Wednesday, June 29, 2016

കൺകാഴ്ചകൾ


എന്റെ കണ്ണുകളെപ്പോഴും
തുറന്നു തന്നെയിരിയ്ക്കുന്നു
നിദ്രയിലും തുറന്നിട്ട കണ്ണുകൾ
ഉറക്കത്തെയും സസൂക്ഷ്മം വീക്ഷിയ്ക്കുന്നു
എന്റെ ചര്യകളിൽ, യാത്രകളിൽ,
ഭൂതകാലത്തിൽ, നടപ്പുലോകത്തിൽ
എപ്പോഴുമിപ്പോഴും വെറുതെ
ഇമലേശമില്ലാതെ പരതിക്കൊണ്ടേയിരിയ്ക്കുന്നു

ഈ ആമുഖമെന്തിനെന്നോ?
ഇന്ന് ഞാനൊരു യാത്രയിലാണ്;
ഒരു വെറും ബസ് യാത്ര
നനുത്ത മഴയിലും തുറന്നിട്ട ജാലകം
ശീതം പിടിപ്പിച്ച കാറ്റടിപ്പിച്ചപ്പോൾ
ജനൽപ്പുറക്കാഴ്ചകൾക്കു മുഖം തിരിച്ചുംകൊണ്ട്
യാത്രികർക്കിടയിലേയ്ക്കൊന്നെത്തി നോക്കി ഞാൻ

കണ്ടു ഞാനവിടെ എന്റെ മോഹങ്ങളെ
കുഞ്ഞുനാളിലെ എന്റെ സ്വപ്നങ്ങളെ
മലർമണവും മണിക്കിനാവുമെഴും രൂപങ്ങളെ
കന്മഷം തീണ്ടാത്ത ദൃഷ്ടിയെ, ദാഹങ്ങളെ
അരുമയൂറും മാതൃവെൺഭാവത്തെ
കരുതൽ തലോടും താതകരങ്ങളെ
കൺ നിറയെ ഒപ്പി എടുത്തപ്പോൾ
കൺപീലികൾ നനവിൽ കുതിർന്നുവോ?

എനിയ്ക്കുമുണ്ടായിരുന്നമ്മ; നല്ലമ്മ
ഉന്മാദത്തിൽ മതിഭ്രമിച്ചിട്ടും മുലയൂട്ടിയവൾ
പിച്ചവെയ്പ്പിച്ചും വേച്ചും സജ്ജയാക്കിയവൾ
എന്നിലെ പെണ്ണിനെ പെണ്ണാക്കിയവൾ  
പെൺവൃത്തിയിൽ ഉർവ്വിയായോൾ
ജലസമാധിയായ് കഷ്ടം വെടിഞ്ഞവൾ

എനിയ്ക്കുമുണ്ടായിരുന്നത്രേ ഒരച്ഛൻ;
ജനകകർമ്മം മാത്രം അനുഷ്ഠിച്ചോൻ
എൻ പിള്ളക്കരച്ചിലും കാക്കാതെ
മറ്റെങ്ങോ പോയ് മറഞ്ഞു പോലും
ഇന്ന് മറ്റൊരച്ഛനായ് മരുവുന്നു പോലും
ഇന്നാ കരങ്ങൾ മറ്റൊരു കന്യാദാനം നടത്തി പോലും

എനിയ്ക്കുമുണ്ടായിരുന്നൊരു വിദ്യാലയം,
പള്ളിക്കൂടചിട്ടവസ്ത്രമൊപ്പിയ്ക്കാത്ത അക്ഷരലോകം
ഞാനും കണ്ടിട്ടുണ്ട് കിനാക്കൾ മനം നിറയെ,
നടപ്പുദീനങ്ങളിലാർക്കുന്ന ദുർമ്മൃത്യു പോലെ
എനിയ്ക്കേറ്റിട്ടുണ്ട് വെറി പൂണ്ട നോട്ടങ്ങൾ,
അന്ന് അമ്മതൻ നാവുബലം താങ്ങും തണലുമായ്
കൺനിറയെ മോഹങ്ങളുണ്ടെനിയ്ക്കും,
ഇരയായ് ശ്വാസം മുട്ടാനാവതില്ലയശേഷം

