ബ്ലോഗ് ആര്‍ക്കൈവ്

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പുതുലോകത്തിന്റെ പത്തു കല്പനകൾ

സ്വയമൊരു ചുറ്റുമതിലായ്ച്ചകയുക;
മതിലുകൾക്കുള്ളിലെ കാഴ്ച മറയ്ക്കുക

ഭിത്തികൾ, മേൽക്കൂരകൾ കനപ്പിയ്ക്കുക;
കാറ്റും വെളിച്ചവും അകത്തു വരരുത്

മുറികൾ, മുറിയ്ക്കകം ശൗചാലയം പണിയുക;
ഭോജനം, വിസർജ്ജനം; മുറി മാറരുത്

സമഷ്ടിയെ അന്യൂനം വെറുക്കുക;
സൃഷ്ടിയായ് ദർപ്പണബിംബം മാത്രം

അന്യന്റെ ചട്ടി മാന്തി അന്നമെടുക്കുക;
അനന്യമാം നിർവൃതി ഘോഷിയ്ക്കുക

പറയുക, കൈകൊടുക്കുക, പ്രവർത്തിയ്ക്കരുത്;
പ്രവൃത്തി ദോഷമായ് മാറുകയില്ലല്ലോ

കണ്ണടച്ച് ഇരുട്ടാക്കുക, ഭോഗിയ്ക്കുക;
സ്വന്തം കറുപ്പിനെ വെളുപ്പെന്നാർക്കുക

കണങ്കാൽ മൂടി പെരുവസ്ത്രം ധരിയ്ക്കുക;
ഉള്ളു പൊള്ളയാണെന്നറിയിയ്ക്കരുത്

കാൽപ്പണം ദോഷം മാറാൻ കാണിയ്ക്കയിടുക;
കലഹവും പാപവും ദൈവമേറ്റെടുക്കട്ടെ

ജൈവസംസർഗ്ഗം തീണ്ടാതെ ജീവിയ്ക്കുക;
മുരളിയും തുരുമ്പിച്ചും മൂക്കുമുട്ടെ യന്ത്രിയ്ക്കുക(*)


യന്ത്രിയ്ക്കുക -  യന്ത്രമായ് ജീവിയ്ക്കുക എന്നർത്ഥമാക്കുന്നു

2015, ഡിസംബർ 21, തിങ്കളാഴ്‌ച

തുള്ളിവെളിച്ചങ്ങൾ

കൂരിരുട്ടിന്റെ ലോകാശയത്തിൽ
നിഴലുകൾ ഉണ്ടാകുന്നില്ല
പ്രസരിയ്ക്കുന്ന തമസ്സിൻ പ്രതലങ്ങൾ
പ്രതിഫലിപ്പിയ്ക്കുന്നത് കറുപ്പ് മാത്രം
ഓരോ വസ്തുവും ഓരോ ജീവനും
ഇരുളിൽ മുങ്ങുന്നു, കൺമറയ്ക്കുന്നു

മിന്നും നക്ഷത്രങ്ങളുടെ വെളിച്ചങ്ങൾ
പ്രകാശവർഷങ്ങൾ ദൂരെ നിന്നും
സ്വയം കത്തിജ്ജ്വലിച്ചയയ്ക്കും ഉഗ്രപ്രകാശങ്ങൾ
കൂരിരുൾക്കാട്ടിൽ വഴികാട്ടികളാകുന്നില്ല

കൺ വെളിച്ചം പോലും കെട്ട ചേതസ്സുകൾ
സ്മൃതിനാശത്തിന്റെ വിറയലിൽ
നിദ്രയും സ്വപ്നവും നഷ്ടപ്പെട്ട്
ചുരുണ്ടുകൂടി പരസ്പരം ആർത്തി തീർക്കുന്നു

ഒരു തുള്ളി വെളിച്ചത്തിൻ ഘനബാഷ്പം;
ഒരു ചെറുകിരണത്തിൻ കണിക;
ബഹുവാക്കല്ലാത്ത നോട്ടം, സ്പർശം;
അഷ്ടദിക്കുകളിലെവിടെ ഉരുൾകൂടും?

ഇവിടെ, കുഞ്ഞുമെഴുതിരിവെട്ടങ്ങൾ ഇറ്റിറ്റ്
മിന്നാമിനുങ്ങുകൾ ഇണതേടി പൂത്ത്
നിശാചരികളുടെ മാർജ്ജാരക്കണ്ണുകൾ വെട്ടിച്ച്
വഴിവെട്ടങ്ങളാകാൻ കൊതിയ്ക്കുന്നു

അധികമായന്ധകാരം പരക്കുമ്പോൾ
നിശാചർമ്മം ഭേദിയ്ക്കുവാൻ വരും
ദ്വന്ദയുദ്ധക്കലി തെല്ലുമേ ഏശാതെ
നിശാന്തകർ, തുള്ളിവെളിച്ചങ്ങൾ

നമിയ്ക്കുന്നു നിങ്ങളെ, പരക്കുക

പംക്തി നിരകളായ്, മായട്ടെ കൂരിരുൾ

2015, ഡിസംബർ 8, ചൊവ്വാഴ്ച

മരണം

മരണം ഒരു മരീചിക;
അകലെ നിന്നു കാണുമ്പോൾ
തെളിനീരൊഴുകും ഉറവ,
വെയിലേറ്റു തിളങ്ങും പ്രവാഹം

കഠിനതയുടെ മണലാരണ്യത്തിൽ
ആശയറ്റ നഗ്നപാദങ്ങളിൽ
പച്ചയും തണലും തേടുന്ന
തപ്ത ജീവന്റെ ഏകാശ്വാസം

സപ്തവർണ്ണങ്ങളൊന്നായി
പകൽസൂര്യന്റെ പ്രഭയിൽ
വെള്ളിവെളിച്ചമായുരുകി
വരണം തഴുകുന്ന മണൽപ്പുഴ

വർണ്ണമീനുണ്ടോ? അറിയില്ല
പായൽപ്പച്ചയുണ്ടോ? അറിയില്ല
പളുങ്കുമണികളുണ്ടോ? അറിയില്ല
അറിവതൊന്നു മാത്രം; ദാഹിയ്ക്കുന്നു

മണൽക്കാറ്റൂറ്റും നിണവും നീരും
തീക്ഷ്ണതയുടെ മണൽപ്പാടങ്ങളിൽ
അണച്ചു നില്ക്കാനും കെല്പില്ലാതെ
വീണ് ആവിയായ് മാറുന്നു

എന്നിട്ടും മരുപ്പച്ച ദൂരെക്കണ്ട്
ഓരോ ചുവടും കണിശമായ്
ശ്രദ്ധാതിസമ്മർദ്ദത്താൽ വേച്ചെന്നാലും
നടന്നടുക്കുന്നു പ്രത്യാശയിൽ നീറി

