ബ്ലോഗ് ആര്‍ക്കൈവ്

2014, മേയ് 19, തിങ്കളാഴ്‌ച

ഫലശ്രുതിയറ്റ തായ്കുലം


പഞ്ചമിയ്ക്കീറ്റുനോവായിരുന്നു പന്തീരാണ്ടും
പഞ്ചേന്ദ്രിയങ്ങളും സ്നിഗ്ദ്ധമായിരുന്നു വാഞ്ചയാൽ
കഞ്ചുകകവചങ്ങളേതുമില്ലാതെ കൺമിഴിച്ചു പന്ത്രണ്ടു പേർ
നെഞ്ചകം കത്തിനീറുന്ന ഉമിത്തീയിലുഴറിക്കറുത്തു പഞ്ചമി

മുലപ്പാൽ കെട്ടിക്കനത്ത മാർത്തടം വിതുമ്പി
നെറ്റിയിലുറച്ച, പന്തം തറച്ച, മുറിപ്പാടു വിങ്ങിയില്ലെന്നിട്ടും
നേരിന്റെ നേർവഴി ഞരക്കങ്ങളിൽ കാലുഷ്യമില്ലാതെ
ബീജാങ്കുരങ്ങളെ അതിലോലം ഉയിരാക്കി പഞ്ചമി

ആയിരം കറിയൂട്ടിയ കൈകളാത്മനിന്ദയിൽ വിറച്ചുവോ
മറക്കുട നീക്കിപ്പുറത്തെത്തിയ വ്യുത്പത്തി അറച്ചുവോ
മാറു ചേർത്തൊന്നു നറും പാലൂട്ടുവാനാകാത്ത ശോകം തിളച്ചുവോ
പേറ്റുനീരിന്നീറൻ വറ്റാത്ത തൻ മക്കളെപ്പിരിഞ്ഞപ്പോൾ?

വരരുചിപ്പുത്രരായ് നിറഞ്ഞാടി പലകുലങ്ങളിൽ അമ്പോറ്റിമക്കൾ
ഊറ്റങ്ങൾ കേൾപ്പിച്ചു പല ദേശങ്ങളിൽ അഭംഗുരം, അന്യൂനം
താതന്നു തെറ്റാതെ തർപ്പണം ഇല്ലത്തിൽ മുറ്റത്തു മുറപോൽ
ധരയ്ക്കില്ലെന്നോ ഒരു കൈക്കുടന്ന നീരിറ്റിയ്ക്കുവാനായ് ദിനം?

പാടിപ്പുകഴ്കേട്ട കഥകളിൽ ശ്രേഷ്ഠനാം വിശാരദൻ വരരുചി
പറയി തൻ സഗർഭ്യരാം പന്തിരുകുലം മേല്ക്കുമേൽ സമുത്തമർ
പറഞ്ഞില്ല പഞ്ചമിപ്പെണ്ണിൻ പേരോ പെരുമയോ തെല്ലോളം
പഞ്ചപുച്ഛങ്ങൾക്കും പുച്ഛമായ്ത്തോന്നിയെന്നോ തായ്കുലം?

പാടുവാനില്ല പറയിയ്ക്കു തോറ്റങ്ങൾ, വിധേയമാം ദുർന്നീതി മാത്രം
പെരുപ്പിയ്ക്കുവാനോ പെരുമ തൻ കുലപ്പേരും തുണയില്ല
പടിപ്പുറത്തെന്നുമേയിടം നല്കി, കൂട്ടായ് ചത്തപയ്യിന്നിറച്ചിയും തോലും
പാളയിൽ മൃഷ്ടാന്നഭോജനശേഷവും എച്ചിലും തുപ്പലും തീണ്ടുകുറ്റവും

ആര്യാവർത്തചരിതങ്ങളിൽ, ദ്രാവിഡക്കുറൾകളിൽ ഗരിമയായ്
വർണ്ണഭേദങ്ങൾക്കെതിർഭാഷ്യം ചമയ്ക്കുന്ന വരേണ്യ ധാർഷ്ട്യങ്ങളിൽ
പിന്നാമ്പുറ പഴംകഥകളിലെവിടെയോ ചാരമൂറിയ കനലായ്ച്ചിരിയ്ക്കുന്നു
ആത്മമനനം വിധിയ്ക്കാത്ത ഫലശ്രുതിയ്ക്കുൾപറ്റി പഞ്ചമി

