Tuesday, December 13, 2016

കനൽ കുതിർത്ത പാടങ്ങൾ

വേനലാണ്; ഉണക്കുകാറ്റിന്റെ മൂളക്കം
തിമിർത്തു പെയ്യേണ്ട മഴയൊഴിഞ്ഞ മാനം
ചൂടു വറ്റാത്ത വെയിൽ കുടിച്ചു പാടങ്ങൾ
ഗർഭത്തിൽ ജീവനീരൊട്ടിയ കതിരുകൾ

പാട കെട്ടിക്കൊഴുത്തൊഴുക്കില്ലാതഴുക്കായ്
ഇടയ്ക്കിടയ്ക്കോരോ തുരുത്തിലായ് തോട്ടുനീർ
കുളിപ്പടവുകൾ, ഉറവിറങ്ങും ചാലും
കാളകൂടം കുടിച്ച കണ്ഠമായ് നീലച്ചു

താണറ്റം പറ്റിപ്പറക്കും തുമ്പിയെ നോക്കി
ഊളിയിട്ടു ചിലയ്ക്കും കുഞ്ഞാറ്റയെക്കണ്ട്
മൺവിയർപ്പാവിയായ്പ്പൊങ്ങും മൺകിതപ്പോതി
വിണ്ണിന്നു വർഷിയ്ക്കും, വയലിൻ ദാഹം തീരും

പാതി മറഞ്ഞു പോയ് ചന്ദ്രബിംബം, കാർമേഘ-
ത്തുണ്ടൊന്നു പതിയെപ്പാറി വന്നു മോഹം പോൽ
തലകുനിച്ചു നില്ക്കട്ടെ ആദ്യരാപ്പെൺപോൽ
വേർപടലം കൊണ്ടൊന്നു നാണം വരയ്ക്കട്ടെ

എന്നിട്ടുമെന്തേ കനിയാത്തു മഴദൈവം
പൊന്നുപോൽ തിളങ്ങേണ്ടേ, കതിർക്കേണ്ടേ പാടങ്ങൾ?
പേറുവാൻ വയ്യിനി പേറിന്റെ യാതനകൾ
വല്ലാതെ വിയർക്കുന്നൂ, വിണ്ടു കീറുന്നൂ

പച്ചയിൽ പൊന്മണി വിളങ്ങിക്കാറ്റിലാടി
നെന്മണം വീശി മത്തു പിടിയ്ക്കേണ്ട മന-
മുരുകി വേവുന്നു ചൂളയ്ക്കിട്ട കട്ടയായ്
ആരറിയുന്നൂ കതിരൊട്ടും പാടതാപം?

വേനലാണ്; മഞ്ഞു പെയ്തിറങ്ങിക്കനത്ത്
കനലു കോരിപ്പകലിനെ ചുകപ്പിച്ചും
വെന്തു പൊള്ളും തൊലിപ്പുറം പാടെക്കരിച്ചും

അന്തമില്ലാതിറങ്ങയാണർക്ക കാർക്കശ്യം

Monday, November 28, 2016

കുളിമുറി

കെട്ടിയുയർത്തപ്പെട്ട നാലു ചുമരുകൾക്കുള്ളിൽ
വാതിലടച്ചു കുറ്റിയിടപ്പെട്ട നഗ്നത
ഇവിടെ എനിയ്ക്കു ഞാനാകാം, ഒളിഞ്ഞു നോട്ടമില്ലെങ്കിൽ
ഭയപ്പാടില്ലാതെ കുപ്പായമൂരാം

നഗ്നനാകുന്നു ഞാൻ ശുദ്ധി വരുത്തുവാൻ
നിലക്കണ്ണാടിയില്ലാതെ അംഗപ്രത്യംഗം നോക്കാം; കണ്ണുഴിയാം
നഗ്നമേനിയെ, നഗ്നാംഗങ്ങളെ തൊട്ടറിയാം
ഉള്ളിലുറങ്ങുന്ന ആത്മരതിയെയുണർത്താം
കാപട്യമില്ലാത്ത ചോദന സ്രവിപ്പിയ്ക്കാം
ഒരു ഗർവ്വിഷ്ഠ നാർസിസിസ്റ്റ് ആയൊന്ന് തലവെട്ടിത്തിരിയ്ക്കാം

പതപ്പിച്ച സോപ്പുകട്ടയൊന്നെടുത്ത് പതിയെ
ഒരു ദിവസം മുഴുക്കത്തെ ചെളിയൊന്നിളക്കട്ടെ
പിന്നെ തണുത്ത വെള്ളമൊരു കോപ്പയിൽ-
ക്കോരി മതി വരുവോളം വീഴ്ത്തുമ്പോൾ
പഴിയായ്ക്കേട്ട പുച്ഛങ്ങളോടട്ടഹസിയ്ക്കട്ടെ
മുള്ളായ് കോറി നോവിച്ച അപരാധങ്ങൾക്കു കേഴട്ടെ
ഉള്ളു പൊട്ടിയുറക്കെക്കരഞ്ഞും ചിരിച്ചും ആറാടി
അള്ളിപ്പിടിച്ച വിഡ്ഢിവേഷമൊന്നഴിയ്ക്കുമ്പോൾ
എന്റെ സിരാപടലങ്ങളിൾ, രോമകൂപങ്ങളിൽ നേർമ്മ പടരുന്നു
എന്റെ നഗ്നത എന്റെ സ്വകാര്യമാകുന്നു


