ബ്ലോഗ് ആര്‍ക്കൈവ്

2014, ഡിസംബർ 30, ചൊവ്വാഴ്ച

ഒരു മതേതര ചിന്ത


ഇന്നീക്കാണുന്ന മനുഷ്യ ലോകത്ത്, പ്രകൃതിയിൽ
മതേതരമെന്ന വിശേഷണം ഒരേയൊരു വികാരത്തിന്
മതേതരമെന്യേ പ്രയോഗിയ്ക്കപ്പെടുന്ന ഒറ്റ കാമന
അതു കാമം മാത്രം, മനുഷ്യന്റെ എതിർലിംഗക്കാമം

മതമില്ല, ജാതിയില്ല, പ്രായഭേദമില്ല
ഒറ്റയായും, നാലാൾ കൂടുന്ന കാട്ടുനായ്ക്രൗര്യമായും
എല്ലിനേക്കാൾ മൂർച്ചയുള്ള പേശിയൊന്നിൻ ദൃഢതയാൽ
ബലാൽ ഭോഗിച്ചും പ്രീണിപ്പിച്ചിരയായ് വീഴ്ത്തിയും ആഘോഷിയ്ക്കുന്ന കാമം

കട്ടിമീശയും മിയ്ക്കപ്പോഴും സുമുഖനായും
നേരവും കാലവും നോക്കാതെ കീഴ്പ്പെടുത്തുന്ന ചേതസ്സ്
ഇണചേരുവാൻ ഋതുക്കളില്ല, ശുക്ലകൃഷ്ണപക്ഷങ്ങളില്ല
മാനവകുലത്തിനു മാത്രമൊതുങ്ങുന്ന കാമശാസ്ത്രം

രസദളങ്ങളെ ഉന്മത്തരാക്കി സ്വയം ക്രീഡ ചെയ്യുന്നു
മറുപകുതിയുടെ ചോദനകളെന്തെന്നു തിരക്കാതെ
ദുരഭിമാനക്കൊലയായ്, മതാധിനിവേശമായ്
നാലാളു കാൺകെ കട വെട്ടുന്നു കാമത്തെ

ഇതു ചിന്തയോ? വികാരമോ? ആത്മപീഡയോ?
ശൈലീജന്യരോഗമോ? വികലമാം കുലബാധയോ?
ആവർത്തന വിരസമാം പരപരാഗണ തന്ത്രമോ?
പാപജന്മങ്ങളുടെ രേതസ്സു വിസർജ്ജിയ്ക്കുന്ന മാലിന്യമോ?

വ്രീളാമുഖിയായ്, മുഖം കുനിച്ചു നഖം വരയ്ക്കുന്ന പതിതയായ്
അകക്കാമ്പിൽ തപം ചെയ്ത മൃദുലവിശുദ്ധമാം കാമത്തെ
നാണമില്ലാതെ നടുത്തളത്തിൽ വലിച്ചിഴയ്ക്കുന്നു വസ്ത്രാക്ഷേപമായ്
ഇന്ദ്രിയ വിസ്ഫോടനമായ് ചൂതാടി രസിയ്ക്കുന്നു സംഭോഗഢംഭ്


2014, ഡിസംബർ 27, ശനിയാഴ്‌ച

ഭീകരത

ഭീകരരുടെ തോക്കുകളേക്കാൾ ഭീകരം നാക്കുകളാണ്

തലയറുക്കാൻ ഓങ്ങുന്ന വാളുകളേക്കാൾ മൂർച്ച
ബഹുലക്ഷ്യവേധികളായ വാക്കുകളാണ്
രക്തം ചിന്തുന്ന സായുധ കലാപത്തേക്കാൾ നിന്ദ്യം
ആശയം ചിന്തുന്ന പൗരോഹിത്യപ്രസംഗങ്ങളാണ്

