ബ്ലോഗ് ആര്‍ക്കൈവ്

2023, ഏപ്രിൽ 1, ശനിയാഴ്‌ച

ഞാന്‍ എന്ന ഗൃഹാതുരത്വം

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

വെന്തുണങ്ങിയ അമൃതപാകങ്ങളില്‍

നൊന്തു നീറും ചങ്കിടിപ്പില്‍ തട്ടി

നെഞ്ചുകൂടത്തിന്‍ അച്ചുതണ്ടിന്‍ വേഗം

സഞ്ചാരപാതയില്‍ ഭ്രംശമേറ്റുഴലുന്നു

 

ഭീതീയുടെ കരിനീല വണ്ടുകള്‍ മൂളും

നിയതിയുടെ നിത്യമാം നീതിയല്ലല്ലിത് ;

രൂപാന്തരത്തിലെ ഭീമന്‍ കീടവുമല്ല; (1)

കുപ്പായമൂരിയ കാലപ്രഭാവം

 

ഓര്‍മ്മകള്‍ക്കുള്ളറകളിലെങ്ങോ

നന്തുണി കൊട്ടിപ്പാടിയ ഉണര്‍ത്തുപാട്ട്

ബോധിവൃക്ഷത്തണല്‍ച്ചുവടിലെ

ധ്യാനമില്ലാതെ വന്ന തിരിച്ചറിവ്

 

ഓരോ പകലും പേറുന്നു; പോയ -

രാവിന്‍ യൌവ്വനം; നരകളും

ഉഷസ്സിന്‍ സാന്ധ്യശോഭയും; ആഭയും,

പകല്‍ നരയ്ക്കുമ്പോള്‍ മായുന്നതല്ലിവ

 

കര്‍മ്മബന്ധങ്ങളുടെ ഓരത്തലയ്ക്കും

ദുര്‍മ്മദം കലരാത്ത അലകളായ് അനുസ്യൂതം

ധൂസര വാസരമെത്ര മറഞ്ഞാലും

മറക്കുമോ ഓര്‍മ്മകള്‍, പിന്‍വിളി വിളിയ്ക്കുന്നു

 

 

 

തനിച്ചു നടക്കുമീ വഴികളിലെങ്ങും

പണ്ടത്തെ ആണ്ടറുതി, പണ്ടത്തെ പൂരം

പണ്ടൊരുമിച്ചു കയ്യിട്ട ചക്കരപ്പാത്രം

പണ്ടാര്‍ത്തി പൂണ്ടു കട്ടുതിന്ന കാരോലപ്പം

പണ്ടത്തെ അടുക്കള, പണ്ടത്തെ സ്വാദ്

 പണ്ടത്തെ അമ്മ, പണ്ടത്തെ അച്ഛന്‍

പണ്ടത്തെ ഏകോദരര്‍, മാതുല മാതൃവാത്സല്യങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത പണ്ടും, പണ്ടത്തെ പണ്ടും

കണ്ടു നടന്നോട്ടെയിത്തിരി, ഗൃഹാതുരത്വമല്ലേ?

 

മരണത്തിന്റെ മണമുള്ള ഗൃഹാതുരത

മരണമുഹൂര്‍ത്തമടുത്ത പകലിന്റെ ആന്തല്‍

അകലെ മറഞ്ഞ്, തെളിയുവാന്‍ വെമ്പും താരങ്ങള്‍

നിത്യ സത്യത്തിന്‍ ചെപ്പേടുകള്‍, മൂകസാക്ഷികള്‍

 

എന്നും നടക്കുന്ന വഴികളിലേയ്ക്ക് പതിവുപോല്‍

എല്ലാമറിഞ്ഞെന്ന് മൂഢനായ്, വെടിപ്പായ്

പഴയകാലത്തിന്റെ മുഴുക്കയ്യന്‍ കുപ്പായമിട്ട്

ചിത്തഭ്രമത്താല്‍ ചിതലെടുത്ത കൈവടിയുമായ്

ചെരിയുന്ന സൂര്യന്റെ അന്തിവാനച്ചോപ്പില്‍

നഗ്നപാദനായ് സവാരിയ്ക്കിറങ്ങുമ്പോള്‍

 

പണ്ടു പഠിച്ചിറങ്ങിയ പള്ളിക്കൂടത്തിന്‍ ചുമരി-

ലാണിത്തുരുമ്പില്‍ തൂങ്ങിയാടും ഛായാപടത്തില്‍

തോളില്‍ തല ചേര്‍ത്തു നിന്ന സഹപാഠി

കണ്ടാലറിയാത്ത ഭാവം പൂണ്ട്  നില്‍പ്പാണ് വീട്ടില്‍

പുതിയ കാലത്തേയ്ക് കണ്ണും നട്ട്, പരുക്കനായ്

വീണ്ടും പിറകോട്ടു നോക്കാമോ, ഗൃഹാതുരത്വമല്ലേ?

 

 

ഇരടി(2) മുട്ടാതെ പിന്നേയും നടക്കുമ്പോള്‍

പുതിയ കാലത്തിന്റെ കൃത്രിമത്വം മണക്കും

വയലേലകള്‍, നാട്ടുപാതകള്‍, വേഷവിഭൂഷകള്‍

ത്വര പോയ ദ്വര പോലെ ആളില്ലാവീടുകള്‍

വിവരഖനനത്തില്‍ മുഴുകിയ യന്ത്രയൌവനങ്ങള്‍

എന്റെ സ്വപ്നാടനത്തിന് പങ്ക് ചോദിയ്ക്കുന്നവര്‍

 

ഇവരൊന്നുമറിയുന്നില്ലെന്നോ?

എന്നും നടക്കുന്ന വഴികളിലാണ്ടുകിടക്കുന്നു

പഴയ കാലമെന്ന്, വിയര്‍പ്പും കണ്ണീര്‍ക്കണങ്ങളും

പുതുമഴ കിളിര്‍ത്തും മുളകളോരോന്നും

പണ്ടുണങ്ങിക്കരിഞ്ഞ പുഷ്ടികളായിരുന്നെന്ന്

കണ്ണിമ ചോരാത്ത കാത്തുസൂക്ഷിപ്പുകള്‍

 

അങ്കുശം കുറിയ്ക്കാതെ, പിറകോട്ടു നടക്കാതെ

വീടെത്തണമെനിയ്ക്ക്; ചുറ്റിലും പുറ്റ് തീര്‍ക്കണം

കണ്ണടച്ചിരുട്ടാക്കി സ്വയം നിമീലനം ചെയ്യണം

കണ്ണു കുത്തിപ്പൊട്ടിയ്ക്കാന്‍ കുസൃതിക്കാര്‍ വന്നാലോ?(3)

എന്തെന്നാല്‍,

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

 

1 Metamorphosis (രൂപാന്തരം) എന്ന കാഫ്കയുടെ കഥ

2 കാല്‍ കല്ലില്‍ തട്ടുന്നതിനുള്ള ഒരു നാട്ടുപ്രയോഗം

3 ച്യവന മഹര്‍ഷിയുടെ കഥയ്ക്ക് അവലംബം