Friday, November 25, 2016

എന്റെ നൂറാം സൃഷ്ടി

ഇതെന്റെ നൂറാം സൃഷ്ടി

ഹൃദയവ്രണങ്ങളിൽ നിന്നിറ്റുന്ന
ചോരയുടെ ഗന്ധമൂറി
നടന്നു തീർന്ന പാതകളുടെ പൊടി പുരണ്ട
യാത്രാസ്വേദത്തിൻ ഉപ്പുണ്ട്
കണ്മുന്നിലാടപ്പെട്ട ജീവിതനാടകങ്ങളുടെ
തിരശ്ശീല വീഴാത്ത ജീവൽച്ചിത്രങ്ങൾ ചമച്ച്
കശക്കിയെറിയപ്പെട്ട കാമനകളുടെ
ചൂടാറാത്ത കരാളനിശ്വാസങ്ങൾ ഉതിർത്ത്
കണ്ടുമടുത്ത ഏകശിലാമുഖഭാവങ്ങൾക്ക്
ഭാവഹീനമായ ഹംസഗീതം പാടി
വെട്ടിമാറ്റപ്പെട്ട ബന്ധങ്ങളുടെ
ചൂടും ചൂരും ഉദ്ധ്വസിച്ച്
ഇണക്കമറ്റ പിണക്കങ്ങളിൽ മനം നൊന്ത്
സ്വയം കലഹിച്ചും ആത്മരോഷത്തിലാണ്ടും
ശിഷ്ടപ്രണയത്തിന്റെ ബാക്കിപത്രമിറക്കാൻ
രാക്കിളികളുടെ ചിറകടിയൊച്ചകൾക്ക് കാതോർത്തും
ചിലപ്പോൾ ചിട്ടയൊപ്പിച്ച് വടിവോടെ
മറ്റു ചിലപ്പോൾ കുത്തഴിഞ്ഞ വാക്കുകളുടെ കുത്തൊഴുക്കായും
നിശ്ശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി
എന്റെ പേനത്തുമ്പിലൂടെ മഷി തുപ്പുന്ന സൃഷ്ടികൾ

ഇന്ന് ഞാൻ വാക്കറുതി പേടിച്ച്
വായ്ക്കറുതി കൊടുക്കുന്നു
എന്തെന്നാൽ, ഇത് വറുതിയുടെ കാലമാകുന്നു
അൻപുവറുതി, വിശ്വാസവറുതി, ശ്വാസവറുതി
മഴവറുതി, ജലവറുതി, അന്നവറുതി
എങ്ങും വറുതി മാത്രം
അതു കൊണ്ട് വാക്കുകൾ വറ്റാതെ സൂക്ഷിയ്ക്കേണമല്ല്ലോ
വാക്കിന്നോളങ്ങൾ വെട്ടി
സ്നേഹാശയം ഇടിഞ്ഞു തൂരാതെ കാക്കണമല്ലോ

എന്നിട്ടും, ജന്മചാപല്യത്തിൻ ചഞ്ചലതയായ്
കളിത്തോഴിയുടെ മുല്ലമൊട്ടരിച്ചിരിയെന്ന പോൽ നിഷ്ക്കളങ്കമായ്
സൃഷ്ടിനൊമ്പരങ്ങൾ അലിഞ്ഞു ചേർന്ന്
മൂടിവെച്ച മൺകുടം പൊട്ടിച്ച്
പിറവി കൊള്ളുന്നു നൂറാം സൃഷ്ടി

സദയം ക്ഷമിയ്ക്കുക

ക്ഷമിയ്ക്കുക

Monday, November 21, 2016

മുള പൊട്ടാത്ത മുട്ടകൾ

പേറ്റുനൊമ്പരങ്ങൾ മറന്ന്
കാക്കയും കോഴിയും ചർച്ച തുടങ്ങി

ഇണ ചേർന്നിട്ടും മുട്ടയിടാൻ കൂടില്ലാതെ
കൊഴിഞ്ഞു വീണു പൊട്ടുന്നു മുട്ടയെന്ന് കാക്ക
ഇണയില്ലാതെ സൂചിമുനത്തുള്ളികൾ ജനിപ്പിയ്ക്കും
യാന്ത്രിക മുട്ടകൾ മുള പൊട്ടാറില്ലെന്ന് കോഴി

നിനക്ക് ചേവലിനെ തിരഞ്ഞാലെന്തെന്ന് കാക്ക
നീ റബ്ബർമരങ്ങളിൽ കൂടുകൂട്ടാത്തതെന്തെന്ന് കോഴി
നടന്നു പുറം കയറാൻ കൊടുക്കാനനുവാദമില്ലെന്ന് കോഴി
റബ്ബറിന് കരിമ്പനപ്പൊക്കം പോരെന്നും പണമണമെന്നും കാക്ക

നിനക്ക് അടയിരുന്നാലെന്തെന്ന് കാക്ക
നിന്റെ കെട്ട്യോനോട് ചുള്ളി കൂട്ടാൻ പറയാത്തതെന്തെന്ന് കോഴി
ഇട്ടമുട്ട ഒരു കൈ പെറുക്കി മാറ്റുന്നുവെന്ന് കോഴി
ചുള്ളി പൊട്ടിയ്ക്കാൻ കമ്പു വേണ്ടേയെന്ന് കാക്ക

പിന്നെ നീയെന്തിന് കൊക്കിപ്പാറുന്നുവെന്ന് കാക്ക
നീയെന്തിനാ വഴിപോക്കരെ തലയ്ക്കു മേടുന്നതെന്ന് കോഴി
മുട്ട പുറത്തു വീണാൽ അമ്മക്കോഴിയാകാനെന്ന് കോഴി
മേട്ടം കൊടുക്കാഞ്ഞാൽ എങ്ങനെ കാക്കയാകുമെന്ന് കാക്ക

എങ്കിൽ നമുക്കൊരു ഒത്തുതീർപ്പാകാമെന്ന് കാക്ക
നമുക്കൊരുമിച്ച് സമരം തുടങ്ങാമെന്ന് കോഴി

