Monday, November 28, 2016

കുളിമുറി

കെട്ടിയുയർത്തപ്പെട്ട നാലു ചുമരുകൾക്കുള്ളിൽ
വാതിലടച്ചു കുറ്റിയിടപ്പെട്ട നഗ്നത
ഇവിടെ എനിയ്ക്കു ഞാനാകാം, ഒളിഞ്ഞു നോട്ടമില്ലെങ്കിൽ
ഭയപ്പാടില്ലാതെ കുപ്പായമൂരാം

നഗ്നനാകുന്നു ഞാൻ ശുദ്ധി വരുത്തുവാൻ
നിലക്കണ്ണാടിയില്ലാതെ അംഗപ്രത്യംഗം നോക്കാം; കണ്ണുഴിയാം
നഗ്നമേനിയെ, നഗ്നാംഗങ്ങളെ തൊട്ടറിയാം
ഉള്ളിലുറങ്ങുന്ന ആത്മരതിയെയുണർത്താം
കാപട്യമില്ലാത്ത ചോദന സ്രവിപ്പിയ്ക്കാം
ഒരു ഗർവ്വിഷ്ഠ നാർസിസിസ്റ്റ് ആയൊന്ന് തലവെട്ടിത്തിരിയ്ക്കാം

പതപ്പിച്ച സോപ്പുകട്ടയൊന്നെടുത്ത് പതിയെ
ഒരു ദിവസം മുഴുക്കത്തെ ചെളിയൊന്നിളക്കട്ടെ
പിന്നെ തണുത്ത വെള്ളമൊരു കോപ്പയിൽ-
ക്കോരി മതി വരുവോളം വീഴ്ത്തുമ്പോൾ
പഴിയായ്ക്കേട്ട പുച്ഛങ്ങളോടട്ടഹസിയ്ക്കട്ടെ
മുള്ളായ് കോറി നോവിച്ച അപരാധങ്ങൾക്കു കേഴട്ടെ
ഉള്ളു പൊട്ടിയുറക്കെക്കരഞ്ഞും ചിരിച്ചും ആറാടി
അള്ളിപ്പിടിച്ച വിഡ്ഢിവേഷമൊന്നഴിയ്ക്കുമ്പോൾ
എന്റെ സിരാപടലങ്ങളിൾ, രോമകൂപങ്ങളിൽ നേർമ്മ പടരുന്നു
എന്റെ നഗ്നത എന്റെ സ്വകാര്യമാകുന്നു


Friday, November 25, 2016

എന്റെ നൂറാം സൃഷ്ടി

ഇതെന്റെ നൂറാം സൃഷ്ടി

ഹൃദയവ്രണങ്ങളിൽ നിന്നിറ്റുന്ന
ചോരയുടെ ഗന്ധമൂറി
നടന്നു തീർന്ന പാതകളുടെ പൊടി പുരണ്ട
യാത്രാസ്വേദത്തിൻ ഉപ്പുണ്ട്
കണ്മുന്നിലാടപ്പെട്ട ജീവിതനാടകങ്ങളുടെ
തിരശ്ശീല വീഴാത്ത ജീവൽച്ചിത്രങ്ങൾ ചമച്ച്
കശക്കിയെറിയപ്പെട്ട കാമനകളുടെ
ചൂടാറാത്ത കരാളനിശ്വാസങ്ങൾ ഉതിർത്ത്
കണ്ടുമടുത്ത ഏകശിലാമുഖഭാവങ്ങൾക്ക്
ഭാവഹീനമായ ഹംസഗീതം പാടി
വെട്ടിമാറ്റപ്പെട്ട ബന്ധങ്ങളുടെ
ചൂടും ചൂരും ഉദ്ധ്വസിച്ച്
ഇണക്കമറ്റ പിണക്കങ്ങളിൽ മനം നൊന്ത്
സ്വയം കലഹിച്ചും ആത്മരോഷത്തിലാണ്ടും
ശിഷ്ടപ്രണയത്തിന്റെ ബാക്കിപത്രമിറക്കാൻ
രാക്കിളികളുടെ ചിറകടിയൊച്ചകൾക്ക് കാതോർത്തും
ചിലപ്പോൾ ചിട്ടയൊപ്പിച്ച് വടിവോടെ
മറ്റു ചിലപ്പോൾ കുത്തഴിഞ്ഞ വാക്കുകളുടെ കുത്തൊഴുക്കായും
നിശ്ശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി
എന്റെ പേനത്തുമ്പിലൂടെ മഷി തുപ്പുന്ന സൃഷ്ടികൾ

