, ഡിസംബർ 1, ഞായറാഴ്‌ച

ചാക്ക്



ചാക്കിനെ ആർക്കാണു വേണ്ടാത്തത്?

അന്നലക്ഷ്മിയുടെ വിഗ്രഹങ്ങളെ
ഭദ്രമായ് സൂക്ഷിയ്ക്കാൻ

അപരാധത്തിൻ അപാരതകളുടെ
അപരാഹ്ണം മറയ്ക്കാൻ

വിജയം തേടിയുള്ള പ്രയാണത്തിനായുള്ള
നിധികുംഭം പൊതിയുവാൻ

എന്തിന്

അറുത്തുമാറ്റപ്പെട്ട ശിരസ്സുകളെ
ഒളിപ്പിച്ചു ദൂരെക്കളയാൻ

അഴുക്കുപുരണ്ട ചോരയുടുപ്പുകളെ
കറപൊതിഞ്ഞ് വരിഞ്ഞുകെട്ടാൻ

എതിർപ്പിന്റെ ശരീരങ്ങളെ
കൊളുത്തിൽ കെട്ടി ഉയർത്താൻ

ചിന്തയുടെ ചലം പൊട്ടിയൊലിയ്ക്കുന്ന
കടിയേറ്റ വായ് മൂടിക്കെട്ടാൻ

എല്ലാറ്റിനും ഉപയോഗിയ്ക്കുന്നത് ഒരേ ഉറ
ചാക്ക്, ചാക്ക് മാത്രം

ചാക്ക്
ചണനൂൽ കൊണ്ടാകാം
നിരോധിയ്ക്കപ്പെട്ട പ്ലാസ്റ്റിക്കാകാം
വെള്ളത്തിലിട്ടാൽ കുതിരുന്ന പേപ്പർ ബാഗാകാം
നോട്ടുകൾ തുന്നിക്കെട്ടിയ കടലാസുകീറുകൾ കൊണ്ടുമാകാം

ഏതായാലും
ലക്ഷ്യം ഒന്നു തന്നെ
മൂടിക്കെട്ടലും ദൂരെക്കളയലും

ചാക്കു ഗീതികൾ ഏതായാലും മഹത്തരം തന്നെ.




2013, നവംബർ 1, വെള്ളിയാഴ്‌ച

ധിഷണയും വാലില്ലാ മൂരികളും



ധിഷണയുടെ നൂൽ‌പ്പാലങ്ങൾ കെട്ടി
മാല കോർക്കുന്നവർക്ക് കാവൽ നില്ക്കയാണ്
സർവ്വായുധ വിഭൂഷണരായ ഭടന്മാർ

കരിയും പുകയും നിറഞ്ഞ ജീവിതക്കൂട്ടുകൾക്ക്
ചായം ചേർക്കുന്ന തിരക്കിലാണെങ്കിലും
ഭടന്മാരുടെ തോക്കിൻ മുനകളിലാണ്
ധിഷണാശാലികളുടെ കണ്ണുകളും കരളും

ചുകപ്പ്, കടുംചുകപ്പ്,പച്ച, വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
മത സാംസ്ക്കാരിക പ്രത്യയ ശാസ്ത്ര ശീലകൾ കൊണ്ട്
തുന്നിയ യൂണിഫോമണിഞ്ഞ കാവൽഭടന്മാരുടെ റെജിമെന്റുകൾ

ഓരോ നൂൽ‌പ്പാലവും ഓരോ റെജിമെന്റ്
പങ്കിട്ടെടുത്തിരിയ്ക്കുന്നു

മുത്തുമണികളിൽ ഓരോ ചായക്കൂട്ടും ചേർക്കുന്നിടത്ത്
അർത്ഥമെന്തായാലും കൂട്ടെന്തായാലും
നിറം അതാതു റെജിമെന്റിന്റേതു തന്നെയാകണമെന്നു
വീർപ്പുമുട്ടിയ്ക്കുന്ന ചട്ടപ്പടി നിഷ്ക്കർഷ

സൃഷ്ടി ആനയോ, കുതിരയോ, കാക്കയോ
അമ്മയോ, അച്ഛനോ, മകനോ, മകളോ
വീടോ, ഗ്രാമമോ, നഗരമോ
ഈ ലോകം തന്നെയോ
എന്തു തന്നെയാകട്ടെ
കാവൽ നില്ക്കുന്ന റെജിമെന്റിനനുസൃതമായി
ചുകപ്പ്, കടുംചുകപ്പ്,പച്ച, വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
ഒരൊറ്റ നിറം മാത്രം അനുവദനീയം

അല്ലാത്തതെന്തും ഫാസിസം, ഗർവ്വിഷ്ഠം
തൃണസമാനം, തിരസ്കരണീയം

അനുസരണം ധിഷണയുടെ ലക്ഷണം
എന്നു കല്ലേപ്പിളർക്കുന്ന കല്പന
ലംഘിച്ചെന്നാൽ
നിറക്കൂട്ടുകളുടെ പ്രസ്തുത നിറഭേദത്തിന്റെ
ഏറ്റക്കുറച്ചിലുകളോ, ഏച്ചുകൂട്ടലുകളോ കണക്കാക്കി
കൈ, കാൽ, വിരലുകൾ, തല എന്നിവയിലൊന്നറുത്തോ
ഉടൽ മുഴുവനുമായോ
ചെയ്ത തെറ്റിൻ പ്രായശ്ചിത്തമായി
കാണിയ്ക്ക വഞ്ചിയിൽ കട്ടായമായ് അർപ്പിയ്ക്കപ്പെടും

അതല്ലെങ്കിൽ
ഒരു കുട്ട നിറയെ തെറിയോ
ഊരു വിലക്കോ, നാടു കടത്തലോ നിശ്ചയം

ഇതൊന്നും ബാധകമല്ലാത്ത,
ധിഷണയുടെ പടുകുഴിയിൽ‌പ്പെട്ട് വാലുപോയ
വാലില്ലാമൂരികളെ
ഇമ്മാതിരി പൃക്കകൾ(*) കടിച്ചാൽ
അതുകൊണ്ട് ആർക്കാണു ചേതം?

·        പൃക്ക – ചോര കുടിയ്ക്കുന്ന ഒരു തരം ചെറിയ പ്രാണിയ്ക്കുള്ള
            ഒരു വള്ളുവനാടൻ പ്രയോഗം