ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രശസ്തി


ഇന്നലെ ഞാനൊരു പ്രശസ്തിയെക്കണ്ടു

കറവീണ പല്ലുകൾ വെളുപ്പിച്ച്
മലർക്കെ ചിരിച്ചു കാട്ടിക്കൊണ്ട്
കോതി മിനുക്കിപ്പകുത്ത മുടി കറുപ്പിച്ച്
അനുസരണയില്ലാതെ എഴുന്നു നിന്ന മീശരോമങ്ങളെ
നിഷ്ക്കരുണം കഷ്ണമാക്കി വെട്ടിമാറ്റിക്കൊണ്ട്
പുകയില വിള്ളിച്ച ചുണ്ടുകൾ പതിയെ
ചുകപ്പു പുരണ്ട ചായം തേച്ച് തുടുപ്പിച്ച്
നാല്ക്കവല മുക്കിൽ നാലാളു കാൺകെ
കാറ്റടിച്ചാൽ കുലുങ്ങാത്തയാഴത്തിൽ ഉറപ്പിച്ച
തലപോയ കവുങ്ങിന്റെ കനമുള്ള രണ്ടു കാലുകൾക്കു നടുവിൽ
സ്വയമിറങ്ങി വന്ന പോൽ പ്രസന്നനായ്
അച്ചടിയ്ക്കപ്പെട്ടു നില്ക്കയാണ് പ്രശസ്തി

കണ്ണുകളിൽ തിളക്കം, ആത്മാവില്ല
വേട്ടമോഹത്തിൻ കുറുനരി ക്രൌര്യം
ചിരിയുണ്ട്, അഹന്തയാൽ കോടിയത്
പരമപുച്ഛത്തിന്റെ ചടുലതയിൽ വിരിഞ്ഞത്
അഭിവാദ്യത്തിനായുയർത്തിയ കൈകളിൽ
അടക്കിപ്പിടിച്ച അധികാരത്തിൻ അദമ്യത
മുന്നും പിന്നും പിണച്ച കാലുകൾക്ക്
ലക്ഷ്യം വേധിയ്ക്കാനുള്ള തിരക്കു കൂട്ടൽ

പ്രശസ്തിയെ ഈ മാതിരി കണ്ടപ്പോൾ
ആകപ്പാടെ ഒരു മടുപ്പിന്റെ മനം പുരട്ടൽ
മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച രൂപത്തിന്
എവിടെയോ എന്തോ പിശകുണ്ടെന്ന തോന്നൽ

സങ്കല്പവും അനുമാനവും കൂടിക്കുഴഞ്ഞ്
പ്രശസ്തിയുടെ വീട്ടുവാതിൽക്കലെത്തി,
കീശയിൽ തോക്കും ചുരുട്ടി മടക്കിയ മീശയും
സംശയം നിഴലിയ്ക്കുന്ന നോട്ടവുമായ് കാവൽ നില്ക്കും
രക്ഷാകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചെത്തി നോക്കുമ്പോൾ
മുറിയ്ക്കു നടുവിലായ് പ്രശസ്തിയും കുറേ വൃന്ദങ്ങളും

കാതും കൂർപ്പിച്ചു കണ്ണും തുറിച്ചു
ആളറിയാതെ ഒളിഞ്ഞു നിന്നപ്പോൾ കണ്ടു
പുത്തനുണങ്ങാത്ത നോട്ടുകെട്ടുകൾ വീതംവെച്ച്
പടമെടുപ്പുകാർ, സൌന്ദര്യ വർദ്ധകക്ഷുരകർ,
അഭിനയ ഗുരുവര്യർ, മുഖസ്തുതി പാഠകർ,
മാദ്ധ്യമശിങ്കിടി മുതലാളിമാർ, രഹസ്യദൂതന്മാർ
എന്നിങ്ങനെ ഓരോരുത്തരായ് പതുക്കെ
മുൻ വാതിൽ വരെ വന്നൊന്നെത്തിനോക്കി
തുറന്നിട്ട പിൻ വാതിൽ വഴി പുറത്തേയ്ക്ക്

ഒട്ടേറെ ക്ഷീണിതനായ്, വിജയശ്രീമാനായ് പ്രശസ്തി
മുഖമൊന്നു കഴുകി ചിരിഗൌരവം വരുത്തി
മതിൽക്കെട്ടിനപ്പുറം ആരവം മുഴക്കുന്ന
അനുയായിക്കൂട്ടത്തിൻ നടുവിലേയ്ക്ക് മുൻ വാതിലിലൂടെ
വടിവാർന്ന മുണ്ടും തട്ടുപൊളിപ്പൻ മേൽക്കുപ്പായവുമണിഞ്ഞ്
ഒഴിച്ചു കുടഞ്ഞ പണഭാണ്ഡവുമായ് പുറത്തെത്തി

ഇടയ്ക്കെപ്പോഴോ കണ്ണിൽ‌പ്പെട്ട ഞാൻ
എട്ടിന്റെ പണി ഉറപ്പായി തിരികെയും പോന്നെന്റെ പൊന്നോ.!!!


