Thursday, July 18, 2013

അദിതി

അദിതി ഉറക്കമായ് നിത്യം,ഉണ്മയെ പുൽകിക്കൊണ്ട്
പിളർന്ന നെറ്റിമേലൊരുമ്മ തൻ നനവു പോലുമേ പറ്റാതെ

പൈതലേ, പാതിയടഞ്ഞ നിൻ കണ്ണുകൾ
പലവട്ടം തിരഞ്ഞുവോ മാതൃബിംബങ്ങളെ?
തളർന്ന കണ്ണീരിൽ കുതിർന്ന നിറകൺപീലികൾ
കൊതിച്ചുവോ തലോടൽ കൊഴിയുന്നതിൻ മുമ്പായ്
നിൻപേറ്റുനോവേറ്റു വാങ്ങിയ പ്രാണ-
നുടച്ചു കളഞ്ഞെന്നോ നിന്റെ ജനകന്റെ ദ്വേഷങ്ങൾ?
ഗായത്രി ചൊല്ലിത്തുറക്കുന്ന ബ്രാഹ്മമുഹൂർത്തങ്ങളിൽ
ക്രൂരമാം വെറുപ്പിൻ വിഴുപ്പലക്കിച്ചുവെന്നോ നിന്നെ?
കുപ്പിവള കുണുങ്ങിച്ചിരിയ്ക്കേണ്ട കൈത്തണ്ടയിൽ
കരുവാളിച്ചു കിടക്കുന്നുവോ മുറിപ്പട്ടികത്തുണ്ട്?
ശിക്ഷയിൽ ചകിതയായ് കിടക്കയിലിറ്റിയ ഉപ്പുനീർ
നിഷ്ക്കരുണം കുറ്റം ചാർത്തിച്ചുട്ടുനീറ്റിച്ചുവെന്നോ നിന്നെ?
കുളിരിളം നിദ്രയുടെ തൂവൽ സ്പർശമേല്ക്കാതെ മേലാകെ
തണർത്തു കിടക്കുന്നുവോ ചകിരിനാരിൻ പിരിവുകൾ?
വിശക്കുന്ന കുഞ്ഞുവയറിന്നു പട്ടിണിക്കോലം കെട്ടി-
ക്കത്തിച്ചു പൊള്ളിച്ചുവെന്നോ ചട്ടുകം പഴുപ്പിച്ച്?

ഒടുവിലൊരിറ്റു ജീവൻ ബാക്കിയായ്, അനാഥയായ്
നീ ഞരങ്ങുമ്പോൾ, അദിതീ, തിരക്കുന്നു ഞങ്ങൾ
ആരു നീ? ആരു നിൻ കാവലാളുകൾ?
ആട്ടിയിറക്കപ്പെടുന്നു ഞങ്ങൾ, കാവൽനായ്ക്കൾ പല്ലിളിയ്ക്കുന്നു
തിരയുന്നു ഞങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ,നിഘണ്ടുക്കൾ
നാനാർത്ഥഭാവങ്ങൾ ചൊല്ലുന്ന നിൻ നാമം ശൌര്യത്തോടെ

അദിതീ, നീയത്രേ മുപ്പത്തിമുക്കോടി ദേവർക്കു-
മമ്മ, വിശ്വമാതാ,വെന്നിട്ടുമെന്തീ ദുർവ്വിധി?
നീ തന്നെ ദക്ഷപുത്രി, പിതാവിൻ ധാർഷ്ട്യത്തിൻ
ഹുങ്കാരത്തിനെരിതീയിലെരിഞ്ഞവൾ
ധരയെ, നീലാകാശത്തെ, വെൺമേഘക്കീറുകളെ
ചിമിഴുകൾക്കപ്പുറം, സഹനത്തിൽ സീമകൾക്കപ്പുറം
ചൂഴ്ന്നുനില്ക്കുന്ന തമസ്സിൻ പാഴ്ത്രസിപ്പുകളിൽ
ശുഭ്രശോഭയായ്, ആദിയുമന്തവുമില്ലാതെ നില്ക്കുന്ന സർവ്വംസഹയും നീ

മഴനിലാവുപോൽ ഇടയ്ക്കിടയ്ക്കെത്തും മതിവെളിച്ചത്തിൽ
അഴൽ പൊതിഞ്ഞ നിൻ മേനി വിറച്ചു തുള്ളുമ്പൊഴും
പഴകിയ പഴന്തുണിക്കെട്ടുമായ് കാത്തു നില്ക്കുന്നു ഞങ്ങൾ
ഇഴചേർത്തു കെട്ടി,യൊരു പഴംകഥ മെനയുവാൻ
അക്കഥ,യൊരായിരം നാവുകളേറ്റു പാടി,യാ-
ത്തീക്കാറ്റിൽ തെരുവുകൾ പൊരിഞ്ഞു കത്തി
അർദ്ധപ്രാണയായ് നിൻ പിഞ്ചുകൈകൾ പരതിയപ്പൊഴും
നിഷ്ഫലം, പിന്നെ പതുക്കെ വാർന്നുപോയ് ജീവശ്വാസവും രക്തരേണുക്കളും
ആശുപത്രിവരാന്തയിൽ കുതിച്ചെത്തിയ ഞങ്ങളോ, ഇപ്പോൾത്തന്നെ
ബാലപീഡനങ്ങളെക്കുറിച്ചൊരു തുടർപരമ്പര തുടങ്ങട്ടെ.