ബ്ലോഗ് ആര്‍ക്കൈവ്

2021, നവംബർ 21, ഞായറാഴ്‌ച

നീലക്കൊടുവേലി

 

അജ്ഞാത ദൈവത്തിന്‍ കുരിശും പേറിക്കൊണ്ട്

പിറവിയടുത്ത പാപങ്ങള്‍ തന്‍ ചുടുനീരുറവുകളില്‍

കലക്കലിന്‍ ചുവയേന്തി, ഉദയാസ്തമയങ്ങള്‍ താണ്ടുന്നോ-

രുന്നൊരുണ്മയെതേടിയലഞ്ഞെത്തിയിവനീ മല തന്‍ മിനാരങ്ങളില്‍

 

പിന്നിട്ട വഴികള്‍ തന്‍ ശൂന്യത

വിഴുപ്പേന്തിയ അടിമയിലഴിയും രൂക്ഷമാം ശവനാറ്റം

പഴുത്തളിഞ്ഞ വ്രണങ്ങളില്‍ തോണ്ടി വീണമീട്ടും

നീറോചക്രവര്‍ത്തി തന്‍ ഉപരോധം

 

ഇവയുടെ ദുഃഖസ്മൃതികളില്‍ മുങ്ങിത്തപ്പി

ഒരുഷ്ണക്കാറ്റിന്‍ പൊട്ടിച്ചിരിയായ്

ഓടിമറയുന്നൊരു രാവിന്‍റെ തേങ്ങലായ്

അവന്‍റെ മരുപ്പച്ചകള്‍ മങ്ങി മറയുന്നു

 

അവന്‍ ഉറങ്ങുകയായ്

നെടുവീര്‍പ്പിന്‍ താളമിടും തെങ്ങോലകളുടെ

പോറലേറ്റ തണലിന്‍റെ ചിറകില്‍ ചേക്കേറുന്ന

പക്ഷി തന്‍ കലമ്പലില്‍, അവന്‍റെ നിദ്രയിലെ വഞ്ചന

ഗര്‍ഭമായ്, ഒരുണര്‍ത്തുപാട്ടിന്‍ വിഹ്വലതയായുണര്‍ന്നു

 

ആയുധാഗ്രത്തിന്നുഗ്രത കഴുത്തില്‍വാങ്ങിയ പുത്രനായ്

അവന്‍ സട കുടഞ്ഞുറങ്ങി

ഉറയും കിനാവിന്‍ ബോധശൂന്യത

ലാവയായ്, കുന്നായ്, ഒടുക്കം ഒരു വിളനിലമായ് നിരക്കവേ

നിലാവിന്‍ മുഴുപ്പവനേകീ ഭ്രാന്തമാം അവബോധം

വീണ്ടും സട കുടഞ്ഞവന്‍

 

മേഘചുംബിത പര്‍വ്വതശിഖരത്തില്‍

കഷ്ടനഷ്ടങ്ങള്‍ തന്‍ കോടിയുറപ്പിക്കുവാന്‍ വെമ്പും

ദേവര്‍ഷി തന്‍ മിഥ്യാബോധമായവന്‍

ഗ്രീഷ്മവിഹ്വലതയില്‍ വേരുണങ്ങിയ

വൃക്ഷശൂന്യവനത്തിലൂടെ പ്രയാണം തുടര്‍ന്നവന്‍

 

ചിതലെടുത്തൊരാ ദേവദാരുക്കളില്‍

ഇരയാമിണയ്ക്കായ് കാക്കും ചിലന്തിയും

ഇന്ദ്രിയജ്ഞാന ദാതാവാം മാറാലയും

പെരുവഴി ക്ഷേത്രമായ് തീരവേ

അഗ്രഹാരത്തിന്‍റെ ഇരുട്ടിന്‍റെ മൂലകള്‍

രതിമൂര്‍ച്ഛയില്‍ വിയര്‍പ്പിലൊട്ടിക്കിടക്കവേ 

 

