ബ്ലോഗ് ആര്‍ക്കൈവ്

2015, നവംബർ 26, വ്യാഴാഴ്‌ച

മായാസീത

മായാസീതയായെന്നുള്ളിൽ വഹ്നിമണ്ഡലത്തിൽ
മറഞ്ഞുപോയെന്റെ സ്വന്തമാം നാവും മനസ്സും
മാഞ്ഞുപോകാതെ ചിണുങ്ങിയിരിയ്ക്കുന്നെന്റെയാ
മൊഞ്ചുതേച്ചൊരുക്കിയ കപടജിഹ്വ വായിൽ

ശരമെയ്തിട്ട ഇച്ഛാഭംഗത്തിൻ പൊൻപുള്ളിമാൻ
അരക്ഷണം പോലും കാത്തു നില്ക്കാതെ വെടിഞ്ഞ,
മരണപ്പിടച്ചിലിന്നൊപ്പം തേഞ്ഞ കരച്ചിൽ
സരസമല്ലാത്തൊരശരീരിയായ് മുഴങ്ങി

സ്വപ്നസൗന്ദര്യങ്ങളിൽ ചിറകുവിരിച്ചു മൽ-
മേനിയെ പതുക്കെ തഴുകിയുണർത്തിയും
മോഹത്തിന്നുഴവുചാൽ മുഴുക്കെ പരതിയും
കൗതുകം വിടാതെ പറക്കുന്നു ഗർവ്വഛിദ്രം

സൗഭഗം വെടിഞ്ഞ സത്യകോലാഹലങ്ങളിൽ
ആഭയായ് യാതന പീഡിതരൂപം വെടിഞ്ഞ്
സീതയായ് സന്നിഭയാകുന്നു പോർമുഖങ്ങളിൽ
പതഞ്ഞു പൊന്തുന്നു നേർത്ത നൊമ്പരങ്ങളായി

കാലമൊരുപാടു മുമ്പേ, സ്വയം നെയ്തെടുത്ത
ചലമെഴും ചേലയ്ക്കുള്ളിലൊളിപ്പിച്ചു ചെമ്മേ
അലയൊടുങ്ങാത്തയെൻ മനസ്സിൻ മടിച്ചെപ്പിൽ
നാലകം പോലും കാണാത്ത മോഹത്തെ, സീത പോൽ

പിന്നെ, വാരിയും വലിച്ചും, നല്ലതും കെട്ടതും
ധനങ്ങളായ്, ഋണങ്ങളായ്, ഗതിഭ്രമങ്ങളായ്,
ഹീനനായി തുടിപ്പിന്റെ മേനിത്തിളക്കത്തിൽ
മുന കൊണ്ടു കോറിയെന്നാലും ജയിച്ചു നില്പൂ

രണാങ്കണം പിന്നിടും നേരം തിരിഞ്ഞു നോക്കി
രക്ഷിച്ചതാരെ? ശിക്ഷിച്ചതാരെ? അറിയില്ല
രക്ഷസ്സും കേറി പേ പിടിച്ചലറും ഹൃദന്തം
രമിച്ചിടാതെ ഗമിയ്ക്കും ദുരാഖ്യവൃത്താന്തം

എങ്ങു പോയെങ്ങുപോയ് വിജയതൃഷ്ണ തൻ നാളം
അഗ്നിശുദ്ധി വരുത്തേണമത്രേ വിജയത്തെ
പണ്ഡിതമതം ചൊല്ലും അലംഖ്യമാമാജ്ഞയിൽ
സീതയാം യുദ്ധകാമന നടുങ്ങാതെ തേങ്ങി

ഇത്ര നാളും കാത്തുകാത്തിരുന്നതും പോരാഞ്ഞ്
പാത്രഭേദങ്ങളൊരുമ്പെട്ടും ഗുണദോഷിച്ചും,
എത്രയും ശ്രഥനം കൊതിച്ച മൃണ്മയമോഹത്തെ,
ജൈത്രയാത്രയെ ജയിച്ചു, തോൽവി മുന്നിൽക്കണ്ടു