ഇന്ന് ഞാൻ വാക്കറുതി പേടിച്ച്
വായ്ക്കറുതി കൊടുക്കുന്നു
എന്തെന്നാൽ, ഇത് വറുതിയുടെ കാലമാകുന്നു
അൻപുവറുതി, വിശ്വാസവറുതി, ശ്വാസവറുതി
മഴവറുതി, ജലവറുതി, അന്നവറുതി
എങ്ങും വറുതി മാത്രം
അതു കൊണ്ട് വാക്കുകൾ വറ്റാതെ സൂക്ഷിയ്ക്കേണമല്ല്ലോ
വാക്കിന്നോളങ്ങൾ വെട്ടി
സ്നേഹാശയം ഇടിഞ്ഞു തൂരാതെ കാക്കണമല്ലോ

എന്നിട്ടും, ജന്മചാപല്യത്തിൻ ചഞ്ചലതയായ്
കളിത്തോഴിയുടെ മുല്ലമൊട്ടരിച്ചിരിയെന്ന പോൽ നിഷ്ക്കളങ്കമായ്
സൃഷ്ടിനൊമ്പരങ്ങൾ അലിഞ്ഞു ചേർന്ന്
മൂടിവെച്ച മൺകുടം പൊട്ടിച്ച്
പിറവി കൊള്ളുന്നു നൂറാം സൃഷ്ടി

സദയം ക്ഷമിയ്ക്കുക

ക്ഷമിയ്ക്കുക

Monday, November 21, 2016

മുള പൊട്ടാത്ത മുട്ടകൾ

പേറ്റുനൊമ്പരങ്ങൾ മറന്ന്
കാക്കയും കോഴിയും ചർച്ച തുടങ്ങി

ഇണ ചേർന്നിട്ടും മുട്ടയിടാൻ കൂടില്ലാതെ
കൊഴിഞ്ഞു വീണു പൊട്ടുന്നു മുട്ടയെന്ന് കാക്ക
ഇണയില്ലാതെ സൂചിമുനത്തുള്ളികൾ ജനിപ്പിയ്ക്കും
യാന്ത്രിക മുട്ടകൾ മുള പൊട്ടാറില്ലെന്ന് കോഴി

നിനക്ക് ചേവലിനെ തിരഞ്ഞാലെന്തെന്ന് കാക്ക
നീ റബ്ബർമരങ്ങളിൽ കൂടുകൂട്ടാത്തതെന്തെന്ന് കോഴി
നടന്നു പുറം കയറാൻ കൊടുക്കാനനുവാദമില്ലെന്ന് കോഴി
റബ്ബറിന് കരിമ്പനപ്പൊക്കം പോരെന്നും പണമണമെന്നും കാക്ക

നിനക്ക് അടയിരുന്നാലെന്തെന്ന് കാക്ക
നിന്റെ കെട്ട്യോനോട് ചുള്ളി കൂട്ടാൻ പറയാത്തതെന്തെന്ന് കോഴി
ഇട്ടമുട്ട ഒരു കൈ പെറുക്കി മാറ്റുന്നുവെന്ന് കോഴി
ചുള്ളി പൊട്ടിയ്ക്കാൻ കമ്പു വേണ്ടേയെന്ന് കാക്ക

പിന്നെ നീയെന്തിന് കൊക്കിപ്പാറുന്നുവെന്ന് കാക്ക
നീയെന്തിനാ വഴിപോക്കരെ തലയ്ക്കു മേടുന്നതെന്ന് കോഴി
മുട്ട പുറത്തു വീണാൽ അമ്മക്കോഴിയാകാനെന്ന് കോഴി
മേട്ടം കൊടുക്കാഞ്ഞാൽ എങ്ങനെ കാക്കയാകുമെന്ന് കാക്ക

എങ്കിൽ നമുക്കൊരു ഒത്തുതീർപ്പാകാമെന്ന് കാക്ക
നമുക്കൊരുമിച്ച് സമരം തുടങ്ങാമെന്ന് കോഴി

അങ്ങനെ, കാക്കയും കോഴിയും
മുട്ടയിടാ സമരം കലശലായിത്തുടങ്ങി
ഇതൊന്നും ഏശാത്ത മനുഷ്യർ
കോഴിയെ നിർത്തിപ്പൊരിച്ചു, കാക്കയെ ചുട്ടുകൊന്നു
കാക്കയിറച്ചി, കോഴിയിറച്ചി സമന്വയത്തിൽ
വീര്യമേറിയ വാറ്റുസോമയുടെ അകമ്പടിയിൽ
സമരം കാലഹരണപ്പെട്ടു

