ബ്ലോഗ് ആര്‍ക്കൈവ്

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

അധികാരം



ഉത്തരവാദിത്തമേല്ക്കാത്ത അധികാരം
അധികാരമേല്ക്കാത്ത ഉത്തരവാദിത്തം
മതിപ്പേറുന്നതേതിനാണാൾക്കൂട്ടത്തിൽ?

വാക്കുകൾ കൊണ്ട് ആദർശക്കൊട്ടാരങ്ങൾ പണിയാം
ആരോടും കലഹിയ്ക്കാം, ചിരിയ്ക്കാം, നേരമ്പോക്കാകാം
അന്യന്റെ കണ്ണീർപ്പുഴകളിൽ പങ്കായമെറിഞ്ഞുല്ലസിയ്ക്കാം
നങ്കൂരമിട്ട്, ജീവാന്നം തേടുന്ന പരലുകളെ ചൂണ്ടയിടാം
ഒരുരുളയ്ക്കായ് കൈ നീട്ടുന്നവരെക്കൊണ്ട്
           തീരത്തെ തരികളെണ്ണിയ്ക്കാം
ഇരുണ്ട മാനത്തേയ്ക്കു നോക്കി
          നക്ഷത്രങ്ങളുടെ എണ്ണം പറഞ്ഞു തർക്കിയ്ക്കാം
രക്തമുറയ്ക്കുന്ന ശൈത്യം കൺകളിലാവാഹിച്ചാക്രോശിയ്ക്കാം
പിടയുന്ന പ്രാണനെ കടുംവെട്ടു വെട്ടാൻ ഒത്താശ ചെയ്യാം
ഏറുപമ്പരം കണക്കെ ചുരുൾ നിവർന്ന്
         എവിടെയും കറങ്ങിത്തിരിഞ്ഞു വന്ന് ചുരുൾ മടക്കാം
ആരുമറിയില്ല ചെയ്യുന്നതാരെന്ന്, ചെയ്യിയ്ക്കുന്നതാരെന്ന്
ഇടിത്തീ പോലെ ചാമ്പലാക്കി വിഴുങ്ങുന്നതാരെന്ന്
അധികാരം ആരോടും അടുപ്പം സൂക്ഷിയ്ക്കേണ്ടാത്ത പുകമറയാണല്ലോ
പ്രശംസകൾ, കയ്യടികൾ, പൊന്നാടകൾ എല്ലാം കിട്ടും
ആൾക്കൂട്ടത്തിൽ ആളാകുകയും ചെയ്യാം
ഉത്തരവാദിത്തമേല്ക്കേണ്ടല്ലോ

അധികാരമേല്ക്കാത്ത ഉത്തരവാദിത്തത്തിന് ചിഹ്നങ്ങളുണ്ടാവില്ല
അവിടെ,
വീൺവാക്കുകളരുത്, കോപവും താപവുമരുത്
അറിയാതുയരുന്ന ചിരി പോലും കടിച്ചിറക്കണം
കർമ്മസുവിശേഷക്കാർക്കു മുന്നിൽ
           കണ്ണും കാതും കൂർപ്പിച്ചിരിയ്ക്കണം
ചാട്ടുളി കണക്കെത്തും
          പരശ്ശതം വിമർശനങ്ങൾക്കു നെഞ്ചേകണം
ചിതലരിയ്ക്കുന്ന ബന്ധങ്ങൾക്ക് ജീവജലം പകരേണം
മാത്സര്യങ്ങളുടെ ചുടലനൃത്തങ്ങൾക്ക് മൂകസാക്ഷിയാകണം
ശോധനയില്ലായ്മയിൽ നിന്നുള്ള ശോധനയിൽ
         മൂക്കുപൊത്താതെ നില്ക്കണം
ആശയങ്ങളുടെ ജനനങ്ങൾക്ക് ആതിഥ്യമരുളണം
വെറുക്കപ്പെട്ട ചെയ്തികളുടെ മരണങ്ങളെ കുഴിച്ചു മൂടണം
വരുന്നവനും പോകുന്നവനും വഴിപോക്കനുമെല്ലാം
കുറ്റം ചാരി ഭർത്സിയ്ക്കാൻ ഏണിയായ് നിന്നു കൊടുക്കണം

പുനർവിചിന്തനത്തിന്റെ ഝടുതിയിൽ ഉരുളുന്ന ചക്രങ്ങൾ
ഗതിവിഗതികൾ തേടുന്ന കഷ്ട നിമിഷങ്ങളിൽ
ഉത്തരവാദിത്തമേല്ക്കാത്ത അധികാരം കൊടി പൊക്കുമ്പോൾ
അധികാരമേല്ക്കാ‍ത്ത ഉത്തരവാദിത്തം

            ഉൾക്കുടിലം കൊള്ളും പോലും നിതാന്തമായ്.