അങ്ങനെ, കാക്കയും കോഴിയും
മുട്ടയിടാ സമരം കലശലായിത്തുടങ്ങി
ഇതൊന്നും ഏശാത്ത മനുഷ്യർ
കോഴിയെ നിർത്തിപ്പൊരിച്ചു, കാക്കയെ ചുട്ടുകൊന്നു
കാക്കയിറച്ചി, കോഴിയിറച്ചി സമന്വയത്തിൽ
വീര്യമേറിയ വാറ്റുസോമയുടെ അകമ്പടിയിൽ
സമരം കാലഹരണപ്പെട്ടു

പിന്നെയും, അതിനുശേഷവും
മുളപൊട്ടാത്ത മുട്ടകൾ മാത്രം
ഒന്നിനു പിറകെ മറ്റൊന്നായി, നൂറായിരം
പുറത്തുവന്നു കൊണ്ടേയിരുന്നു, തർക്കമില്ലാതെ


ഉഗ്രസേനൻ

ഉറക്കെച്ചിരിയ്ക്കുവാനുള്ള തൻ ഇംഗിതം
ഉള്ളിലൊതുക്കി ഉഗ്രസേനൻ
ഉത്തരീയം കൊണ്ടുതൻ ഉത്തമാംഗത്തെ
ഉരുകും മനത്താൽ മറച്ചു മൂടി

നെഞ്ഞെരിഞ്ഞു ഞരമ്പുകൾ പൊട്ടുമ്പോൾ
വായുകോപമെന്ന് പുറംപറച്ചിൽ
കിട്ടുന്നതെല്ലാം തിന്നരുതത്രേ
കിട്ടാതെ തിന്നാൻ പറ്റുമെന്നോ?

ഇടതു തുടിയ്ക്കുന്നു, കണ്ണു മലയ്ക്കുന്നു
ഹൃത്തടം നൊന്ത് വിയർത്തിടുന്നു
ഇന്നു വരേയ്ക്കും ആശിച്ച നേരമിങ്ങ-
ടുത്തു വരികയോ? സന്തോഷമായ്

വരുമോ തൻ കണ്ണൻ ഇന്നെങ്കിലുമൊന്ന്
സ്വപ്ന പീയൂഷ പാനം ചെയ്തു
ഇക്കാരാഗൃഹത്തിന്റെ വാതിൽ തുറന്നവൻ
ഇന്നീ കെട്ടുകൾ പൊട്ടിച്ചിടും

നിറയുന്ന കണ്ണുകൾക്കുള്ളിൽ ചിതറുന്നു
മേശപ്പുറത്തു തൻ തനയ ചിത്രം
എത്രമേൽ കൊഞ്ചിച്ചൂട്ടി വളർത്തി
ഇന്നു പുറത്തു നീ കാറിടുന്നു

ഒറ്റയാൻ പൊറുതി നിർത്തുവാനായി
പാർപ്പിച്ചതെന്നെയീ മന്ദിരത്തിൽ
അന്നു നിന്നുള്ളിലെ ചിത്തമെന്തെന്ന്
ഒന്നുമേ താതനറിഞ്ഞീല

ശീതീകരിച്ച മുറിയൊന്നൊരുക്കി നീ
പളപളപ്പുള്ള മെത്തയോടെ
ഒന്നിനുമൊന്നും പുറത്തിറങ്ങേണ്ട
തീറ്റയുറക്കങ്ങൾ മാത്രമായി

അടക്കം പിടിച്ച ആവലാതി കേട്ടും
മുഷിഞ്ഞ ശബ്ദത്തിൽ ഒച്ച കേട്ടും
ഒടുക്കം എഴുതി തീറായി സർവ്വവും
എന്തധികം ഞാൻ ബാദ്ധ്യതയായ്

വൈദ്യുതിയോട്ടം നിലച്ചു, പിന്നെപ്പയ്യേ
ചെയ്യുന്നതെല്ലാം കുറ്റമായി
വക്കുപൊട്ടിപ്പോയ പിഞ്ഞാണമൊന്നിൽ
വാതിൽപ്പുറത്തു നീ തീറ്റ വെച്ചു

ബന്ധിച്ചു നീ പിന്നെ വാതിൽക്കൊളുത്തിനാൽ
സൗമ്യനല്ലോ നീ പുറം ലോകത്തിൽ
മക്കൾ നടുവിൽ ഞാൻ ആരുമില്ലാതെ
ബന്ധനസ്ഥൻ നിശ്ശബ്ദനായ്

കൃഷ്ണകഥകൾ കേട്ടു വളർന്ന നീ
കംസചരിതം നിറഞ്ഞാടുന്നു
കണ്ണന്റെ പീലിത്തലോടി ഞാൻ വേഗം
വൈകുണ്ഠമാർഗ്ഗം എത്തിടട്ടെ


Monday, October 31, 2016

തീ പിടിച്ച ചന്ദ്രബിംബം

തീ നിറം പറന്നെങ്ങും മാനത്ത്
ചന്ദ്രബിംബം മുഖം കടുപ്പിച്ചു തീ പിടിച്ചു
നക്ഷത്ര ശോഭ മാഞ്ഞ രാത്രിയെ ഭീതിദയാക്കി
മുഖക്കല തെളിഞ്ഞ തന്റെ ചന്ദ്രാനനം കാട്ടി
പരന്നൊഴുകുന്ന നിലാവിൽ തീവെട്ടം പകർന്ന്
ഉണർന്നിരിയ്ക്കുന്ന ജീവന്റെ തുടിപ്പുകളിൽ സംഭ്രമം നിറച്ചു