എന്നാൽ, മരുപ്പച്ചയായ മരണം
തെന്നുന്നു, മാറുന്നു കയ്യകലേയ്ക്ക്
പിടി തരാത്ത പേടയെപ്പോൽ
വാലാട്ടി വിളിയ്ക്കുന്നു വിളിപ്പാടിൽ

അതെ, മരണം അനുസ്യൂതമാകുന്നു
പിള്ളക്കരച്ചിലിൽത്തുടങ്ങി ഊർദ്ധ്വൻ വരെ
ഓരോ ശ്വാസവും വലിച്ചു തീർത്ത്
ഹൃദയസ്പന്ദനങ്ങളോരോന്നും മിടിച്ച്

കാത്തു കാത്തിരിയ്ക്കാം, വരട്ടെ

തുള്ളിക്കളി മതിയാക്കി സ്വരൂപം പൂണ്ട്

2015, നവംബർ 26, വ്യാഴാഴ്‌ച

മായാസീത

മായാസീതയായെന്നുള്ളിൽ വഹ്നിമണ്ഡലത്തിൽ
മറഞ്ഞുപോയെന്റെ സ്വന്തമാം നാവും മനസ്സും
മാഞ്ഞുപോകാതെ ചിണുങ്ങിയിരിയ്ക്കുന്നെന്റെയാ
മൊഞ്ചുതേച്ചൊരുക്കിയ കപടജിഹ്വ വായിൽ

ശരമെയ്തിട്ട ഇച്ഛാഭംഗത്തിൻ പൊൻപുള്ളിമാൻ
അരക്ഷണം പോലും കാത്തു നില്ക്കാതെ വെടിഞ്ഞ,
മരണപ്പിടച്ചിലിന്നൊപ്പം തേഞ്ഞ കരച്ചിൽ
സരസമല്ലാത്തൊരശരീരിയായ് മുഴങ്ങി

സ്വപ്നസൗന്ദര്യങ്ങളിൽ ചിറകുവിരിച്ചു മൽ-
മേനിയെ പതുക്കെ തഴുകിയുണർത്തിയും
മോഹത്തിന്നുഴവുചാൽ മുഴുക്കെ പരതിയും
കൗതുകം വിടാതെ പറക്കുന്നു ഗർവ്വഛിദ്രം

സൗഭഗം വെടിഞ്ഞ സത്യകോലാഹലങ്ങളിൽ
ആഭയായ് യാതന പീഡിതരൂപം വെടിഞ്ഞ്
സീതയായ് സന്നിഭയാകുന്നു പോർമുഖങ്ങളിൽ
പതഞ്ഞു പൊന്തുന്നു നേർത്ത നൊമ്പരങ്ങളായി

കാലമൊരുപാടു മുമ്പേ, സ്വയം നെയ്തെടുത്ത
ചലമെഴും ചേലയ്ക്കുള്ളിലൊളിപ്പിച്ചു ചെമ്മേ
അലയൊടുങ്ങാത്തയെൻ മനസ്സിൻ മടിച്ചെപ്പിൽ
നാലകം പോലും കാണാത്ത മോഹത്തെ, സീത പോൽ

പിന്നെ, വാരിയും വലിച്ചും, നല്ലതും കെട്ടതും
ധനങ്ങളായ്, ഋണങ്ങളായ്, ഗതിഭ്രമങ്ങളായ്,
ഹീനനായി തുടിപ്പിന്റെ മേനിത്തിളക്കത്തിൽ
മുന കൊണ്ടു കോറിയെന്നാലും ജയിച്ചു നില്പൂ

രണാങ്കണം പിന്നിടും നേരം തിരിഞ്ഞു നോക്കി
രക്ഷിച്ചതാരെ? ശിക്ഷിച്ചതാരെ? അറിയില്ല
രക്ഷസ്സും കേറി പേ പിടിച്ചലറും ഹൃദന്തം
രമിച്ചിടാതെ ഗമിയ്ക്കും ദുരാഖ്യവൃത്താന്തം

എങ്ങു പോയെങ്ങുപോയ് വിജയതൃഷ്ണ തൻ നാളം
അഗ്നിശുദ്ധി വരുത്തേണമത്രേ വിജയത്തെ
പണ്ഡിതമതം ചൊല്ലും അലംഖ്യമാമാജ്ഞയിൽ
സീതയാം യുദ്ധകാമന നടുങ്ങാതെ തേങ്ങി

ഇത്ര നാളും കാത്തുകാത്തിരുന്നതും പോരാഞ്ഞ്
പാത്രഭേദങ്ങളൊരുമ്പെട്ടും ഗുണദോഷിച്ചും,
എത്രയും ശ്രഥനം കൊതിച്ച മൃണ്മയമോഹത്തെ,
ജൈത്രയാത്രയെ ജയിച്ചു, തോൽവി മുന്നിൽക്കണ്ടു

ഹേ! ധരണീ! മാതൃഭാവമേ പിളരുക നീ
മായാപടം നീക്കുക, എൻ സീതയെയെടുക്ക
ലോകനീതി തൻ ശാസ്ത്രങ്ങൾ കൊടികുത്തി വാഴും
നാകനരകങ്ങളെ പുച്ഛിയ്ക്ക; തോൽക്കട്ടെ ഞാൻ


2015, നവംബർ 25, ബുധനാഴ്‌ച

എന്നെ കല്ലെറിയുന്നവരോട്

ഏന്റെ വീട്ടിൽ ഞാൻ അന്യനാണ്
തികച്ചും, തികച്ചും, പേർത്തും അന്യനാകുന്നു

വഴിപോക്കനല്ല ഞാൻ
അവന്നു നടന്നു തീർക്കാൻ വഴികളുണ്ടല്ലോ;
നടന്നെത്താൻ ലക്ഷ്യമുണ്ടല്ലോ;
യാത്രകൾ നിരത്തിൽ നിന്നും നിരത്തിലേയ്ക്കല്ലോ

അഭയാർത്ഥിയുമല്ല ഞാൻ
അവന് അഭയം അഭ്യർത്ഥിയ്ക്കാമല്ലോ;
ദൈന്യം നിറച്ച ഭൂതകാലമുണ്ടല്ലോ;
ജന്മാവകാശം ചൊല്ലാൻ പരമ്പരയും

ഞാൻ വീട്ടുവേലക്കാരനല്ല;
വിരുന്നിനു വന്ന ബന്ധുവല്ല;
ചാട്ടവാറെടുക്കും മേസ്തിരിയുമല്ല;
ഇഷ്ടം നടിയ്ക്കും സൗഹൃദമല്ല;
കുഷ്ഠം പിടിച്ച ജാതീയനുമല്ല;
ഭ്രഷ്ടു കല്പിയ്ക്കും കുടുംബകലഹിയല്ല;
പിന്നെയോ, വെറുമൊരു അന്യൻ മാത്രം

