Friday, June 26, 2015

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


Saturday, June 20, 2015

സ്മരണാഞ്ജലി

അരുണാ ഷാൻബാഗ്, താങ്കളൊരു പ്രതീകമായിരുന്നു

ജീവിച്ചിരുന്ന മരണത്തിന്റെ
ഒളിഞ്ഞിരുന്നാളിയ പ്രതികാരത്തിന്റെ
ഇരുളിൽ ചങ്ങല കിലുക്കും കാമവെറിയുടെ
നിലയ്ക്കാത്ത നായ്ക്കുരകളുടെ വേട്ടഓരികളുടെ
നിലച്ച രക്തധമനികളുടെ നീർക്കെട്ടിന്റെ
ഓർമ്മകളുടെ നാഡീക്ഷതങ്ങളേറ്റ മസ്തിഷ്ക്കച്ചേതത്തിന്റെ
നിശാപുഷ്പങ്ങളിൽ പൂത്ത മരണഗന്ധത്തിന്റെ
പിന്നെയും, വെളിയിൽ വരാത്ത, ഇഷ്ടപ്പെടാത്ത
എന്തിന്റെയൊക്കെയോ ഇരയായിരുന്നു
എന്നിട്ടും താങ്കളൊരു പ്രതീകമായിരുന്നു
കുടുസ്സെങ്കിലും ഒറ്റമുറിജീവസന്ധാരണത്തിലൂടെ

മൃത്യുവിൻ പോർമുഖങ്ങളെല്ലാമടച്ച്
എന്തിനായിരുന്നു ചകിതപ്രാണൻ നിന്നെ വെല്ലുവിളിച്ചത്?
വൈകൃതോന്മത്തനായ് എന്തിനാണു
പൗരുഷോത്തേജനം നിന്നെ പ്രാപിച്ചത്?
കൃതകൃത്യയാണെന്നറിഞ്ഞിട്ടും നിരപരാധിയായിട്ടും
അധികാരവൃന്ദമെന്തേ കണ്ണടച്ചു കളഞ്ഞത്?
പ്രണയിയാം നിന്നെ ഉറ്റുനോക്കുവാനാകാതെന്തേ
പ്രതിശ്രുതദാമ്പത്യതത്പരൻ മടിച്ചു കടന്നു കളഞ്ഞത്?
ഉറ്റവരും ഉടയോരും കാണാമറത്തു നിന്നും
രക്തബന്ധം പോലുമെന്തേ മറന്നു മറഞ്ഞത്?

തങ്ങളിലൊരുവളായ്, ദർപ്പണബിംബയായ്
ആശുപത്രിക്കിടക്കയിൽ, പോയ വത്സരങ്ങളിൽ
മുറതെറ്റാതെ മരണത്തിന്റെ കരങ്ങളിൽ ഭദ്രമായ്
നിന്നെയേൽപ്പിയ്ക്കാൻ കാവൽ നിന്ന മാലാഖമാർക്കു നന്ദി

അകലെയെങ്ങോ ആശ്വസിച്ചിരിയ്ക്കും നിൻ കൊലയാളി
 മരണമൊരു മഴയായ് നിന്നെ കുളുർത്തപ്പോൾ
അതിലും നിന്ദ്യം ഇവിടെ നീതിയും ന്യായവും
അന്തസ്സായ് മരണം പോലും വിധിയ്ക്കാത്ത അഭിജാതർ

അരുണാ ഷാൻബാഗ്, സ്മരണാഞ്ജലി
മറവിയുടെ താഴുകൾ തകർത്ത മരണമേ,

നന്ദി, ദശസഹസ്രം നന്ദി