ബ്ലോഗ് ആര്‍ക്കൈവ്

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ആരാ ഒന്നു പറയുക?


നേതാവിരിയ്ക്കയാണു ഉടുതുണിയില്ലാതെ
ചുറ്റിലും അനുചരവൃന്ദങ്ങൾ, സ്തുതിപാഠകർ
ഈ വിടുവായ്ക്കൂട്ടങ്ങളല്ലാതെ മറ്റാരുമില്ല

കാണുന്ന നാൾ തൊട്ടേ തുണിയില്ലാത്തതുകൊണ്ട്
നഗ്നനാണു നേതാവെന്നവർ അറിയുന്നുമില്ല
കുലംകുത്തിച്ചും കൃമികീടങ്ങളായ് മാറ്റിയും
ഇരിപ്പിടാവയവത്തിൽ ഓലപ്പടക്കം വെച്ചും പൊട്ടിച്ചും
മീൻപെറുക്കിച്ചും, പേശിപെരുപ്പിച്ച് കണ്ണുരുട്ടിക്കാണിച്ചും,
ഉടുതുണി വെച്ചു നീട്ടാൻ ശ്രമിച്ചവർ ഓടിപ്പോയി

ഇനിയുള്ളവർക്കോ ഒന്നേ കർമ്മലക്ഷ്യമുള്ളൂ;
അന്നന്നത്തെ നേതാക്കളുടെ
തെറിച്ചു നില്ക്കുന്നതെന്തും ദീപസ്തംഭം, മഹാശ്ചര്യം
അവർ പഠിച്ചതെന്തെന്നാൽ,
ഒട്ടി നിന്നാൽ കിട്ടും വീതങ്ങൾ
വീഞ്ഞു പോൽ ലഹരിയും

കുറച്ചകലെ മാറിയിരിയ്ക്കുന്നൊരാൾ
നഗ്നതയിൽ വ്യാകുലചിത്തനാണയാൾ
അയാൾ നേതാവായിരുന്നു പോൽ
ഊട്ടി വളർത്തിപോൽ ഇന്നത്തെ നേതാവിനെ
അന്നിന്നത്തെ നേതാവ്, പഴയതെങ്കിലും
അഴുക്കു ലേശം പോലുമില്ലാത്ത കുപ്പായമണിഞ്ഞിരുന്നു പോൽ
അന്നെല്ലാം തുണിമാറലും ഉടുക്കലും അലക്കലും
മറപ്പുരയ്ക്കുള്ളിൽ മാത്രമായിരുന്നു പോൽ
സന്തോഷവും സമാധാനവും കളിയാടിയിരുന്നു പോൽ
വൃത്തിയും വെടിപ്പും നിർബ്ബന്ധമായിരുന്നു അന്നെല്ലാം

ഇപ്പഴോ, എല്ലാം നാലാൾ കാൺകെ, അല്ലെങ്കിൽ
ഒളിഞ്ഞു നോക്കി ഏന്തിക്കാണാൻ പാകത്തിൽ

എന്തു കഷ്ടമാണിത്? മാത്രമോ, തുണിയുമുടുക്കുന്നില്ല
വൃത്തിലേശം വേണമെന്ന ആത്മാഭിമാനം പോലുമില്ല

ആരെങ്കിലും നേതാവിനോടൊന്നു
പറഞ്ഞിരുന്നെങ്കിൽ?
നഗ്നത കുറ്റമല്ലെങ്കിലും
വൃത്തികേടു തന്നെ എന്ന്
അല്ലെങ്കിൽ,
കാണുവാൻ, കേൾക്കാൻ,ചൊല്ലി വിളിയ്ക്കാൻ
സ്തുതിയുമുണ്ടാകില്ല,
പാടുവാൻ ആരുമേ വരുകയുമില്ലെന്ന്

വാൽക്കഷണം:

നല്ലൊരു വീടും നേതാവും കുറെ വാചകമടിക്കാരും
താഴിട്ട ഗേറ്റിനു  ചുറ്റും വിജനമാം വഴിത്താരകളും


ഭ്രാന്തിന്റെ വഴികൾ


ഭ്രാന്താണു ഭ്രാന്താണു ഭ്രാന്താണു സർവ്വവും
ഭ്രാന്തിന്നു പോലും ഭ്രാന്താണു സർവ്വരേ
ചിന്തയിലൂറുന്ന ചെം ചാന്തായി ഭ്രാന്ത്
മൊന്ത പോൽ ചെരിയുന്ന കുംഭമായ് ഭ്രാന്ത്

ഇടത്തും വലത്തും മോളിലും ചോട്ടിലും
ഇടയുന്ന വാക്കിൽ, പിടയുന്നയുള്ളിൽ
ഇടതൂർന്ന മമതയിലുടയുന്നു
ഇടതടവില്ലാതെ പായും ഭ്രാന്തുകൾ