സ്വത്വം നഷ്ടപ്പെട്ട ആത്മസംസ്കൃതിയുടെ
തേരിറക്കത്തിൻ കരുത്തിൽ മുറിവേറ്റ്
രാത്രിയും പകലുമെന്നില്ലാതെ വീണുറങ്ങി
ഉണർന്നെണീറ്റതു മുതൽ അന്യനായി ഞാൻ

അന്യനാകുമ്പോൾ അവകാശങ്ങളില്ല
തർക്കങ്ങളിലെ നിശ്ശബ്ദശ്രോതാവു മാത്രം
ഭൂതകാലമില്ല; അല്ലെങ്കിൽ പാരമ്പര്യവും
മരവിപ്പു കയറുന്ന അന്യഥാ ബോധമല്ലാതെ

കെറുവാക്കുകളാൽ പുറും തള്ളപ്പെട്ടവൻ
നോക്കിന്നു പോലും പരിചയമില്ലാത്തവൻ
യാചന പോലും നിഷേധിയ്ക്കപ്പെട്ടവൻ
സഹനഭ്രംശനങ്ങൾ പോലുമന്യനായവൻ

ഞാൻ അന്യനാകുന്നു, എന്നും
ഞാൻ ഒരു ഇതിവൃത്തമാകുന്നു
പുകഴ്ത്തപ്പെടാത്ത, വാഴ്ത്തപ്പെടാത്ത
അപരിചിത നോട്ടങ്ങൾ മാത്രം ഏല്ക്കും
നിർവ്വികാരമാം രക്തബന്ധങ്ങൾ ഏശാത്ത

അന്യൻ, ഇതൊരു മുഴുവൃത്തം തന്നെ

2015, നവംബർ 24, ചൊവ്വാഴ്ച

സ്നേഹവ്യാപാരം

പളുങ്കു ഭരണികൾ, വർണ്ണഗോലികൾ
നാവലിയിയ്ക്കും നാരങ്ങാമിഠായികൾ
കണ്ണഞ്ചിയ്ക്കും നിറസഞ്ചയങ്ങൾ
കാത്തിരിയ്ക്കും കുറുക്കൻ കണ്ണുകൾ

നോക്കി വെള്ളമിറക്കും നക്ഷത്രക്കുഞ്ഞുങ്ങൾ
അബദ്ധം വെളുപ്പിച്ച മാതാക്കൾ, പിതാക്കൾ
കുടുകുടെ ചിരിയ്ക്കും അവകാശദല്ലാളന്മാർ
സ്വർണ്ണനൂലെന്നു തോന്നിയ്ക്കും വീശുവലകൾ

ചുരണ്ടുവാൻ നഗ്നരാം ഫോണുകൾ
കരണ്ടുവാൻ കന്മഷ മാത്സര്യങ്ങൾ
മധുരപാനീയത്തിൻ ചവർപ്പുകൾ, മയക്കങ്ങൾ
കാമാതിരേകം ചമയ്ക്കും ആഹ്വാനങ്ങൾ

എവിടെയും പരസ്യപ്പലകകൾ പലതരം
എല്ലാമൊരേ വൃത്താന്തം, “സ്നേഹം”
സ്നേഹമൊരു വ്യാപാരം, വില്പനച്ചരക്ക്
കിതപ്പുകൾ, ഏമ്പക്കങ്ങൾ, സ്നേഹമൃഷ്ടാന്നം

നാടകാന്തം; കണ്ണീർക്കുടങ്ങൾ, ശവങ്ങൾ
തലവഴി മൂടിയും വിലങ്ങുകളണിഞ്ഞും
ജനാരവത്തിൻ ക്രൂരമാം വിനോദത്തിൽ

കാലയതി പോക്കുവാൻ വിധിയെഴും പേക്കോലങ്ങൾ

ചുംബനം


നമുക്കോഷ്ഠോധരങ്ങൾ പങ്കിടാം
മിഴിയിണകൾ പാതി കൂപ്പിടാം
ഇരുമെയ് പകുത്ത് ചേർന്നിടാം
പരിസരം മറന്നൊന്ന് ചുംബിയ്ക്കാം

പകലന്തി തൻ വിയർപ്പിറ്റും ചൂരിൽ
ലോപമെന്യേ സ്രവിയ്ക്കും ഉമിനീരിൻ ചൂടിൽ
ഉയർന്നുയരും ഉച്ഛ്വാസ നിശ്വാസ വേഗത്തിൽ
പ്രജ്ഞയും മജ്ജയും പരസ്പരം കൈമാറാം

ഇതൊരാത്മനിഷ്ഠമാം ബന്ധത്തിൻ ചിന്മുദ്ര
ദേഹവും ദേഹിയും ഒന്നാകും ഉത്സവം
ഹർഷപുളകങ്ങൾ ഉരുൾകൂടും യാമാരംഭം
മനോവാഞ്ചയായൊഴുകും മൃദുല വികാരം

ചുണ്ടുകൾ കോർത്തും ഉൾഭക്ഷിച്ചും
ദേഹാർത്തി ചോരാതെ സൂക്ഷിച്ചും
നിവസിയ്ക്കുന്ന ലോകത്തെ മറക്കാം
ദൈന്യത്തെ, അഷ്ടി ദുഃഖങ്ങളെ മറയ്ക്കാം

അമർഷങ്ങൾ, ഘർഷണ ബലാബലങ്ങൾ
ക്ലേശങ്ങൾ, ഘോഷാരവങ്ങൾ
ക്ലിപ്ത ദാമ്പത്യ സമശീർഷകങ്ങൾ
ഒക്കെയും ഒരുൾശ്വാസത്തിലൊതുക്കാം

നിലയ്ക്കാത്ത ജീവന്റെ ജീവനിൽ
നിലയ്ക്കുന്ന കാലമാകുന്നു നാം
അടർത്തുവാനാകാത്ത പേടകക്കൂടിൽ
ജാലകമടയ്ക്കും ചുംബിതാക്കൾ നാം

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വീടായ ഞാൻ


ഞാനിന്നുമൊരു വീടു തന്നെ;
പേരിന്നു മാത്രം.

