ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 20, ബുധനാഴ്‌ച

ഉണ്ടെന്നും ഇല്ലെന്നും

നിനക്കെല്ലാമുണ്ടായിട്ടും
ഒന്നും ഇല്ലെന്ന തോന്നൽ മാത്രം
എങ്ങനെ വന്നു?

നോക്കൂ,
എനിയ്ക്കൊന്നുമില്ലെങ്കിലും
ഇല്ലായ്മയില്ലെന്ന തോന്നൽ നിറയെ

വടിച്ചു മോന്തിയ പിഞ്ഞാണത്തിൽ
ബാക്കി വരാത്ത അന്നത്തെയോർത്ത്
നീ ദിനാന്ത്യം വരെ വേവലാതിപ്പെട്ടു

ഒഴിഞ്ഞ വക്കു പൊട്ടിയ പാത്രത്തിൽ
ഒരു കയിൽ നിറയെ കഞ്ഞിവെള്ളം
പാർന്നു കിട്ടിയേയ്ക്കാമെന്നു സന്തോഷിച്ചു ഞാൻ

അത്യുഷ്ണത്തെ ശീതീകരിച്ച മുരൾപ്പാട്ട്
നിൻ നിദ്രയെത്തഴുകിയിട്ടും
ലഹരിയുടെ വേഴ്ച നിന്നെ അലോസരപ്പെടുത്തി

ഉരുകിയൊലിയ്ക്കുന്ന വിയർപ്പിൻ തുള്ളികൾ
നീർച്ചാലുകൾ തീർത്ത്, വറ്റിയ കിണറിലെ വെള്ളമായ്
എന്റെ ഇന്നത്തെ സ്നാനമാകുന്നത് ഞാനറിഞ്ഞു

കാശു തുപ്പിക്കളിച്ച് വെറുക്കാതെ യന്ത്രങ്ങൾ
നിന്റെ സുഗന്ധമണിഞ്ഞ വരവും കാത്ത്
വഴിയോരങ്ങളിൽ കാത്തു കിടന്നു

ഒട്ടിയ വയറുകൾ, ചേപ്രത്തലകൾ;
പകലന്തി നേരത്തെ ആട്ടിനും തുപ്പിനും ശേഷം
എന്റെ മുഷിഞ്ഞ പണക്കീറുകൾക്കായി കാത്തു

എന്നിട്ടും നീ തർക്കിച്ചു ജയിയ്ക്കുന്നു
നിനക്കൊന്നുമില്ലെന്ന്
എനിയ്ക്കൊന്നുമില്ലായ്മയില്ലെന്ന്


2016, ഏപ്രിൽ 14, വ്യാഴാഴ്‌ച

അമ്മക്കൊഞ്ചൽ

ആർദ്രമാം മൗനത്തിന്റെ മണിച്ചെപ്പു തുറന്നെത്തി
സാന്ദ്രമാം സ്നേഹത്തിന്റെ മണിമുത്തായി നീയും
കണ്ണുനീർപ്പൈതലേ കൺതുറക്കാതെയോ നീ
തേങ്ങുന്നതെന്തേ നിന്നമ്മ ഞാനടുത്തില്ലേ?
എന്തിന്നു കണ്ണേ  വെറുതേ നീ വിങ്ങുന്നു?
മന്ദാരച്ചോട്ടിൽ നമുക്കു മണ്ണപ്പമുണ്ടാക്കേണ്ടേ?
കൺതുറക്കുന്ന നിൻ കിളിക്കൊഞ്ചൽ കേട്ടെ-
നിയ്ക്കിന്നുമീ പ്രഭാതത്തിന്നഴൽ നീക്കീടണം
ആരു നിൻ നിദ്രയെപ്പിടിച്ചുലച്ചീടുന്നു
ഇന്നലെക്കേട്ടുറങ്ങിയ കഥയിലെ ഭൂതത്താനോ?
അതല്ല,യിന്നെലെയമ്മ തൻ കളിപറച്ചിലിൽ-
പ്പറഞ്ഞു പേടിപ്പിച്ചയമ്മ തൻ “റ്റാറ്റാ” പോക്കോ
അതുമല്ലെങ്കിൽ, നിൻ ചേച്ചി കളിയ്ക്കാൻ വരില്ലെ-
ന്നാഞ്ഞു നിൻ വാശിയെക്കൂട്ടുവാനോങ്ങിയതോ
എന്തിനെന്നാലും കുഞ്ഞേ നീ ചിണുങ്ങാതെ
അമ്മ കരുതിയിട്ടുണ്ടു മണിമുത്തം തെരുതെരെ
നീ ചിരിച്ചാലേ എൻ ലോകവും ചിരിയ്ക്കയുള്ളൂ
നീ മൊഴിഞ്ഞാലേ മണികിലുക്കവും കേൾപ്പാനാകൂ
തുയിലും കൊട്ടിപ്പാടി നിന്നെ ഞാനുണർത്തീടും