ഇതൊരു തുലാവർഷ രാത്രി
മാരിപ്പെരുക്കങ്ങൾ മനം നിറയ്ക്കേണ്ട നിശായാമം
എന്നിരുന്നിട്ടും മാനം തെളിഞ്ഞു കത്തുന്നു
ഇണയ്ക്കായ് ആർക്കുന്ന മണ്ഡൂക വിലാപങ്ങൾ
ജന്മദോഷം പെരുപ്പിയ്ക്കാൻ ശ്വാനസന്നാഹങ്ങൾ
മരണദൂതുമായ് കാലൻ കോഴിയുടെ കൂവൽ, ചിറകടി
പകൽച്ചൂടിന്റെ കിതപ്പു മാറാത്ത മരമർമ്മരങ്ങൾ
നിലാവൂറുന്നതും കാത്തിരുന്ന് മോഹം മരവിച്ച നിഴലുകൾ

ഇതിനിടയിൽ അമ്പിളി തീ വിതറിയപ്പോൾ
ഝടുതിയിൽ നിശാചരപ്രാണനുകളോരോന്നും
അകലെയെന്നോ വെടിഞ്ഞിരിയ്ക്കാവുന്ന
പ്രകാശപുഞ്ജങ്ങളിൽ കണ്ണുകൾ തുറിച്ചു നട്ട്
അവയുടെ കൺമിടിപ്പുകൾക്കായി ചെകിടോർത്തു; പക്ഷെ,
എത്തിപ്പിടിയ്ക്കാവുന്നതിനകലെ മാഞ്ഞുപോയ് മുകിലുകൾ

ഇതൊരു ഭ്രമരാത്രി; കരിവണ്ടുകൾ തിളങ്ങും രാവിൻ പകൽ
മടുക്കാത്ത ചീവീടുകൾ ചിലമ്പുന്ന കഠോരരാത്രി
ചിന്തയുടെ ചുടുകണ്ണീരിന്നാവി ചാപ്പിള്ളയായ്പ്പിറക്കും രാത്രി
ഓടിച്ചിതറുന്ന ജഡമഴത്തുള്ളികളുടെ ചുടലഭൂമി

ഇതൊരു പക്ഷെ പേക്കിനാവല്ലെങ്കിലും
പേപിട്ച്ച നഗ്നഭൂവിൻ പേക്കൂത്താകാം
അതല്ലെങ്കിൽ, മഴകാത്ത് മനം മടുത്ത്
മണ്ണിൽ വേരോടിയ ഞാറ്റുകുഞ്ഞിൻ
കർമ്മഭീതിനിറഞ്ഞ അബോധമാകുമായിരിയ്ക്കാം
തീ ചിതറുന്ന ചന്ദ്രബിംബമെന്നിട്ടും ആരെയും
ഉറക്കുന്നുമില്ല, ഉണർത്തുന്നുമില്ല, താരാട്ടു മൂളുന്നുമില്ല


Friday, September 16, 2016

ചിതാരവം

ചിത നടുവമർന്നൂ കത്തി, ബന്ധങ്ങളും;
സാഹോദര്യം വണ്ടി കയറി പല ദിക്കിലായ്
പൊട്ടിയ മൺകുടപ്പൊട്ടിൽ നിന്നെറ്റിച്ച
നീർത്തുള്ളിയാവിയായ് തീയെത്താതെ
വായ്ക്കരി കരിഞ്ഞൂ, നീലച്ചു പഷ്ണിക്കഞ്ഞി
നാലു ദിക്കും പിരിഞ്ഞ കർമ്മബന്ധ വേർപ്പാടിൽ

നേരമില്ലൊരുത്തർക്കും പങ്കിടാൻ താപത്തെ
ദൂരമൊട്ടു ചെന്നിരുന്നൊറ്റയായ് ദുഃഖിച്ചിടും
കരഞ്ഞും, കണ്ണീരുണങ്ങി മുഖം വാടിയും
തപ്തനിശ്വാസ വേഗത്തിൻ കമ്പനം നെഞ്ഞേറിയും
ചിതവണ്ടി ചാഞ്ഞു കത്തീ, വേഗമാകട്ടെ ദഹനം
നട്ടുച്ചയാണിപ്പോൾ, കാറ്റും തീക്കാറ്റു തന്നെ
മണൽ വറ്റി പടു കയറിയ ഉരുളൻ കല്ലു തീരം നോവിയ്ക്കുന്നു
അപ്പുറം തേങ്ങുന്നൂ സഹശുശ്രൂഷ സാഹോദര്യം
ജഡബിംബമായ് മനസ്സറ്റ മിഴികളും
കഴിഞ്ഞില്ലേ നൂൽപ്പാലമിട്ട ജന്മബന്ധം
ഇനി ആരാരായാൻ സൗഖ്യവും ദുഃഖവും
ഇനിയാർ കയർക്കും പരിരക്ഷാ ന്യൂനത്തെ, കുറ്റമായ്

എല്ലാർക്കുമിനി താൻ വഴി, തൻ വഴി, സ്വകീയ സഞ്ചാരം
പതുക്കെ, അറിയാതെ കൂമ്പട്ടെ മിഴികൾ
നനവോരം പറ്റി പീലികൾ മറയ്ക്കട്ടെ ഉൾവേദന
ഇനിയെത്ര നേരമൊന്നിരിയ്ക്കണം വീർപ്പുമുട്ടി
സ്വയം ചിരിയ്ക്കാം, കരയാം, മൗനിയാകാം
ബന്ധമൗനങ്ങൾക്ക് മാപ്പുസാക്ഷിയായ്
ആയുസ്സിന്നറ്റം വരെ കൂടേറി മൊഴി നല്കാം
എന്നിരുന്നാലുമൊരു ചോദ്യം ഉന്നയിയ്ക്കാമോ,

വേർപ്പാടുകൾ വേറിടുമോ ചോരനീരിൻ വാർത്തടങ്ങളെ?