സൂക്ഷിച്ചു നോക്കുക നിങ്ങൾ
എൻ പുറംഭിത്തിയിലിപ്പൊഴും
മായാതെ പതിഞ്ഞു കിടപ്പുണ്ട് മങ്ങി
പഴയതെങ്കിലും പെരുമയുടെ പഴംപുരാണം;
എന്റെ പേർ, എന്നിലെ തറവാട്ടു മഹിമ
കല്ലൻ മൂപ്പന്റെ കൊത്തുളി വടിവിൽ

ഉണ്ടായിരുന്നിവിടെ, പൊറുത്തിരുന്നിവിടെ
കണ്ണുകൾ കൊണ്ടു സ്വപ്നങ്ങൾ നെയ്ത്
പകൽ വെളിച്ചത്തിൻ കിനാച്ചൂടിൽ മയങ്ങി
കലങ്ങാത്ത കണ്ണുകളാൽ കിന്നാരം പറഞ്ഞ്
മതിലകം ചാടി പ്രണയഭേരി മുഴക്കിയവർ,
വഴിക്കണ്ണു നീട്ടി തൈലപ്പൊതിയ്ക്കായി
പരാതിച്ചെല്ലവും തുറന്ന് നാലുകൂട്ടം മുറുക്കി
പഴമയുടെ താക്കോൽക്കൂട്ടം അരക്കെട്ടിൽ
വയറു മുറുകുന്നതറിഞ്ഞിട്ടും മുറുക്കിക്കെട്ടിയോർ,
ഒഴിയാറായ പത്തായവും പേറൊഴിയാത്ത വയറുകളും
വാഴയിലക്കോണകമുടുത്ത ഉണ്ണികളും
മെഴുക്കു പുരണ്ട ചാരുകസേരക്കാരണവരും
തിണ്ണക്കോലായിലെ പടിയിട്ട കിണ്ണങ്ങളും
ഇന്നും കലപില കൂട്ടുന്നെൻ മനസ്സിൻ മച്ചിൻപുറങ്ങളിൽ

സ്വപ്നവും മരണവും കൈകോർത്തു മരിച്ച
സഹജീവനത്തിന്റെ സന്ധ്യയാമങ്ങളിലൂടെ
പടിയിറങ്ങിപ്പോയീ ജന്മങ്ങൾ;
ജീവിതക്ലാവു പിടിച്ച കാവുബിംബങ്ങൾ
ഒപ്പം നീർവറ്റി വേരറ്റുണങ്ങി കുറ്റിയറ്റൂ
തലമുറകൾ പടുത്തിട്ട കാവുകൾ, വടവേർ മനങ്ങളും

പുതുമ പോരാഞ്ഞ്, പെരുമ പോരാഞ്ഞ്
പുറമോടിയുടെ പൊടിപ്പും തൊങ്ങലും പോരാഞ്ഞ്
പടിവാതിൽ, പടിപ്പുര മോന്തായം, കഴുക്കോൽ
എന്തിന്, കാരണവത്തറക്കല്ലുകൾ പോലും വിറ്റ്
സങ്കടമെന്യേ സുഖാലസ്യത്തിൻ ഉറവകൾ  തേടി
എന്നെ പഴിച്ച്, പുച്ഛിച്ച്, കാറിത്തുപ്പി
നടന്നു പോയ് പുത്തൻ കൂറ്റിൻ സന്തതികൾ

ഇനി, ഞാനിവിടെ തനിച്ച്
ചിന്തയെന്ന, ഏകമെന്ന, ബോധത്തിൽ കിതയ്ക്കുന്നു

ഒരു ചിതലുറുമ്പു വന്നെന്നെ കടിയ്ക്കുന്നു
വല്ലാതെ നോവുന്നു, എങ്കിലും സഹിയ്ക്കുന്നു
നീചനെങ്കിലും അവനെങ്കിലും വേണമല്ലോ എന്നെ
അന്നമായെങ്കിലും വേണമല്ലോ എന്നെ
കാതൽത്തടികളിൽ ഈറൻ കളയാതെ
കാത്തിരിയ്ക്കട്ടെ കടികളേല്ക്കാൻ കനിവോടെ


2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

പാരമ്പര്യം

ഭോഷ്ക്ക്! അല്ലാതെ മറ്റെന്താണ്?
പരമ്പരയായ് പകരുന്ന പമ്പരക്കറക്കം
പാരമ്പര്യമെന്നൊരു ബഹുവാക്ക്
ഇതല്ലാതെ മറ്റെന്തുണ്ടു വിശേഷണം?

വരണ്ടുതുടങ്ങിയ തൂലികത്തുമ്പിൻ
മുനകൊണ്ടു കീറിയ താളിൻ പഴക്കമോ
മരണക്കിടക്കയ്ക്കിരുപുറം നിന്ന്
വാവിട്ടോതുന്ന മേനി പറച്ചിലോ
പഴയതും പുതിയതും തുലാച്ചുമലിൽ തൂക്കി
അഴുകി ദ്രവിപ്പിയ്ക്കും മനസ്സിൻ തുലനമോ
ഏതാണെന്നറിയില്ല സൂചകം
ഇതൊന്നും തന്നെയോയെന്നുമറിയില്ല

പ്രപിതാമഹത്വവും, അതിനും മുൻപത്തെ,
തട്ടിൻപുറങ്ങളിലട്ടിയിട്ടു നുരുമ്പിയ്ക്കും
മാറാല, ചിതൽപ്പുറ്റു പുഴുക്കളരിയ്ക്കും
മാറാത്ത ശീലക്കേടുകളുടെ അലക്കാത്ത ഭാണ്ഡങ്ങൾ,
തർക്കവിതർക്കങ്ങളക്കമിട്ടലക്കുന്ന
ബോധക്ഷയത്തിൻ കരാളഹസ്താലിംഗനങ്ങൾ,
ജനനവും സ്വത്വവും പിറന്ന വീട്ടിൽത്തന്നെ
പരസ്പരം വിരുന്നുമൂലകളൊരുക്കും ബീജാവാപങ്ങൾ,
തേടിയെത്തും തനിയാവർത്തന വിശേഷണങ്ങളിൽ
മുൾക്കിരീടമായ് ചാർത്തിക്കിട്ടുന്ന തലമുറഛായകൾ,
ഓക്കാനം തികട്ടുന്ന മുഖസ്തുതി പാഠകം കേട്ട്
ജാതകപ്പേറുകൾ നാണിയ്ക്കും കർമ്മവും കാപട്യവും

എല്ലാം ചേർത്ത് മെനയുന്ന സങ്കലന വ്യവകലന-
ക്കസർത്തുകൾ ബാക്കിശിഷ്ടം ലോപിച്ച്
ആറ്റിക്കുറുക്കി ചൊൽവിളി കേൾക്കുവാൻ
മനുഷ്യജന്മങ്ങളുടെ തുടർക്കഥയാകുന്നു പാരമ്പര്യം

ഇതു കഷ്ടമല്ലേ? ഭോഷ്ക്കല്ലേ? പാഴ്ക്കിഴികളല്ലേ?

