Saturday, March 29, 2014

രോഗം

രോഗം ഒരു കുറ്റമല്ല;
അവസ്ഥാന്തരം മാത്രം.

രാത്രിയുടെ കൂട്ടുകാർക്ക് പകലൊരുക്കുന്ന താന്തമാം
വെയിൽച്ചൂടിൻ പടലത്തിൽ തിമരാന്ധകാ‍രമായ് മൂടി
എണ്ണവാർന്ന ഉൾവെളിച്ചത്തിൻ തിരി വിളറിയും വിറച്ചും
കൂടൊഴിയുവാൻ നേരമായെന്നുറക്കെ കാറുന്ന ദേഹം

നീറിയൊലിയ്ക്കും രോഗമൂർച്ഛ തൻ ചലം കണ്ട് ഈഷലോടെ
തീണ്ടാപ്പാടകലത്തിൽ പാളി നോക്കുന്ന വെറുപ്പരിയ്ക്കും കണ്ണുകൾ
രോഗമെന്നതൊരു കുറ്റമായ് ന്യായം ചാർത്തി പിൻവലിയുന്ന നേരം
ഇനി ആരു തുണയെന്ന് മേലോട്ടു ദൃഷ്ടിയായ് മലയ്ക്കുന്ന പതിത്വം

ഭൂമിയിൽ നരകമുണ്ടെന്നുറക്കെ ചിന്തിയ്ക്കുവാൻ മാത്രം
വറചട്ടികളൊരുക്കി കാത്തിരിയ്ക്കുന്ന മലിന പങ്കില വിശുദ്ധികൾ
തീൻമേശയ്ക്കു ചുറ്റും ആർത്തിമൂത്ത ആക്രാന്തങ്ങൾ രുചിയ്ക്കുന്നു
പുതുപുത്തനാം രോഗകൂമ്പാരങ്ങളും കുറിപ്പടികളും കൂട്ടിക്കൊടുപ്പും

ശസ്ത്രക്രിയാകാരന്മാരുടെ കത്തിമുനകൾക്കു കീഴെ വടിവോടെ
കൺമുന്നിൽ  തെളിയുന്ന അവയവഭംഗങ്ങളുടെ കാഴ്ചയിൽ
നട്ടെല്ലിൻ തലപ്പിലമർന്ന സൂചിമരുന്നിൻ അബോധബോധത്തിൽ
വേദന തിരിച്ചറിയുന്നതു വരേയ്ക്കുമാശ്വാസത്തിലമരുന്ന ചോദന

അറിയുന്നു ഞാൻ; ഒന്നു മറ്റൊന്നിൻ വിനാശമല്ലെന്നും
കുഴതെറ്റിപ്പുളയുന്ന പ്രാണന്റെ പുകിലുകളുടെ പിടച്ചിലെന്നും
സന്നിപാതങ്ങളിൽ കത്തിയമരുന്ന അന്തമില്ലാത്ത ചൂതാട്ടമെന്നും
ചുടുകട്ടകൾ ചൂളയ്ക്കടുക്കുന്ന കൌശലമിച്ഛിയ്ക്കാത്ത ചിട്ടയെന്നും

എങ്കിലും പറയട്ടെ;
രോഗം ആരുടെയും കുറ്റമല്ല;
ക്ഷണികമായ അവസ്ഥാന്തരം മാത്രം.

മറക്കണം, പൊറുക്കണം
ഋതുപ്പകർച്ചകളിലെന്നപോലെ കൺചിമ്മാതെ കൂട്ടിരിയ്ക്കണം

ദളങ്ങളായ് വിരിയുന്ന പരിമളപ്പെരുമഴകൾക്കു കാവലായ്.

Friday, March 28, 2014

അടച്ചൂട്

പേടിയാണിന്നെനിയ്ക്കൊന്നുറക്കെ കുറുകുവാൻ
അടയിരിയ്ക്കയാണു കുഞ്ഞുമുട്ടകൾക്കൂനമേ തട്ടാതെ
നനുക്കെ പതുക്കെ എൻ കൊക്കൊന്നുരുമ്മി
മനക്കൺ തുറക്കുന്ന വേഗത്തിലെൻ മക്കൾ
തോടുപൊട്ടിച്ചെൻ ചിറകിന്നടിയിൽ വരാനായ്
പടലുപിടിച്ചൊരീ കിണറിന്നകം പൂകി
പ്രാപ്പിടിയന്മാർക്കിടയൊട്ടുമേ ഏകാതെ,
വാപിളർന്നും നാക്കു ചുഴറ്റിയും മുകുളജീവൻ
പാപചിന്തയില്ലാതെ വിഴുങ്ങുന്ന കണ്ണുവെട്ടിച്ചും
വെളുപ്പിനും മുമ്പേ പോയൊരെൻ പ്രിയതമനെക്കാത്ത്