Wednesday, August 24, 2016

കാൻവാസ്

കാലം ഇടയ്ക്കിടയ്ക്കോരോ
ഒഴിഞ്ഞ കാൻവാസുകൾ കൊണ്ടു തരും
മറ്റു ചിലപ്പോൾ പഴയ കാൻവാസുകൾ
സ്വന്തം യവനിക മാറ്റി കാണിയ്ക്കും

ഒഴിഞ്ഞ കാൻവാസുകളിൽ നമുക്ക്
വരികളായ്, കഥനമായ്, ചരിത്രമായ് കോറിയിടാം
കണ്ടാൽ മടുക്കാത്തതും കൊണ്ടാൽ മുഴുക്കാത്തതുമായ
ഇരുട്ടും വെളിച്ചവും ചേർത്തരച്ച ശ്യാമത്തിൽ
ഭംഗവും അഭംഗവും കൂട്ടിക്കലർത്തിയ വർണ്ണഭേദങ്ങളാൽ
പലനിറങ്ങൾ കോരിയൊഴിച്ച് ശബളമാക്കാം
രേഖാചിത്രങ്ങൾ, ശബ്ദനിശ്ശബ്ദഭാവങ്ങൾ, പ്രണയാങ്കുരങ്ങൾ
ഇങ്ങനെ ചിത്രങ്ങൾ അടുക്കിപ്പെറുക്കി വരച്ചു തീർക്കാം

പിന്നീടൊരു നാൾ, ഇവയോരോന്നിനെയും
പർവ്വങ്ങളെന്നോ, കാണ്ഡങ്ങളെന്നോ, പാഠങ്ങളെന്നോ, വചനമെന്നോ
നാമകരണം ചെയ്താമോദിയ്ക്കാം;
മറ്റൊരു കാൻവാസിൻ പിറവി വരെ
അന്നീ കാൻവാസുമൊരു കർട്ടനാൽ മറയ്ക്കപ്പെടും,
കരിക്കട്ട നിറത്തിൽ പിറകിലൊരു തിരശ്ശീല നീങ്ങും
അല്ലെങ്കിലൊരു കരൾ  വീർക്കും
രക്തം ഛർദ്ദിച്ചു യവനിക താനേ താഴ്ത്തും

അലോസരപ്പെടുത്തുന്ന പഴയ കാൻവാസുകളെ
തേൻപുരട്ടി ഉറുമ്പരിപ്പിച്ച് വികൃതമാക്കാം
കൃതഘ്നത കറപുരട്ടിയ തെറിച്ച ചിത്രങ്ങളെ
സഹവർത്തിയ്ക്കു സഹാനുഭൂതി നിഷേധിച്ച് വിശുദ്ധമാക്കാം
നന്ദിയ്ക്കു മരണമണി മുഴക്കി സൗകര്യപൂർവ്വം
ഇന്നിന്റെ മധുരഭാഷണത്തിൽ മുക്കി മതിമയങ്ങാം

നന്മയുടെ കാൻവാസുകൾ എപ്പോഴും നരച്ചത്
കരിയും പുകയുമാളിയ ഹൃദയവേദനകൾ വരച്ചവയത്
തിന്മ പൊലിപ്പിയ്ക്കാൻ നിറക്കൂട്ടുകൾ വേണം
പലവെളിച്ചം കണ്ട് കാണികളാർത്തടുക്കും
ആരവം, ആർത്തനാദം, കൊലവിളി, സ്മൃതിസദസ്സുകൾ
കാൻവാസുകളിൽ കേറിപ്പറ്റാൻ മത്സരയോട്ടം തന്നെ

കാലമെന്നാലും കാൻവാസുകൾ
കാണിച്ചുകൊണ്ടേയിരിയ്ക്കും
തിരശ്ശീല വീഴാത്ത കാലമേ

നീ തന്നെ, നീ മാത്രം തന്നെ സാക്ഷിയും സൃഷ്ടാവും

Thursday, August 11, 2016

കർക്കിടകം 1191

കർക്കിടകം കണ്ണുപൊട്ടിക്കരഞ്ഞു
എന്നെയാണല്ലോ കള്ളനെന്നു വിളിച്ചത്?

തുള്ളിമുറിയാത്ത മഴക്കാലത്തിന്റെ ഗൃഹാതുരത്വം
എന്റെ കലണ്ടറിൻ സിരകളെ വലിഞ്ഞു മുറുക്കുന്നു
നിങ്ങളേല്പിച്ച കടുംവെട്ടുകളേറ്റു വാങ്ങി
പൊള്ളുന്ന ചൂടിൽ തൊലിപൊള്ളിക്കരിയുന്നു
ഇള വെയ്ക്കുന്ന രോഗത്തിളപ്പുകൾ
കഷായച്ചവർപ്പിൽ, തൈലമെഴുക്കിൽ സന്ധി പെരുപ്പിയ്ക്കുന്നു
പകുത്ത രാമായണ വായന മതിയാക്കി
നടുപിളർന്നൊരു തേങ്ങൽ ആഞ്ചൽ കൂട്ടുന്നു

എന്നും ഞാൻ കള്ളക്കർക്കിടകം; പഞ്ഞമാസം
പേമാരി, പേക്കാറ്റുവീഴ്ച, ദുർമ്മാരി നിറയും
കഷ്ടമാസമെന്നൊരു ദുഷ്പേരു കേട്ടു വേണ്ടുവോളം
എന്നിട്ടും വിളമ്പി ഞാൻ നന്മകൾ കുമ്പിൾ കോരി
പത്തില, ഔഷധം, ചുടുമാസക്കഞ്ഞിപ്പകർച്ചകൾ
വേലയ്ക്കു വിശ്രമം, മനസ്സിന്റെ ശാന്തി, ആഘോഷവിരാമം
തീർന്നില്ല, തുടക്കം സംക്രാന്തിയ്ക്കു “ചേട്ടാ ഭഗവതി” പുറത്തേയ്ക്കും
“ശ്രീ ഭഗവതി” അകത്തേയ്ക്കും, ശീവോതിയിൽ നിറവിളക്കിൻ തിരി

