ബ്ലോഗ് ആര്‍ക്കൈവ്

2023, ഡിസംബർ 31, ഞായറാഴ്‌ച

പാപ്പാഞ്ഞി

 

പൊക്കമില്ലായ്മ മൂലം, പാപ്പരത്തം മൂത്ത്

പെരുത്ത പാപ്പാഞ്ഞിയെയുണ്ടാക്കാം വര്‍ഷാവര്‍ഷം

പിന്നെ, പൊട്ടിത്തെറിയ്ക്കും വണ്ണം കത്തിച്ചു തിമിര്‍ക്കുക

വര്‍ഷാന്ത്യദിനത്തിന്‍ അന്ത്യയാമത്തില്‍ കൃത്യം

 

ഉന്മാദം നിറച്ചെത്തും ദോഷരാവറുതിയില്‍

ആക്രോശിച്ചാര്‍ത്തലയ്ക്കും ലഹരിപ്പരല്‍ക്കടലില്‍

പടരുന്ന പന്തത്തിന്‍ തീച്ചൂടില്‍ എരിയുന്നു

പിന്നിട്ട കൊല്ലത്തിന്‍ കെടുതികള്‍, പ്രതീക്ഷകള്‍

 

നാളെക്കലണ്ടറില്‍ പുതുവര്‍ഷത്തിന്നൊന്നാംദിനം

നീളെത്തുടങ്ങാം പുത്തന്‍ പാപ്പാത്തിയെയൊരുക്കുവാന്‍

നാളോരോദിനവും ശോഷകര്‍മ്മങ്ങള്‍ കൂട്ടിയൊരുക്കിടാം

നാളം കൊളുത്താന്‍, എരിയാന്‍ പ്രാക്‍രൂപമൊന്നു വേണ്ടേ?

 

ചേട്ടയേപ്പുറത്താക്കി ചൂല്‍ കഴുകിയെന്നാലും

ശ്രീയെ കുടിയിരുത്തി ആചരിച്ചെന്നാലും

കോലം ചമച്ച് തീ കൂട്ടി വൃദ്ധനെയെരിച്ചാലും

ഒടുങ്ങുമോ മനുഷ്യന്റെ പാപതൃഷ്ണകള്‍, മുഷ്ക്കും?

 

എന്നിരുന്നാലും, പ്രത്യാശ നല്കുക പുതു വര്‍ഷമേ

പ്രതീക്ഷ തന്‍ പൊന്‍നാളം കൊളുത്തുക

രാശി നോക്കാതെ രാപ്പാര്‍ക്കാനാകട്ടെ ആര്‍ക്കും

മേശമേല്‍ പാപ്പാഞ്ഞി പതുങ്ങിക്കിടക്കട്ടെ, ചിരിയ്ക്കട്ടെ

 

 

2023, ഡിസംബർ 16, ശനിയാഴ്‌ച

നിഴലുകള്‍ മായുമ്പോള്‍

 

വെളിച്ചമുള്ളിടത്തു മാത്രമേ

നിഴലുകള്‍ തെളിയുന്നുള്ളൂ

 

നിഴലുകള്‍ തെളിയുന്നിടം എപ്പൊഴും

തണല്‍ വീണുറങ്ങുന്നു

പാതി വെളിച്ചവും പാതി ഇരുളും

പകുത്തെടുത്ത തണലുകളില്‍

തണുപ്പു മോഹിച്ച് പകല്‍ പളുങ്ങുമ്പോള്‍

ലവണമിറ്റിയ്ക്കും വിയര്‍പ്പുതുള്ളികളില്‍

ലാവണം തേടുന്നു ആലസ്യത്തിന്‍ അദമ്യത

 

നിബിഡനിഴല്‍ക്കാടുകളുടെ ഘോരതയ്ക്കുള്ളില്‍

തമ്മിലുരസുന്ന തമസ്സിന്‍ താമസഭാവങ്ങളില്‍

മര്‍ത്ത്യജന്മവാസനകള്‍ കുടിലത വളര്‍ത്തുമ്പോള്‍

നിഴലുകള്‍ വന്യമായ് ആര്‍ത്തു ചിരിയ്ക്കുന്നു

 

ജഡചിന്തയേറ്റുന്ന അപകര്‍ഷത

നിഴലുകള്‍ക്ക് അടിമച്ചൂരു പകരുന്നു

വെളിച്ചത്തിന്റെ ഗതിവിഗതികള്‍ ക്കൊപ്പം

നിഴലുകള്‍ നീണ്ടും കുറുകിയും വേയ്ക്കുന്നു

 

കൂരിരുട്ടില്‍, നാട്ടുവെളിച്ചങ്ങള്‍

ഭീമാകാരം പകര്‍ന്ന് ആടുന്ന നിഴലുകള്‍

യക്ഷിക്കഥകളിലെ നിശാചരവേഷങ്ങളായ്

നാട്ടുവിചാരങ്ങള്‍ക്ക് തൊങ്ങലുകള്‍ തൂക്കുന്നു

 