അമ്മക്കിളിയായിരിയ്ക്കുന്നു ഞാൻ ഗർവ്വമായ്

Monday, March 3, 2014

ഹൃദയരേഖകൾ

ജന്മനക്ഷത്രം മുനിഞ്ഞു മായുന്ന കലണ്ടറിൻ താളിൽ
ചൂണ്ടാണിവിരലിന്നറ്റം കൊണ്ടൊന്നു ചുരണ്ടി മാന്തി
വിരൽനഖച്ചുരുളിന്നകത്തു പുരണ്ട മഷിക്കറയൊന്നു നക്കി
കൊള്ളിമാസമെന്നെത്തുമെന്നൊന്നു നിനച്ചു നോക്കി

ഇനി പിഴിഞ്ഞെടുക്കുവാനില്ല ശുദ്ധമാം ഹൃദയത്തെ ഒട്ടും
ഇടയിലങ്ങിങ്ങു പൊട്ടിപ്പിരിഞ്ഞിരിയ്ക്കുന്നു രക്തവാഹിനികളും
ഇടതും വലതുമായ് ഞെങ്ങിനിവർന്നു നിലയ്ക്കാത്ത താളത്തിൽ
ഇടനെഞ്ചു കലങ്ങാതെ കാത്തതെന്തിനിക്കാലമത്രയും?

ഹൃദയത്തിൻ ചിത്രം തെളിഞ്ഞു പതിയുന്ന കല്ലുവരവീഴാത്ത കണ്ണാടി
പുസ്തകച്ചിമിഴിലൊരിലയുടെ പഞ്ജരം കണക്കു ചോരഞരമ്പുകൾ
ശോണം വെടിഞ്ഞവ, കട്ടച്ചോരയൊലൊട്ടിയവ, നീലിച്ചവ
എൻ ഹൃദയത്തിൽ പതിഞ്ഞ ചില്ലകൾ, എൻ ഹൃദയരേഖകൾ

എല്ലാം വെടിഞ്ഞേകനായ് വിടചൊല്ലുന്ന നേരത്ത് നിസ്സംഗരായ്
അവസാന മിടിപ്പിന്നും മുന്നേയീ ശാഖകൾ വാർന്നൊന്നു വറ്റണം
കച്ചപുതപ്പിയ്ക്കാനെത്തുന്ന മരണത്തിൻ ശേഷം മിടിച്ചു കൂടാ
ജനനം മുതലൊരായുസ്സു മുഴുവനും മിനക്കെടാതെ ജീവൻ ചുമന്നവ

ഇടയ്ക്കിടെ കത്തിത്തലപ്പിൽ, കൂർത്ത വാതിൽ‌പ്പിളർപ്പുകളിൽ ചതഞ്ഞും
സൂചിയാഴ്ന്നും ഇരടിമുട്ടിയും വരണ്ട സ്നേഹത്തിൽ വിണ്ടുപൊട്ടിയും
ഈച്ചയാർക്കും മുറിവായൊലിപ്പിച്ചും വെളുക്കെ ചിരിച്ചും, ചുണ്ടു കടിയ്ക്കാതെ
തെല്ലുമേ പിണങ്ങാത്ത ശപിയ്ക്കാത്ത ഉന്മാദരാകാത്ത കാരുണ്യരേഖകൾ

ഈ കലണ്ടറിൻ കീറുകൾ നാളുകൾ തള്ളി കൊഴിഞ്ഞേയ്ക്കാം, പക്ഷെ-
നിലയ്ക്കില്ല കാലം, മാസവർഷങ്ങൾ പിന്നിട്ട് ജന്മനക്ഷത്രമിനിയും വരാം
അപ്പൊഴേയ്ക്കും എൻ ഹൃദയരേഖകൾ ജീവവായുവില്ലാതെ കിതച്ചേയ്ക്കാം

നിയതാം വഴികളിൽ മുടന്തിയുമേങ്ങിയും മാപ്പിരക്കാൻ പോലും മറന്നേയ്ക്കാം