എന്നിട്ടുമെന്തേയീ വിളിപ്പേർ, കഷ്ടമല്ലേ?
ശ്രവണഗർവ്വം തോന്നുമായിരുന്നു അന്നെല്ലാം
മല തടുത്ത്, കാടു പെയ്യിച്ച്, തോടു നിറച്ച്
പുഴപോൽ പുണർതവും പൂഴി കുത്തിച്ച് പൂയവും
മീനു തുള്ളിച്ച് പാടങ്ങളും തണുപ്പരിച്ച് കായഭേദങ്ങളും
പെരുമഴക്കാലമാചരിച്ചു; കൊണ്ടാടി

ഇനിയില്ലതു കാലം; കട്ടായം പറഞ്ഞിടാം
പരശു കൊണ്ടുത്ഥാനം ചെയ്തവയൊന്നൊന്നായ്
പരശുമൂലമവധാനവും ചെയ്തിറ്റുന്ന കാഴ്ചകൾ
പരമപ്രധാനമീ മണ്ണിന്റെ ക്ഷയപീഡശാപങ്ങൾ

എന്നിട്ടും, എന്നിട്ടും ഈ ഞാൻ
കള്ളക്കർക്കിടകമായ് ആദ്യവസാനം ചെയ്യുന്നു


Friday, August 5, 2016

വഴിവാണിഭങ്ങൾ

മതങ്ങൾ ഇപ്പോൾ വളരെ തിരക്കിലാണ്
ആശയങ്ങൾ ചിന്താക്കുഴപ്പത്തിലും

എന്നിരുന്നാലും,
രണ്ടു കൂട്ടരും കടകളായ കടകളിൽ
ഉപഭോഗഭോഗത്തിന്റെ മത്സരത്തിലാണ്

തുണിക്കടകളിൽ നിറങ്ങൾ നോക്കി
തുണിനിറം പ്രത്യേകമുറപ്പിയ്ക്കുന്നു
ആഭരണങ്ങൾക്ക് മാറ്റു കുറഞ്ഞാലും
ആഭയേറിയ ലോക്കറ്റു പതിപ്പിയ്ക്കുന്നു
ശിരോവസ്ത്രങ്ങളും തലപ്പാവുകളും
വളച്ചു പിരിച്ചു മുദ്രകൾ കുത്തുന്നു
കൊന്തയും കൊലുസ്സും കാപ്പുവളകളും
നിറം തിരിച്ച് വെവ്വേറെ മൂശകളിൽ വാർപ്പിയ്ക്കുന്നു
മുച്ചാൺ വയറു നിറയ്ക്കുവാൻ നോക്കാതെ
അധികാരവടികൾക്ക് വടിവു കൂട്ടുന്നു

എന്തിനും ഏതിനും ഏകശിലാരൂപം
കാറ്റും വെളിച്ചവും കയറുവാനായ്ക്കാത്ത
കഠിനശാസനത്തിന്റെ ദഹനക്കേടിൽ
ദുർഗന്ധം വമിയ്ക്കുന്ന ഏമ്പക്കങ്ങൾ നിറയുന്ന
അജ്ഞതയുടെ പണക്കിലുക്കങ്ങളുയരുന്ന
തുണിക്കൂടാരങ്ങളിലെ വഴിയോരവാണിഭങ്ങൾ

അനോന്യം കടിപിടി കൂടുമ്പോൾ
തുണിനിറം നോക്കി, ലോക്കറ്റു നോക്കി,
ശിരോവസ്ത്രം നോക്കി, തലപ്പാവു നോക്കി,
കൊന്തയും കൊലുസ്സും കാപ്പും നോക്കി
അധികാരവടികളെ ഒഴിവാക്കി
പരസ്പരം വെട്ടാം, കീറാം

വില്പനക്കാർ തിരക്കിലാണ്
വാങ്ങുന്നവർ ആക്രാന്തത്തിലും


Saturday, July 30, 2016

സ്ഫോടന ലോകത്തെ അഞ്ചു പൂമ്പാറ്റകൾ

ലോകം മുഴുക്കെ പറക്കും
വീശി വീശിപ്പറന്നാർക്കും
ഒട്ടു ലോകത്തെ നുകരും
മട്ടു മാറാതെ അടക്കും

പൂക്കൾ യഥേഷ്ടം പൂക്കുമീ-
വിശ്വഭൂഖണ്ഡപ്പരപ്പിൽ
പൂമ്പൊടിയ്ക്കായില്ല കഷ്ടം
തൊട്ടും തലോടിയുമുണ്ണാം

പൂക്കുന്നതിൽ കീഴെയില-
ച്ചാർത്തുകൾ കീഴെ മുട്ടയി-
ട്ടാരുമറിയാതെ വീണ്ടും
മറ്റു ലോകങ്ങൾ തേടിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
വർണ്ണങ്ങൾ അഞ്ചു തരവും
മുഖഛായ വർഗ്ഗഭേദം
ചെയ്തികൾക്കൊറ്റ നിറവും

മുദ്ര പതിച്ച ചിറകാൽ
അഞ്ചു കരയും ഭരിയ്ക്കും
മൊഞ്ചു കണ്ടാരും അടുക്കും
നഞ്ഞു കലക്കി ഒടുക്കും

തൂമയെഴുന്ന മനത്തെ
പൂമ്പൊടി കൊണ്ടു നിറയ്ക്കും
പൂന്തേൻ കൊടുത്തു മയക്കും
മത്തിൽ ഒടുക്കം തളയ്ക്കും

എങ്കിലോ മറ്റു പൂമ്പാറ്റ-
കൾക്കൊന്നും സമ്മതമില്ല
മുട്ടയിടുവാനായ് പാറി
ഒന്നായി ഞങ്ങളെതിർക്കും

