ബ്ലോഗ് ആര്‍ക്കൈവ്

2018, ഡിസംബർ 7, വെള്ളിയാഴ്‌ച

പ്രളയവത്ക്കരിയ്ക്കപ്പെട്ട ആൽമരം


ആൽമരം ചോദിച്ചു;
പ്രളയമുണ്ടായതിന്ന്
ഞാനെന്തിന് പഴി കേൾക്കണം?

നീലം പാഞ്ഞ സിരകളിലടിഞ്ഞു കൂടിയ
അഹങ്കാരത്തിൽ മുങ്ങിയ ഭരണോത്സുകത ജല്പിച്ച
നീതിസാരം മുഴങ്ങി;
നേരിട്ടല്ലെങ്കിലും
നീയുമൊരു കാരണക്കാരൻ

ഭൂമി വിറച്ചു; ആകാശം വിറച്ചു
മാനമിരുണ്ടെന്നു കേൾക്കുന്നതിൻ മുമ്പേ
മുഖം ജ്വലിയ്ക്കുന്ന മിന്നൽപ്പിണറുകൾ
ഊരിപ്പിടിച്ച വാളുകളുറയിലിട്ടു മാളങ്ങളിലൊളിച്ചു

ആൽമരം തുടർന്നു;
എന്റെ തെറ്റെന്ത്? ഉറച്ചുയർന്നു നിന്നതോ?
വേർപടലം കൂട്ടിപ്പിടിച്ച്
സ്നേഹിച്ച മണ്ണിനെ ബലിഷ്ഠമായ് പുണർന്നതോ?
ചുഴി കുത്തിയെത്തിയ പ്രചണ്ഡപ്രവാഹത്തെ
അവന്റെ കലിയടങ്ങും വരെ ദേഹം കൊണ്ട് തടുത്തതോ?
വടവേരുകൾക്കിടയിലെ വിടവുകളിൽക്കയറി
ഇക്കിളി കൂട്ടിയ പ്രളയജലത്തിന്റെ
വശ്യവന്യതയിൽ കടപുഴങ്ങാതെ,
കാടുകൾക്കും മേടുകൾക്കുമപ്പുറം
വിദൂരതയിൽ അനാഥനായ് അടിഞ്ഞുകൂടാത്തതോ?
അല്ല; ഈ പ്രളയത്തിന്ന്
ഞാനുമായി ഒരു ബന്ധവുമില്ല.

അധികാര ഗർവ്വിന്റെ ധാർഷ്ട്യത്തിൽ
തത്വവിചാരം മുഴങ്ങുന്നു വീണ്ടും;
മൂഢാ, ആരു പറഞ്ഞു; നീയുമൊരു ഹേതു
ആരുമറിയാതെ, രാത്രികളിൽ
നിന്റെ ഇലകൾ  തുപ്പിയ വിഷവാതകം
ആകാശങ്ങളെ വിഷലിപ്തമാക്കിയില്ലേ?
ഗന്ധർവ്വബാധപോൽ മതിഭ്രമിപ്പിച്ചില്ലേ?
നീയും നിന്നിൽ വസിച്ച നിന്റെ ചാർച്ചക്കാരും
നിന്റെ ലോകം വർണ്ണാഭമെന്നു വിളിച്ചോതിയില്ലേ?
നിന്റെ ചില്ലകളിൽ കൂടുകൂട്ടിയ കിളികൾ
പ്രണയത്തിന്റെ കുളിർമ്മയിൽ കൊക്കുരുമ്മി കൊഞ്ചിയില്ലേ?
ഏറ്റവുമൊടുവിൽ,
അതിവൃഷ്ടിയ്ക്കിടയിലും നീ ഉറച്ചു നിന്നില്ലേ?
ചുറ്റുമൊഴുകിപ്പടർന്ന വേപഥുകൾക്കിടയിലും
നിന്റെ താങ്ങിൽ നീ ആവാസം കൊടുത്തില്ലേ?
അതു തന്നെ; അതു തന്നെ നിന്റെ തെറ്റ്

ഇതാ നോക്കൂ; ഞങ്ങൾ പ്രളയത്തോടൊപ്പം
ബാധിതർക്കൊപ്പം കരയറിയാതെ നീന്തുന്നു

നീയോ?
നീയൊരൊറ്റയാൻ കണക്കെ
നിന്റെ ചുറ്റും പ്രപഞ്ചം തീർക്കുവാനൊരുങ്ങുന്നു
ഇന്നലെകളുടെ കാലുഷ്യത്തെ
ഇന്നിന്റെ പ്രൗഢിയിൽ തേച്ചു മിനുക്കുവാൻ വെമ്പുന്നു

ഞങ്ങളുടെ നിയമപുസ്തകവും ഉപദേശികളും
ഇതു തെറ്റെന്നു തന്നെ വിധിയ്ക്കുന്നു;
പിഴ ചുമത്തുന്നു; ശിക്ഷ വിധിയ്ക്കുന്നു
“നീയും ഞങ്ങൾക്കൊപ്പം നീന്തുക”

കണ്ഠമിടറിക്കൊണ്ട് ആൽമരം മുനിഞ്ഞു ചോദിച്ചു;
“അല്ലഅപ്പോൾ..ഞാൻ..പ്രളയമെങ്ങനെ

ഉടനടി അലർച്ചയായ് മറുവാക്കുയർന്നു;
“അതല്ല്ലേ പറഞ്ഞത്..നീ കുറ്റവാളിപ്രളയവും..”

ആൽമരം വിറച്ചു;
ഒരു ചെറുകിളി പറന്നു വന്നു
അകലെ നിന്നും; ബന്ധം പുതുക്കാൻ
വിറ കണ്ട് അന്ധാളിച്ച കിളി
തിരിച്ചു പറക്കുമ്പോൾ പരിഹസിച്ചു ചിലച്ചു;
“പേടിത്തൊണ്ടൻ; സ്വന്തം ശക്തിയറിയാത്തവൻ”

ആൽമരം നാണിച്ചു; പക്ഷെ,
ആൽമരം വിറച്ചു കൊണ്ടേയിരുന്നു; ഇലകളും