Saturday, August 12, 2017

എനിയ്ക്ക് പേടിയാണ്


നിനക്കെന്നേ അറിയാമല്ലേ
എനിയ്ക്കു നിന്റെ ധൈര്യത്തെ പേടിയാണെന്ന്

വെളിച്ചത്തിന്റെ വികിരണമായാലും
ഇരുട്ടിന്റെ പ്രസരണമെന്നാലും
അതേ ഊക്കോടെ തട്ടി പ്രതിഫലിയ്ക്കുന്ന,
ഞാനണിഞ്ഞ മുഖംമൂടിയുടെ നിർമ്മാണ കുശലത
അല്ലെങ്കിൽ അപാകത
നീ തിരിച്ചറിഞ്ഞതെന്തിന്?

ഒരു മുഖംമൂടിക്കാരന്റെ മനസ്സുപോലും
കളവാണ്
സ്വയം ബോധിപ്പിയ്ക്കാൻ കഴിയാത്ത
ഭീരുത്വമാണ്
മറച്ചുവെയ്ക്കപ്പെടേണ്ട തിരിച്ചറിവുകളുടെ
കുരച്ചുചാട്ടമാണ്

ഇതെല്ലാമറിയാൻ നീയെന്തിന്
എന്റെ ശ്വാസത്തിലൂടെ
മുഖാവരണത്തിന്റെ ഏക പഴുതിലൂടെ
ഒരു പരാദകണത്തേക്കാൽ സൂക്ഷ്മമായി
അന്തരാളങ്ങളിലേയ്ക്ക്
വാൽചുരുട്ടി കടന്നു കയറി?

ഇന്നെന്റെ ദേഹം നിറയെ
നീ വ്യാപിച്ചു കഴിഞ്ഞിരിയ്ക്കുന്നു
ആത്മനിഷ്ഠയുടെ ഝംഝണാരവങ്ങളിൽ
ഒരു താന്തോന്നിപ്പക്ഷിയായ് കൂടു കൂട്ടിയ നീ
കൊത്തിക്കയറുന്നത് ഒരു പക്ഷേ
ഞാൻ പോലുമറിയാതെ ഞാനുറക്കിയിട്ട
എന്റെ അപാരതകളിലാണ്

അവിടെ നീയിന്ന്
ഇര തേടിയിറങ്ങാൻ തുടങ്ങിയിരിയ്ക്കുന്നു

എനിയ്ക്ക് പേടിയാകുന്നു
നീ ചിക്കിയിടുന്ന ഓരോ ശകലവും
അനിവാര്യമായ പുഴുക്കുത്തുമൊലിപ്പിച്ച്
എന്നെ കാർന്നു തിന്നുക തന്നെ ചെയ്യുമെന്ന്


ദൂതസംക്രമണം


ശാന്തി തേടുന്ന ഹിംസാക്രമങ്ങളിൽ
സ്വസ്ഥം വിരാജിയ്ക്കും ദുഷ്ടദൂതർ
കുത്തും കൊലയും കൊലക്കത്തിയും
ചത്തു പൊങ്ങുന്നു കുലങ്ങൾ നീളെ

ഇല്ലാവസന്തത്തിൻ പാട്ടു പാടി
തേരുരുൾപ്പാടുകൾ നെഞ്ചിലാഴ്ത്തി
കൊട്ടും കുരവയും ആർപ്പുമായി
സംക്രമിയ്ക്കുന്നിതാ ക്രൂരദുതർ

സ്നേഹം നടിച്ചു വശത്താക്കിയും
ശീർഷം കരണ്ടു നിറം കാട്ടിയും
ഇരയെ പതുക്കെ വേർപ്പെടുത്തി
കുടുംബം തകർത്തു ജയ് വിളിപ്പൂ

കാൽ വെട്ടി കയ്യിറുത്തങ്ങു ദൂരെ
തേഞ്ഞു പോകാത്ത മുറിവുകളായ്
ദുര കൊണ്ടാശയപ്പേരു ചേർത്ത്
രക്തം ഭുജിയ്ക്കുന്നു നീച ദൂതർ

ഗർഭം പിളർക്കുന്നു ശൂലമൂർച്ച
രക്തമിറ്റാതെ ചീന്തുന്നു പ്രാണൻ
പിന്തുടർന്നെത്തുന്ന ബുദ്ധിസേന
ചന്തമുടയുന്നു സംവാദത്തിൽ