ഹേ! ധരണീ! മാതൃഭാവമേ പിളരുക നീ
മായാപടം നീക്കുക, എൻ സീതയെയെടുക്ക
ലോകനീതി തൻ ശാസ്ത്രങ്ങൾ കൊടികുത്തി വാഴും
നാകനരകങ്ങളെ പുച്ഛിയ്ക്ക; തോൽക്കട്ടെ ഞാൻ


2015, നവംബർ 25, ബുധനാഴ്‌ച

എന്നെ കല്ലെറിയുന്നവരോട്

ഏന്റെ വീട്ടിൽ ഞാൻ അന്യനാണ്
തികച്ചും, തികച്ചും, പേർത്തും അന്യനാകുന്നു

വഴിപോക്കനല്ല ഞാൻ
അവന്നു നടന്നു തീർക്കാൻ വഴികളുണ്ടല്ലോ;
നടന്നെത്താൻ ലക്ഷ്യമുണ്ടല്ലോ;
യാത്രകൾ നിരത്തിൽ നിന്നും നിരത്തിലേയ്ക്കല്ലോ

അഭയാർത്ഥിയുമല്ല ഞാൻ
അവന് അഭയം അഭ്യർത്ഥിയ്ക്കാമല്ലോ;
ദൈന്യം നിറച്ച ഭൂതകാലമുണ്ടല്ലോ;
ജന്മാവകാശം ചൊല്ലാൻ പരമ്പരയും

ഞാൻ വീട്ടുവേലക്കാരനല്ല;
വിരുന്നിനു വന്ന ബന്ധുവല്ല;
ചാട്ടവാറെടുക്കും മേസ്തിരിയുമല്ല;
ഇഷ്ടം നടിയ്ക്കും സൗഹൃദമല്ല;
കുഷ്ഠം പിടിച്ച ജാതീയനുമല്ല;
ഭ്രഷ്ടു കല്പിയ്ക്കും കുടുംബകലഹിയല്ല;
പിന്നെയോ, വെറുമൊരു അന്യൻ മാത്രം

സ്വത്വം നഷ്ടപ്പെട്ട ആത്മസംസ്കൃതിയുടെ
തേരിറക്കത്തിൻ കരുത്തിൽ മുറിവേറ്റ്
രാത്രിയും പകലുമെന്നില്ലാതെ വീണുറങ്ങി
ഉണർന്നെണീറ്റതു മുതൽ അന്യനായി ഞാൻ

അന്യനാകുമ്പോൾ അവകാശങ്ങളില്ല
തർക്കങ്ങളിലെ നിശ്ശബ്ദശ്രോതാവു മാത്രം
ഭൂതകാലമില്ല; അല്ലെങ്കിൽ പാരമ്പര്യവും
മരവിപ്പു കയറുന്ന അന്യഥാ ബോധമല്ലാതെ

കെറുവാക്കുകളാൽ പുറും തള്ളപ്പെട്ടവൻ
നോക്കിന്നു പോലും പരിചയമില്ലാത്തവൻ
യാചന പോലും നിഷേധിയ്ക്കപ്പെട്ടവൻ
സഹനഭ്രംശനങ്ങൾ പോലുമന്യനായവൻ

ഞാൻ അന്യനാകുന്നു, എന്നും
ഞാൻ ഒരു ഇതിവൃത്തമാകുന്നു
പുകഴ്ത്തപ്പെടാത്ത, വാഴ്ത്തപ്പെടാത്ത
അപരിചിത നോട്ടങ്ങൾ മാത്രം ഏല്ക്കും
നിർവ്വികാരമാം രക്തബന്ധങ്ങൾ ഏശാത്ത

അന്യൻ, ഇതൊരു മുഴുവൃത്തം തന്നെ

2015, നവംബർ 24, ചൊവ്വാഴ്ച

സ്നേഹവ്യാപാരം

പളുങ്കു ഭരണികൾ, വർണ്ണഗോലികൾ
നാവലിയിയ്ക്കും നാരങ്ങാമിഠായികൾ
കണ്ണഞ്ചിയ്ക്കും നിറസഞ്ചയങ്ങൾ
കാത്തിരിയ്ക്കും കുറുക്കൻ കണ്ണുകൾ