നാക്കിൻ തുമ്പിൽ നിന്നെത്തുന്ന
വിഷലിപ്തമായ തുപ്പൽ മണം പേറുന്ന വാക്ക്
രോഗഗ്രസ്തമായ്, ആശയമെന്ന പേരിൽ പരക്കുമ്പോൾ
പകർച്ചവ്യാധിയേക്കാൾ നീചമായ് ഒരു ജനത ഉന്മൂലിതരാകുന്നു

പലായനം ചെയ്തും കുറ്റിയറ്റും
ഇഴയടുപ്പം നഷ്ടപ്പെട്ടും ഉഴലുന്ന ജാതിഗോത്രങ്ങൾ
മറുമരുന്നുണ്ടായിട്ടും പ്രയോഗിയ്ക്കാനവകാശമില്ലാത്ത
ദുർമ്മരണങ്ങളുടെ പരീക്ഷണശാലയിൽ ചത്തൊടുങ്ങുന്നു

വാക്കുകൾ കൊണ്ടു കൊട്ടാരമുണ്ടാക്കി
അനാഥബാല്യങ്ങളെ കൈവിഷം കുടിപ്പിച്ചും
വിശക്കുന്ന വയറിനെ, സ്നേഹം ഇരക്കുന്ന മനസ്സുകളെ
ഭള്ളൊഴിഞ്ഞു തോക്കു കൊണ്ടു സംസാരിപ്പിയ്ക്കുന്നു മസ്തിഷ്ക്കപ്രക്ഷാളനം

വിഭജിയ്ക്കപ്പെട്ട ദൈവസാമ്രാജ്യസൃഷ്ടിയ്ക്കായ്
തലകളീർന്നറുക്കുന്നു, വെടിയുണ്ട വൃഷി നടത്തുന്നു
ഗർഭോദരം കീറി മാലയണിയുന്നു
അന്ത്യകൂദാശകൾക്ക് തെമ്മാടിക്കുഴി വെട്ടുന്നു

എത്രയെത്ര മാലാഖമാർ, വിശുദ്ധർ, സർവ്വശക്തർ
എണ്ണിയാലൊടുങ്ങാത്ത ദൈവകല്പനകൾ
അരക്ഷിതരാം അശരണർക്കായ് വിശ്വാസകാമനകൾ
ദൈവനിന്ദയായ് ചാർത്തുവാൻ വൈകല്യവിക്ഷോഭങ്ങൾ

അതുകൊണ്ടാണ് പറയുന്നത്
തോക്കുകളേക്കാൾ ഭയങ്കരം നാക്കുകളെന്ന്
വാക്കുകൾ നീചമായ പ്രവൃത്തിയേക്കാൾ
മഹോദരം, അർബ്ബുദം, കനം വെയ്ക്കുന്ന ചാപിള്ള ഗർഭം


2014, ഡിസംബർ 9, ചൊവ്വാഴ്ച

കളിനഖക്കോറലുകൾ


2014 നവംബർ 28

തീരെച്ചെറുതെന്നു നിനച്ചൊരു ലോകം
കാലചക്രം പെട്ടെന്നു പുറകോട്ടു തിരിഞ്ഞതും
പെട്ടെന്നു പൊട്ടിവിരിയുന്നു വീണ്ടും മുന്നിൽ
പണ്ടു പിരിഞ്ഞു പോയ് പല വഴി തിരിഞ്ഞവരൊന്നായ്

എത്ര ദീപ്തമീ ഓർമ്മപുതുക്കലിൻ ഘോഷാരവം
സഹർഷം ഹസ്തദാനങ്ങൾ സുദൃഢം മുറുകുമ്പോൾ
അലിഞ്ഞു പോകുന്നൊരു ദീർഘയാത്ര തൻ ക്ലേശവും
ഊഷമളം നുകരട്ടെ ആലിംഗനത്തിൻ ശാർക്കകം

