Tuesday, July 29, 2014

തോൽവി

ഞാനിന്ന് തോറ്റുപോയി
കാത്തു കാത്തിരുന്ന തോൽവി
ഇത്തിരി വൈകിയാണെങ്കിലും
കാലപുരുഷന്റെ സ്വാഭാവിക നീതി

ഇവിടെ കയ്പുനീരില്ല, കറ വീണ പാടുകൾ
കാട്ടപ്പ കയറി കാടായ മനസ്സ്
ഭാരമന്തിൽ പുതഞ്ഞ കനത്ത കാലുകൾ
അടുക്കളക്കുഷ്ഠം പിടിച്ച ചുളിഞ്ഞ വിരലുകൾ
പുകയില പകുത്തെടുക്കുന്ന ശ്വാസകോശങ്ങൾ
ജരാനരകൾ ഏശാത്ത കഷണ്ടിത്തല
ദോഷദുർഗന്ധം മണത്തെടുക്കാനാകാത്ത പടുനാസിക
നരച്ച മാറും കൊഴിയുന്ന രോമങ്ങളും

ആസന്നമായ തോൽവിയെക്കാക്കാൻ
ഇതിലെന്തിനായിരുന്നു മറ്റു ചേരുവകൾ?

എങ്കിലും, തോറ്റപ്പോൾ മൃഷ്ടാന്നമായിരുന്നു
പരിഹാസശബളമായ അകമ്പടിയുണ്ടായിരുന്നു
ശകാരവർഷങ്ങളുടെ മേളക്കൊഴുപ്പുണ്ടായിരുന്നു
തോൽവിയും ഒരാഘോഷമാണല്ലോ?

തോൽവിയിൽ ജയം നേടിയ എനിയ്ക്കിനി
നീളെ നീളെ ആർപ്പോടെ വരവേൽപ്പൊരുക്കുക
ശീർഷപാദങ്ങളെത്തുന്ന കുറ്റമാല അണിയിക്കുക
നാടൊഴിഞ്ഞു പോകാനായ് കഴുതപ്പുറം ഒരുക്കുക

ബന്ധനങ്ങളറുത്ത് നീങ്ങട്ടെ ഞാൻ
തിരിഞ്ഞൊന്നു നോക്കാതെ പോകട്ടെ ഞാൻ
ഇനിയെങ്ങാനും പിൻവിളികൾ കേട്ടാലോ?
ഒരു ഞൊടി നിന്നാൽ നിറമിഴികൾ കവിഞ്ഞാലോ?


അഭിനവ രത്നാകരൻ

ജീവിതത്തിൻ രാത്രിവെളിച്ചത്തിൽ
അവമതിപ്പിൻ പൊന്തയിൽ ഒളിച്ചിരിയ്ക്കാം
ഇല്ലായ്മ തൻ ഊനു മാന്തി മാന്തി പുണ്ണാക്കാം
അഭിനവ രത്നാകരനായ് അരിയിടാം

ഉള്ളു പൊള്ളിത്തുടുക്കുക മണ്ണു തേയ്ക്കുക
ചെള്ളരിയ്ക്കുന്ന തൊലിയടരുകൾ നുള്ളുക
മുള്ളുപോൽ കൂർത്ത സഹമോഹങ്ങൾ വാങ്ങുക
വെള്ളിടി വെട്ടത്തിൽ ഹാ! പാപങ്ങൾ ചെയ്യുക

മഴവിൽ സ്വപ്നങ്ങളുടെ ചാരുതയേകി
അഴലൊളിപ്പിച്ചു മൂകമായ് ശാപം കൊയ്ക
നിഴൽശുദ്ധി വരുത്തി ഗുഹയ്ക്കകമേറി
പഴയ നടപ്പിന്റെ ഏടു പിച്ചി കീറുക

സ്നേഹമെന്നാൽ പണം, പണത്തെ സ്നേഹിയ്ക്കുക
വഴി പിഴച്ച ചെയ്തിയാൽ വഴി വെട്ടുക
സൗഹൃദപ്പച്ചയാൽ വാരിക്കുഴി മൂടുക
ഇരയെ വീഴ്ത്തി ദണ്ഡിച്ചു ചട്ടം കൊടുക്ക

പാപക്കറയാർന്ന പങ്കില കരങ്ങളിൽ
പുഴുവരിയ്ക്കും വ്രണങ്ങൾ പെരുത്ത നേരം
മരുന്നു പുരട്ടുവാൻ പോലുമറച്ചു പോം
പങ്കുപറ്റിച്ചീർത്ത സഹബോധമറ്റവർ

ഒന്നു ചോദിച്ചു നോക്കുക വൃഥായെങ്കിലും
പങ്കിലെ പാപത്തെ പങ്കു വെയ്ക്കട്ടെയെന്ന്
പുച്ഛമായ് ഒരു വശം കോട്ടി ഉദാസീനം
ബധിര മൂകരായ് പയ്യെ കയ്യൊഴിഞ്ഞിടും

വിഷമുള്ളു തീണ്ടിയ കാലും നിനവുമായ്
കടും നീല പായും ദേഹജ്വരാധി ചൂഴും
ഒറ്റപ്പെടുത്തലിൻ ചിതൽപ്പുറ്റു വളർന്നു
തെറ്റെന്നു മുറ്റി മെല്ലെ ജപമന്ത്രമോതാം

ശിഷ്ടലാഭങ്ങളുടെ പെരുക്കങ്ങളായി
പൊയ്പ്പോയ വർഷങ്ങൾ ചുരുൾ നിവർത്തുന്നു
വളർന്നതും വളർത്തി വലുതാക്കിയതും
ഉള്ളു കുടയായ് പിടിച്ചതും എന്തിനെന്നോ?

ഇതു കലിയുഗം, കാക്ഷിയ്ക്കാതിരിയ്ക്കുക
മോക്ഷപ്രഭുവെ, മോക്ഷത്തെ, മോചനത്തെയും
ഇല്ല സ്നാനഘട്ടങ്ങൾ പാപക്കറ മായ്ക്കാൻ

വസിയ്ക്കുക ഹീനം വാത്മീകത്തിനുള്ളിലായ്

Monday, July 7, 2014

തോട്ടുവിസ്ക്കി

തോട്ടുവക്കിലെ കൈതക്കാട്ടിൽ
സന്ധ്യ മയങ്ങിയ പാടവരമ്പിൽ
കുണ്ടനിട്ടിലിൽ കാണാപ്പൊത്തിൽ
ആളെത്താത്തൊരു കുറ്റിക്കാട്ടിൽ
ആളുകൾ കൂട്ടമൊഴിഞ്ഞൊരു മൂലയിൽ
പാത്തു പതുങ്ങി തലപൊക്കും ദ്രവ്യം

ഇവൻ നേരസ്ഥൻ, പുകളെഴും തോട്ടുവിസ്ക്കി
നിറമില്ല, മണമില്ല, പ്രഥമനാം വീര്യപ്രമാണി
പേരിന്നു വിദേശി, ഗുണത്തിൽ നാട്ടുസമ്പുഷ്ടൻ
*മർദ്ദപ്രേരിത വേവുപാത്രജൻ, അടുക്കളയല്ലോ ജന്മഗൃഹം

നെല്ലിട്ടു വാറ്റാം, പതിരു പാടില്ല തീരെ
മുന്തിരി, ബീറ്റ്റൂട്ട്,  പഴം പരമാണുക്കളിൽ
സർവ്വവ്യാപിയായ് ഒളിച്ചിരിയ്ക്കുന്നിവൻ
ലഹരി പോരെന്നാൽ തേളും തേരട്ടയും കൂട്ടാം

പെഗ്ഗളവല്ല തോത്, മില്ലിയിൽ അളന്നിടും
ഇളനീർ ചേരുവ അത്യുത്തമം സേവയ്ക്ക്
അരിഷ്ടമോടൊത്താൽ വിപ്ലവാരിഷ്ടം
മിരിൻഡയും പെപ്സിയും സെവനപ്പുമേതും പോരും

പ്ലാസ്റ്റിക്കു കൂടിൽ മൂലവെട്ടിയെന്നപര നാമം
പൂസായ് തലപൊങ്ങാതാകിൽ നാണംകുണുങ്ങി
നടവഴിയിൽ കിടന്നാലോ പിറന്നപടിക്കുഞ്ഞ്
ഇടിവെട്ടായ് തരിപ്പാകിൽ ഗുണ്ടെന്നും വിളിയ്ക്കാം

കലശത്തിന്നു കാരണവപ്രീതിയ്ക്കു കട്ടായമീ ചാർത്ത്
ഇലക്ഷൻ തലേന്നു വോട്ടർപ്രീതിയ്ക്കും ഉപകാരി
ആരോടുമൊരിത്തിരി വക്കാണം കൂടാനുമുശിരൻ
ഇങ്ങനെ പലവിധം തോട്ടുവിസ്ക്കി തൻ അപദാനങ്ങൾ

തൊട്ടു നക്കാനൊരിത്തിരി അച്ചാർ വേണം
പുഴുങ്ങിയ മുട്ടയോ കൊത്തിപ്പൊരിയോ കേമം
മുളകിട്ട മീനോ കുരുമുളകിൽ വെന്ത കോഴിയോ കെങ്കേമം
എന്തു ‘തേങ്ങ’യായാലും കുടിയ്ക്കണം, കസറണം


          *പ്രഷർകുക്കർ