നോക്കി വെള്ളമിറക്കും നക്ഷത്രക്കുഞ്ഞുങ്ങൾ
അബദ്ധം വെളുപ്പിച്ച മാതാക്കൾ, പിതാക്കൾ
കുടുകുടെ ചിരിയ്ക്കും അവകാശദല്ലാളന്മാർ
സ്വർണ്ണനൂലെന്നു തോന്നിയ്ക്കും വീശുവലകൾ

ചുരണ്ടുവാൻ നഗ്നരാം ഫോണുകൾ
കരണ്ടുവാൻ കന്മഷ മാത്സര്യങ്ങൾ
മധുരപാനീയത്തിൻ ചവർപ്പുകൾ, മയക്കങ്ങൾ
കാമാതിരേകം ചമയ്ക്കും ആഹ്വാനങ്ങൾ

എവിടെയും പരസ്യപ്പലകകൾ പലതരം
എല്ലാമൊരേ വൃത്താന്തം, “സ്നേഹം”
സ്നേഹമൊരു വ്യാപാരം, വില്പനച്ചരക്ക്
കിതപ്പുകൾ, ഏമ്പക്കങ്ങൾ, സ്നേഹമൃഷ്ടാന്നം

നാടകാന്തം; കണ്ണീർക്കുടങ്ങൾ, ശവങ്ങൾ
തലവഴി മൂടിയും വിലങ്ങുകളണിഞ്ഞും
ജനാരവത്തിൻ ക്രൂരമാം വിനോദത്തിൽ

കാലയതി പോക്കുവാൻ വിധിയെഴും പേക്കോലങ്ങൾ

ചുംബനം


നമുക്കോഷ്ഠോധരങ്ങൾ പങ്കിടാം
മിഴിയിണകൾ പാതി കൂപ്പിടാം
ഇരുമെയ് പകുത്ത് ചേർന്നിടാം
പരിസരം മറന്നൊന്ന് ചുംബിയ്ക്കാം

പകലന്തി തൻ വിയർപ്പിറ്റും ചൂരിൽ
ലോപമെന്യേ സ്രവിയ്ക്കും ഉമിനീരിൻ ചൂടിൽ
ഉയർന്നുയരും ഉച്ഛ്വാസ നിശ്വാസ വേഗത്തിൽ
പ്രജ്ഞയും മജ്ജയും പരസ്പരം കൈമാറാം

ഇതൊരാത്മനിഷ്ഠമാം ബന്ധത്തിൻ ചിന്മുദ്ര
ദേഹവും ദേഹിയും ഒന്നാകും ഉത്സവം
ഹർഷപുളകങ്ങൾ ഉരുൾകൂടും യാമാരംഭം
മനോവാഞ്ചയായൊഴുകും മൃദുല വികാരം

ചുണ്ടുകൾ കോർത്തും ഉൾഭക്ഷിച്ചും
ദേഹാർത്തി ചോരാതെ സൂക്ഷിച്ചും
നിവസിയ്ക്കുന്ന ലോകത്തെ മറക്കാം
ദൈന്യത്തെ, അഷ്ടി ദുഃഖങ്ങളെ മറയ്ക്കാം

അമർഷങ്ങൾ, ഘർഷണ ബലാബലങ്ങൾ
ക്ലേശങ്ങൾ, ഘോഷാരവങ്ങൾ
ക്ലിപ്ത ദാമ്പത്യ സമശീർഷകങ്ങൾ
ഒക്കെയും ഒരുൾശ്വാസത്തിലൊതുക്കാം

നിലയ്ക്കാത്ത ജീവന്റെ ജീവനിൽ
നിലയ്ക്കുന്ന കാലമാകുന്നു നാം
അടർത്തുവാനാകാത്ത പേടകക്കൂടിൽ
ജാലകമടയ്ക്കും ചുംബിതാക്കൾ നാം