പരസ്പരം നുള്ളിയും നോവിച്ചും കളി പറഞ്ഞും
പറഞ്ഞാലും തീരാത്തൊരു സംവത്സരത്തിൻ പാഠശാലയിൽ
എത്ര പകലിരവകൾ ചെലവഴിച്ചു നാം
മോഹവും സ്വപ്നവും കരുപ്പിടിപ്പിയ്ക്കുവാനായ്

അന്നു നാം കാറ്റത്തെ കരിയിലകൾ മാതിരി
നിർത്താതെ വീശുന്ന ജീവിതമാരുതന്റെ കളിപ്പാട്ടങ്ങളായ്
പറന്നു പോയ് ചിന്നിയും ചിതറിയും പലവഴി
ഇന്നേതോ ചരടിന്റെ മന്ത്രസ്പർശത്താൽ ഒത്തുകൂടുന്നു നാം

മരിയ്ക്കുന്നില്ല ഓർമ്മകൾ, നരയ്ക്കില്ല മനസ്സിൻ ചെറുപ്പവും
ഇന്നീ സമാഗമം സ്പൂൺ കോരി പതുക്കെ ചവയ്ക്കുമ്പോൾ
ഒരു തരിയും, ഒരു നിമിഷവും പാഴാകാതെ നോക്കണം
ഇനിയെന്നു കാണും, ഒരുപാടില്ലേ ജീവിതസമരങ്ങൾ?

പോകട്ടെ ഞാൻ, അനർഘമാം നിമിഷങ്ങൾ വാരിക്കെട്ടി
ഇനിയടുത്തെന്നു നമ്മൾ ദേശാടനം കഴിഞ്ഞെത്തും?
ഇനിയെന്നു നമ്മൾ കളിനഖക്കോറലാൽ ഉള്ളു ചുവപ്പിയ്ക്കും
കാത്തിരിയ്ക്കണം, കാതോർക്കണം, വർഷാന്തര വേളകൾ പൊഴിയുവാൻ


  • പ്രചോദനം – വിനു
  • സമർപ്പണം – വിനു, അനിൽ, മനോജ്, സരിത, ദീപ, ഗീതച്ചേച്ചി



2014, ഡിസംബർ 5, വെള്ളിയാഴ്‌ച

ഞങ്ങളുടെ കുഞ്ചിയമ്മ


കമല  നാമധേയം; വിളിപ്പേർ കുഞ്ചി
ഇതു ഞങ്ങളുടെ സ്വന്തം കുഞ്ചിയമ്മ
വിദ്യാലയം പൂർവ്വ കർമ്മമണ്ഡലം;
അകം പുറം വൃത്തിയാക്കൽ അച്ചട്ട് കർമ്മം; അന്നും ഇന്നലെ വരെയും

അതെ, കുഞ്ചിയമ്മ പഴകിയ ഒരു പുസ്തകമായിരുന്നു
മൂന്നാലു തലമുറകൾ കൈമാറിയ നടക്കുന്ന പുസ്തകം
എന്നിട്ടും അക്ഷരത്തിളക്കം കുറഞ്ഞിട്ടേയില്ല;
പൊടുന്നനെ കുഞ്ചിയമ്മ ചിതയിലെരിഞ്ഞിട്ടും.

ഏതോ മുജ്ജന്മ ബന്ധമായിരുന്നിരിയ്ക്കണം;
കുഞ്ചിയമ്മയ്ക്ക് ഞങ്ങളെക്കാണുമ്പോഴുള്ള മിഴിത്തിളക്കം
ചുളിഞ്ഞ വിരലുകൾ കോർത്ത്, കൈ പിണച്ച്
തന്റെ നരയ്ക്കാത്ത തലനാരിഴ പോലെ പ്രായമാകാത്ത അൻപ്