മുട്ട വിരിഞ്ഞു സ്ഫോടന-
യുക്തരായ് പുഴുക്കൾ വരും
തിന്നൊടുക്കും ഇലയെല്ലാം
പിന്നെത്തമ്മിലായ് തിന്നിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
സ്ഫോടന ലോകം ഭരിയ്ക്കും
ലോകങ്ങളൊന്നായ് വീണിടും
ശിഷ്ടരായ് ഞങ്ങൾ വാണിടും


Friday, July 22, 2016

ദേവസ്തംഭനം

നന്മയുടെ ആൾമരങ്ങൾ ഒന്നൊന്നായി
കടപുഴകാൻ തുടങ്ങിയിരിയ്ക്കുന്നു
നന്ദികേടിന്റെ പാഴ്മരപ്പച്ചകൾ എവിടെയും
കരുത്തോടെ വേരുറപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു

സ്മൃതിനാശത്തിന്റെ മറവിൽ പലപ്പൊഴും
മസ്തിഷ്ക്കവനങ്ങൾക്ക് തീയിട്ടു കൊണ്ടേയിരിയ്ക്കുന്നു
ജനിതകപ്പകർച്ചകളിൽ തൊലിയുരിയ്ക്കപ്പെട്ട മാനങ്ങൾ
ഒരു ചാൺകയറിൽ കുരുക്കിട്ടു മരിയ്ക്കുന്നു

ദർശനസൗകുമാര്യങ്ങൾ നിഷേധിയ്ക്കപ്പെട്ട കണ്ണുകൾ
കാംക്ഷയുടെ അമ്ലത്തിൽ അന്ധമാക്കപ്പെടുന്നു
തുളവീണ ഹൃദയങ്ങളിൽ നിന്നു പൊടിയുന്ന
രക്തച്ചാലുകളിൽ അലിവ് നേർപ്പിയ്ക്കപ്പെടുന്നു

പണ്ടെങ്ങോ പാട്ടൂറിയ പാഴ്മുളംതണ്ട്
ചിതലെടുത്ത സുഷിരങ്ങളിലൂടെ ശീല്ക്കാരമുയർത്തുന്നു
ഫണം നീർത്തുന്ന ചൊല്പടിദാനങ്ങളിൽ നൊന്ത്
ആസക്തി ചുടുനീരായ് തലതല്ലിക്കരയുന്നു

ലജ്ജയില്ലാത്ത വികാരങ്ങളും വികാരപ്രകടനങ്ങളും
മജ്ജയും മാംസവും അടുക്കി ചിതയൊരുക്കുന്നു
പല്ലിളിയ്ക്കുന്ന ഛായാപടങ്ങളായ് രൂപം കൊണ്ട്
ജുഗുപ്സ തെറിയ്ക്കുന്ന കപടനാട്യങ്ങളാകുന്നു

കൺതുറക്കാത്ത ദൈവങ്ങൾ, കണ്ണുമൂടിക്കെട്ടിയ ആൾരൂപങ്ങൾ
ഇമയൊടുങ്ങാത്ത യാതനകളെ നിർമ്മുക്തമാക്കുന്നു
തുറിച്ച മിഴികളിൽ കണ്ണീർ കുറുക്കിയ ഉപ്പളങ്ങളിൽ
പീളകെട്ടി ഈച്ചയാർക്കുന്നു, പോളല്ല് അളിയുന്നു

കടന്നു പോകുന്ന ഓരോ രാത്രിയും ഭീതിദം,
പിടിച്ചു കെട്ടി തോലുരിയ്ക്കുന്ന ശവംതീനികളുടെ വേട്ടകൾ
ചകിതനിശാബോധത്തിന്റെ അതിരുകളിൽ ഉയരുന്നു
വിശപ്പാറി വയറുനിറഞ്ഞ തെരുവുനായ്ക്കളുടെ ഓരികൾ

ദേവകൾ സ്തംഭിച്ചിരിയ്ക്കുന്നു; ഇലയനങ്ങാത്ത രാത്രിപോലെ
മഴയിരമ്പം കേൾക്കാരവമാകുന്നു; സ്തംഭനശൗര്യമാകുന്നു
മേഘാവൃതമായ മാനത്തിന്റെ അഷ്ടദിക് കോൺകളിൽ
വാൾപയറ്റിത്തോൽക്കുന്ന മിന്നൽപ്പിണറുകൾ ഷണ്ഡമാരി ചൊരിയുന്നു

ഞാൻ പോകട്ടെ; ഉറക്കമില്ലാത്ത ഈ രാത്രിയുടെ അറ്റമോളം
നാളെ പുലരുമ്പോൾ? അറിയില്ല;
മറ്റൊരു ജന്മമായ് മുടിയുമോ?
എങ്കിലങ്ങനെത്തന്നെ


Tuesday, July 12, 2016

ഒരു പുതുതലമുറ കല്യാണം

ചെക്കന്റേം പെണ്ണിന്റേം കല്യാണാത്രേ
പെണ്ണുകാണലും പടമെടുപ്പും കഴിഞ്ഞിരുന്നൂത്രേ
വാക്കു കൊടുപ്പു നടന്നിരുന്നൂത്രേ
ജാതകച്ചേർച്ച നോക്കിയത്രേ
അച്ഛനേം അമ്മേം അറിയിയ്ക്കണത്രേ
എന്തു തന്നായാലും കല്യാണാത്രേ

ഇനിയൊന്ന് വേണം ചടങ്ങാചരിയ്ക്കാൻ
തിര്യപ്പെടുത്തണം ആർ, എവിടെ നിക്കണന്ന്
അല്ലെങ്കിൽ ആൾക്കാർക്ക് പറയാമല്ലോ
പെണ്ണുകെട്ടൽ ശരിയായില്ലെന്ന്

ആദ്യം തന്നൊരു വളയം തീർക്കണം
അതിനുള്ളിലാവണം വധുവും വരനും
പിന്നെ, അച്ഛനമ്മമാർ കട്ടായമായും
അല്ലെങ്കിൽ പോരടിച്ചാലോ അമ്മായിയമ്മ?