ഈയമ്മ തൻ പേറ്റുനോവിൻ ആറ്റിക്കുറുക്കല്ലേ മുത്തേ നീ

2016, ഏപ്രിൽ 13, ബുധനാഴ്‌ച

വിഷുപ്പക്ഷി

പറന്നു പറന്നു മടുത്തിനി വയ്യ
ചിറകുകൾ കോതിയിരിയ്ക്കേണമിത്തിരി
നാളെയാണു വിഷുപ്പുലരി, കണിയുമാ,-
യതിൻ മുമ്പേയൊരു പാടത്തിൻ വക്കെത്തണം
പാടണം, ഗദ്ഗദമില്ലാതെ ഒരു വട്ടമെങ്കിലും
കളകണ്ഠം “വിത്തും കൈക്കോട്ടും”

ഞാനൊരു വിഷുപ്പക്ഷി, തിരയുന്നു നാളേ-
റെയായൊരു വിത കാക്കും വയൽ
എവിടെയും പുൽക്കാടുകൾ, ഉണങ്ങിയ മൺപാറൽ
എങ്ങുമേയില്ല വിത തൻ ലാഞ്ചന തരിമ്പു പോലും
നിറയെ പാഷാണസസ്യങ്ങളാണെങ്ങും,
വാർപ്പിൻ വനങ്ങൾ, പാഴ്മരങ്ങൾ, പാഴായ ജന്മങ്ങളും

ഞാനോർക്കുന്നു മേടമാസപ്പുലരികളെ
ഉഴവുകാക്കും നവോഢപോൽ തുടുത്ത പാടങ്ങളെ
ഊർച്ച മരം നാന്നു നടക്കും കന്നുകൾ
വിഷുച്ചാൽ മുഹൂർത്തങ്ങൾ, ചുട്ടയപ്പവും, അടയും
സന്തോഷാതിരേകത്താൽ പൊട്ടും ഓലപ്പടക്കങ്ങളും
ചുണ്ടിലൊരു മൂളിപ്പാട്ടിൻ ചൂളം കുത്തും കൃഷീവലയരും

കാലമേറെയായ് ഞാനീ വഴിയിലൂടെ
കാതങ്ങൾ താണ്ടിപ്പറന്നടുക്കുന്നു, പാടുന്നു
ഇനി വയ്യ, വയ്യെന്നു തോന്നുന്നെനിയ്ക്ക്
ഇവിടെ മറഞ്ഞിരിയ്ക്കുവാനുമില്ല ചില്ലകൾ
ഇനിയുമൊരു വിഷുക്കാലം ചൊല്ലിയറിയിയ്ക്കുവാൻ
ആവതില്ല, ഒരു വട്ടം കൂടി ഞാൻ പാടുന്നു
“വിത്തും കൈക്കോട്ടും,
 കള്ളൻ ചക്കേട്ടു
 കൊണ്ടേത്തിന്നോട്ടെ
 കണ്ടാ മിണ്ടണ്ട
 കണ്ടാ മിണ്ടണ്ട”


