ബ്ലോഗ് ആര്‍ക്കൈവ്

2017, ഏപ്രിൽ 25, ചൊവ്വാഴ്ച

ഒരു ചുവന്ന പനിനീരിനായ്

സ്നേഹമൊരു ചുഴലി, ചുവന്ന പനിനീർ
ദളങ്ങൾ മുകുളങ്ങളിലൊളിപ്പിയ്ക്കുന്നു
ചുരുളുകൾ നിവർത്തി കാറ്റു വിതയ്ക്കുന്നു
ഉള്ളിലൊരു ചുഴിയൊരുക്കുന്നു

കാതങ്ങൾ, പാതങ്ങൾക്കപ്പുറം ജന്മവും
സീത്ക്കാരാഭിനിവേശ സന്നിവേശവും
ഉള്ളിലേയ്ക്കുള്ളിലേയ്ക്കാഞ്ഞു വലിയ്ക്കും മർദ്ദവും
നിമിഷാർദ്ധവേഗത്തിലുള്ള പകർച്ചയും
സ്നേഹത്തിന്റെ ചുഴലിയ്ക്ക്, ചുവന്ന പനിനീരിന്
പല പേരുകളിൽ ചുകപ്പ് കൊടുക്കട്ടെ

അളി നുകരും തേനിന്റെ പനിനീർ
പ്രണയസൗരഭ്യത്തിന്റെ പനിനീർ
തലമുടിക്കറുപ്പിനഴകേകും പനിനീർ
വസ്ത്രജാലകത്തിലൂടെത്തിനോക്കും പനിനീർ
പൂക്കുടകളെയലങ്കരിയ്ക്കും പനിനീർ
ചുവന്ന പനിനീരെന്ന സ്നേഹസുരഭില കുസുമം

ചുവന്ന പനിനീരിന്, സ്നേഹത്തിന്
സംസ്കൃതികളെ, നഗരപാരവശ്യങ്ങളെ,
ഗ്രാമാന്തരങ്ങളെ, വയൽ വെളുപ്പിനെ,
ജടപിടിച്ചാലസ്യത്തിലാണ്ട ജനതയെ
കുടപിടിയ്ക്കുന്ന അല്പമോഹങ്ങളെ
കാലത്തിന്റെ കണ്ണീർക്കെട്ടുകളെ
മാടം കെട്ടിയ ജഡസ്വപ്നങ്ങളെ
തന്റെ കുഴിഞ്ഞ മദ്ധ്യത്തിലേയ്ക്കാനയിയ്ക്കാം
തന്റെ ചുഴലിയിൽക്കറക്കി മജ്ജയൂറ്റാം
സ്ഫുടം ചെയ്ത് പ്രതിഷ്ഠയുമേകാം

ഹേ! ചുവന്ന പനിനീരേ, വരിക
വേഗം വിടർന്ന് പുഷ്പിച്ച് മുൾക്കാമ്പു മാറ്റുക
സ്വയം അടർന്നുപോകും മുമ്പ് ധന്യയാകുക
നീ വരുന്നതും കാത്തനേകപേരുണ്ടിവിടെ, ഊരും പേരും കെട്ടവർ


2017, ഏപ്രിൽ 22, ശനിയാഴ്‌ച

മരണം വാരാഘോഷം

എനിയ്ക്ക് മരണത്തെ പേടിയാണ്
മരിയ്ക്കാൻ ഭയമില്ലെങ്കിലും
ഹേതു; മരണമെപ്പോഴും ആഘോഷാങ്കിതം
ചകിതമാം വിയോഗമെങ്കിലും

മടങ്ങിയ കൈകാലുകൾ നിവർത്തിക്കെട്ടി
തുറന്ന കണ്ണുകൾ അമർത്തിയടപ്പിച്ച്
കോടി മണക്കുന്ന കോറ പുതപ്പിച്ച്
നെറ്റിയിൽ, നെഞ്ഞത്ത് ഭസ്മം പൂശി
ശവം മണത്തെത്തുന്ന ഉറുമ്പിന് മഞ്ഞളിട്ട്
നിറച്ചെപ്പു വെച്ച്, നിലവിളക്കു കത്തിച്ച്
നാളികേരം പകുത്ത് മാറത്തും പടിപ്പുറത്തും വെച്ച്
കരച്ചിലിൻ പതിതാളത്തിൽ തുടങ്ങും ആഘോഷം