പരപരാ വെളുക്കുന്നതിൻ മുമ്പെയെത്തി
അടയാളചിഹ്നം പോലേന്തുന്ന തേപ്പും ചൂലുമായ്
ചെറുപ്പത്തിലേ വൃദ്ധരായ ഞങ്ങളുടെ പ്രഭാതങ്ങൾക്ക്
മടിയകറ്റുവാനെത്തി വെളുക്കെച്ചിരിയ്ക്കും കുഞ്ചിയമ്മ

ചെരിപ്പേയിട്ടിട്ടില്ലാത്ത കുഞ്ചിയമ്മ; പക്ഷെ,
ചെരിപ്പുകളൊതുക്കിവെയ്ക്കും ഇടം വലം മാറ്റിപ്പിണച്ച്
ഫോണുപയോഗിച്ചിട്ടില്ലാത്ത കുഞ്ചിയമ്മ; എന്നാലും
ഫോണെടുക്കാതെ മറുപടി കൊടുത്തിരിയ്ക്കും, നിശ്ചയം

മക്കൾ വിളിപ്പുറത്തു തന്നെയുണ്ടായിട്ടും “ന്റെ കുട്ട്യോളെ കണ്ടോ”-
യെന്നാരായും വൈകുന്നേരത്തെ ചായയ്ക്കെത്തി
മുട്ട വാങ്ങുവാൻ പോയി “മൊട്ടക്കോസ്” വാങ്ങി
“ഇതാ കുട്ടി പറഞ്ഞത്” എന്നു പരത്തിപ്പറയും കുഞ്ചിയമ്മ

മാങ്ങയും ചക്കയും പുളിയും പാകമായെന്നാൽ
തൊടി മുഴുവൻ പരതി നിറഞ്ഞാടും കുഞ്ചിയമ്മ
ഓല ചീന്തി ഉരുട്ടിക്കെട്ടി ചൂലാക്കി മാറ്റിയും
ഓലച്ചൂട്ടുകൾ നിരയായ് അടുക്കിയും വെയ്ക്കും കുഞ്ചിയമ്മ

മണ്ണിന്നീർപ്പം തിന്ന് പതിയെ തലപൊക്കുന്ന പുല്ലുകൾ
നിർദ്ദയം മുറ്റത്തു നിന്ന് നീക്കം ചെയ്യുന്ന ശുഷ്ക്കാന്തി
ദിനം പ്രതി ഒരു മുറം പൊടിമണ്ണു കൂനയായ്
മുറ്റമടിച്ചു വാരി വിയർത്ത് ചായയ്ക്കെത്തും കുഞ്ചിയമ്മ

രണ്ടു മക്കളെ മാത്രമേ പെറ്റിട്ടുള്ളെവെന്നാലും
“കുഞ്ചിയമ്മയ്ക്കഞ്ചു മക്കളാ”ണെന്ന പാട്ടിനു
പുത്രനിർവ്വിശേഷമാമൊരു കൺചിരിയിൽ
തന്റെ ലോകം വലുതെന്ന്  ഓർമ്മിപ്പിയ്ക്കും കുഞ്ചിയമ്മ

ഇനി ഞങ്ങൾക്കാരുണ്ട് കളി പറയുവാൻ?
നിർദ്ദോഷമായൊന്ന് കുറ്റം പറയുവാൻ?
കൊള്ളിവെയ്ക്കാത്ത ഓർമ്മകൾ തുന്നിക്കൂട്ടി
കുഞ്ചിയമ്മയെന്ന പഴയ പുസ്തകത്തിലേടുകൾ ചേർക്കുന്നു ഞങ്ങൾ

ചിതയിലെരിഞ്ഞാലും തൻ വെടിപ്പു മായാതെ
കരുതലും കനിവുമായ് ഞങ്ങളെ കാക്കും കുഞ്ചിയമ്മ, തീർച്ച


2014, ഡിസംബർ 4, വ്യാഴാഴ്‌ച

വൃത്തവൃത്താന്തം

ബന്ധങ്ങൾ കൂട്ടത്തോടെ ചാവുന്നത് കാണുന്നില്ലേ?

