ബ്ലോഗ് ആര്‍ക്കൈവ്

2014, ജനുവരി 3, വെള്ളിയാഴ്‌ച

ഗൃഹപ്രവേശം

പച്ചപ്പിൽ മടുപ്പു കണ്ടു തുടങ്ങിയോ നീ
ആവോളം ക്ഷമിയ്ക്കുക സമ്പന്നമാം ക്ഷാമത്തെ
ഇന്നീക്കാണുന്ന താരും തളിരും പൂക്കളും പഴങ്ങളും
ഇനി വിരുന്നെത്തും വേനൽ നീരൂറ്റി വാടിവീഴാം

നമുക്കു നടക്കാമിനി ഊടുവഴികളിലോരം പറ്റി
കാമിയ്ക്കാം ഉണ്മതൻ കയ്പുനീരിറ്റും ഒറ്റയാൻ വഴികളെ
തിരിഞ്ഞൊന്നു നോക്കീടാതുരിയാടാതെ നടക്കാം കുറേനേരം
പിന്നെ, കടിത്തൂവച്ചൊറിച്ചിലിൽ അന്യോന്യം പഴിചാരി
പൊടി പുരണ്ട ചിന്തയും കണങ്കാലിൽ കുരുവുമായ്
കഥയറിയാപ്പൈതങ്ങളുടെ കൈപിടിച്ചു പദയാത്ര തുടർന്നിടാം

ഒരു കുഞ്ഞുമോഹം പോൽ തലനീട്ടും കറുകനാമ്പിനെ
നുള്ളി നോവിയ്ക്കാതെന്നടക്കം പറഞ്ഞിടാം
ഇക്കാട്ടു മൺപാതകളിൽ ചുര മാന്തി ചിനയ്ക്കും
കാട്ടുപന്നിക്കൂട്ടങ്ങളുണ്ട്, സൂക്ഷിച്ചു കാൽ വെയ്ക്കണം

ഇന്നലേവരേയ്ക്കും നാമാടിത്തളർന്നൂ രംഗകോമരങ്ങളായ്
ഒരു വിളിപ്പാടകലെ വെളിപാടും ചിലമ്പും ഉപേക്ഷിയ്ക്കാം
ആളനക്കം കെട്ട വഴിയോരത്തൊറ്റയാം ചുമടുതാങ്ങിയായ്
ഇക്ഷിതിയുടെ മൺതിട്ടിലമർന്നിരുന്നൊന്നു നെടുവീർക്കാം
ശ്വാസമൊന്നാഞ്ഞു വലിച്ചിടാം പിന്നെയും നടക്കാം
ചങ്കുപൊട്ടുന്ന നീറ്റലിൽ തുമ്പനീർ തേച്ചിടാം, ഉമിനീരിറക്കിടാം

തീർപ്പായ വ്യഥകൾ നിഴലോളം വളർന്നിരുട്ടു തുപ്പുമ്പോൾ
തമ്മിൽക്കൊരുത്ത കൈകളമർത്തി “വെറുതെ”യെന്നാശ്വസിയ്ക്കാം
മഞ്ഞിറങ്ങുന്ന നേരമായ്, കുഞ്ഞു തലകളിൽ ചീരാപ്പിറങ്ങാതെ കാക്കുക
പതുക്കെ തിരിഞ്ഞൊന്നു നോക്കുക, പിന്നിട്ട മുൾവഴികൾക്കു മംഗളം നേരുക

പ്രതീക്ഷയുടെ പൂവിലങ്ങുകൾ മാറിൽ പിണച്ചു നാമൊടുവിൽ
വഴികളുറങ്ങുമീയശാന്തമാം ജന്മകുടീരമൊന്നെത്തിടുമ്പോൾ
അറിയുകെന്നെ നീ, ഞാൻ നിന്റെ കൂട്ടു തടവുകാരൻ അന്ത്യം വരെ

പരസ്പരം കുതറാതെയീത്തടവറ സമ്പുഷ്ടമാക്കാം നമുക്കലിവിനാൽ

അഭിപ്രായങ്ങളൊന്നുമില്ല: