ബ്ലോഗ് ആര്‍ക്കൈവ്

2015, ജൂൺ 26, വെള്ളിയാഴ്‌ച

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


അഭിപ്രായങ്ങളൊന്നുമില്ല: