ബ്ലോഗ് ആര്‍ക്കൈവ്

2015, ജൂൺ 26, വെള്ളിയാഴ്‌ച

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


2015, ജൂൺ 20, ശനിയാഴ്‌ച

സ്മരണാഞ്ജലി

അരുണാ ഷാൻബാഗ്, താങ്കളൊരു പ്രതീകമായിരുന്നു

ജീവിച്ചിരുന്ന മരണത്തിന്റെ
ഒളിഞ്ഞിരുന്നാളിയ പ്രതികാരത്തിന്റെ
ഇരുളിൽ ചങ്ങല കിലുക്കും കാമവെറിയുടെ
നിലയ്ക്കാത്ത നായ്ക്കുരകളുടെ വേട്ടഓരികളുടെ
നിലച്ച രക്തധമനികളുടെ നീർക്കെട്ടിന്റെ
ഓർമ്മകളുടെ നാഡീക്ഷതങ്ങളേറ്റ മസ്തിഷ്ക്കച്ചേതത്തിന്റെ
നിശാപുഷ്പങ്ങളിൽ പൂത്ത മരണഗന്ധത്തിന്റെ
പിന്നെയും, വെളിയിൽ വരാത്ത, ഇഷ്ടപ്പെടാത്ത
എന്തിന്റെയൊക്കെയോ ഇരയായിരുന്നു
എന്നിട്ടും താങ്കളൊരു പ്രതീകമായിരുന്നു
കുടുസ്സെങ്കിലും ഒറ്റമുറിജീവസന്ധാരണത്തിലൂടെ

മൃത്യുവിൻ പോർമുഖങ്ങളെല്ലാമടച്ച്
എന്തിനായിരുന്നു ചകിതപ്രാണൻ നിന്നെ വെല്ലുവിളിച്ചത്?
വൈകൃതോന്മത്തനായ് എന്തിനാണു
പൗരുഷോത്തേജനം നിന്നെ പ്രാപിച്ചത്?
കൃതകൃത്യയാണെന്നറിഞ്ഞിട്ടും നിരപരാധിയായിട്ടും
അധികാരവൃന്ദമെന്തേ കണ്ണടച്ചു കളഞ്ഞത്?
പ്രണയിയാം നിന്നെ ഉറ്റുനോക്കുവാനാകാതെന്തേ
പ്രതിശ്രുതദാമ്പത്യതത്പരൻ മടിച്ചു കടന്നു കളഞ്ഞത്?
ഉറ്റവരും ഉടയോരും കാണാമറത്തു നിന്നും
രക്തബന്ധം പോലുമെന്തേ മറന്നു മറഞ്ഞത്?

തങ്ങളിലൊരുവളായ്, ദർപ്പണബിംബയായ്
ആശുപത്രിക്കിടക്കയിൽ, പോയ വത്സരങ്ങളിൽ
മുറതെറ്റാതെ മരണത്തിന്റെ കരങ്ങളിൽ ഭദ്രമായ്
നിന്നെയേൽപ്പിയ്ക്കാൻ കാവൽ നിന്ന മാലാഖമാർക്കു നന്ദി

അകലെയെങ്ങോ ആശ്വസിച്ചിരിയ്ക്കും നിൻ കൊലയാളി
 മരണമൊരു മഴയായ് നിന്നെ കുളുർത്തപ്പോൾ
അതിലും നിന്ദ്യം ഇവിടെ നീതിയും ന്യായവും
അന്തസ്സായ് മരണം പോലും വിധിയ്ക്കാത്ത അഭിജാതർ

അരുണാ ഷാൻബാഗ്, സ്മരണാഞ്ജലി
മറവിയുടെ താഴുകൾ തകർത്ത മരണമേ,

നന്ദി, ദശസഹസ്രം നന്ദി

2015, മേയ് 22, വെള്ളിയാഴ്‌ച

മർമ്മരങ്ങൾ

ഞാനിപ്പോൾ ഏകാന്തതയെ
വല്ലാതെ പ്രണയിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു

ചെകിടടപ്പിയ്ക്കുന്ന ഏകാന്തത
പുകച്ചുരുളുകളാൻ വലയം തീർത്ത്
കനം വെയ്ക്കുന്ന ഇരുട്ടിലേയ്ക്ക് കണ്ണുംനട്ട്
മനം മടുപ്പിയ്ക്കുന്ന വിരസചിന്തകളിൽ മുഴുകി
ആരെയും കാത്തിരിയ്ക്കാനില്ലാതെ
മനസ്സിൻ വാതായനങ്ങൾ വലിച്ചടച്ച്
ഉമ്മറക്കോലായിൽ തനിച്ചിരിയ്ക്കുമ്പോൾ
എന്തിനെന്നില്ലാതെ കൊതിപ്പിയ്ക്കുന്ന
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന ഏകാന്തത

മലർക്കെത്തുറന്നിട്ട പ്രവേശനകവാടങ്ങൾ
ഇപ്പോൾത്തന്നെ താഴിട്ടുപൂട്ടണം
ആരും കയറിവരാതിരിയ്ക്കാൻ;
നിശ്ശബ്ദമായ കാലടിയൊച്ചകൾ പോലും

ഒറ്റയ്ക്കിരുന്നാലും മറ്റുള്ളവർ കാണുന്ന
ചിന്തയിൽ മുഴുകിയ എന്റെ രൂപം
വെളിയിലെ വിളക്കുകളണച്ച്
ദൃഷിപഥങ്ങളിൽ നിന്നെല്ലാമകറ്റണം

കൂരിരുൾക്കാട്ടിലെ നക്ഷത്രക്കണ്ണുകൾ
ജീവിതക്കാഴ്ചയിലെ വേർപ്പാടിൻ കഥകൾ
മിന്നിപ്പറഞ്ഞു കരയുന്ന നേരത്ത്
കണ്ണിർച്ചാലുകൾ വറ്റാതെ നൊന്തൊന്നു നീറണം

വൈകിയുദിയ്ക്കുന്ന ചന്ദ്രനെ നോക്കി
നീരസമില്ലാതെ, ആർദ്രഭാവത്തോടെ
പൗർണ്ണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള
അർക്കവെളിച്ചത്തിന്റെ വിളർച്ചയളക്കണം

ഗന്ധങ്ങൾ മരവിച്ച് പൊറ്റകൾ കെട്ടി
അന്ധാളിച്ചു നിൽക്കുന്ന നാഡിയും മസ്തിഷക്കവും
മദവും മത്സരവും മറന്ന് തളർന്നുറങ്ങുമ്പോൾ
അന്ധകാരത്തിന്റെ നിറപറ നേരണം

ഇതെല്ലാം ഒത്തുവന്നിട്ടെന്തിനാണെന്നെ
ശബ്ദങ്ങൾ ഒന്നൊന്നായ് ശല്യപ്പെടുത്തുന്നത്?
ഓർമ്മൾ, സ്വപ്നങ്ങൾ, ബന്ധങ്ങൾ എന്തിനാണു
മേളങ്ങളും മേളപ്പദങ്ങളും ആടിത്തീർത്ത് വളയുന്നത്?

ഞാനിപ്പോൾ ഏകാന്തതയെ, അതിന്റെ ഗന്ധത്തെ
സ്വച്ഛമായ ഒറ്റയാൻ കാറ്റിനെ, അതിന്റെ മർമ്മരത്തെ
ധ്രുവസീമയിലെ ഏകാന്തതാരത്തിൻ വെളിച്ചത്തെ
വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു;

വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു

2015, മേയ് 9, ശനിയാഴ്‌ച

മതി; ഇത്രയും മതി

അവഹേളനപ്രമേയത്തിന്റെ വിജയഭേരിയിൽ മുങ്ങി
പടിയിറങ്ങിപ്പോയ പ്രണയവും പ്രണയവല്ലരികളും
ഓർമ്മകളുടെ ധാരാളിത്തത്തിൽ വാടിവീഴാതെ
പരസ്പരവിശ്വാസത്തിന്റെ ജലതതിയിൽ പൊങ്ങിക്കിടന്നു

ആവേഗം മുറ്റിയ ജീവിതാവേശം തിരമാലയായ്
എന്നോ കരയിലടുപ്പിച്ച പ്രണയകുടീരം വിധിപോലെ
കാലയാപനത്തിനായ് കരയിലുറച്ചുപോയ്
വേരിറങ്ങി ആഴത്തിൽനിന്നും വെള്ളവും വളവുമെടുത്തു

