ബ്ലോഗ് ആര്‍ക്കൈവ്

2018, മാർച്ച് 15, വ്യാഴാഴ്‌ച

സുനയന

പകൽ വെളിച്ചത്തിൻ പ്രഭയിൽ
ഇരുട്ടു കത്തും കണ്ണുകൾ
ഞാൻ സുനയന; വരിയ്ക്കുന്നാളന്ധത
കൂട്ടില്ല മറ്റൊന്നും, ചൂടിരവു മാത്രം
നിഴലായാടുന്ന മരണം, സ്വച്ഛന്ദം
ഒളിയ്ക്കുന്നു, കളിയ്ക്കുന്നു, ദംശിയ്ക്കുന്നു

അറവുമാടിൻ ദൈന്യം മുറ്റുന്ന മിഴികളാ-
ലറ്റു വീഴുന്നു ദിനം തോറും ദണ്ഡിത പ്രാണർ
വാരി പിളർക്കുന്നൊരിരുമ്പു ദണ്ഡിൻ
കലി, ഗുഹ പോലുമരക്ഷിതം
മാർ പകുക്കുന്നു വാൾത്തലപ്പിൻ മൂർച്ച
ശോണം നുരയ്ക്കും വായ്ത്തടം
മാനം കവരുന്നു കൂട്ടഭോഗത്തിൽ കാമം
കുതിരുന്നു പ്രണയമണിമെത്തകൾ
കുത്തിവെയ്ക്കുന്നഗ്നി ചോരഞരമ്പിതിൽ
ദഹിയ്ക്കുന്നു മുച്ചൂടും ഊടും പാവും
മണം പേരാത്ത ലഹരിയ്ക്കായ് ചൂഴുന്നു കണ്ണുകൾ
വിടരുന്നൂ മസ്തിഷ്ക്കപ്രക്ഷാളനം

വിടർന്ന കണ്ണാൽക്കണ്ടതിത്രയും കാഴ്ചകൾ,
കാഴ്ചയ്ക്കിത്രയും ശാപദൃക്കെന്നോ?
കുഞ്ഞുനാളിലേയെൻ തലച്ചോറിതിൽപ്പതിയ്ക്കും
ചിത്രങ്ങളെത്രയും വ്യക്തം, ശപ്തം

കേട്ടപുരാണത്തിൻ പാതി ഞാനെടുക്കുന്നൂ,
വരിയ്ക്കുന്നാളന്ധത; വരണമാല്യം ചാർത്താതെ
ഞാൻ സുനയന;യെങ്കിലും കാണേണ്ട-
യിനിയെനിയ്ക്കൊന്നുമീക്കല്മഷം

2018, മാർച്ച് 7, ബുധനാഴ്‌ച

നാട്ടിലാടുന്ന നഗ്നതകൾ


തുണിയുടുക്കുന്ന രാജ്യത്തെ
തുണിയുടുക്കാത്ത രാജാവിന്റെ കഥ
പണ്ടത്തെ പാഠപുസ്തകം ചൊല്ലിത്തന്നു
പള്ളിക്കൂടങ്ങളിൽ ഗുണപാഠം ചൊല്ലിക്കേൾപ്പിച്ചു
ഇന്നായിരുന്നെങ്കിൽ സചിത്രപാഠം ചോദിച്ചേനെ

ഇന്നും ഇപ്പോഴും നാടുവാഴുന്നവർ
പലപ്പോഴും തുണിയുടുക്കുവാൻ മറക്കുന്നു
വിജൃംഭിച്ച നഗ്നത പൊതുമദ്ധ്യത്തിലെത്തുന്നു
പൊതുജനം കണ്ടുരസിയ്ക്കുന്നു
സ്വയം തുണിയുരിഞ്ഞു കാട്ടുന്നു
ആത്മരതിയിൽ മുങ്ങി രസിയ്ക്കുന്നു
തുന്നൽക്കാർ നഗ്നത തുന്നി സംപ്രീതരാകുന്നു

പണ്ടത്തെ കഥയിൽ ഒരു കൊച്ചുബാലനുണ്ടായിരുന്നു
അവൻ ചൂണ്ടിക്കാണിച്ചത്രേ രാജാവിന്റെ തുണിയില്ലായ്മ
ഇന്നിപ്പോൾ ബാലകരില്ല്ലാതായിരിയ്ക്കുന്നു
ബാല്യങ്ങൾ നൈപുണ്യങ്ങൾക്കു വഴിമാറിയിരിയ്ക്കുന്നു.
ഗർജ്ജിയ്ക്കുന്ന കളിക്കോപ്പുകളും
അണിയിച്ചൊരുക്കാനുള്ള സൗന്ദര്യവർദ്ധകങ്ങളും
അഭിനയിച്ചു തിമിർക്കാനുള്ള കപടഭാവങ്ങളുമായി,
ബാല്യങ്ങളുടെ വിരലുകൾ ദക്ഷിണയായ് മുറിച്ചെടുക്കപ്പെട്ടിരിയ്ക്കുന്നു
        ബാക്കിയായവരുടെ ചോര വറ്റി വിരലുകളറ്റു പോയിരിയ്ക്കുന്നു
          
        അല്ലെങ്കിലും, ആരും തുണിയുടുക്കാത്ത ലോകത്തിൽ
        ഉടുക്കുന്നതെന്തിന്?
        തടുക്കുന്നതെന്തിന്?
        “ലോകാ സമസ്താ സുഖിനോ ഭവന്തുഃ”