ബ്ലോഗ് ആര്‍ക്കൈവ്

2016, ഫെബ്രുവരി 24, ബുധനാഴ്‌ച

എട്ടുകാലികൾ പ്രണയിയ്ക്കുന്ന കാലത്ത്

ഇവിടെ, ഈ ലോകമുറ്റങ്ങളിൽ
ഒരായിരം, സഹസ്രയുതം എട്ടുകാലി മുഖങ്ങൾ, ജന്മങ്ങൾ
പ്രണയചേഷ്ടകൾ പ്രയോഗിയ്ക്കുന്നു ബലാത്ക്കാരം
കൊല്ലുന്നു, തിന്നുന്നതേയില്ല
ഇരയാകുന്നു ഇണ

എന്നാൽ,
എട്ടുകാലികൾ ശരിയ്ക്കും പ്രണയിയ്ക്കുന്നതെങ്ങനെയെന്നോ?
അവരിലുമുണ്ട് ലിംഗഭേദം
ആൺ എട്ടുകാലി, പെൺ എട്ടുകാലി
നപുംസകങ്ങളില്ലെന്നറിവ്

ഇണകളാകുന്നതിൻ മുമ്പ്
ഇണയഴകോടെ വടിവൊത്ത വലകൾ  നെയ്യും
ഇരകളോരോന്ന് നടന്നടുക്കും, പാറിവീഴും
ഇരപിടിയരവർ വിഷം കുത്തി നീരു മോന്തും

വളർച്ച മുറ്റുമ്പോൾ കൺകറുപ്പു കൂടും, തിളങ്ങും
ഇടറാത്ത കണ്ണുകൾക്കു ചുറ്റും കൺമഷി പുരട്ടും
എട്ടുകാലും നീർത്തി നെടുകെ കോട്ടുവായിടും
എട്ടുകാലും ചവുട്ടി ഇണനൃത്തമാടും

പതിയെ, പതിയെ, പതുക്കെ, പതുക്കെ
ഒരു ആൺ എട്ടുകാലി, ഒരു പെൺ എട്ടുകാലി
ഇടം വലം ഒളികണ്ണിട്ട്, പരസ്പരം ഏറുകണ്ണിട്ട്
ഇനി ഞാൻ നിന്റെ; ഇനി നീ എന്റെ എന്നോതും

എന്തിനേറെപ്പറയുന്നു മാളോരെ
എട്ടുകാലികൾ ഗാഢാലിംഗനത്തിൽ മുഴുകും
എട്ടുകാലികൾ പൂർവ്വകേളികളോരോന്നാടും
എട്ടുകാലികൾ ഒടുവിലൊരാത്മഹർഷത്തിലാറാടും

ഇനിയെന്ത്? ഒന്നൂഹിച്ചു നോക്കാമോ
പെൺ എട്ടുകാലിയ്ക്കിനി ഈ ആൺതുണ മടുത്തു
അതല്ലെങ്കിൽ, പ്രണയാധിക്യം മൂർത്തി കേറി മൂത്ത്
ചാടി വീഴുന്നു, കൊല്ലുന്നു, തിന്നുന്നു ആണിനെ

ഇതൊക്കെയാണെങ്കിലും,

എട്ടുകാലികൾ അന്നും ഇന്നും ഒരുപോലെ പ്രണയിക്കുന്നു

ശിഷ്ടപ്രണയം

പോയവർഷങ്ങളെ കൊടുങ്കാറ്റുഴറ്റി
നഷ്ടശിഷ്ടങ്ങളായ് കശക്കിടുമ്പോൾ
പ്രണയവും പാപവും പൊങ്ങിയും താണും
നിലംതൊടാച്ചുഴി ചുറ്റിച്ചുറ്റി
വിളറിവെളുത്തൊരു മുഖവും കാട്ടി
ആളറിയാതെയലയുന്നിന്നും

പ്രണയത്തിൻ പൊൻതൂവൽ കൊഴിഞ്ഞെ-
ത്രയോ നാളുകൾ ചുളിഞ്ഞു പോയി
കളി പറയുവാൻ പോലുമാകാതെ സ്വയം
കളിമണ്ണപ്പം പോലും കെട്ടുപോയ്

ആദ്യം മെനഞ്ഞ പ്രണയകഥയതിൽ
ക്രൗഞ്ചമിഥുനത്തിൻ പ്രാണനറ്റു
പിന്നെയും പിന്നെയും പ്രണയങ്ങളോരോ
മുൻകഥയേറ്റു പിടഞ്ഞുപോയി
ആദ്യനോട്ടങ്ങളാൽ മൊട്ടിട്ട പ്രണയം
മുകുളപ്രായത്തിൽ വീഴ്ന്നു വാടി
ഉടൽ പിണഞ്ഞെത്തിയ ചൂരായ് ചൂടോടെ
മതിവരുവോളം നുകർന്നു വറ്റി
അൻപോടുൾക്കാമ്പിൽ ചുകപ്പിച്ചു മാഞ്ഞുപോയ്
കാരസ്ക്കരമായ് പാരസ്പര്യവും
ഒരു നീറ്റലെന്നെ പുളയിച്ചു ദീർഘം
കാലാന്തരങ്ങളിൽ കയ്പു തേച്ചു

മിന്നുകെട്ടി തിലക സിന്ദൂരമിട്ട്
വന്നുവെൻ പകുതി, നല്ല പാതി
അന്നുതൊട്ടിന്നുവരേയ്ക്കുമനുസ്യൂതം
ഒന്നുമല്ലാതെ പ്രണയിയ്ക്കുന്നു

ഉള്ളുകൊണ്ടുള്ളിൽ പ്രണയിച്ചു പിന്നെയും
പൊള്ളും പരാധീനമുണ്ടെങ്കിലും
കള്ളം പറയാതെ കലഹിയ്ക്കയാതെ
തള്ളാം പ്രണയനഷ്ടങ്ങളൊന്നായ്

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

നൈമിശാരണ്യം


നൈമിശാരണ്യം – പുരാണങ്ങൾ പ്രകാരം ഗൗതമീ നദീ തീരത്തുള്ള ഒരു വനം.  ഇവിടെ വെച്ചാണത്രേ സൂതൻ ഋഷിമാർക്ക് മഹാഭാരത കഥ ഉപദേശിച്ചത്. ഈ ഇതിവൃത്തം ഇന്നിന്റെ ലോകത്തിലൂടെ നിരീക്ഷിയ്ക്കുവാൻ ഒരു ശ്രമം നടത്തുന്നു

ധരയാം ധരിത്രിയെ വാരിപ്പുണരുവാൻ
ദുര മൂത്ത മർത്ത്യൻ ചാടിയെന്നോ?
അമ്മയെന്നോർക്കാതെ ഉമ്മവെച്ചെന്നും പിന്നെ
തൃഷ്ണയൊടുങ്ങാതെ പ്രാപിച്ചെന്നും
നരവീണ് നുര പൊന്തി വിരവൊടാർത്ത്
മാരന്റെ മാറായ്ച്ചമഞ്ഞുവെന്നും
കരയെ കടലിനെ കാടായ കാടിനെ
അരക്ഷണം കൊണ്ടളന്നുവെന്നും
സൂതവാക്യങ്ങൾ ഇതിഹാസ കഥനമായ്
മൂകാചലങ്ങളിൽ കേട്ടുവെന്നും
വല്ക്കലം വേട്ടൊരു ജീവിത ഗാഥ കേട്ട്
ഉല്ക്കടം കാതിൽ ചിലമ്പിച്ചെന്നും

ഇതൊരു ബൃഹദ് കഥ തന്റെ വൻകടൽ
ഇഹമഹം പൊരുളിന്റെ ഗാനം
അലകൾ, ഓളങ്ങൾ, വേലിയേറ്റിറക്കങ്ങൾ
തിരമാല തല്ലും കരത്തേങ്ങൽ
ജീവൻ, ജഡങ്ങൾ, താഡനം, പ്രതിവാഞ്ചകർ
ജരാനരാശ്ലേഷ കർമ്മങ്ങളായ്
കഥകളിലുപകഥകളിൽ സ്പർശിയായ്
താതജന്മങ്ങളുടെ നൊമ്പരം
പുത്രകാമേഷ്ടിയിൽ പിറക്കും തനയർ  തൻ
ഗാത്രകളത്ര ലാളനാധിക്യം

യവനികയ്ക്കുള്ളിലെ കഥാപാത്രഭേദങ്ങൾ
ചാവായി നോവായി തല്ലി തമ്മിൽ
നരമേധഗ്ലാനികൾ ഉപദംശമായി
കരകന്മഴുമൂർച്ചയിൽ ചോന്നു
ദീർഘമാം ദർശനാംബുരേണു തുടുപ്പിച്ച
മേഘമായയാം ദ്വന്ദമെയ്യിനെ
ശോകമൂകമാം അശോകവനിയിൽ ചാർത്തി
നാകസമാനമാം ശത്രുചിന്ത
ഉരൽ കെട്ടിയേറ്റിത്തളർന്നു കിടക്കുന്നു
ഉരകല്ലുരയ്ക്കും ചാരിത്ര്യങ്ങൾ

ഭൂവെപ്പിളർക്കുമാറശ്വമേധം കൊണ്ടഹോ
പതിതയാം പത്നി മുങ്ങിടുന്നു
പുത്രരെച്ചൊല്ലിപ്പഠിപ്പിച്ച തോറ്റങ്ങൾ
എത്രനാളീ വിണ്ണിൽത്തങ്ങിനില്ക്കും?
കഥകളതി കേട്ടീ നൈമിശാരണ്യവും
പുൽക്കൊടിത്തുമ്പിൽ പാഴ്വീർപ്പിടുന്നു