ബ്ലോഗ് ആര്‍ക്കൈവ്

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഒരു പിതാവിന്റെ തോൽവിയിൽ നിന്നും


പരാജിതനായ പിതാവു ഞാൻ

പണ്ടു പിന്നിട്ടയിരുട്ടിൻ പെരുവഴി മേലാപ്പിൽ
പൊൻതാരകപ്പൂപ്പന്തലെന്നോതി നിൻ
കുഞ്ഞിളം ബാല്യത്തിൽ കുളിർനിലാവൂട്ടി
പിച്ചവെച്ചു നടത്തിച്ചേൻ പച്ചമണ്ണിൻ മാറിൽ

വിടർന്ന കണ്ണാൽ നിൻ കൗതുക കുതൂഹലം
തുമ്പിയെക്കല്ലെടുപ്പിച്ചും, പിന്നെ പൈക്കിടാ നെറ്റി
മെല്ലെത്തലോടിയും, തൊട്ടുരുമ്മും കുഞ്ഞാടിൻ കുസൃതി മാറോടണച്ചും
എത്ര സായന്തനങ്ങളിൽ സന്ധ്യയായ് ചിണുങ്ങി നീ?

കൗമാരം കടുപ്പിച്ച വചന ദോഷങ്ങളെ
ദൃശ്യഘോഷത്തിൻ കടുംചായക്കൂട്ടിതിൽ
കുടുകുടെക്കണ്ണീരും വാശിയും ചപലയായ്ച്ചാലിച്ച്
ജ്വാലാമുഖങ്ങളിൽ ശലഭമായ് പറന്നു നീ

എത്ര ദിനോത്ഭവം, എത്രയോ വസന്തങ്ങൾ, എത്രയും
ശാസനാങ്കിതം നിൻ ചുവടുകൾ, ആലസ്യങ്ങൾ
നീയറിഞ്ഞീലയെങ്കിലും നിൻ വിജയങ്ങൾ എന്റെയും
നിൻ മോടിയിൽ വിമോഹിച്ച പിതാവു ഞാൻ

ജ്ഞാതയൗവ്വനത്തിൻ ബോധാവബോധങ്ങളിൽ
മാല്യം പിടിച്ചു നീ സ്വയംവരയുക്ത, ബുദ്ധമാം സ്മരണകൾ
പാഴ്ക്കിനാത്തൊട്ടിയിലെറിഞ്ഞു, മുഖക്കണ്ണിതിൽ
ഇഷ്ടയൗവ്വനത്തിൻ തലച്ചുമടുമായ്, പേറ്റുനോവിറ്റും
നോട്ടം കൺതഴഞ്ഞ്, പടിവാതിൽ കടന്ന്
പിന്തിരിഞ്ഞൊന്ന് നോക്കീടാതകലെയന്നു പോയ്

അപഥ്യനായലയുന്നു ഞാനീക്കോടതി മുറികളിൽ; നീയും,
നീതിപുസ്തകം തൊട്ടു വന്ദിച്ചു പറയുന്നു, “രക്ഷിയ്ക്കണം”
നിരത്തി കയ്ക്കുന്ന സത്യങ്ങൾ, കേട്ടു ന്യായാധിപർ,
പഠിച്ചു വാദങ്ങളോരോന്നും, വാടുന്നു ഹൃദയങ്ങൾ
അജയ്യമാം ന്യായത്തിന്നന്ത്യമാം വിധി കുറിയ്ക്കും മുമ്പേ
ചോദിച്ചു ന്യായാധിപൻ, “വേണ്ടതു രക്ഷയോ, കാവലോ, പറയുക”
പുറത്തിരമ്പിയാർക്കും ഹർഷാരവങ്ങളിലാണ്ടു പോയ്
“രക്ഷ” എന്നോതിയ ഏകസ്വരമാം നമ്മുടെ ഉത്തരം
മുഴങ്ങിയാനൊറ്റവരി വിധിന്യായം, “ഇരയാകുന്നു നീ,
നിനക്കിനി കാവലാൾ മാത്രം”, കേഴുന്നു ഞാൻ എന്റെ തോൽവിയിൽ