അരണ്ട വെളിച്ചം നരപ്പിച്ച നിഴലുകള്‍

ക്ഷുദ്രഭാവത്തില്‍ കീടരൂപം പൂണ്ട്

തലങ്ങും വിലങ്ങും തണലുകളെ ആക്രമിച്ച്

വെളിച്ചം താപമെന്നാര്‍ത്ത് വിടുപണി ചെയ്യുന്നു

 

വെളിച്ചം മായുമ്പോള്‍

നിഴലുകളും മായുന്നു

പാടുകളവശേഷിപ്പിയ്ക്കാതെ

സ്വത്വലേശം പോലുമില്ലാതെ

2023, ഡിസംബർ 7, വ്യാഴാഴ്‌ച

വേദവതീശാപത്താല്‍

 ഓര്‍ത്തെടുക്കട്ടെ കിട്ടിബോധിച്ച ശാപവചസ്സുകള്‍

വാര്‍ത്തു നില്ക്കുന്നു വേദവതി, ആത്മഗര്‍ഭസാരസ്വം

അവള്‍, എന്‍ വരുംപൈതല്‍, ഉരഞ്ഞിട്ട രോഷചാരിത്രങ്ങള്‍

ദശമുഖങ്ങളില്‍ മത്തോടെപ്പതിയ്ക്കുന്നു പിണരായി

 

മര്‍ത്ത്യമനോരഥ വേഗങ്ങള്‍ക്കുമപ്പുറം

മൃത്യു കുറിച്ചിട്ട നാളടുക്കുന്നേരം

ഇടം തുടിയ്ക്കുന്നു, പിന്നെ നോവേറുന്നു

ഭൂതകാലത്തിന്നുഴവുചാലുകള്‍ വിണ്ടു വിണ്ടു കീറുന്നു

 

അന്ത്യ രണാങ്കണപ്പറമ്പിലേയ്ക്കെത്തുമ്പോള്‍

ചിന്തയ്ക്കറം പറ്റും; തെല്ലും പേടിയ്ക്കാതുഴലണം

ഹവ്യമര്‍പ്പിച്ച ഹോമകുണ്ഡങ്ങളത്രയും

അഗ്നിയറ്റ് ധൂമചാരമാകുമെന്നോര്‍ക്കണം

 

വെറുപ്പിന്‍ കൊടുങ്കാറ്റുകൂട്ടം കിടുകിടെന്നാര്‍ക്കുമ്പോള്‍

ഉള്‍പ്പതിച്ചിട്ട ബന്ധങ്ങള്‍ ഉലഞ്ഞു ചിതറുമ്പോള്‍

ഓര്‍ത്തെടുക്കട്ടെ വീണ്ടും പാഴായ സത്യങ്ങള്‍

 ചെയ്യാത്ത പാപം ഹരിയ്ക്കാത്ത കടുംവിധി

 

നന്മ ചെയ്യുന്നതു ശാപം

നന്മയോര്‍ക്കുന്നതു താപം

നന്മയോതുന്നതു രോഷം

നന്മതാന്‍ ഉണ്മയെന്നതും തെറ്റ്

 

ശ്ലഥചിന്തയേറിക്കവിയുന്നു മനശ്ശതം

ആത്മഗര്‍ഭത്തിന്‍ ഭ്രൂണഹത്യ ചെയ്യാമോ?

വഴി വെട്ടി വിട്ട വാക്കുകള്‍ ചോര്‍ന്നു നീലയ്ക്കുവോളം

1അര്‍ദ്ദിതപ്രാണനായ് പൂര്‍വ്വരംഗങ്ങളാടിടാം

 

നീറ്റിന്‍ പെരുമ്പറമുഴക്കങ്ങളലച്ച നാള്‍

പേറ്റുനോവേറിപ്പുറംകാല്‍ തൊഴിച്ചപ്പോള്‍

പെറ്റിട്ടു, പിന്നെ മണ്ണിട്ടുമൂടിയാ ശിശുവെ,

ഇന്നവള്‍ പൃത്ഥ്വി തന്‍ പുത്രി, തിരിച്ചറിയുന്നു ഞാന്‍

 

കാലം തിരിയ്ക്കുന്ന കഠിനമാം ചക്രത്താല്‍

കാത്തു വെച്ചുള്ള കരാള ദംശനമേറുമ്പോള്‍

മുറിഞ്ഞു വീഴട്ടെ പത്തു മുഖങ്ങളോരോന്നായ്

തറഞ്ഞു ശയിയ്ക്കട്ടെ വേദവതി, 2വിദര്‍പ്പിതചിത്തയായ്

 

 

1 അര്‍ദ്ദിതപ്രാണന്‍ - യാചിയ്ക്കുന്നവന്‍

2 വിദര്‍പ്പിതചിത്ത ഇവിടെ രോഷാന്ധത ശമിച്ചവള്‍/ശാന്തയായവള്‍ എന്ന അര്‍ത്ഥത്തില്‍ പ്രയോഗം