തന്റേത്, തന്റേത് വലിയതെന്ന പുഷ്പചക്രങ്ങൾ
ഞെട്ടിത്തരിച്ച ദുഃഖപ്പങ്കുചേരലുകൾ
പൊട്ടിത്തെറിയ്ക്കുന്ന ബന്ധുത്വ കാപട്യങ്ങൾ
മുഖം മറച്ചെത്തും ശത്രുസന്തോഷാതിരേകങ്ങൾ
മനം മടുപ്പിയ്ക്കും ഗണഗോത്രാചാരസംഹിതകൾ
പന്തലിൽ കസേരയിട്ട വളിച്ച നേരമ്പോക്കുകൾ

വിയോഗദുഃഖമളക്കാൻ മദ്യചഷകം നിറയ്ക്കുന്നവർ
തിരക്കഭിനയിച്ചെത്തും നായകസിംഹരൂപികൾ
ഇതുവരെയില്ലാത്ത ഉറ്റബന്ധുത്വക്കൂറ്റുകാർ, സ്ഥാനികൾ
ഇതിനെല്ലാമിടയിൽ നിവർത്തിക്കിടത്തപ്പെട്ട ദേഹവും

എല്ലാർക്കുമൊന്നറിയണം, “എപ്പഴാ എടുക്ക്വാ”?
“ആരെയാണിനി കാക്കുന്നത്? എപ്പോളാ വരണത്?”

പോയി പലകാര്യവുമുള്ളതാണെല്ലാർക്കും
ഏഴിന്നെങ്കിലും അസ്ഥി പെറുക്കണം; ചടങ്ങു തീർക്കണം
മരണം വാരാഘോഷം കെങ്കേമമാക്കണം
ഒന്നിനും ഇനിയെങ്കിലും ഒരു കുറവും വരുത്തരുതല്ലോ

മരണം വിധിനിശ്ചയം; അജ്ഞമാം വികാരം 
എങ്കിലും ഇങ്ങനെയൊക്കെ മരിയ്ക്കാൻ എനിയ്ക്കു പേടിയാണ്



2017, ഏപ്രിൽ 19, ബുധനാഴ്‌ച

തെറിതാക്കൾ (*)

വാക്കുകൾ വമിയ്ക്കുന്നു, പുകയുന്നു, തുപ്പുന്നു
കാഞ്ഞമണം പരത്തിക്കൊഞ്ഞനം കൊത്തുന്നു
കേട്ടവർ, കേട്ടവർ മൂക്കു പൊത്തുന്നു, ചെവിയും
തിരിഞ്ഞു നോക്കാതെ പലായനം തന്നെ

അരങ്ങു വാഴ്കയാണു ‘തെറിതാക്കൾ’ പലവിധം
അരയിലൊരു നൂൽബന്ധച്ചരടുലേശമില്ലാതെ
പരന്നു കിടക്കുന്നു വിഷയങ്ങൾ നാനാവിധം
ആരുമേയിനി മേലിൽ മറുത്തു പറഞ്ഞൂടാ

പല്ലു തേയ്ക്കാത്ത വായും അതിലേറെ നാറും വാക്കും
അടുത്തു വന്നാലറയ്ക്കും കൈകാൽ കോപ്രായങ്ങളും
അട്ടഹാസപ്പെരുമഴ, ചട്ടമില്ലാത്ത നോട്ടങ്ങളും
അന്നമുണ്ടാക്കുന്ന മണ്ണിൽ പുരീഷം തള്ളും പോലെ