2016, ഏപ്രിൽ 5, ചൊവ്വാഴ്ച

സ്ഥാനാർത്തി

സ്ഥാനത്തിനെന്തൊരു ആർത്തിയായി?
സ്ഥാനാർത്ഥിയാകുവാൻ ആർത്തിയായി
സ്ഥാനങ്ങൾ നിസ്ഥാനമായിക്കിടയ്ക്കുന്നു
സ്ഥാനാർത്തികളെല്ലാം സ്ഥാനാർത്ഥികൾ

ഒത്തു പിടിയ്ക്കുവാൻ പണച്ചാക്കുകൾ
മത്തു പിടിപ്പിയ്ക്കാൻ പിണിയാളുകൾ
കാത്തു സൂക്ഷിയ്ക്കാൻ കാവൽപ്പട
ദത്തു കൊടുക്കുവാൻ സ്ഥാനാർത്ഥിയും

ഏറെ പതിറ്റാണ്ടു കൊടി പിടിച്ചു
തണ്ടെല്ലു പൊട്ടെ തല്ലു കിട്ടി
ബെഞ്ചിൽക്കിടന്നു, പരിവട്ടവും
ഒത്തു വന്നപ്പോൾ വായ്പ്പുണ്ണെന്ന്

അല്ലേലും എന്തിനീ ചാടുന്നെടോ?
അല്ലലറിയാത്ത കുറുക്കരില്ലേ?
അല്ലികളെല്ലാം അവർക്കുള്ളത്
അല്ലാതെ തുന്നുന്നോ കുപ്പായങ്ങൾ?

സ്ഥാനാർത്തി മൂക്കുന്നതെന്തിനെന്നോ?
“സേവനം”, “സേവനം” തന്നെ ലക്ഷ്യം
ദമ്പടി കിട്ടണം, “സേചനം” ചെയ്യണം
സ്ഥാനത്തിരുന്നു താൻ ചെയ്യ വേണം

സ്ഥാനാർത്ഥിയാകുവാൻ ചോദ്യമില്ല
അങ്ങനെ വന്നാൽ വിരുദ്ധനാകും
തണ്ടിൽക്കരേറിയ വ്യാമോഹമായ്
കുണ്ടിലേയ്ക്കയ്യോ ചവുട്ടിത്താഴ്ത്തും

അണിയണി ചേരുക, മുഷ്ടി ചുരുട്ടുക
സ്ഥാനാർത്ഥിയിങ്ങിതാ എത്തിപ്പോയി
ഹാരമണിയിയ്ക്കൂ, വെളുക്കെച്ചിരിയ്ക്കൂ

സ്ഥാനത്തിനൊന്നിനും ആർത്തി വേണ്ടാ

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

വ്യാജ ഏറ്റുമുട്ടലുകൾ

ഒരു നാൾ കൃഷിയിടത്തിൽ
വിള നശിപ്പിയ്ക്കാൻ കാട്ടുപന്നിയെത്തി
വെടിയേറ്റ് ചത്തു
ലൈസൻസുള്ള തോക്കായിട്ടും നിയമമുണ്ടായിട്ടും
“വനപാലകർ” കേസെടുത്തു

പറിച്ചെടുക്കാൻ പാകമായ
പയറും വെണ്ടയും മയിൽ കൊത്തിത്തിന്നു
വടിയെറിഞ്ഞപ്പോൾ മയിൽ വീണു ചത്തു
ദേശീയ പക്ഷിയായതിനാൽ
വീണ്ടും കോടതി വരാന്തയിൽ മാസങ്ങളോളം
വ്യാജ ഏറ്റുമുട്ടൽ തന്നെ

മുറ്റത്തുണക്കാനിട്ട പുഴുങ്ങിയ നെല്ല്
അടുത്ത വീട്ടിലെ കോഴി ചിക്കിപ്പെറുക്കി
കല്ലെടുത്തെറിഞ്ഞു
കോഴീടെ കാലു പോയി
മനുഷ്യത്തമില്ലാത്തതിന് അയല്ക്കാരൻ തെറി പറഞ്ഞു
വ്യാജ ഏറ്റുമുട്ടൽ തന്നെ വ്യംഗമായ്

വെയിലത്തു മൊരിയാനിട്ട കൊപ്ര
രണ്ടു തെണ്ടി നായ്ക്കൾ കപ്പിയെടുത്തോടി
പിന്നാലെ ചെന്നു അരിശം തീർത്തു
നായ്ക്കൾ രണ്ടും ചത്തു
അധികാരികൾ കണ്ണുരുട്ടി, തെരുവു നായ്ക്കളെ കൊല്ലരുതെന്നു നിയമം
വീണ്ടും ഒരു വ്യാജ ഏറ്റുമുട്ടൽ

അടുക്കളയിലെ അലമാരി കരണ്ട്
എലി പലചരക്ക് തിന്നു തീർത്തുകൊണ്ടേയിരുന്നു
കെണിവെച്ചു, എലി ദേഹത്യാഗം ചെയ്തു
ഇന്നലെ രാത്രി വരെ എലിയെ ശപിച്ച ഭാര്യ പറഞ്ഞു
“ദൈവകോപം കിട്ടട്ടേ നിങ്ങൾക്ക്”
അങ്ങനെ അതും ഒരു വ്യാജ ഏറ്റുമുട്ടലായി

ശല്യം ചെയ്യൽ, നശീകരണം ഇവ രണ്ടും
അടിസ്ഥാന അവകാശമാണത്രേ
ഹനിയ്ക്കരുതെന്ന് നിയമാവലി
നശിപ്പിച്ചു കഴിഞ്ഞാലല്ലേ തെളിവു കിട്ടു എന്ന് നിയമജ്ഞർ
തെളിവില്ലെങ്കിൽ വ്യാജ ഏറ്റുമുട്ടൽ തന്നെ എന്നു അഭിജ്ഞമതം

അങ്ങനെ, അങ്ങനെ,യങ്ങനെ
വ്യാജ ഏറ്റുമുട്ടലുകൾ നടത്തി നടത്തി ജീവിതം വഴിമുട്ടി


2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പങ്കു വെയ്ക്കപ്പെട്ട നിറങ്ങൾ

ഇവിടെ നിറങ്ങളോരോന്നായി
പങ്കു വെയ്ക്കപ്പെട്ടിരിയ്ക്കുന്നു

രക്ഷയും ശിക്ഷയും നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയോർ,
ഊതിക്കാച്ചി വേർതിരിയ്ക്കപ്പെട്ട ചര്യകൾ,
ഭാവനകളെ കാമനകളാക്കിയ പ്രത്യയശാസ്ത്രങ്ങൾ,
മനസ്സുകളിൽ തീകോരിയിട്ട് വസന്തം കാംക്ഷിച്ചവർ,
മണ്ണിനതിരിട്ട് വേലികെട്ടി സ്വാതന്ത്ര്യം ഘോഷിച്ചവർ,
നിയോഗത്താൽ നയിയ്ക്കാൻ വിധിയാർന്നവർ
ഇങ്ങനെ എത്രയെത്ര അവകാശികൾ?

പണ്ട്, വളരെപ്പണ്ട്,
മഴയ്ക്കപ്പുറം മഴവില്ലു പൂക്കുമ്പോൾ
ചേർന്നു നിന്നിരുന്ന ഏഴുനിറങ്ങൾക്കും
എന്തൊരാഭയായിരുന്നു?

ഇന്നിപ്പോൾ,
തല താഴ്ത്തിക്കെട്ടിയതു കാരണം
ആകാശം കാണുന്നേയില്ല;
മഴവില്ലും.
മണ്ണിറങ്ങുന്ന മഴവില്ലാകട്ടെ
ഓരോ നിറവും, ഒറ്റയ്ക്ക്,
പല പല വിസർജ്ജ്യ വിഷങ്ങളാൽ മലിനമാക്കപ്പെട്ട
അഗാധ ഗർത്തങ്ങളിൽ വിലയം പ്രാപിയ്ക്കുന്നു.