പിന്നെ, പുറത്ത് സർവ്വാണികൾ
ആർക്കു വേണെങ്കിലും പങ്കു ചേരാം
ആർക്കും പെരുപ്പിയ്ക്കാം ബന്ധുബലം
ഇനി, അതൊന്നുമില്ലേലും “തേങ്ങാക്കൊല”

പിന്നെത്തുടങ്ങണം ഘോഷങ്ങൾ
മാലയും താലിയും സിന്ദൂരം ചാർത്തലും
സദ്യ, വരവേല്പ്; കുടിയ്ക്കെടോ, തിന്നെടോ
കോഴിക്കാൽ നിശ്ചയം പൊരിയ്ക്കവേണം

ഇങ്ങനെ,അങ്ങനെ കല്യാണവും ചെയ്ത്
മാനത്തു നിക്കണം, മാനമുയർത്തണം
നാലാളു കണ്ടാൽ പറയണം, വീമ്പണം

ഇങ്ങനെ മറ്റൊരു കെട്ടില്ലെടോ,ന്ന്

Wednesday, June 29, 2016

കൺകാഴ്ചകൾ


എന്റെ കണ്ണുകളെപ്പോഴും
തുറന്നു തന്നെയിരിയ്ക്കുന്നു
നിദ്രയിലും തുറന്നിട്ട കണ്ണുകൾ
ഉറക്കത്തെയും സസൂക്ഷ്മം വീക്ഷിയ്ക്കുന്നു
എന്റെ ചര്യകളിൽ, യാത്രകളിൽ,
ഭൂതകാലത്തിൽ, നടപ്പുലോകത്തിൽ
എപ്പോഴുമിപ്പോഴും വെറുതെ
ഇമലേശമില്ലാതെ പരതിക്കൊണ്ടേയിരിയ്ക്കുന്നു

ഈ ആമുഖമെന്തിനെന്നോ?
ഇന്ന് ഞാനൊരു യാത്രയിലാണ്;
ഒരു വെറും ബസ് യാത്ര
നനുത്ത മഴയിലും തുറന്നിട്ട ജാലകം
ശീതം പിടിപ്പിച്ച കാറ്റടിപ്പിച്ചപ്പോൾ
ജനൽപ്പുറക്കാഴ്ചകൾക്കു മുഖം തിരിച്ചുംകൊണ്ട്
യാത്രികർക്കിടയിലേയ്ക്കൊന്നെത്തി നോക്കി ഞാൻ

കണ്ടു ഞാനവിടെ എന്റെ മോഹങ്ങളെ
കുഞ്ഞുനാളിലെ എന്റെ സ്വപ്നങ്ങളെ
മലർമണവും മണിക്കിനാവുമെഴും രൂപങ്ങളെ
കന്മഷം തീണ്ടാത്ത ദൃഷ്ടിയെ, ദാഹങ്ങളെ
അരുമയൂറും മാതൃവെൺഭാവത്തെ
കരുതൽ തലോടും താതകരങ്ങളെ
കൺ നിറയെ ഒപ്പി എടുത്തപ്പോൾ
കൺപീലികൾ നനവിൽ കുതിർന്നുവോ?

എനിയ്ക്കുമുണ്ടായിരുന്നമ്മ; നല്ലമ്മ
ഉന്മാദത്തിൽ മതിഭ്രമിച്ചിട്ടും മുലയൂട്ടിയവൾ
പിച്ചവെയ്പ്പിച്ചും വേച്ചും സജ്ജയാക്കിയവൾ
എന്നിലെ പെണ്ണിനെ പെണ്ണാക്കിയവൾ  
പെൺവൃത്തിയിൽ ഉർവ്വിയായോൾ
ജലസമാധിയായ് കഷ്ടം വെടിഞ്ഞവൾ

എനിയ്ക്കുമുണ്ടായിരുന്നത്രേ ഒരച്ഛൻ;
ജനകകർമ്മം മാത്രം അനുഷ്ഠിച്ചോൻ
എൻ പിള്ളക്കരച്ചിലും കാക്കാതെ
മറ്റെങ്ങോ പോയ് മറഞ്ഞു പോലും
ഇന്ന് മറ്റൊരച്ഛനായ് മരുവുന്നു പോലും
ഇന്നാ കരങ്ങൾ മറ്റൊരു കന്യാദാനം നടത്തി പോലും

എനിയ്ക്കുമുണ്ടായിരുന്നൊരു വിദ്യാലയം,
പള്ളിക്കൂടചിട്ടവസ്ത്രമൊപ്പിയ്ക്കാത്ത അക്ഷരലോകം
ഞാനും കണ്ടിട്ടുണ്ട് കിനാക്കൾ മനം നിറയെ,
നടപ്പുദീനങ്ങളിലാർക്കുന്ന ദുർമ്മൃത്യു പോലെ
എനിയ്ക്കേറ്റിട്ടുണ്ട് വെറി പൂണ്ട നോട്ടങ്ങൾ,
അന്ന് അമ്മതൻ നാവുബലം താങ്ങും തണലുമായ്
കൺനിറയെ മോഹങ്ങളുണ്ടെനിയ്ക്കും,
ഇരയായ് ശ്വാസം മുട്ടാനാവതില്ലയശേഷം

ഇങ്ങനെയൊക്കെ മിഴി തുറന്നിരുന്നെന്നാലും
എന്റെ ഉൾക്കണ്ണു ഞാൻ അടച്ചിരിയ്ക്കുന്നു
എനിയ്ക്കു വയ്യ, വയ്യെൻ കണ്ണീർപ്പടലങ്ങൾ കാണാൻ
ഞാനിറങ്ങട്ടെ, ബസ് നിർത്തി