  • ധര -  ഗർഭപാത്രം എന്നും അർത്ഥം ( അവലംബം  -  ശബ്ദതാരാവലി)


2014, മേയ് 11, ഞായറാഴ്‌ച

ഒത്തുതീർപ്പുകൾ

കഥയും കാര്യവും ആദ്യന്തം നെടുവീർപ്പുമായ്
വ്യഥകൾ മടക്കി കിടക്കപ്പായയിൽ ചുരുട്ടി
കോട്ടുവായിട്ടു വാശിയില്ലാതെ മൂരി നിവരുമ്പോൾ
പീളകെട്ടിയ മുഖപടം നീക്കുന്നു ആവി പറക്കും ഒത്തുതീർപ്പുകൾ

കണപിടിയ്ക്കുന്ന മനസ്സിന്നകലം പാർത്തും ഗണിച്ചും
സ്വർണ്ണമീനെന്നപോൽ ചില്ലുഭരണിയിൽ ഉലകങ്ങൾ കണ്ടും
ജീവിതസിരാമുഖങ്ങളിലാഴിയോളം ലവണം കുറുക്കിയും
നേർക്കാഴ്ചകൾ ചിറകടിയൊച്ചകൾ തീർത്തു മറയുവാനായുന്നുവെന്നോ?

ഉത്ക്കടം കോർക്കെ നുരുമ്പിച്ച പാഴ്ക്കിനാക്കൾ പൊടിയുന്നു
തന്നിഷ്ടം പൊറുക്കാത്ത ക്ലേശങ്ങൾ കലഹിയ്ക്കുമ്പൊഴും
രാത്രിയുടെ കനം വെച്ച കാലടികൾക്കു കാതേകിയിരിയ്ക്കുമീ
വിലകെട്ട വിനാഴികത്തരികളുടെ വെറും പതന നാദങ്ങൾ

പൊന്നു മോഹിച്ചു മിന്നുന്നതിൻ പിറകേ പോകാതെ
മണ്ണോടു ചേർന്നു കളകൾ  പിഴുതു മാറ്റിയും വളം ചെയ്തും
വിളിയ്ക്കാതെ വിരുന്നുണ്ണുവാനെത്തിയ വഹ്നിയ്ക്കമൃതേത്തായ്
വല്ക്കലമുരിയുന്നു സ്വയമേവം, നഗ്നമാം മേനി നാണിച്ചിട്ടും

തിട്ടപ്പെടുത്താത്ത തീട്ടുരങ്ങൾ ചട്ടങ്ങൾ തീർക്കവേ
ഒട്ടിയകന്ന ബന്ധങ്ങൾ ബാക്കിപത്രം പരിശോധിയ്ക്കവേ
വീട്ടുമൂലയിലിരുട്ടിൻ ബലത്തിൽ മൗനമായ് കരയാൻ കൊതിച്ചിട്ടും
ഓട്ടുതാഴിട്ടു പൂട്ടിയ കദനത്തിൻ കാൽപ്പെട്ടി കൂട്ടാക്കുന്നതില്ല തുറക്കുവാൻ

പുനർചിന്തയില്ലാതെ ഛർദ്ദിച്ച വിളമ്പലുകൾ വിഴുങ്ങണം
അനർഹമാണെന്നു പഴികേട്ട ഔദാര്യങ്ങൾ മടക്കണം
പനപോലെ വളർന്നൊരു പോന്തനായ് നടിയ്ക്കണം
വിനാശകാലേ വിപരീതബുദ്ധിയാണെന്നു ചമയ്ക്കണം

അശ്രാന്തം ആർത്തിരമ്പും പിത്തം കലർന്ന ചകിതമോഹങ്ങൾ
ആരും വിലയ്ക്കെടുക്കാത്ത കെട്ടു പിണയും ബന്ധന ദൈന്യങ്ങൾ
ഇനിയുമിനിയുമൊരുപാടുണ്ടു കാലദൈർഘ്യത്തിൻ ദുർവത്സരങ്ങൾ

ഉന്തിയുമുരുട്ടിയീക്കാറ്റുപോയ ചക്രമുരുളണം വേച്ചും ചതഞ്ഞും