ചിന്തിച്ചു ചിന്തിച്ചു തലപുണ്ണാകുന്നതും പാരമ്പര്യം!!!!

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ലസാഗു


എന്തിന്നുമേതിനും കൂടെ
ഏന്തി നിൽക്കാതെ നിൽക്കുന്നു
മോന്തായം താങ്ങും പല്ലിയായ്
സ്വന്തമായ് വില കൊള്ളാതെ

അശേഷം ജഡത്വമില്ല
നിശ്ശേഷം ചാഞ്ചല്ല്യമില്ല
സുശാന്തം ചേർന്നു നില്പതു
ദശാംശം ഗുണിതശിഷ്ടം

മറ്റെന്തും വില കൂടിടും
ഇവനൊന്നു കൂടിച്ചേർന്നാൽ
ഇവനപ്പൊഴും സ്ഥിരാങ്കം
ഇവനെപ്പൊഴും തൻവില

പെരുക്കിയും പെരുപ്പിച്ചും
പലവിധം പണമായും
പഞ്ചപാവം ചമയുന്നു
പലപ്പോൾ ഋണഭാവത്തിൽ

 വാതിൽപ്പടിയിൽ മറഞ്ഞു
നിന്നെപ്പൊഴും ചിരിയ്ക്കുന്നു
മറ്റാരുമോർക്കാതെ എന്നും
സാധാരണനാം ലസാഗു

സന്ധാരണങ്ങളിൽ ശക്തി
ബന്ധഭേദങ്ങൾക്കു സാക്ഷി
സന്ധിസംഭാഷണ പ്രിയൻ
അന്ധഭാഷണത്തിൽ പ്രതി

ജനപഥങ്ങൾക്കദ്വയൻ
ജാഗരൂപൻ, പുറത്തുള്ളോൻ
ജാട കാണിയ്ക്കാതെ തീർത്തും
ജട പിടിയ്ക്കാതെ നിൽക്കും

എവിടേം കാണാം ലസാഗു
സൂക്ഷിച്ചു നോക്കിക്കൊള്ളുക
വയസ്സുമക്ഷിയും ചേർന്ന്
ഒരൊറ്റ നില്പു നില്പവൻ

വാൽക്കഷ്ണം

ല.സാ.ഗു. :-  ലഘുതമ സാധാരണ ഗുണിതം

                   അഥവാ  Least Common Factor

2015, ജൂലൈ 27, തിങ്കളാഴ്‌ച

കാശില്ലാത്ത കവി

വാർന്നുവീണ കവിതക്കൂട്ടുകളുമായ്
ഒറ്റയ്ക്കു നീങ്ങുന്നു തോൾസഞ്ചിയുമായൊരാൾ;
ഒരു പാവം കവി; കൂട്ടിന്നാരുമില്ലാതെ

നടവഴികളിൽ ചങ്ങാതിക്കൂട്ടങ്ങളങ്ങിങ്ങ്
സൊറയും പരദൂഷണവും പരസ്പരം പാരയുമായ്
വിശേഷാൽ വട്ടംകൂട്ടുന്നു “ഷെയറി”ന്നായ്

എല്ലാർക്കുമറിയാം കവിയെ; കവിയക്ഷരങ്ങളെ
പരിചയം ഭാവിയ്ക്കുന്നു കൂട്ടങ്ങൾ പ്രതീക്ഷയിൽ
പക്ഷെ, കവിയായല്ല; മറ്റൊരാൾ കണക്കിൽ

തലയാട്ടുതലവന്മാർ ഒന്നൊന്നായ്
ചോദ്യമെറിയുന്നു; തപ്പുന്നു കവിക്കീശയിൽ
“തുട്ടുണ്ടോ നോട്ടുണ്ടോ ഷെയറിടുന്നില്ലെടോ?”

മരണം പൊടിഞ്ഞു മണ്ണായടരുന്ന
ചിന്തയുടെ തേനടരുകൾ ഉറുമ്പു തിന്നുന്ന
കവിയുടുപ്പിന്റെ ഓട്ടക്കീശയൊന്നു നാണിച്ചു

“’കെവി’യത്രെ; ’കെവി’; ഇവനാരെടാ”
കൂക്കിയാർക്കുന്നു “ഷെയർ” പ്രേമികൾ
തുളക്കീശയും തുളവീണ മാനവുമായ് തടിതപ്പുന്നു കവി

പിറകെ വരുന്നൊരു പുത്തൻ ബൈക്കിന്മേലെ
അത്തർ, പൗഡറിൻ സമ്മിശ്രഗന്ധവും പരത്തി
മേൽപ്പാതി, കീഴ്പ്പാതി ഉടുപ്പുകളിട്ട കോമളൻ

“ഡാ, നമ്മക്കൊന്നു കൂടണ്ടേടാ”; ചോദിച്ചു പരിമളൻ
കേട്ടപാതി, കേൾക്കാത്ത പാതി
ഉയരുന്നൊരു ഝംഝണാരവം ദാഹത്തോടെ

നിറഞ്ഞു പൊങ്ങിയൊഴിയുന്ന ചഷകങ്ങൾ
കടിച്ചു വലിച്ചു കിഴിയ്ക്കുന്ന മസാലമണങ്ങൾ
കോമളൻ ഉവാച; “ഇനി ഞാനെന്റെ കവിത ചൊല്ലാം”

താളമിട്ടു പ്രോത്സാഹനം കൊട്ടുന്ന കരങ്ങൾ
പക്കമേളങ്ങളായ് കുഴഞ്ഞ നാക്കുഞൊട്ടലുകൾ
ആകെ പൊടിപൂരം, തിമിർപ്പ്, തപ്പുതാളങ്ങൾ

“ഞാനൊന്നാം ക്ലാസിൽ ചേർന്നു, വള്ളിനിക്കറിട്ട്
പിന്നെ രണ്ടാം ക്ലാസിൽ, മൂന്നാം ക്ലാസിൽ
അങ്ങനെ പോയീ കവിതയും പേശലും

ഓരോ വരിയ്ക്കുമുയർന്നൂ “ബലേ! ഭേഷ്”
“നീയൊരു സംഭവം തന്നെ” എന്നായി
ലഹരി നനച്ച ചുണ്ടുകളുടെ വാഴ്ത്തൽ

ഇടയ്ക്കെപ്പോഴോ നമ്മുടെ കവിപ്പാവം                                          
എത്തി നോക്കി “ഇവിടെന്താണൊരാരവം?”
പതുക്കെ കൂട്ടത്തിലേയ്ക്കൊന്നു തലയിട്ടു

ഉറയ്ക്കാത്ത തലയൊന്നു താങ്ങി ഉയർത്തി
കോമളൻ കവിയപ്പോൾ മാടിവിളിച്ചു
“ഡേയ്! ഒരെണ്ണം പിടിപ്പീരെടാ”

