ബ്ലോഗ് ആര്‍ക്കൈവ്

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പിതൃബലി


ശ്രാദ്ധപിണ്ഡം സമർപ്പയാമി
ശ്രദ്ധയോടെ നീരിറ്റിയ്ക്കണം
ശ്രമഘ്നിയായ് ഓർമ്മയെത്തണം
ശ്രമഭീതിയേതുമില്ലാതെ

സപ്തനദികൾ, സമുദ്രങ്ങൾ
ഇലപ്പലകയിൽ തെക്കോട്ടു
തിരിച്ചിട്ട ഓട്ടുകിണ്ടിയിൽ
ആകാശഗംഗയുമെത്തുന്നു

ഇനി തുടങ്ങാം പിതൃബലി
ഇത്തിരി പൂവും ചന്ദനവും
ഇടയ്ക്കിടെ എള്ളും അരിയും
ഇടകലർത്തി അർപ്പിയ്ക്കുക

ഓർമ്മ തൻ ശ്രഥനമില്ലാത്ത
മഥനം നടക്കയാണുള്ളിൽ
നാളും പേരും വിളിച്ചു ചൊല്ലി
ഇരുത്താം പിതൃവെ ദർഭയിൽ

കറുത്തിരുണ്ട വാവുരാവിൽ
കഴിഞ്ഞേയുള്ളൂ ശ്രാദ്ധോരിയ്ക്കൽ
മൂടിക്കനത്തു മരവിച്ച
മരണമെത്തിയ തലേന്ന്

ജാതകത്താളിൻ ചിത്രം നിറ-
ച്ചെത്തിയ രോഗപീഡപർവ്വം
താണ്ടുവാനാകാത്ത വിമ്മിഷ്ടം
കിളിവാതിൽ തുറന്നകന്നോ?

മിഴിവെളിച്ചം കെട്ടു പോയെ-
ന്നാകിലും തിരഞ്ഞുവോയെന്നെ?
തഴുകി മടുക്കാത്ത കൈകൾ
പിന്നെയും മാടി വിളിയ്ക്കുന്നുവോ?

നിനവിൽ ഒന്നല്ല, മൂന്നു പേർ
മാതൃഭാവം പൂണ്ട ദേഹികൾ
ദർഭ വിരിച്ചു വിളിച്ചെന്നാൽ
മടിയൊന്നില്ലാതെ വന്നിടും

ഉദരം കഴച്ചു നൊന്തിട്ടും
മക്കൾ തൻ ഉദരം നിറച്ചോർ
മനസ്സു മുട്ടെ വ്യസനിച്ചും
മനം നിറയ്ക്കാൻ തുടിച്ചവർ

ചെയ്യേണം ഉദകക്രിയയായ്
തിലോദകം തൂവി മുറപോൽ
പ്രീതികൊള്ളുകെൻ അമ്മമാരെ-
ന്നുള്ളിൽ മോഹിയ്ക്കട്ടെ ഞാനിന്ന്

ഗ്രഹണഗർഭത്തിൻ നോവുക-
ളലട്ടാതെ യാത്രയാകുക
പിതൃലോകത്തേയ്ക്കുദ്ധ്വസിച്ചു-
കൊണ്ടൊരു നീരിറ്റിയ്ക്കട്ടെ ഞാൻ

പറന്നിറങ്ങും ബലിക്കാക്ക-
കൾക്കിടയിലുണ്ടു നിശ്ചയം
അടുപ്പം ഭാവിയ്ക്കാനാകാതെ
ദുഖാർദ്രം വിതുമ്പും അമ്മമാർ

കൈക്കുടന്ന ജലം തൂകി ഞാൻ
തിരിഞ്ഞൊന്നു നോക്കാനാകാതെ
ശ്രാദ്ധവർഷം പിന്നിട്ടു വീണ്ടും
കാത്തിരിയ്ക്കട്ടെ, ഇനിയും വരും

പിടയുന്ന മനസ്സറകൾ
കൺതടം നിറയുമശ്രുക്കൾ
വേർപ്പെടുത്താനാകാത്ത ബന്ധം
കർമ്മലോകത്തിന്റെ വേപഥു