പരമാണു പൊട്ടിത്തെറിയ്ക്കുമെന്ന്
പരമപുച്ഛത്തിൽ വീമ്പിളക്കി
ഭീതി വിതയ്ക്കുന്നു ശതകോടിയിൽ
താക്കോൽ കിലുങ്ങുന്നരപ്പട്ടയിൽ

ജനപഥങ്ങൾക്കു മോടി കൂട്ടി
കുഷ്ഠം വിതയ്ക്കുന്നു മറ്റൊരുത്തർ
ധാർഷ്ട്യം വിടാതെ വിടുവായകൾ
അധൃഷ്യാ മൊഴിയും തത്ത്വസാരം

പണ്ടുമുതലുണ്ടേ  ദൂതഭാഷ്യം
വദ്ധ്യനല്ലാത്തൊരു സന്ദേശകൻ
എന്നിരുന്നാലോ ഇന്നതല്ലാ
ദൂതനും ദൂതും കൊലയാളികൾ


കുറിച്ചി മുതൽ കോർണീഷ് വരെ


( ശീർഷകത്തോട് കടപ്പാട് എന്റെ ആത്മസുഹൃത്തായ സന്ദീപ് മോഹൻ ദാസിനോടാണ്.  ഞങ്ങളുടെ ശിഷ്യയും സഹപ്രവർത്തകയും സുഹൃത്തുമൊക്കെയായ ലിജിയുടെ ജന്മദിനത്തിന് ആശംസയായി എഴുതാൻ തമാശയായി പറഞ്ഞ ഒരു കവിത – കൊരട്ടി മുതൽ കോർണീഷ് വരെ ( കൊരട്ടി – ലിജിയുടെ ജന്മനാട്, കോർണീഷ് – ലിജിയുടെ വീട്ടുപേരും) എന്ന ശീർഷകത്തിൽ.  അതെഴുതുകയും എന്റെ തൃശൂർ വാസക്കാലത്തെ ആപ്ടെക് സഹപ്രവർത്തകരെ Whatsapp വഴി ചൊല്ലിക്കേൾപ്പിയ്ക്കുകയും സ്നേഹം കലർന്ന കളിയാക്കലുകൾ ഏറ്റുവാങ്ങുകയും ചെയ്തു.  അതിനുശേഷമാണ് മേൽക്കാണിച്ച ശീർഷകത്തിൽ ഒന്നെഴുതി നോക്കാൻ ചിന്തിച്ചത്. 

കുറിച്ചിയും കോർണീഷും അന്യവത്ക്കരിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന, പാർശ്വവത്ക്കരിയ്ക്കപ്പെട്ട രണ്ടു ആദിമസമൂഹത്തിന്റെ പ്രതീകങ്ങളാകുന്നു. കുറിച്ചി ഇവിടെ പ്രതിനിധീകരിയ്ക്കുന്നത് സ്ഥലനാമത്തേക്കാളുപരി വയനാട്ടിലെ കുറിച്യർ എന്ന ജനസമൂഹത്തെയാണ്.  കോർണീഷ് United Kingdomന്റെ ഭാഗമായുള്ള, ഏറ്റവും വാലറ്റത്ത് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു countyയിലെ സമൂഹവും. ബ്രിട്ടണിലെ ഒരാദിമ ജനതതി; റോമാസാമ്രാജ്യത്തിന്റെയും മറ്റും അധിനിവേശത്തിൽ പാർശ്വവത്ക്കരിയ്ക്കപ്പെട്ട സമൂഹം എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.  ഈ രണ്ടു ജനസമൂഹവും തമ്മിലുള്ള സാദൃശ്യമാണ് ഇതിന്റെ ഇതിവൃത്തം)

കുറിച്ചിയ്ക്കറിയുമോ കോർണീഷിനെ, ആവോ?
എന്നാലും, കുറിച്ചിയ്ക്കും കോർണീഷിനും ഒരേ ഗദ്ഗദം
ചുണ്ടിലും മുഖപേശികളിലും ഒരേ ദൈന്യം
വിണ്ടു പൊട്ടിയ കൺപോളത്തടിപ്പിനും രക്തദൂഷ്യം