പിതൃത്വം ചോദ്യം ചെയ്യാം; മാതാവെ ഹനിച്ചിടാം
ശൂന്യവേളകളിലുടുതുണി മാറ്റിക്കാണിച്ചിടാം
വഴിയിൽത്തടഞ്ഞിടാം; കൈകാൽ ഉന്നം വെയ്ക്കാം
ഉച്ചമാം ഒച്ചയിൽ കായപര്യായങ്ങളുരുവിടാം

എന്തു വന്നാലും ഭരിയ്ക്കണം, പോംവഴി മറ്റെന്ത്?
എതിർപ്പടക്കുവാനേറ്റം നല്ലത് തെറിയല്ലേ?
മാന്യത ചെവിപൊത്തിക്കാട്ടിൽപ്പോയ് വസിച്ചിടും
കടുകിട മാറാതെ ലക്ഷ്യവുമെത്തിച്ചേരാമെന്നേ!!!

ഇവിടെയുണ്ടൊട്ട് ‘തെറിതാക്കൾ’; ഗൗരവരൂപർ
‘വടിമുറി’ വസ്ത്രം, സുവർണ്ണഘടികാരാങ്കിതർ
മസിൽ പെരുപ്പിച്ചു നില്ക്കുന്ന പൗഡർ മിനുങ്ങികൾ
“തെറി നീണാൾ വാഴ്ക, വാഴ്ക; തെറിയേ ജയ ജയ!!”

  • തെറിതാക്കൾ -  “കമിതാക്കൾ”, “യുവാക്കൾ” എന്നൊക്കെ പോലെ തെറി പറഞ്ഞു ജീവിയ്ക്കുന്നവരെ തെറിതാക്കൾ എന്ന് അഭിസംബോധന ചെയ്തു പോയി; തെറ്റെങ്കിൽ മാപ്പാക്കുക


2017, ഏപ്രിൽ 18, ചൊവ്വാഴ്ച

സമ്പാദ്യം

ഓട്ടമുക്കാലു കീശയിൽ, ഒത്തിരിക്കണക്കും
ആർക്കുമേവേണ്ടാത്തയധികമാം ശീലങ്ങളും
മുന്നിൽക്കാണും പുകയുന്ന വഴികൾ, വേലികൾ
കാഴ്ചമങ്ങും കണ്ണിലിരുട്ടിന്റെ സമാവർത്തനം

മുഖക്കരുത്തു മാത്രം ബാക്കി; ശോഷിച്ച പ്രാണൻ
മെയ് വഴക്കം വറ്റിയ കൈകാലുകൾ; ചിന്തകൾ
ജാതകക്കെട്ടിലെ പാപാപഹാരപ്പഴികൾ
മണ്ണുറച്ചു പോകുന്നു തേരിൻ ചക്രമോരോന്നും

വയസ്സു പെരുത്തു പെരുങ്കാലു വിറച്ചിട്ടും
പെറുക്കി വെച്ചീല പണത്തുട്ട്; പണത്തൂക്കം
സുകൃതം വിളമ്പിയുമാചരിച്ചും പോറ്റുവാൻ
വടിവൊത്ത കാലത്തിൽ മിടുക്കുകൾ പോരല്ലോ

ചാഞ്ഞുപോം ചില്ലകൾ; അറുക്കാനാകാതെ കായ്കൾ
സനാഥമാം സ്വത്വത്തിനേകാന്ത രൂപാന്തരം
അയയുന്ന ബന്ധങ്ങളുന്മാദ രന്ധ്രസ്രവം
പാഞ്ഞടുത്താഞ്ഞു കൊത്തും ശിഷ്ടനഷ്ടക്കണക്കുകൾ

ഇനിയെന്തു വേണമീ ജീവിതം മുഴുമിയ്ക്കാൻ?
ഒരുൾക്കാളലെന്തിന്നു ബാക്കി വെച്ചിരിയ്ക്കുന്നൂ?
കൈനീട്ടിയെത്രനാൾ പ്രമാണിയായ്ച്ചമയണം

ഇത്തിരി വെട്ടവും മായും; നിറയല്ലെ കണ്ണേ..