മുകിൽത്തുണ്ടുകൾ പൊട്ടിനുപോലുമില്ലാത്ത നീലാംബരം
സ്വച്ഛമായി നീണ്ടുനിവർന്ന് കൈനീട്ടി മാടിവിളിച്ചപ്പോൾ
പണ്ടെന്നാൽ, പണ്ട് വർഷങ്ങൾക്കുമുമ്പത്തെ മേഘവിസ്ഫോടനത്തിന്റെ
ബ്രഹ്മാണ്ഡശക്തിയെ മറന്ന് തറവാട്ടുമുറ്റം കേറിവന്നതാണിന്ന്

തിരിച്ചുവരവിന്റെ രാത്രി; നിനയ്ക്കാതെ നിലയ്ക്കാതെ പെയ്ത മഴയത്ത്
രാത്രിയുടെ ശബ്ദങ്ങൾ ആഘോഷാരവം മുഴക്കി
രാപ്പാടികൾ മതിമറന്ന് ശീർഷകം പാടി, തളരുംവരെ
രാപ്പക്ഷികൾ ചിറകടിയൊച്ചയാൽ പക്കമേളം തീർത്തു

സീമന്തരേഖയിലെ സിന്ദൂരം നിറം കെടുത്താതെ
സ്നേഹസൂചകം കോർത്ത ചരടു പൊട്ടിയ്ക്കാതെ
സമർപ്പണപൂരകങ്ങളായ് സഹവർത്തിച്ചും ചിരിച്ചും
സഹനതീരങ്ങളിൽ മുള്ളുകോട്ടകളിൽ വസിച്ചതിൻ ആത്മഹർഷം

വർഷങ്ങളുടെ ഇടവേള; അവയ്ക്കിടയിൽ കുരുത്ത
പൊടിപ്പും തൊങ്ങലും ചേർക്കാത്ത ജനിതകപ്പകർപ്പുകൾ
ജീവസന്ധാരണത്തിന്റെ ഗതിമൂർച്ഛകൾ പാകപ്പെടുത്തിയവർ
പിന്തുടർച്ചയുടെ പാതകൾക്ക് നേരവകാശം പകുത്തവർ

ഇനി മതി; യാത്രാംദേഹി തൻ ദീക്ഷ മാറ്റാം
പണ്ടുറങ്ങി ഉണർന്ന കുടുസ്സുമുറിയിലൊതുങ്ങാം
പഴമയുടെ കനം നിറച്ച ചൂരും ചൂടും നിറഞ്ഞ
പഴംകഥ കേട്ടുറക്കം വഴുതിയ ചുമരുകൾ നോക്കാം

വർഷങ്ങളുഴുതുമറിച്ചതോർക്കാൻ ഒരു ചാരുകസേര
കുടിച്ചു വറ്റിച്ച തീണ്ടൽനീർക്കയ്പു മാറ്റാൻ ഒരു കൂജയും
കൺചിമ്മുമ്പോഴും അരികത്തിരിയ്ക്കാൻ, ആയുസ്സു ഹോമിച്ച
സഹയാത്രികയും; മതി, ഇത്രയും മതി, ഈ ജന്മം സാർത്ഥകം


2015, മേയ് 2, ശനിയാഴ്‌ച

അവതാരദുഃഖം


ഏതോ ശാപം തീണ്ടിയ അവതാരമല്ലയോ ഞാൻ
ദശാവതാരക്കണക്കിൽ മൂന്നാമത്തേതെങ്കിലും
അവതാരം വരാഹം; പന്നിയെന്നു വിളിച്ചിടും
തേറ്റയെന്നതെന്നായുധം; വെറുപ്പിൻ നിദാനവും

ഉദരനിവൃത്തിയിന്നില്ല, ഭൂമിയ്ക്കു ഭാരമായ്,
ഉർവ്വി തന്നുയിരു കാക്കുവാൻ ഉയിരെടുത്തവൻ
ദേവിയെങ്കിലും ദാനവൻ കൈവെയ്ക്കാനൊരുമ്പെട്ടു
നാന്മുഖൻ ബ്രഹ്മന്റെ ശ്വാസവേഗത്തിൽ ഉയിർകൊണ്ടു

അന്നെല്ലാം സ്വർഗ്ഗം; മറുപക്ഷമായ് അസുരവംശം
പ്രളയമാം കടലിലെ തുരുത്തായ് ഭൂമിദേവി
 പാപപ്പൊരുളുകളുടെ തീർപ്പിന്നു നരകവും
മൂപ്പിളമത്തർക്കമില്ലാതെ ത്രിമൂർത്തികൾ വേറെ

അന്നെന്നുടെ തേറ്റകൾ ധർമ്മത്തെക്കാത്തൊരായുധം
ഇന്നെനിയ്ക്കാ തേറ്റകൾ അന്നം തേടുവാനായ് മാത്രം
തിന്മയെ പ്രഹരിച്ചു സംഹരിച്ചതോർക്കുന്നു ഞാൻ
പരതുന്നതിന്നു ഞാഞ്ഞൂൽ, ഫലമൂലവർഗ്ഗങ്ങൾ

നാരായണാംശമാമെന്നെ വണങ്ങീ നരവംശം
പിന്നെ, രക്ഷ നേടിയ നാൾ തൊട്ടു വേട്ടയാടിയും
വെടിച്ചില്ലു പായിച്ചും വൈദ്യുതാലിംഗനം കൊണ്ടു
വേലിതീർത്തും കാടിളക്കിയും കൊല്ലുന്നു, തിന്നുന്നു

പകൽ വെളിച്ചത്തിൻ പൊലിമയിൽ കാട്ടുപൊന്തയിൽ
വെയിൽകാഞ്ഞും ജീവനിൽ കൊതിപൂണ്ടും ഒളിയ്ക്കുന്നു
ഇരുൾ മറവും തേടി ചതിക്കുഴികൾ ഭയന്നും
തെല്ലു ശങ്കിച്ചുമല്ലാതെ തീറ്റതേടാനാകുമോ?

മടവാൾ കൊണ്ടു വെട്ടിക്കുരവള്ളി പൊട്ടിച്ച്
നിശ്ചലമാക്കുന്നെൻ ദൈന്യത്തെ വിളശല്യമെന്നോതി
തോൽ കിഴിച്ചെടുക്കുന്നു, ചോര വാർക്കുന്നു, നെയ്യെ-
ടുത്തുരുക്കി സൂക്ഷിയ്ക്കുന്നൊറ്റമൂലിയായ് പുരട്ടാൻ

വെറുപ്പിന്നുപ്പും കറിക്കൂട്ടും ചേർത്തു വേവിച്ച്
വയറും നിറച്ചേമ്പക്കവും വിട്ട് പറയുന്നു
“ഇവനാണിന്നലെവരെയെന്റെ ചേനയും ചേമ്പും
തുരന്നു തിന്നോൻ, എൻ വാഴകുത്തിയോൻ, നശൂകരം”

എന്നാൽ കുക്ഷി വീർത്തിട്ടും ശാപവാക്കുകളല്ലാതെ
ഇക്ഷണം വരെയും കേട്ടതില്ല ഞാനെന്നെച്ചൊല്ലി
കാടില്ല, മേടില്ല, അന്നമെന്നതൊട്ടും കിട്ടുവാൻ

അവതാരമത്രേ; അന്നം മുടക്കിയെന്ന പേരും

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പിതൃബലി


ശ്രാദ്ധപിണ്ഡം സമർപ്പയാമി
ശ്രദ്ധയോടെ നീരിറ്റിയ്ക്കണം
ശ്രമഘ്നിയായ് ഓർമ്മയെത്തണം
ശ്രമഭീതിയേതുമില്ലാതെ

സപ്തനദികൾ, സമുദ്രങ്ങൾ
ഇലപ്പലകയിൽ തെക്കോട്ടു
തിരിച്ചിട്ട ഓട്ടുകിണ്ടിയിൽ
ആകാശഗംഗയുമെത്തുന്നു

ഇനി തുടങ്ങാം പിതൃബലി
ഇത്തിരി പൂവും ചന്ദനവും
ഇടയ്ക്കിടെ എള്ളും അരിയും
ഇടകലർത്തി അർപ്പിയ്ക്കുക

ഓർമ്മ തൻ ശ്രഥനമില്ലാത്ത
മഥനം നടക്കയാണുള്ളിൽ
നാളും പേരും വിളിച്ചു ചൊല്ലി
ഇരുത്താം പിതൃവെ ദർഭയിൽ

കറുത്തിരുണ്ട വാവുരാവിൽ
കഴിഞ്ഞേയുള്ളൂ ശ്രാദ്ധോരിയ്ക്കൽ
മൂടിക്കനത്തു മരവിച്ച
മരണമെത്തിയ തലേന്ന്

ജാതകത്താളിൻ ചിത്രം നിറ-
ച്ചെത്തിയ രോഗപീഡപർവ്വം
താണ്ടുവാനാകാത്ത വിമ്മിഷ്ടം
കിളിവാതിൽ തുറന്നകന്നോ?

മിഴിവെളിച്ചം കെട്ടു പോയെ-
ന്നാകിലും തിരഞ്ഞുവോയെന്നെ?
തഴുകി മടുക്കാത്ത കൈകൾ
പിന്നെയും മാടി വിളിയ്ക്കുന്നുവോ?

നിനവിൽ ഒന്നല്ല, മൂന്നു പേർ
മാതൃഭാവം പൂണ്ട ദേഹികൾ
ദർഭ വിരിച്ചു വിളിച്ചെന്നാൽ
മടിയൊന്നില്ലാതെ വന്നിടും

ഉദരം കഴച്ചു നൊന്തിട്ടും
മക്കൾ തൻ ഉദരം നിറച്ചോർ
മനസ്സു മുട്ടെ വ്യസനിച്ചും
മനം നിറയ്ക്കാൻ തുടിച്ചവർ

ചെയ്യേണം ഉദകക്രിയയായ്
തിലോദകം തൂവി മുറപോൽ
പ്രീതികൊള്ളുകെൻ അമ്മമാരെ-
ന്നുള്ളിൽ മോഹിയ്ക്കട്ടെ ഞാനിന്ന്

ഗ്രഹണഗർഭത്തിൻ നോവുക-
ളലട്ടാതെ യാത്രയാകുക
പിതൃലോകത്തേയ്ക്കുദ്ധ്വസിച്ചു-
കൊണ്ടൊരു നീരിറ്റിയ്ക്കട്ടെ ഞാൻ

പറന്നിറങ്ങും ബലിക്കാക്ക-
കൾക്കിടയിലുണ്ടു നിശ്ചയം
അടുപ്പം ഭാവിയ്ക്കാനാകാതെ
ദുഖാർദ്രം വിതുമ്പും അമ്മമാർ

കൈക്കുടന്ന ജലം തൂകി ഞാൻ
തിരിഞ്ഞൊന്നു നോക്കാനാകാതെ
ശ്രാദ്ധവർഷം പിന്നിട്ടു വീണ്ടും
കാത്തിരിയ്ക്കട്ടെ, ഇനിയും വരും

പിടയുന്ന മനസ്സറകൾ
കൺതടം നിറയുമശ്രുക്കൾ
വേർപ്പെടുത്താനാകാത്ത ബന്ധം
കർമ്മലോകത്തിന്റെ വേപഥു



2015, മാർച്ച് 19, വ്യാഴാഴ്‌ച

ഒരു പുരീഷ പുരാണം


നാട്ടിലെ നാലാൾ കൂടുന്ന
തിരക്കേറിയ നാല്ക്കവലയിൽ
ആളൊഴിഞ്ഞ രാത്രി നേരം നോക്കി
ഒരു നായ തെക്കുവടക്കായി കാഷ്ഠിച്ചു

ലക്ഷണമൊത്ത, വടിവുള്ള
ചൂടും ചൂരും വിട്ടുമാറാത്ത
ആരുടെ ദൃഷ്ടിയിലും പെടുന്ന
ദണ്ഡിൻ ദൃഢതയുള്ള അമേദ്ധ്യഖണ്ഡം

പ്രത്യക്ഷത്തിൽ ഏഭ്യമല്ലാത്ത,
വിശിഷ്ടവസ്തുവായ് തോന്നപ്പെട്ടതിന്റെ
തെക്കുനിന്ന് ഇടത്ത് ചുവപ്പ് നിറം,
മദ്ധ്യം മൂവർണ്ണം, വലതു ഭാഗം കാവി

