ബ്ലോഗ് ആര്‍ക്കൈവ്

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കാൻവാസ്

കാലം ഇടയ്ക്കിടയ്ക്കോരോ
ഒഴിഞ്ഞ കാൻവാസുകൾ കൊണ്ടു തരും
മറ്റു ചിലപ്പോൾ പഴയ കാൻവാസുകൾ
സ്വന്തം യവനിക മാറ്റി കാണിയ്ക്കും

ഒഴിഞ്ഞ കാൻവാസുകളിൽ നമുക്ക്
വരികളായ്, കഥനമായ്, ചരിത്രമായ് കോറിയിടാം
കണ്ടാൽ മടുക്കാത്തതും കൊണ്ടാൽ മുഴുക്കാത്തതുമായ
ഇരുട്ടും വെളിച്ചവും ചേർത്തരച്ച ശ്യാമത്തിൽ
ഭംഗവും അഭംഗവും കൂട്ടിക്കലർത്തിയ വർണ്ണഭേദങ്ങളാൽ
പലനിറങ്ങൾ കോരിയൊഴിച്ച് ശബളമാക്കാം
രേഖാചിത്രങ്ങൾ, ശബ്ദനിശ്ശബ്ദഭാവങ്ങൾ, പ്രണയാങ്കുരങ്ങൾ
ഇങ്ങനെ ചിത്രങ്ങൾ അടുക്കിപ്പെറുക്കി വരച്ചു തീർക്കാം

പിന്നീടൊരു നാൾ, ഇവയോരോന്നിനെയും
പർവ്വങ്ങളെന്നോ, കാണ്ഡങ്ങളെന്നോ, പാഠങ്ങളെന്നോ, വചനമെന്നോ
നാമകരണം ചെയ്താമോദിയ്ക്കാം;
മറ്റൊരു കാൻവാസിൻ പിറവി വരെ
അന്നീ കാൻവാസുമൊരു കർട്ടനാൽ മറയ്ക്കപ്പെടും,
കരിക്കട്ട നിറത്തിൽ പിറകിലൊരു തിരശ്ശീല നീങ്ങും
അല്ലെങ്കിലൊരു കരൾ  വീർക്കും
രക്തം ഛർദ്ദിച്ചു യവനിക താനേ താഴ്ത്തും

അലോസരപ്പെടുത്തുന്ന പഴയ കാൻവാസുകളെ
തേൻപുരട്ടി ഉറുമ്പരിപ്പിച്ച് വികൃതമാക്കാം
കൃതഘ്നത കറപുരട്ടിയ തെറിച്ച ചിത്രങ്ങളെ
സഹവർത്തിയ്ക്കു സഹാനുഭൂതി നിഷേധിച്ച് വിശുദ്ധമാക്കാം
നന്ദിയ്ക്കു മരണമണി മുഴക്കി സൗകര്യപൂർവ്വം
ഇന്നിന്റെ മധുരഭാഷണത്തിൽ മുക്കി മതിമയങ്ങാം

നന്മയുടെ കാൻവാസുകൾ എപ്പോഴും നരച്ചത്
കരിയും പുകയുമാളിയ ഹൃദയവേദനകൾ വരച്ചവയത്
തിന്മ പൊലിപ്പിയ്ക്കാൻ നിറക്കൂട്ടുകൾ വേണം
പലവെളിച്ചം കണ്ട് കാണികളാർത്തടുക്കും
ആരവം, ആർത്തനാദം, കൊലവിളി, സ്മൃതിസദസ്സുകൾ
കാൻവാസുകളിൽ കേറിപ്പറ്റാൻ മത്സരയോട്ടം തന്നെ

കാലമെന്നാലും കാൻവാസുകൾ
കാണിച്ചുകൊണ്ടേയിരിയ്ക്കും
തിരശ്ശീല വീഴാത്ത കാലമേ

നീ തന്നെ, നീ മാത്രം തന്നെ സാക്ഷിയും സൃഷ്ടാവും

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കർക്കിടകം 1191

കർക്കിടകം കണ്ണുപൊട്ടിക്കരഞ്ഞു
എന്നെയാണല്ലോ കള്ളനെന്നു വിളിച്ചത്?

തുള്ളിമുറിയാത്ത മഴക്കാലത്തിന്റെ ഗൃഹാതുരത്വം
എന്റെ കലണ്ടറിൻ സിരകളെ വലിഞ്ഞു മുറുക്കുന്നു
നിങ്ങളേല്പിച്ച കടുംവെട്ടുകളേറ്റു വാങ്ങി
പൊള്ളുന്ന ചൂടിൽ തൊലിപൊള്ളിക്കരിയുന്നു
ഇള വെയ്ക്കുന്ന രോഗത്തിളപ്പുകൾ
കഷായച്ചവർപ്പിൽ, തൈലമെഴുക്കിൽ സന്ധി പെരുപ്പിയ്ക്കുന്നു
പകുത്ത രാമായണ വായന മതിയാക്കി
നടുപിളർന്നൊരു തേങ്ങൽ ആഞ്ചൽ കൂട്ടുന്നു