പൊള്ളുന്ന പനിക്കിടക്കയിൽ മലർന്നടിച്ച്
അസ്ഥിപഞ്ജരം പോലും കിടുങ്ങുന്ന നോവിൽ
പൂർവ്വജന്മങ്ങൾ പോരാതെ മറ്റൊരായുസ്സും ധൂർത്തടിച്ച്
രൂപപരിണാമത്തിൻ മാറാവ്യാധിയിൽ
ചത്തുപൊങ്ങിക്കൊണ്ടേയിരിയ്ക്കുന്നു

പ്രത്യൗഷധങ്ങളൊന്നുമേ കുറിയ്ക്കപ്പെടാത്ത
ആർക്കും തന്നെ പരസ്പരം വേണ്ടാത്ത ബന്ധുത്വം
ബാദ്ധ്യത മാത്രമായ്ക്കാണുന്ന വിധ്വംസകത്വം
ലോമപാദങ്ങളാൽ വട്ടം വരയ്ക്കുന്ന പ്രത്യുല്പന്നമതിത്വം

അങ്ങനെ,
നാലേ നാലു വട്ടങ്ങളിൽ അടക്കം ചെയ്യപ്പെട്ട ബന്ധങ്ങൾ
പല വ്യാസങ്ങളിൽ, ചുറ്റളവിൽ
ആരക്കാൽ വ്യത്യാസങ്ങളിൽ തീർക്കപ്പെട്ട
ച്യുതികളുടെ ന്യായാന്യായവ്യതിയാനങ്ങൾ
ഇവയ്ക്കിടയിൽ പമ്മി നില്ക്കുന്ന
സ്നേഹമാപിനികൾ, മോഹപ്രവാഹങ്ങൾ

പുറംവൃത്തത്തിൽ മങ്ങിയ നിറത്തിൽ
കണവന്റെ കുടുംബം, അച്ഛനമ്മമാർ
ദൂരമേറെ, വൃത്തകേന്ദ്ര മൂലസ്ഥാനത്തു നിന്നും
ഒട്ടേറെ കുറവുകൾ, കുറ്റങ്ങൾ അകലം കൂട്ടുവാൻ

അതിനു പിറകിലുള്ളിലായ് കെട്ടിയോൻ വൃത്തം
കറുപ്പും വെളുപ്പും ഇടകലർന്ന്, ഇരുനിറം ചാലിച്ച്
പ്രക്ഷുബ്ധമാം ഗണിതങ്ങളുടെ ഗതിന്യാസത്തിൽ
കൂട്ടിയും കിഴിച്ചും തിരക്കു കൂട്ടും വഷളവട്ടം

രണ്ടാം വൃത്തത്തിലൊതുങ്ങുന്നു അച്ഛനമ്മ, സഹോദരജന്മങ്ങൾ
കരുതലും താങ്ങലും തട്ടിയും മുട്ടിയും നില്ക്കുന്നു
ഗാഢമീവട്ടത്തെ താണ്ടുക ദുഷ്ക്കരം
കർമ്മബന്ധങ്ങളീവട്ടത്തെക്കൊഴുപ്പിയ്ക്കുമ്പോൾ

ഏറ്റവും ഉൾവൃത്തം, തടിച്ചു തുടുത്തത്
ഉള്ളടക്കമായ് അമ്മയും മക്കളും മാത്രം
മറ്റെല്ല്ലാം ശല്യമായ്ത്തോന്നും മുഴുവട്ടം
ഒരു സിന്ദൂരച്ചാർത്തും ചുറ്റും ചമയവർണ്ണങ്ങളും

അല്ലെങ്കിലും അകക്കാമ്പിലല്ലേ കഴമ്പ്

മറ്റെല്ലാ വൃത്തങ്ങളും മാഞ്ഞാലെന്ത്? മുറിഞ്ഞാലെന്ത്?