വൈഷമ്യ പാരമ്യത്തിൻ പരവേശം
ഉരുണ്ടുകൂടി തലപെരുത്ത പാവം കവി

ഇരുൾക്കവിത തേടിയകന്നു മന്ദം, പാവം

2015, ജൂൺ 26, വെള്ളിയാഴ്‌ച

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


2015, ജൂൺ 20, ശനിയാഴ്‌ച

സ്മരണാഞ്ജലി

അരുണാ ഷാൻബാഗ്, താങ്കളൊരു പ്രതീകമായിരുന്നു

ജീവിച്ചിരുന്ന മരണത്തിന്റെ
ഒളിഞ്ഞിരുന്നാളിയ പ്രതികാരത്തിന്റെ
ഇരുളിൽ ചങ്ങല കിലുക്കും കാമവെറിയുടെ
നിലയ്ക്കാത്ത നായ്ക്കുരകളുടെ വേട്ടഓരികളുടെ
നിലച്ച രക്തധമനികളുടെ നീർക്കെട്ടിന്റെ
ഓർമ്മകളുടെ നാഡീക്ഷതങ്ങളേറ്റ മസ്തിഷ്ക്കച്ചേതത്തിന്റെ
നിശാപുഷ്പങ്ങളിൽ പൂത്ത മരണഗന്ധത്തിന്റെ
പിന്നെയും, വെളിയിൽ വരാത്ത, ഇഷ്ടപ്പെടാത്ത
എന്തിന്റെയൊക്കെയോ ഇരയായിരുന്നു
എന്നിട്ടും താങ്കളൊരു പ്രതീകമായിരുന്നു
കുടുസ്സെങ്കിലും ഒറ്റമുറിജീവസന്ധാരണത്തിലൂടെ

മൃത്യുവിൻ പോർമുഖങ്ങളെല്ലാമടച്ച്
എന്തിനായിരുന്നു ചകിതപ്രാണൻ നിന്നെ വെല്ലുവിളിച്ചത്?
വൈകൃതോന്മത്തനായ് എന്തിനാണു
പൗരുഷോത്തേജനം നിന്നെ പ്രാപിച്ചത്?
കൃതകൃത്യയാണെന്നറിഞ്ഞിട്ടും നിരപരാധിയായിട്ടും
അധികാരവൃന്ദമെന്തേ കണ്ണടച്ചു കളഞ്ഞത്?
പ്രണയിയാം നിന്നെ ഉറ്റുനോക്കുവാനാകാതെന്തേ
പ്രതിശ്രുതദാമ്പത്യതത്പരൻ മടിച്ചു കടന്നു കളഞ്ഞത്?
ഉറ്റവരും ഉടയോരും കാണാമറത്തു നിന്നും
രക്തബന്ധം പോലുമെന്തേ മറന്നു മറഞ്ഞത്?

തങ്ങളിലൊരുവളായ്, ദർപ്പണബിംബയായ്
ആശുപത്രിക്കിടക്കയിൽ, പോയ വത്സരങ്ങളിൽ
മുറതെറ്റാതെ മരണത്തിന്റെ കരങ്ങളിൽ ഭദ്രമായ്
നിന്നെയേൽപ്പിയ്ക്കാൻ കാവൽ നിന്ന മാലാഖമാർക്കു നന്ദി

അകലെയെങ്ങോ ആശ്വസിച്ചിരിയ്ക്കും നിൻ കൊലയാളി
 മരണമൊരു മഴയായ് നിന്നെ കുളുർത്തപ്പോൾ
അതിലും നിന്ദ്യം ഇവിടെ നീതിയും ന്യായവും
അന്തസ്സായ് മരണം പോലും വിധിയ്ക്കാത്ത അഭിജാതർ

അരുണാ ഷാൻബാഗ്, സ്മരണാഞ്ജലി
മറവിയുടെ താഴുകൾ തകർത്ത മരണമേ,

നന്ദി, ദശസഹസ്രം നന്ദി

2015, മേയ് 22, വെള്ളിയാഴ്‌ച

മർമ്മരങ്ങൾ

ഞാനിപ്പോൾ ഏകാന്തതയെ
വല്ലാതെ പ്രണയിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു

ചെകിടടപ്പിയ്ക്കുന്ന ഏകാന്തത
പുകച്ചുരുളുകളാൻ വലയം തീർത്ത്
കനം വെയ്ക്കുന്ന ഇരുട്ടിലേയ്ക്ക് കണ്ണുംനട്ട്
മനം മടുപ്പിയ്ക്കുന്ന വിരസചിന്തകളിൽ മുഴുകി
ആരെയും കാത്തിരിയ്ക്കാനില്ലാതെ
മനസ്സിൻ വാതായനങ്ങൾ വലിച്ചടച്ച്
ഉമ്മറക്കോലായിൽ തനിച്ചിരിയ്ക്കുമ്പോൾ
എന്തിനെന്നില്ലാതെ കൊതിപ്പിയ്ക്കുന്ന
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന ഏകാന്തത

മലർക്കെത്തുറന്നിട്ട പ്രവേശനകവാടങ്ങൾ
ഇപ്പോൾത്തന്നെ താഴിട്ടുപൂട്ടണം
ആരും കയറിവരാതിരിയ്ക്കാൻ;
നിശ്ശബ്ദമായ കാലടിയൊച്ചകൾ പോലും

ഒറ്റയ്ക്കിരുന്നാലും മറ്റുള്ളവർ കാണുന്ന
ചിന്തയിൽ മുഴുകിയ എന്റെ രൂപം
വെളിയിലെ വിളക്കുകളണച്ച്
ദൃഷിപഥങ്ങളിൽ നിന്നെല്ലാമകറ്റണം

കൂരിരുൾക്കാട്ടിലെ നക്ഷത്രക്കണ്ണുകൾ
ജീവിതക്കാഴ്ചയിലെ വേർപ്പാടിൻ കഥകൾ
മിന്നിപ്പറഞ്ഞു കരയുന്ന നേരത്ത്
കണ്ണിർച്ചാലുകൾ വറ്റാതെ നൊന്തൊന്നു നീറണം

വൈകിയുദിയ്ക്കുന്ന ചന്ദ്രനെ നോക്കി
നീരസമില്ലാതെ, ആർദ്രഭാവത്തോടെ
പൗർണ്ണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള
അർക്കവെളിച്ചത്തിന്റെ വിളർച്ചയളക്കണം

ഗന്ധങ്ങൾ മരവിച്ച് പൊറ്റകൾ കെട്ടി
അന്ധാളിച്ചു നിൽക്കുന്ന നാഡിയും മസ്തിഷക്കവും
മദവും മത്സരവും മറന്ന് തളർന്നുറങ്ങുമ്പോൾ
അന്ധകാരത്തിന്റെ നിറപറ നേരണം

ഇതെല്ലാം ഒത്തുവന്നിട്ടെന്തിനാണെന്നെ
ശബ്ദങ്ങൾ ഒന്നൊന്നായ് ശല്യപ്പെടുത്തുന്നത്?
ഓർമ്മൾ, സ്വപ്നങ്ങൾ, ബന്ധങ്ങൾ എന്തിനാണു
മേളങ്ങളും മേളപ്പദങ്ങളും ആടിത്തീർത്ത് വളയുന്നത്?