പരാജിതനായ പിതാവു ഞാൻ, വിധിയ്ക്കുക
തൂക്കു കയർ നീതിപീഠമേ, ഈ പാന്ഥപിതൃത്വത്തിന്
ലോകാവസാനം വരേയ്ക്കും തൂങ്ങിയാടട്ടെ കൺതുറിപ്പിച്ച്
സ്മാർത്തമോഹങ്ങളായ് താമ്രശാസനങ്ങൾ


2018, ഏപ്രിൽ 21, ശനിയാഴ്‌ച

ഒരു നിസ്സഹായന്റെ വിലാപം


ചില രാത്രികൾ ഉള്ളിൽ ഭീതി നിറയ്ക്കുന്നു
ക്രമം തെറ്റുന്ന ഹൃദയമിടിപ്പുകൾ
ശ്വാസം മുട്ടുന്ന നിശ്വാസവേഗങ്ങൾ
എന്തോ, നാളെയെന്ന ദിവസം
ആധിയായ് വളരുന്ന തലപൊട്ടുന്ന വേദന
മഞ്ഞവെള്ളം തികട്ടുന്ന ആപൽസൂചനകൾ

നിഴലും ഉടലും പിന്തുടരപ്പെട്ടു കൊണ്ടിരിയ്ക്കുന്നു
രാത്രിയും പകലും ഭേദമില്ല
എവിടെയും എന്തും ഒപ്പിയെടുക്കാനായി
വൈദ്യുതി നിലയ്ക്കാത്ത ഒളികണ്ണുകൾ

കിടപ്പറകൾ പരസ്യമാം തുണിയുരിച്ചിലുകൾ
കുളിമുറികൾ സ്നാനത്തിന്റെ തുറസ്സ്
ജഠരാഗ്നി മുറ്റും മിഴികളിൽ ചാർത്തും കനിവറ്റ കുറ്റപത്രം
ബാല്യകൗമാരത്തിന്നുടലളവുകൾ നോക്കും ലഹരിഞരമ്പുകൾ
അസഭ്യലാസ്യങ്ങളുടെ അസത്യമാം ചുമർച്ചിത്രങ്ങൾ
ആരും എങ്ങും അപ്രാപ്യരല്ലെന്ന പേടിപ്പെടുത്തുന്ന പ്രക്ഷുബ്ധസത്യം

ചിന്തകളുടെ കനലുകൾ പോലും
തടങ്കലിലായി ചാരം മൂടാറായിരിയ്ക്കുന്നു
വിധ്വംസനത്തിന്റെ പുകഴ്പാട്ടുകൾ
മുഴങ്ങി മുഴങ്ങി ചെവി ബധിരമായിരിയ്ക്കുന്നു

മനസ്സെന്ന മദാർണ്ണവം ചൊരിയുന്നു
തീരാത്ത സേതുബന്ധനത്തിന്റെ കാലുഷ്യം
ജനപഥങ്ങളിൽ തീയാർക്കുന്നു, കൽമഴ  പെയ്യുന്നു
ദിശാബോധമറ്റ കാറ്റു വീശുന്നു

ജനനവും മരണവും പരസ്പരം പോർവിളിയ്ക്കുമ്പോൾ
ദിനരാത്രങ്ങൾക്ക് ജരയും നരയും കരേറി വിറങ്ങലിച്ചിരിയ്ക്കുന്നു
മുരളുന്ന മാനത്തിന്റെ ഇടിത്തീയിൽ,
ഒടിഞ്ഞ പ്രാണൻ കരിക്കട്ടയാകുന്നു
നട്ടെല്ലു പൊട്ടിത്തകരുന്ന ആത്മബോധത്തിൽ
നിസ്സഹായമായൊരു രോദനം ഞെരിഞ്ഞമരുന്നു
പകലുകൾ പൊട്ടിവിടരാനാകാത്ത
ചലനമറ്റ ഭ്രമണവേഗം ബാധിച്ച് നിലച്ചുപോയിരിയ്ക്കുന്നു