ഇങ്ങനെയൊക്കെ മിഴി തുറന്നിരുന്നെന്നാലും
എന്റെ ഉൾക്കണ്ണു ഞാൻ അടച്ചിരിയ്ക്കുന്നു
എനിയ്ക്കു വയ്യ, വയ്യെൻ കണ്ണീർപ്പടലങ്ങൾ കാണാൻ
ഞാനിറങ്ങട്ടെ, ബസ് നിർത്തി

Friday, June 24, 2016

ബലിദാനം

പിടിയ്ക്കൂ മൂക്കു മുറുകെ പൊത്തി
ഇറുക്കെയടപ്പിയ്ക്കൂ കണ്ണ രണ്ടും
ഒടിച്ചുമടക്കിച്ചേർത്തടയ്ക്കൂ ചെവി രണ്ടും
അമർത്തിപ്പിടിയ്ക്കൂ വായ്മൂടി
ചേർത്തു കെട്ടൂ കൈകാലുകൾ
നിശ്ശബ്ദനാക്കൂ മൃഗത്തെ

പോകരുത് ഒരിറ്റു ശ്വാസം പോലും
കാണരുത് ഒരു നേർത്ത വെട്ടം പോലും
കേൾക്കരുത് സ്വന്തം ശ്വാസകമ്പനം പോലും
ഉയരരുത് ഒരു രക്ഷാവാക്കു പോലും
അനങ്ങരുത് ജീവന്റെ നേരിയ ശേഷിപ്പു പോലും
വീഴരുത് ഊഴിയിൽ ഒരു തുള്ളി രക്തം പോലും
തയ്യാറാകട്ടെ ബലിമൃഗം മേധത്തിനായ്

ശ്വാസം കലർന്ന് വായു അലിയരുത്
കണ്ണിമകൾ ദയാവായ്പ് യാചിയ്ക്കരുത്
കർണ്ണപുടങ്ങളിൽ കൊലവിളി ചെന്നടിയ്ക്കരുത്
വാക്കിനാൽ ശാപവും മോക്ഷവും അരുളരുത്
ജീവന്റെ തുടിപ്പുകൾ ഇടിമുഴക്കങ്ങളാകരുത്
നിണപ്പാടുകൾ തെളിവുകൾ അവശേഷിപ്പിയ്ക്കരുത്
പരിശുദ്ധമാകട്ടെ ഹവിസ്സ്
പരിപൂർണ്ണമാകട്ടെ അർഘ്യം

തെളിയുന്ന ഹോമകുണ്ഡങ്ങളിൽ
മേധാർപ്പണങ്ങൾ ഗ്ലാനി പരത്താതിരിയ്ക്കട്ടെ
തർപ്പണം ചെയ്യാൻ പരമ്പരകളുണ്ടാകാതിരിയ്ക്കട്ടെ
ബലി നല്കുന്നതെല്ലാം ദാനമാകട്ടെ
പല്ലുകളെണ്ണാത്ത ദാനം

അഗ്നിയ്ക്കൊരിയ്ക്കലും മരണദൂതനാകാൻ പറ്റില്ലത്രേ
മരണത്തെ ജ്വലിപ്പിയ്ക്കുന്നയഗ്നി
നിശ്ശബ്ദബലികളെ സ്വായത്തമാക്കുന്നു
ബലിദാനങ്ങളെ സ്വച്ഛമാക്കുന്നു