ഒരു നിറവും സ്വതന്ത്രമല്ലാതായിരിയ്ക്കുന്നു
നിറങ്ങൾ നിർബ്ബന്ധമായിരിയ്ക്കുന്നു
നിറങ്ങൾ അടിച്ചേല്പിയ്ക്കപ്പെട്ടവർ അടിമകൾ,
അവർ  കബന്ധങ്ങൾ
അവർ ഉദരസ്ഥാനികളായ ദുർവക്ത്രങ്ങൾ കൊണ്ട്
ഇരയെ വിഴുങ്ങുന്നു; ശമിയ്ക്കുന്നില്ല ദാഹം

തടവിലാക്കപ്പെട്ട നിറങ്ങൾക്ക്
വിലങ്ങുകളുണ്ട്; വിലക്കുകളുണ്ട്
പെരുമാറ്റച്ചട്ടവും, ചാട്ടവാറടിയും വെടിയുണ്ടയും

കബന്ധങ്ങളാണെങ്കിലോ
കാടു കെട്ട കാട്ടിൽ ഗ്രഹണി പിടിച്ച്
സ്വന്തം നിറങ്ങളല്ലാത്തതു മുഴുവ തിന്നു മുടിയ്ക്കുന്നു
തീരുമ്പോൾ, സ്വന്തം നിറങ്ങളെ വേട്ടയാടുന്നു

ഇതൊക്കെയാണെങ്കിലും,
കബന്ധങ്ങൾ കാത്തു കാത്തിരിപ്പാണ്
പെരുമിന്നലിനായ്,
ഇടിമുഴക്കത്തിനായ്,
ഒരു പെരുമഴയ്ക്കായി,
മഴയ്ക്കുശേഷമുദിയ്ക്കുന്ന മാരിവില്ലിനായ്
നിറങ്ങളൊന്നു ചേർന്നിരിയ്ക്കുന്ന നിറവെട്ടത്തിനായി

എന്നിട്ടു വേണം തല കഴുത്തിലേറ്റാൻ
ആകാശം തലയുയർത്തിയൊന്നു നോക്കാൻ


ഒരു തിരുത്തൽ വാദം

തെറ്റുകൾ പറയാൻ, തിരുത്താനുമായി-
ട്ടെന്തിനിത്ര തെറ്റുകൾ ചെയ്യുന്നിതയ്യോ?
തെറ്റെന്നു തെറ്റിപ്പിരിഞ്ഞുകൊണ്ടല്ലോ
തീറ്റിയടുക്കുന്നു തെറ്റുകൾ കൂട്ടമായ്

ചാട്ടുളി പോലെ ഉന്നം പിഴയ്ക്കാതെ
കാട്ടാളവേഷമെടുത്തു പോർ വിളിയ്ക്കുന്നു
പെട്ടുപോയെങ്കിലും ചെയ്യാതെ വയ്യ
മുട്ടുകാൽ തല്ലിയൊടിയ്ക്കുന്നു തെറ്റുകൾ

വെട്ടിയും കുത്തിയും തീർക്കുന്ന തെറ്റുകൾ
ശരിയായ്ച്ചമയുന്നു വേട്ടക്കാരിൽ
തങ്ങളിൽത്തങ്ങളിൽ പെരുകുന്ന തെറ്റുകൾ
അങ്ങനെത്തന്നെ തിരുഞ്ഞു താൻ കൊത്തുന്നു

പക്ഷെ, ഇനിയുള്ള കാലത്ത് തെറ്റെന്നത്
ഇങ്ങനെയൊക്കെ തിരുത്തിയേയ്ക്കാം

വിശക്കുന്നത് തെറ്റ്
ദാഹിയ്ക്കുന്നത് തെറ്റ്
കരുണയിറ്റിയ്ക്കുന്നത് തെറ്റ്
കാണുന്നത് തെറ്റ്
കേൾക്കുന്നത് തെറ്റ്
കൈ കൂപ്പുന്നത് തെറ്റ്
നിവർന്നു നില്ക്കുന്നത് തെറ്റ്
ചോദ്യമുയർത്തുന്നത് തെറ്റ്
തിരുത്തുവാനോങ്ങുന്നത് തെറ്റ്

ഇങ്ങനെ ജീവിയ്ക്കുന്നതു തന്നെ തെറ്റ്