എന്നും ഞാൻ കള്ളക്കർക്കിടകം; പഞ്ഞമാസം
പേമാരി, പേക്കാറ്റുവീഴ്ച, ദുർമ്മാരി നിറയും
കഷ്ടമാസമെന്നൊരു ദുഷ്പേരു കേട്ടു വേണ്ടുവോളം
എന്നിട്ടും വിളമ്പി ഞാൻ നന്മകൾ കുമ്പിൾ കോരി
പത്തില, ഔഷധം, ചുടുമാസക്കഞ്ഞിപ്പകർച്ചകൾ
വേലയ്ക്കു വിശ്രമം, മനസ്സിന്റെ ശാന്തി, ആഘോഷവിരാമം
തീർന്നില്ല, തുടക്കം സംക്രാന്തിയ്ക്കു “ചേട്ടാ ഭഗവതി” പുറത്തേയ്ക്കും
“ശ്രീ ഭഗവതി” അകത്തേയ്ക്കും, ശീവോതിയിൽ നിറവിളക്കിൻ തിരി

എന്നിട്ടുമെന്തേയീ വിളിപ്പേർ, കഷ്ടമല്ലേ?
ശ്രവണഗർവ്വം തോന്നുമായിരുന്നു അന്നെല്ലാം
മല തടുത്ത്, കാടു പെയ്യിച്ച്, തോടു നിറച്ച്
പുഴപോൽ പുണർതവും പൂഴി കുത്തിച്ച് പൂയവും
മീനു തുള്ളിച്ച് പാടങ്ങളും തണുപ്പരിച്ച് കായഭേദങ്ങളും
പെരുമഴക്കാലമാചരിച്ചു; കൊണ്ടാടി

ഇനിയില്ലതു കാലം; കട്ടായം പറഞ്ഞിടാം
പരശു കൊണ്ടുത്ഥാനം ചെയ്തവയൊന്നൊന്നായ്
പരശുമൂലമവധാനവും ചെയ്തിറ്റുന്ന കാഴ്ചകൾ
പരമപ്രധാനമീ മണ്ണിന്റെ ക്ഷയപീഡശാപങ്ങൾ

എന്നിട്ടും, എന്നിട്ടും ഈ ഞാൻ
കള്ളക്കർക്കിടകമായ് ആദ്യവസാനം ചെയ്യുന്നു


2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വഴിവാണിഭങ്ങൾ

മതങ്ങൾ ഇപ്പോൾ വളരെ തിരക്കിലാണ്
ആശയങ്ങൾ ചിന്താക്കുഴപ്പത്തിലും

എന്നിരുന്നാലും,
രണ്ടു കൂട്ടരും കടകളായ കടകളിൽ
ഉപഭോഗഭോഗത്തിന്റെ മത്സരത്തിലാണ്

തുണിക്കടകളിൽ നിറങ്ങൾ നോക്കി
തുണിനിറം പ്രത്യേകമുറപ്പിയ്ക്കുന്നു
ആഭരണങ്ങൾക്ക് മാറ്റു കുറഞ്ഞാലും
ആഭയേറിയ ലോക്കറ്റു പതിപ്പിയ്ക്കുന്നു
ശിരോവസ്ത്രങ്ങളും തലപ്പാവുകളും
വളച്ചു പിരിച്ചു മുദ്രകൾ കുത്തുന്നു
കൊന്തയും കൊലുസ്സും കാപ്പുവളകളും
നിറം തിരിച്ച് വെവ്വേറെ മൂശകളിൽ വാർപ്പിയ്ക്കുന്നു
മുച്ചാൺ വയറു നിറയ്ക്കുവാൻ നോക്കാതെ
അധികാരവടികൾക്ക് വടിവു കൂട്ടുന്നു

എന്തിനും ഏതിനും ഏകശിലാരൂപം
കാറ്റും വെളിച്ചവും കയറുവാനായ്ക്കാത്ത
കഠിനശാസനത്തിന്റെ ദഹനക്കേടിൽ
ദുർഗന്ധം വമിയ്ക്കുന്ന ഏമ്പക്കങ്ങൾ നിറയുന്ന
അജ്ഞതയുടെ പണക്കിലുക്കങ്ങളുയരുന്ന
തുണിക്കൂടാരങ്ങളിലെ വഴിയോരവാണിഭങ്ങൾ

അനോന്യം കടിപിടി കൂടുമ്പോൾ
തുണിനിറം നോക്കി, ലോക്കറ്റു നോക്കി,
ശിരോവസ്ത്രം നോക്കി, തലപ്പാവു നോക്കി,
കൊന്തയും കൊലുസ്സും കാപ്പും നോക്കി
അധികാരവടികളെ ഒഴിവാക്കി
പരസ്പരം വെട്ടാം, കീറാം

വില്പനക്കാർ തിരക്കിലാണ്
വാങ്ങുന്നവർ ആക്രാന്തത്തിലും