ഇച്ഛയില്ലാത്ത മരണങ്ങളെ ശുദ്ധമാക്കുന്നു

Friday, June 17, 2016

ശത്രുശലഭങ്ങൾ

ചിറകിൽ കണ്ണിണയെഴുതി പറന്നുയർന്നൂ
വർണ്ണങ്ങൾ പലവിധം നെയ്തൊരുക്കി
ഒന്നു തൊട്ടുനോക്കുവാനൊന്നു തലോടുവാൻ
കണ്ണിമയ്ക്കാതൊന്നു നോക്കിയും നില്ക്കുവാനുമായ്
പെറ്റു പെരുകുന്നു സമാധിദശ വിട്ടെ-
ണീറ്റു ചിറകു വീശിപ്പലകൂടും പൊളിച്ച്

ശലഭജന്മങ്ങൾ, ആയുസ്സും കുറവാണല്ലോ-
യെങ്കിലും ചെയ്തികൾക്കായുസ്സു കുറേയേറെയും
മറ്റുള്ളോരുറങ്ങുമ്പോളിവരുണർന്നിരിയ്ക്കും
മറ്റുള്ള നേരമെല്ലാമുറക്കം നടിച്ചിടും
നീറ്റും പുകച്ചിലും പത്രങ്ങളിലൊളിപ്പിച്ച്
ഈറ്റു പുരകളും തേടി നടക്കയാണല്ലോ

ധൂളിയായ് രോഗരേണുക്കൾ വിതറിപ്പകർന്ന്
മച്ചിൻപുറങ്ങളിലെയടുക്കുകൾ പറ്റിയും
സ്വച്ഛമാം ഗേഹനിലകളെ മലിനമാക്കിയും
അയസ്കാന്തത്തിലയിരു കണക്കെയൊട്ടിയും
ധമനികളിൽ ആസുരമാം വ്യാധി പടർത്തിയും
പല നിറം കാട്ടി വശ്യമായ് ചിറകടിച്ച്
സമൂഹവാസങ്ങളെയുന്മൂലനം ചെയ്യുന്നു

അഗമ്യഗമനങ്ങൾ; പുര പകുക്കും ദ്വേഷം,
ചെവി തിന്നും ഏഷണി പരാധീനം; അസത്യം,
ഇരുമ്പിൻ പുല്ക്കൊടിത്തുമ്പിലെ വിഷലേപനം
കാലയാപനത്തിന്ന് പറ്റെ പൂർണ്ണവിരാമം
കൊടുക്രൂര ദേഹാർണ്ണവജ്വാലാമുഖികളായ്
പാറിനടക്കയാണെങ്ങും, ശത്രുശലഭങ്ങൾ

നമുക്കു നമ്മൾ താൻ ശത്രുവെന്നു നീതിസാരം
പാടേമറന്നന്യന്റെ നിറപ്പകിട്ടിൽ വീണി-
ട്ടിരുട്ടു തപ്പും ജാടയ്ക്കരുകു ചായും ലോകം
നിറന്നനന്യമാം ശബളിമയിൽ ആണ്ടുപോ-
മെന്നാലുമീച്ചിറകുകൾ മുളച്ചു വന്നിടും
ഭീതിയാലുൾക്കണ്ണു ചിമ്മിസ്സമാധി വിട്ടിടും

എട്ടു നാഴികയാണായുസ്സെങ്കിലും പറക്കും
ഉണ്മയല്ലെന്നാകിലും വെളിച്ചത്തെ നേരിടും
നിറം കോരിയൊഴിച്ചുള്ള ചിറകുകൾ കാട്ടി-
ച്ചാവേറെന്നറിഞ്ഞിട്ടും തിന്മകൾ പരത്തിടും
ശത്രുശലഭമെന്നാലും മിത്രങ്ങൾ ഉണരും
ശാക്തികച്ചേരികൾ താനേ തല പൊക്കിയാർക്കും

“ശത്രുശലഭങ്ങൾ നീണാൾ വാഴ്ക”, ഉയരുന്നു

ദിഗന്തം കിടുങ്ങുന്ന മുദ്രയും വാക്യങ്ങളും