ഞാനിപ്പോൾ ഏകാന്തതയെ, അതിന്റെ ഗന്ധത്തെ
സ്വച്ഛമായ ഒറ്റയാൻ കാറ്റിനെ, അതിന്റെ മർമ്മരത്തെ
ധ്രുവസീമയിലെ ഏകാന്തതാരത്തിൻ വെളിച്ചത്തെ
വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു;

വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു

2015, മേയ് 9, ശനിയാഴ്‌ച

മതി; ഇത്രയും മതി

അവഹേളനപ്രമേയത്തിന്റെ വിജയഭേരിയിൽ മുങ്ങി
പടിയിറങ്ങിപ്പോയ പ്രണയവും പ്രണയവല്ലരികളും
ഓർമ്മകളുടെ ധാരാളിത്തത്തിൽ വാടിവീഴാതെ
പരസ്പരവിശ്വാസത്തിന്റെ ജലതതിയിൽ പൊങ്ങിക്കിടന്നു

ആവേഗം മുറ്റിയ ജീവിതാവേശം തിരമാലയായ്
എന്നോ കരയിലടുപ്പിച്ച പ്രണയകുടീരം വിധിപോലെ
കാലയാപനത്തിനായ് കരയിലുറച്ചുപോയ്
വേരിറങ്ങി ആഴത്തിൽനിന്നും വെള്ളവും വളവുമെടുത്തു

മുകിൽത്തുണ്ടുകൾ പൊട്ടിനുപോലുമില്ലാത്ത നീലാംബരം
സ്വച്ഛമായി നീണ്ടുനിവർന്ന് കൈനീട്ടി മാടിവിളിച്ചപ്പോൾ
പണ്ടെന്നാൽ, പണ്ട് വർഷങ്ങൾക്കുമുമ്പത്തെ മേഘവിസ്ഫോടനത്തിന്റെ
ബ്രഹ്മാണ്ഡശക്തിയെ മറന്ന് തറവാട്ടുമുറ്റം കേറിവന്നതാണിന്ന്

തിരിച്ചുവരവിന്റെ രാത്രി; നിനയ്ക്കാതെ നിലയ്ക്കാതെ പെയ്ത മഴയത്ത്
രാത്രിയുടെ ശബ്ദങ്ങൾ ആഘോഷാരവം മുഴക്കി
രാപ്പാടികൾ മതിമറന്ന് ശീർഷകം പാടി, തളരുംവരെ
രാപ്പക്ഷികൾ ചിറകടിയൊച്ചയാൽ പക്കമേളം തീർത്തു

സീമന്തരേഖയിലെ സിന്ദൂരം നിറം കെടുത്താതെ
സ്നേഹസൂചകം കോർത്ത ചരടു പൊട്ടിയ്ക്കാതെ
സമർപ്പണപൂരകങ്ങളായ് സഹവർത്തിച്ചും ചിരിച്ചും
സഹനതീരങ്ങളിൽ മുള്ളുകോട്ടകളിൽ വസിച്ചതിൻ ആത്മഹർഷം

വർഷങ്ങളുടെ ഇടവേള; അവയ്ക്കിടയിൽ കുരുത്ത
പൊടിപ്പും തൊങ്ങലും ചേർക്കാത്ത ജനിതകപ്പകർപ്പുകൾ
ജീവസന്ധാരണത്തിന്റെ ഗതിമൂർച്ഛകൾ പാകപ്പെടുത്തിയവർ
പിന്തുടർച്ചയുടെ പാതകൾക്ക് നേരവകാശം പകുത്തവർ

ഇനി മതി; യാത്രാംദേഹി തൻ ദീക്ഷ മാറ്റാം
പണ്ടുറങ്ങി ഉണർന്ന കുടുസ്സുമുറിയിലൊതുങ്ങാം
പഴമയുടെ കനം നിറച്ച ചൂരും ചൂടും നിറഞ്ഞ
പഴംകഥ കേട്ടുറക്കം വഴുതിയ ചുമരുകൾ നോക്കാം

വർഷങ്ങളുഴുതുമറിച്ചതോർക്കാൻ ഒരു ചാരുകസേര
കുടിച്ചു വറ്റിച്ച തീണ്ടൽനീർക്കയ്പു മാറ്റാൻ ഒരു കൂജയും
കൺചിമ്മുമ്പോഴും അരികത്തിരിയ്ക്കാൻ, ആയുസ്സു ഹോമിച്ച
സഹയാത്രികയും; മതി, ഇത്രയും മതി, ഈ ജന്മം സാർത്ഥകം


2015, മേയ് 2, ശനിയാഴ്‌ച

അവതാരദുഃഖം


ഏതോ ശാപം തീണ്ടിയ അവതാരമല്ലയോ ഞാൻ
ദശാവതാരക്കണക്കിൽ മൂന്നാമത്തേതെങ്കിലും
അവതാരം വരാഹം; പന്നിയെന്നു വിളിച്ചിടും
തേറ്റയെന്നതെന്നായുധം; വെറുപ്പിൻ നിദാനവും

ഉദരനിവൃത്തിയിന്നില്ല, ഭൂമിയ്ക്കു ഭാരമായ്,
ഉർവ്വി തന്നുയിരു കാക്കുവാൻ ഉയിരെടുത്തവൻ
ദേവിയെങ്കിലും ദാനവൻ കൈവെയ്ക്കാനൊരുമ്പെട്ടു
നാന്മുഖൻ ബ്രഹ്മന്റെ ശ്വാസവേഗത്തിൽ ഉയിർകൊണ്ടു

അന്നെല്ലാം സ്വർഗ്ഗം; മറുപക്ഷമായ് അസുരവംശം
പ്രളയമാം കടലിലെ തുരുത്തായ് ഭൂമിദേവി
 പാപപ്പൊരുളുകളുടെ തീർപ്പിന്നു നരകവും
മൂപ്പിളമത്തർക്കമില്ലാതെ ത്രിമൂർത്തികൾ വേറെ