2014, ജനുവരി 3, വെള്ളിയാഴ്‌ച

ഗൃഹപ്രവേശം

പച്ചപ്പിൽ മടുപ്പു കണ്ടു തുടങ്ങിയോ നീ
ആവോളം ക്ഷമിയ്ക്കുക സമ്പന്നമാം ക്ഷാമത്തെ
ഇന്നീക്കാണുന്ന താരും തളിരും പൂക്കളും പഴങ്ങളും
ഇനി വിരുന്നെത്തും വേനൽ നീരൂറ്റി വാടിവീഴാം

നമുക്കു നടക്കാമിനി ഊടുവഴികളിലോരം പറ്റി
കാമിയ്ക്കാം ഉണ്മതൻ കയ്പുനീരിറ്റും ഒറ്റയാൻ വഴികളെ
തിരിഞ്ഞൊന്നു നോക്കീടാതുരിയാടാതെ നടക്കാം കുറേനേരം
പിന്നെ, കടിത്തൂവച്ചൊറിച്ചിലിൽ അന്യോന്യം പഴിചാരി
പൊടി പുരണ്ട ചിന്തയും കണങ്കാലിൽ കുരുവുമായ്
കഥയറിയാപ്പൈതങ്ങളുടെ കൈപിടിച്ചു പദയാത്ര തുടർന്നിടാം

ഒരു കുഞ്ഞുമോഹം പോൽ തലനീട്ടും കറുകനാമ്പിനെ
നുള്ളി നോവിയ്ക്കാതെന്നടക്കം പറഞ്ഞിടാം
ഇക്കാട്ടു മൺപാതകളിൽ ചുര മാന്തി ചിനയ്ക്കും
കാട്ടുപന്നിക്കൂട്ടങ്ങളുണ്ട്, സൂക്ഷിച്ചു കാൽ വെയ്ക്കണം

ഇന്നലേവരേയ്ക്കും നാമാടിത്തളർന്നൂ രംഗകോമരങ്ങളായ്
ഒരു വിളിപ്പാടകലെ വെളിപാടും ചിലമ്പും ഉപേക്ഷിയ്ക്കാം
ആളനക്കം കെട്ട വഴിയോരത്തൊറ്റയാം ചുമടുതാങ്ങിയായ്
ഇക്ഷിതിയുടെ മൺതിട്ടിലമർന്നിരുന്നൊന്നു നെടുവീർക്കാം
ശ്വാസമൊന്നാഞ്ഞു വലിച്ചിടാം പിന്നെയും നടക്കാം
ചങ്കുപൊട്ടുന്ന നീറ്റലിൽ തുമ്പനീർ തേച്ചിടാം, ഉമിനീരിറക്കിടാം

തീർപ്പായ വ്യഥകൾ നിഴലോളം വളർന്നിരുട്ടു തുപ്പുമ്പോൾ
തമ്മിൽക്കൊരുത്ത കൈകളമർത്തി “വെറുതെ”യെന്നാശ്വസിയ്ക്കാം
മഞ്ഞിറങ്ങുന്ന നേരമായ്, കുഞ്ഞു തലകളിൽ ചീരാപ്പിറങ്ങാതെ കാക്കുക
പതുക്കെ തിരിഞ്ഞൊന്നു നോക്കുക, പിന്നിട്ട മുൾവഴികൾക്കു മംഗളം നേരുക

പ്രതീക്ഷയുടെ പൂവിലങ്ങുകൾ മാറിൽ പിണച്ചു നാമൊടുവിൽ
വഴികളുറങ്ങുമീയശാന്തമാം ജന്മകുടീരമൊന്നെത്തിടുമ്പോൾ
അറിയുകെന്നെ നീ, ഞാൻ നിന്റെ കൂട്ടു തടവുകാരൻ അന്ത്യം വരെ

പരസ്പരം കുതറാതെയീത്തടവറ സമ്പുഷ്ടമാക്കാം നമുക്കലിവിനാൽ