അവന്‍റെ സിരകളെയുറക്കിക്കരിയ്ക്കും നഞ്ഞരിയ്ക്കുന്നതും

പച്ചയാം പ്രാണനെ വല ഞെരിയ്ക്കുന്നതും കണ്ട്

പുകച്ചുരുള്‍ പടച്ചട്ടയിട്ട കൊച്ചു മാലാഖമാര്‍ വന്ന്

ചുഴറ്റിയെറിയുന്നീ രുദ്രമന്ത്രക്കുരുതികള്‍

 

കുരുതി തന്‍ സംഹാര താളത്തില്‍

ഉടുക്കില്‍ നിന്നുതിരുന്ന അക്ഷര ശ്രുതികളില്‍

കനവാര്‍ന്ന ഹൃത്തിന്‍റെ രോഗലയവുമായ്

വീണ്ടും പ്രയാണം തുടര്‍ന്നവന്‍

 

കെട്ട നിണമണം പേറും ശിലകള്‍

ഒറ്റുകാരന്‍റെ തീര്‍പ്പുകിട്ടാക്കടങ്ങള്‍ പോലസ്ഥിഖണ്ഡങ്ങള്‍

ജീവന്‍റെ മാംസങ്ങള്‍ ചൊരിയും പേമാരികള്‍

ഏകാന്തപഥികനെ ശിരോകവചമണിയിയ്ക്കും ശീതക്കാറ്റുകള്‍

 

എല്ലാം താണ്ടിക്കടന്നവന്‍, മല തെണ്ടി മുടി കേറി

കൊടി നാട്ടി കുടു കുടെ കിതപ്പാറ്റിച്ചിരിപ്പവന്‍

 

പെട്ടെന്നൊരു ഞൊടി താഡനം

ഒളിമിന്നല്‍ കാലിന്‍റെയാഴത്തില്‍ വെട്ടുന്നു

കാല്ക്കീഴില്‍ മഞ്ഞിളകി കാലിടറിയുലയുന്നു

കാഹളം മുഴക്കി ഇടിനാദമലറുന്നു

 

കുതറിയോടും മഞ്ഞുപാളിതന്‍ പലായനം

ഒരു നിര്‍മ്മോഹ പ്രവാഹം പോല്‍ അവനിലാവേശിയ്ക്കുന്നു

 

മന്തുകാല്‍ മാറ്റിയ ഭ്രാന്തന്‍റെ പാറയായ്

വ്യഥിതന്‍റെ നീലക്കൊടുവേലി വള്ളിയായ്

കലക്കുപുഴയിലെ ചുഴികളില്‍ നീരാടി

ഇല്ലിപ്പടര്‍പ്പിന്‍റെ കനകരഥമേറി, മുങ്ങാങ്കുഴിയിട്ട്

കാലദേശങ്ങള്‍ക്കുമപ്പുറം കൃതാര്‍ഥനായ്  

ശാന്തിമന്ത്രവുമുരുവിട്ടെത്തുന്നിവന്‍ സരിത്തില്‍

 

വീണ്ടും രജസ്വലയാകുന്നു മാനം

ആര്‍ത്തയായ് രക്തം കുടിച്ചാര്‍ത്തലയ്ക്കുന്നൂ കടല്‍

ശാപഗ്രസ്തമായലറുന്നീ ത്രിസന്ധ്യയും

 

 

( നീലക്കൊടുവേലി ഒരു മിത്താണ്.  ചെമ്പോത്ത് കൂട് നിര്‍മ്മിയ്ക്കുന്നത് ഈ വള്ളി വെച്ചാണെന്നും അത് ലഭിച്ചാല്‍ എല്ലാ ഐശ്വര്യവും ലഭിയ്ക്കുമെന്നും ഒരു വിശ്വാസമാണ്.)