അന്നെന്നുടെ തേറ്റകൾ ധർമ്മത്തെക്കാത്തൊരായുധം
ഇന്നെനിയ്ക്കാ തേറ്റകൾ അന്നം തേടുവാനായ് മാത്രം
തിന്മയെ പ്രഹരിച്ചു സംഹരിച്ചതോർക്കുന്നു ഞാൻ
പരതുന്നതിന്നു ഞാഞ്ഞൂൽ, ഫലമൂലവർഗ്ഗങ്ങൾ

നാരായണാംശമാമെന്നെ വണങ്ങീ നരവംശം
പിന്നെ, രക്ഷ നേടിയ നാൾ തൊട്ടു വേട്ടയാടിയും
വെടിച്ചില്ലു പായിച്ചും വൈദ്യുതാലിംഗനം കൊണ്ടു
വേലിതീർത്തും കാടിളക്കിയും കൊല്ലുന്നു, തിന്നുന്നു

പകൽ വെളിച്ചത്തിൻ പൊലിമയിൽ കാട്ടുപൊന്തയിൽ
വെയിൽകാഞ്ഞും ജീവനിൽ കൊതിപൂണ്ടും ഒളിയ്ക്കുന്നു
ഇരുൾ മറവും തേടി ചതിക്കുഴികൾ ഭയന്നും
തെല്ലു ശങ്കിച്ചുമല്ലാതെ തീറ്റതേടാനാകുമോ?

മടവാൾ കൊണ്ടു വെട്ടിക്കുരവള്ളി പൊട്ടിച്ച്
നിശ്ചലമാക്കുന്നെൻ ദൈന്യത്തെ വിളശല്യമെന്നോതി
തോൽ കിഴിച്ചെടുക്കുന്നു, ചോര വാർക്കുന്നു, നെയ്യെ-
ടുത്തുരുക്കി സൂക്ഷിയ്ക്കുന്നൊറ്റമൂലിയായ് പുരട്ടാൻ

വെറുപ്പിന്നുപ്പും കറിക്കൂട്ടും ചേർത്തു വേവിച്ച്
വയറും നിറച്ചേമ്പക്കവും വിട്ട് പറയുന്നു
“ഇവനാണിന്നലെവരെയെന്റെ ചേനയും ചേമ്പും
തുരന്നു തിന്നോൻ, എൻ വാഴകുത്തിയോൻ, നശൂകരം”

എന്നാൽ കുക്ഷി വീർത്തിട്ടും ശാപവാക്കുകളല്ലാതെ
ഇക്ഷണം വരെയും കേട്ടതില്ല ഞാനെന്നെച്ചൊല്ലി
കാടില്ല, മേടില്ല, അന്നമെന്നതൊട്ടും കിട്ടുവാൻ

അവതാരമത്രേ; അന്നം മുടക്കിയെന്ന പേരും

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പിതൃബലി


ശ്രാദ്ധപിണ്ഡം സമർപ്പയാമി
ശ്രദ്ധയോടെ നീരിറ്റിയ്ക്കണം
ശ്രമഘ്നിയായ് ഓർമ്മയെത്തണം
ശ്രമഭീതിയേതുമില്ലാതെ

സപ്തനദികൾ, സമുദ്രങ്ങൾ
ഇലപ്പലകയിൽ തെക്കോട്ടു
തിരിച്ചിട്ട ഓട്ടുകിണ്ടിയിൽ
ആകാശഗംഗയുമെത്തുന്നു

ഇനി തുടങ്ങാം പിതൃബലി
ഇത്തിരി പൂവും ചന്ദനവും
ഇടയ്ക്കിടെ എള്ളും അരിയും
ഇടകലർത്തി അർപ്പിയ്ക്കുക

ഓർമ്മ തൻ ശ്രഥനമില്ലാത്ത
മഥനം നടക്കയാണുള്ളിൽ
നാളും പേരും വിളിച്ചു ചൊല്ലി
ഇരുത്താം പിതൃവെ ദർഭയിൽ

കറുത്തിരുണ്ട വാവുരാവിൽ
കഴിഞ്ഞേയുള്ളൂ ശ്രാദ്ധോരിയ്ക്കൽ
മൂടിക്കനത്തു മരവിച്ച
മരണമെത്തിയ തലേന്ന്

ജാതകത്താളിൻ ചിത്രം നിറ-
ച്ചെത്തിയ രോഗപീഡപർവ്വം
താണ്ടുവാനാകാത്ത വിമ്മിഷ്ടം
കിളിവാതിൽ തുറന്നകന്നോ?

മിഴിവെളിച്ചം കെട്ടു പോയെ-
ന്നാകിലും തിരഞ്ഞുവോയെന്നെ?
തഴുകി മടുക്കാത്ത കൈകൾ
പിന്നെയും മാടി വിളിയ്ക്കുന്നുവോ?

നിനവിൽ ഒന്നല്ല, മൂന്നു പേർ
മാതൃഭാവം പൂണ്ട ദേഹികൾ
ദർഭ വിരിച്ചു വിളിച്ചെന്നാൽ
മടിയൊന്നില്ലാതെ വന്നിടും

ഉദരം കഴച്ചു നൊന്തിട്ടും
മക്കൾ തൻ ഉദരം നിറച്ചോർ
മനസ്സു മുട്ടെ വ്യസനിച്ചും
മനം നിറയ്ക്കാൻ തുടിച്ചവർ

ചെയ്യേണം ഉദകക്രിയയായ്
തിലോദകം തൂവി മുറപോൽ
പ്രീതികൊള്ളുകെൻ അമ്മമാരെ-
ന്നുള്ളിൽ മോഹിയ്ക്കട്ടെ ഞാനിന്ന്

ഗ്രഹണഗർഭത്തിൻ നോവുക-
ളലട്ടാതെ യാത്രയാകുക
പിതൃലോകത്തേയ്ക്കുദ്ധ്വസിച്ചു-
കൊണ്ടൊരു നീരിറ്റിയ്ക്കട്ടെ ഞാൻ

പറന്നിറങ്ങും ബലിക്കാക്ക-
കൾക്കിടയിലുണ്ടു നിശ്ചയം
അടുപ്പം ഭാവിയ്ക്കാനാകാതെ
ദുഖാർദ്രം വിതുമ്പും അമ്മമാർ

കൈക്കുടന്ന ജലം തൂകി ഞാൻ
തിരിഞ്ഞൊന്നു നോക്കാനാകാതെ
ശ്രാദ്ധവർഷം പിന്നിട്ടു വീണ്ടും
കാത്തിരിയ്ക്കട്ടെ, ഇനിയും വരും

പിടയുന്ന മനസ്സറകൾ
കൺതടം നിറയുമശ്രുക്കൾ
വേർപ്പെടുത്താനാകാത്ത ബന്ധം
കർമ്മലോകത്തിന്റെ വേപഥു