പിന്നെയും, അതിനുശേഷവും
മുളപൊട്ടാത്ത മുട്ടകൾ മാത്രം
ഒന്നിനു പിറകെ മറ്റൊന്നായി, നൂറായിരം
പുറത്തുവന്നു കൊണ്ടേയിരുന്നു, തർക്കമില്ലാതെ


ഉഗ്രസേനൻ

ഉറക്കെച്ചിരിയ്ക്കുവാനുള്ള തൻ ഇംഗിതം
ഉള്ളിലൊതുക്കി ഉഗ്രസേനൻ
ഉത്തരീയം കൊണ്ടുതൻ ഉത്തമാംഗത്തെ
ഉരുകും മനത്താൽ മറച്ചു മൂടി

നെഞ്ഞെരിഞ്ഞു ഞരമ്പുകൾ പൊട്ടുമ്പോൾ
വായുകോപമെന്ന് പുറംപറച്ചിൽ
കിട്ടുന്നതെല്ലാം തിന്നരുതത്രേ
കിട്ടാതെ തിന്നാൻ പറ്റുമെന്നോ?

ഇടതു തുടിയ്ക്കുന്നു, കണ്ണു മലയ്ക്കുന്നു
ഹൃത്തടം നൊന്ത് വിയർത്തിടുന്നു
ഇന്നു വരേയ്ക്കും ആശിച്ച നേരമിങ്ങ-
ടുത്തു വരികയോ? സന്തോഷമായ്

വരുമോ തൻ കണ്ണൻ ഇന്നെങ്കിലുമൊന്ന്
സ്വപ്ന പീയൂഷ പാനം ചെയ്തു
ഇക്കാരാഗൃഹത്തിന്റെ വാതിൽ തുറന്നവൻ
ഇന്നീ കെട്ടുകൾ പൊട്ടിച്ചിടും

നിറയുന്ന കണ്ണുകൾക്കുള്ളിൽ ചിതറുന്നു
മേശപ്പുറത്തു തൻ തനയ ചിത്രം
എത്രമേൽ കൊഞ്ചിച്ചൂട്ടി വളർത്തി
ഇന്നു പുറത്തു നീ കാറിടുന്നു

ഒറ്റയാൻ പൊറുതി നിർത്തുവാനായി
പാർപ്പിച്ചതെന്നെയീ മന്ദിരത്തിൽ
അന്നു നിന്നുള്ളിലെ ചിത്തമെന്തെന്ന്
ഒന്നുമേ താതനറിഞ്ഞീല

ശീതീകരിച്ച മുറിയൊന്നൊരുക്കി നീ
പളപളപ്പുള്ള മെത്തയോടെ
ഒന്നിനുമൊന്നും പുറത്തിറങ്ങേണ്ട
തീറ്റയുറക്കങ്ങൾ മാത്രമായി

അടക്കം പിടിച്ച ആവലാതി കേട്ടും
മുഷിഞ്ഞ ശബ്ദത്തിൽ ഒച്ച കേട്ടും
ഒടുക്കം എഴുതി തീറായി സർവ്വവും
എന്തധികം ഞാൻ ബാദ്ധ്യതയായ്

വൈദ്യുതിയോട്ടം നിലച്ചു, പിന്നെപ്പയ്യേ
ചെയ്യുന്നതെല്ലാം കുറ്റമായി
വക്കുപൊട്ടിപ്പോയ പിഞ്ഞാണമൊന്നിൽ
വാതിൽപ്പുറത്തു നീ തീറ്റ വെച്ചു

ബന്ധിച്ചു നീ പിന്നെ വാതിൽക്കൊളുത്തിനാൽ
സൗമ്യനല്ലോ നീ പുറം ലോകത്തിൽ
മക്കൾ നടുവിൽ ഞാൻ ആരുമില്ലാതെ
ബന്ധനസ്ഥൻ നിശ്ശബ്ദനായ്

കൃഷ്ണകഥകൾ കേട്ടു വളർന്ന നീ
കംസചരിതം നിറഞ്ഞാടുന്നു
കണ്ണന്റെ പീലിത്തലോടി ഞാൻ വേഗം
വൈകുണ്ഠമാർഗ്ഗം എത്തിടട്ടെ