കുതറുന്ന കാറ്റിൽ ചങ്ങല കിലുക്കി
പതറുന്ന മണ്ണിൽ പൂഴിച്ചുഴി ചുറ്റി
അമറുന്ന യക്ഷിയായ് കടവായ് കൊണ്ട്
ചിതറുന്ന ചെത്തി പോൽ പൂക്കുന്ന ഭ്രാന്ത്

എടങ്ങേറു കേറി പതയ്ക്കുന്ന ചിത്തം
പെടയ്ക്കുന്ന കണ്ണിന്നിമ പറ്റെ വെട്ടി
പെടാപ്പാടു പെട്ടമ്പേ തോറ്റു സുല്ലിട്ട്
എടാകൂടമായി ചെന്നെത്തുമീ ഭ്രാന്ത്

തലയ്ക്കാണു ഭ്രാന്ത്, മുലയ്ക്കാണു ഭാന്ത്
നിവരുന്ന പൗരുഷത്തിന്നാണു ഭ്രാന്ത്
തുടിയ്ക്കുന്ന കന്യകാത്വത്തിന്നും ഭ്രാന്ത്
കലരുന്ന ബീജാണ്ഡ ഡംഭിന്റെതാം ഭ്രാന്ത്

വെറുതെയിരുന്നിട്ടും ഓടി നടന്നും
കൗശലം കൊണ്ട് കുതികാലു വെട്ടിയും
കുശലം പറഞ്ഞ് വരുതിയിൽ വീഴ്ത്തീം
മടിശ്ശീല വീർപ്പിയ്ക്കും വിദ്യയാം ഭ്രാന്ത്

വഴിക്കണ്ണു നീട്ടിത്തലോടിയുമൂട്ടി-
യാഴക്കയങ്ങളിൽ താഴുന്ന അൻപിനാൽ
പഴംതുണിക്കച്ചയ്ക്കു പോലുമിരക്കും
അഴലായ് അമ്മ തൻ ദൈന്യമാം ഭ്രാന്ത്

അമ്മായിയമ്മയ്ക്ക് അടുക്കളപ്പോരും
മരുമകൾക്കോ തന്റെ കണവന്റെ ചൂരും
ഭ്രാതാക്കൾക്കുള്ളിലായ് സ്വത്തുക്കൾ വീതവും
ഭ്രാന്തായ് മാറിടും, പരസ്പരം മാന്തിടും

ചിതയ്ക്കെടുക്കും പിണം ചിരി തുടങ്ങും
പൊള്ളക്കരച്ചിലിൻ ഗീർവാണശുംഭിൽ
പൊടുന്നനെ എട്ടുദിക്കിലായ് മുഴങ്ങും
ശവദാഹശേഷം ലഹരി തൻ ഭ്രാന്തിൽ

മോഷണ ശീലമായ്, പാഷാണ പാനമായ്
മീശയും താടിയും വെട്ടി വെടുപ്പിച്ചും
മുടി കറുപ്പിച്ചും ചുണ്ടു ചുവപ്പിച്ചും
മതി മറക്കുന്നു ഭ്രാന്തിന്റെ വഴികളിൽ

എവിടേയ്ക്കു തിരിഞ്ഞാലും ഭ്രാന്തു തന്നെ
ഇവിടെവിടെയും ഇല്ലാ വെളിവുകൾ
കവിയുന്നു ഉന്മാദമൊന്നിനൊന്നായി
സവിസ്തരം ഭ്രാന്തുകൾ മേയുന്നിതമ്പോ!!!



2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

നാളെയുടെ ബോധിസത്ത്വൻ

ആൾക്കൂട്ടങ്ങൾ തിരയുന്നൊരാലിനെ, തണലിനെ
പിണഞ്ഞു പിടയും വടവേരിന്നിരിപ്പിടത്തെ
കിണഞ്ഞു ചേക്കേറും കിളികളുടെ കൊറ്റില്ലത്തെ1
ആൽച്ചുവട്ടിലിരിയ്ക്കാനൊരു ധ്യാനനിമഗ്നനെ

നാളേറെയായ്, ദിനം തോറുമെത്തി നോക്കുന്നു കൂട്ടം
കാളുന്ന ജന്മപാശഛവി മുറ്റി മോന്തി മോന്തി
നീളുമീ കാത്തു നില്പിൽ പന്തികേടുപോലെ മേവും
പളുങ്കു പൊട്ടിയ പാനപാത്രങ്ങളേന്തി ക്ലിഷ്ടം

മോഹപ്രപഞ്ചകിരണങ്ങളേറ്റു വാടിയോരും
ഇഹലോകസഹനച്ചതവേറെ ചതഞ്ഞവരും
ദാഹാർത്തി കേറിയ സ്വപ്നാസവത്തിൻ പാനകരും
മഹാകഷ്ടം! തിക്കുകൂട്ടുന്നു ജീവിതാസക്തിയാൽ