നാവൊഴിഞ്ഞ അക്ഷരപ്പിശകുകളാകുന്നു ഭാഷ്യം
ജന്മാന്തരങ്ങളാകുന്നു കീഴ്പ്പെട്ട തലച്ചോറിൻ വൈദ്യുതം
കൂടു തേടുന്ന അസ്തിത്വ ദൃക്ഭേദങ്ങൾക്കു വഴികാട്ടി
തൊലിയുടെ വർണ്ണാന്ധത തലയെണ്ണി മരിയ്ക്കുന്നു

എന്നിട്ടും കുറിച്ചിയ്ക്കും കോർണീഷിനും ഒരേസ്വരം
അടയാളപ്പെടുത്തലുകളില്ലാത്ത ഭൂപടങ്ങളിൽ
മലയിടുക്കിനും കടലിടുക്കിനുമിടയിൽ തളച്ചിടുമ്പോൾ
ഒത്തുതീർപ്പുകളാകുന്ന മായാവസന്തങ്ങളുടെ ഗാനഛവികൾ

കടിച്ചമർത്തുന്ന ആദിബോധത്തിൽ, ആന്തലിൽ
അശുദ്ധിയാൽ കുടിയേറിയ ചേക്കേർ മാടങ്ങളിൽ
മലക്കാരിയും (*) അതിരാളനും കൈ ചൊരിയുന്നുവോ?
പഴയ പുസ്തകം അധികാരദണ്ഡുയർത്തിക്കാട്ടുന്നുവോ?

തൊലിപൊള്ളുന്ന തീണ്ടലിൻ കെടാച്ചൂടിൽ
കുറിച്ചിയും കോർണീഷും മുഖം പൊത്തിക്കരഞ്ഞു
എവിടെ കലർപ്പില്ലാത്ത മക്കൾ ഞങ്ങളിൽ?
എവിടെ കാഹളമുയരുന്ന ഞങ്ങടെ പെരുമയുടെ ദിക് സ്വരം?

  • വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് പരമശിവൻ എന്ന് ഐതിഹ്യം


ഇരുളിന്റെ കവചം


മുറ്റത്തൊരു പൂച്ചെടി
മതിലുകൾ കടന്ന്
ഇലച്ചാർത്തിന്റെ കനവും പുഷ്പഭാരവുമേറ്റി
തലയുയർത്തി, നടുകുനിച്ച് നില്ക്കയാണ്
ചെടിയ്ക്കടിയിലായ് ചുറ്റും, പകൽ വെളിച്ചത്തിലും
ഇരുൾ നൂണിറങ്ങിപ്പരക്കുന്നതു കാണുന്നു

ചെടിയ്ക്കടിയിലെ ഇരുട്ട്, പക്ഷെ
ആകാശനീലിമയുടെ പുതപ്പല്ല
സന്ധ്യകൾ ചോപ്പിച്ച രാത്രിയുടെ കരിമ്പടവുമല്ല
ജീവനുകൾ പരസ്പരം കോർത്തിണക്കാനുള്ള കവചമാകുന്നു

ഏകകോശങ്ങളും ബഹുകോശങ്ങളും
സമരസപ്പെട്ട് സഹവസിച്ചും കൊണ്ട്
പെയ്തൊഴിഞ്ഞ മഴയുടെ മർമ്മരങ്ങൾക്കായ് കാതോർത്ത്
ഉണ്ടും ഉറങ്ങിയും പെരുകിയും കഴിഞ്ഞു കൂടുകയാണ്

ഓരോ അഴുകലും ഇഴുകലായി
ഓരോ സുഷിരത്തിലും ഉർവ്വരതയുടെ തേൻ നിറയ്ക്കപ്പെട്ട്
ഓരോ മൺകനവും കാനൽജലം കുടിച്ച്
തങ്ങൾക്കു മുകളിലെ ഇരുട്ടിനെ സ്മരിയ്ക്കുന്നു

ഇക്കാണുന്ന പൂച്ചെടിയുടെ കീഴിൽ
ഇഴുകിപ്പരക്കുന്ന ഇരുട്ടിന് ഭാഷയുണ്ടെങ്കിലോ?