നേരം പുലർന്നു, ചുവന്നു, വെളുത്തു
ആളുകളോരോന്നായടുത്തു കൂടി
സാകൂതം, അത്ഭുതക്കണ്ണുകളാൽ
വന്നവർ വന്നവർ അഭിരമിച്ചു കാഴ്ചയിൽ

ആർക്കും തിരിഞ്ഞില്ല; എന്താണീ സാധനം?
പിന്നെയോരോരുത്തരായ് തുടങ്ങീ വർണ്ണന
ഐശ്യര്യവർദ്ധക വശീകരണ യന്ത്രം മുതൽ
അന്യഗ്രഹവസ്തുവരെയെത്തി കല്പിതം

പിന്നെ, തത്രപ്പാടായ് സ്വന്തമാക്കാൻ
തർക്കം മൂത്ത് കശപിശയടി വരെയെത്തി
മദ്ധ്യസ്ഥമായി, വീതം വെയ്ക്കുക മൂന്നായ്
തലക്കഷ്ണം, നടുക്കഷ്ണം, വാൽക്കഷ്ണം എന്നിങ്ങനെ

താമസംവിനാ ഈർച്ചവാളെത്തി
തെക്കുള്ള വാൽക്കഷ്ണം ചുവപ്പ്
അതിനുമുന്നിലെ നടുക്കഷ്ണം മൂവർണ്ണം
വടക്കേയറ്റം തലക്കഷ്ണം കാവി

ഈർച്ചവാൾ ആരെല്ലാം പിടിയ്ക്കും, മുറിയ്ക്കും
വീണ്ടും വാഗ്വാദങ്ങൾ, അവകാശവാദങ്ങൾ
ഒടുവിൽ തീരുമാനം, സമവായം; വാളിന്റെ-
ഓരോ തലയ്ക്കലും ഓരോ നിറത്തിൻ അവകാശവാദികൾ

അങ്ങനെ ഉയർന്നൂ ഈർച്ചവാൾ ആരവത്തിൽ;
പെട്ടെന്നൊരാളെത്തുന്നു ചൂലുമായ്
കഠിനമായൊരു ചോദ്യമുയർത്തീ ചൂലുധാരി
നിങ്ങൾക്കറിയാമോ എന്താണിതെന്ന്?

അയാൾ ഉറക്കെ, സ്പഷ്ടമായ് ശബ്ദിച്ചു
“ഇതു വെറും നായ്ക്കാഷ്ഠം; കഷ്ടം
തിരിച്ചറിയുന്നില്ലേ നിങ്ങൾ ഈ നാറ്റം?
നായ്ക്കാട്ടത്തിനുണ്ടോ വാൽക്കഷ്ണം, നടുക്കഷ്ണം, തലക്കഷ്ണം?”

“നായ്ക്കാട്ടം മൂന്നു മുറി മുറിച്ച്
ഏതു മുറി വേണമെന്നാരാഞ്ഞാൽ
ഏതു കിട്ടിയാലും എന്തു ഫലം? നോക്ക്വണ്ടൂ
തലമുറി, നടുമുറി, വാൽമുറി എല്ലാം ഒന്നല്ലേ?”

അയാൾ നേരിട്ട് ചൂലുകൊണ്ടു തന്നെ
ശക്തമായടിച്ചു ദൂരെയ്ക്കിട്ടാ വിചിത്ര വിസർജ്ജ്യം
ഹാവൂ!യെന്നായി പൊതുജനം, മൂക്കത്തുവിരലോടെ
എന്തൊരാശ്വാസം; ഒഴിഞ്ഞല്ലോ മാരണം

വീണ്ടും പരന്നല്ലോ നാറ്റം; അസഹ്യം
കൂട്ടമായെത്തിയവർ നോക്കീ പരസ്പരം
കണ്ട കാഴ്ചയോ? തെല്ലൊറപ്പോടെ ശിവ! ശിവ!
നില്ക്കുന്നൂ ചൂലുവേഷം നായ്ക്കാട്ടത്തിൽ പൊതിഞ്ഞ്