താമ്രപത്രങ്ങൾ, തലയെഴുത്തിൻ മായാലിഖിതം
തമസ്സിൻ വേരിറങ്ങിയ ചഞ്ചലിത ചിത്തങ്ങൾ
താമസം വരുത്തിടാത്ത ദുര്യോഗദംശനങ്ങൾ
തിന്മ തിന്നീടുന്ന തിര്യക്കിൻ2 രോദനങ്ങൾ എങ്ങും

പല്ലക്കിൻ ഘോഷാരവമേതുമില്ലാതെത്തണം പോൽ
പട്ടിൻ പകിട്ടുപേക്ഷിച്ചിനിയൊരു ശുഭ്രവസ്ത്രൻ
പഞ്ചശീലത്തിൻ പ്രബോധകൻ, പാവനൻ, പല്ലവൻ
പടിഞ്ഞിരിയ്ക്കാനാൽച്ചോട്ടിൽ, നാളെയുടെ ബോധിസത്ത്വൻ3

ഇവനല്ലോ കഴലുപൊട്ടിച്ചണ തട്ടിമാറ്റി
താനെന്നഹംബോധം ശൂന്യമെന്നു നാവിലിറ്റിച്ചു
കരുണതൻ പാലാഴി കൺകളിൽ കുറുക്കി നീട്ടി
പഴയ നടപ്പു ദോഷങ്ങളെ ആവിയാക്കുന്നവൻ

ഇവനായിരിയ്ക്കാം പടരുന്ന പാതകങ്ങളിൽ
മാപ്പപേക്ഷതൻ ഉന്നിദ്രമാം4 ചിന്തേരിടുന്നവൻ5
ഇവനായിരിയ്ക്കാം തളരുന്ന കാലടികൾക്ക്
ശുഭാപ്തി തൻ സുസ്മേരമാം ഉന്മേഷം കൊടുപ്പവൻ

ഇവനായിരിയ്ക്കണം നിഷ്ക്കാമചരിതൻ,
പകയും പാഴ്ക്കിനാവും പാഴ് വിലയ്ക്കുമെടുക്കാത്ത
മൂകമാം വിയർപ്പിൻ മണികളെ മാറണയ്ക്കുന്ന
പകലന്തിയെന്നില്ലാതെ പടവെട്ടും ചിത്ജയൻ

തകർന്ന സ്വപ്നങ്ങളുടെ കരിയിലച്ചാർത്തിനെ
തനിച്ചു തീയിട്ടതിനുള്ളിൽ കരേറും തോൽവിയെ
തമ്മിലുരുമ്മുന്ന പ്രണയവായ്പിൻ കരങ്ങളാൽ
തരസാ6 തർഷണം7 തീർത്തയയ്ക്കുമത്രേ പാലകൻ

ബോധവാസരം8 കഴിഞ്ഞെഴുന്നള്ളിയേയ്ക്കാം ബോധി9
ബോധാബോധ ബുദ്ധി തെളിഞ്ഞേയ്ക്കാം ആൾക്കൂട്ടത്തിന്നും
അധോമുഖപ്രാണരായ് കുമ്പിടും ജനസഞ്ചയം
അധരം വിറച്ചിടും പാപവും മോഹവും തള്ളി

മനമേ; മടങ്ങുക, ഇതശുഭ പാതിരാത്രി
കനം വെച്ച കർമ്മകാണ്ഡങ്ങളുടെ കൂരിരുട്ടിൽ
ഇന്നീ നിനയ്ക്കും കിനാവുപോലും തിരിഞ്ഞു കൊത്താം
നന്നായ്ത്തിരയാമൊരാലിനായ്, ധ്യാനനിമഗ്നനായ്


സാന്ദർഭികമായി ഉപയോഗിച്ച ചില വാക്കുകളുടെ വിവക്ഷ

1 – കൊറ്റില്ലം – കിളികളുടെ പ്രജനന വാസ കേന്ദ്രം
2 -  തിര്യക്ക് –വിശേഷബുദ്ധിയില്ലാത്ത ജീവി (സാധാരണ മനുഷ്യരൊഴിച്ചുള്ള ജീവികൾ തിര്യക്കിൽ പെടുന്നു. ഇവിടെ,
     മേൽക്കാണിച്ച അർത്ഥത്തിലാണ് ഈ വാക്കുപയോഗിച്ചിട്ടുള്ളത്)
3 – ബോധിസത്ത്വൻ - ബുദ്ധസന്ന്യാസി
4 -  ഉന്നിദ്രം – ഉന്മേഷത്തോടെയുള്ള
5 – ചിന്തേരിടുക – ചീകി മിനുസം വരുത്തുക
6 – തരസാ – ശക്തിയോടെ
7 – തർഷണം – ദാഹം
8 – ബോധവാസരം – കാർത്തികമാസം (വൃശ്ചികം) വെളുത്തപക്ഷത്തിലെ ഏകാദശി
9 – ബോധി – ഗൗതമബുദ്ധൻ (ഇവിടെ പരിപൂർണ്ണജ്ഞാനം/ബോധോദയം സിദ്ധിച്ചവൻ എന്നു വിവക്ഷ)