പ്രേതഭാഷയുടെ മണമുള്ള ദിവാസ്വപ്നങ്ങളിൽ
തലചായ്ച്ചുറങ്ങുന്ന ശതകോടി പരമാണുക്കൾ
ഇവിടെ, ഈ ഇരുൾവട്ടത്തിൽ സ്വസ്ഥരായി
നാളെയുടെ ഉയിർത്തെഴുന്നേല്പിന്റെ വിധിയെഴുത്തിന്
മുകളിലെ മരതകകൂടാരത്തിന്റെ കവചത്തിന്നുറപ്പിൽ
പകലിരവുകളെന്ന ഭേദമില്ലാതെ ഭവ്യരായ്
മണ്ണെന്ന പൊക്കിൾക്കൊടിയിലൂടെ നിരന്തരം
പഞ്ചഭൂതങ്ങളുടെ മാതൃവാണിയിൽ ഇരുൾ ഭക്ഷിയ്ക്കയാണ്


Wednesday, June 28, 2017

കാർക്കോടകം

വരിക കാർക്കോടകാ, വരിക
വന്നെന്റെ മാറു ദംശിയ്ക്കുക
കറുത്തൊലിയ്ക്കും കലിയിളകട്ടെ
കായം കരിവേഷമാടട്ടെ

തൊണ്ടയിൽ തിളയ്ക്കും കഫമൂറി
നോവിൻ ബോധാവേശക്കയ്പുകൾ
ക്രുദ്ധനാഡിയിൽ, ഞരമ്പുകളിൽ
നിണത്തിൻ നീലം പരത്തട്ടെ

എന്റെ പിതൃത്വം വസിയ്ക്കും കുഞ്ഞു-
ങ്ങളാവതില്ലാതെ നിർത്താതെ
പേക്കിനാക്കൂത്തിൻ ചുടലനൃത്തം
കണ്ട് കരയും, നൊന്ത് ഞെട്ടും

എന്റെ പ്രണയിനി എൻ ജളത്വ-
ത്തിൻ ഉൾഭയം അറിയാതെയെ-
ന്നരികത്തു പരിദേവനത്തിൻ
കെട്ടഴിച്ചു പഴിയ്ക്കും, പാവം

എന്റെ ചൂതാട്ടക്കളങ്ങളിലാ-
മോദമോടെ കരുക്കളായി
ചിന്തകളേറിയ ചിറകിന്ന-
ടിയിൽപ്പറ്റും ജയവ്യാമോഹം

ഇല്ല, ഹേ! കാർക്കോടകാ നിൻ ഫണം
ഹനിയ്ക്കയില്ല എന്റെ പാപം
എന്നിലെ ശാപത്തിന്നധോമുഖം
നിന്റെ നീലയിൽത്തുടുക്കില്ല

സ്വപ്നസഞ്ചാരമൊടുങ്ങും പാത-
കൾക്കറ്റത്ത് അശ്രുപൂജയാൽ
വാഴ്ത്താം ഞാൻ നിന്നെണ്ണക്കറുപ്പിനെ
മക്കളീക്കാളിമ മായ്ക്കട്ടെ

Tuesday, May 9, 2017

മൂഢന്റെ നഷ്ടനിദ്ര

പാതിയടഞ്ഞ ജാലകം കടന്നെത്തുന്ന കാറ്റേ
നിനക്കെന്തുണ്ടിനിയെന്നോടു പറയുവാൻ?
വെളിച്ചം വിതറാത്ത സൗരഭ്യം പരത്തുന്നു നീ
യക്ഷിപ്പാലയിൽ പൂത്ത പൂക്കളിലുരസി

എന്റെ കൂമ്പിയടഞ്ഞ മിഴികളിൽ നിറയുമീ
ചീർത്ത കൺപോളകൾക്കുള്ളിലെ ലവണത്തെ
ഒപ്പിയെടുത്തങ്ങു കാതങ്ങൾ ദൂരെക്കളയുവാ-
നാകുമോ മല്ലിട്ട് മനമാം മരുത്തുമായ്?

രാവുറങ്ങീട്ടുമുറങ്ങാതെയിരിപ്പാണ് ഞാനെ-
ന്നാലും കാത്തിരിപ്പല്ല; ദുരിതമനനം
അല്ലെങ്കിലും, ഇനിയാരു വരാനാണ് ഈ വഴി?
ഇവിടെയില്ലല്ലോ നാണയക്കിലുക്കങ്ങൾ

കുഴിഞ്ഞു കവടി പൊട്ടിയ പിഞ്ഞാണം നിരത്തി
കാലപ്പഴക്കം കനയ്ക്കും സ്നേഹം വിളമ്പി
ഈ വഴി പോമെന്നുരചെയ്തയോരോ മുഖത്തെയും
വഴിക്കണ്ണു നീട്ടി ഓർത്തിരിയ്ക്കുന്നു ഞാനും

ഉപാധിയിലാണ്ടുപോയ് ബന്ധങ്ങൾ; നഷ്ടസ്വർഗ്ഗങ്ങൾ
ഗാഢമായൊരാലിംഗനം പോലുമില്ലല്ലോ
ജരാനരകളിലാധി പിടിച്ച് ചേതസ്സറും
കുറ്റവും ശിക്ഷയും ജപമാലകൾ തീർക്കും

വർഷസൂചി(*)യിലക്കങ്ങൾ കറുപ്പും ചുകപ്പുമായ്-
പ്പെരുക്കുന്നു, മങ്ങുന്നു; ഇരുൾ വാഴും നാളെ
കാറ്റേ പോകൂ പുറത്ത്; ജനൽ വലിച്ചടയ്ക്കട്ടെ
ഞെട്ടിത്തളർന്ന മതി മൂഢമുറങ്ങട്ടെ


·         വർഷസൂചി – കലണ്ടർ

Tuesday, April 25, 2017

ഒരു ചുവന്ന പനിനീരിനായ്

സ്നേഹമൊരു ചുഴലി, ചുവന്ന പനിനീർ
ദളങ്ങൾ മുകുളങ്ങളിലൊളിപ്പിയ്ക്കുന്നു
ചുരുളുകൾ നിവർത്തി കാറ്റു വിതയ്ക്കുന്നു
ഉള്ളിലൊരു ചുഴിയൊരുക്കുന്നു

കാതങ്ങൾ, പാതങ്ങൾക്കപ്പുറം ജന്മവും
സീത്ക്കാരാഭിനിവേശ സന്നിവേശവും
ഉള്ളിലേയ്ക്കുള്ളിലേയ്ക്കാഞ്ഞു വലിയ്ക്കും മർദ്ദവും
നിമിഷാർദ്ധവേഗത്തിലുള്ള പകർച്ചയും
സ്നേഹത്തിന്റെ ചുഴലിയ്ക്ക്, ചുവന്ന പനിനീരിന്
പല പേരുകളിൽ ചുകപ്പ് കൊടുക്കട്ടെ

അളി നുകരും തേനിന്റെ പനിനീർ
പ്രണയസൗരഭ്യത്തിന്റെ പനിനീർ
തലമുടിക്കറുപ്പിനഴകേകും പനിനീർ
വസ്ത്രജാലകത്തിലൂടെത്തിനോക്കും പനിനീർ
പൂക്കുടകളെയലങ്കരിയ്ക്കും പനിനീർ
ചുവന്ന പനിനീരെന്ന സ്നേഹസുരഭില കുസുമം

ചുവന്ന പനിനീരിന്, സ്നേഹത്തിന്
സംസ്കൃതികളെ, നഗരപാരവശ്യങ്ങളെ,
ഗ്രാമാന്തരങ്ങളെ, വയൽ വെളുപ്പിനെ,
ജടപിടിച്ചാലസ്യത്തിലാണ്ട ജനതയെ
കുടപിടിയ്ക്കുന്ന അല്പമോഹങ്ങളെ
കാലത്തിന്റെ കണ്ണീർക്കെട്ടുകളെ
മാടം കെട്ടിയ ജഡസ്വപ്നങ്ങളെ
തന്റെ കുഴിഞ്ഞ മദ്ധ്യത്തിലേയ്ക്കാനയിയ്ക്കാം
തന്റെ ചുഴലിയിൽക്കറക്കി മജ്ജയൂറ്റാം
സ്ഫുടം ചെയ്ത് പ്രതിഷ്ഠയുമേകാം

ഹേ! ചുവന്ന പനിനീരേ, വരിക
വേഗം വിടർന്ന് പുഷ്പിച്ച് മുൾക്കാമ്പു മാറ്റുക
സ്വയം അടർന്നുപോകും മുമ്പ് ധന്യയാകുക
നീ വരുന്നതും കാത്തനേകപേരുണ്ടിവിടെ, ഊരും പേരും കെട്ടവർ