ബ്ലോഗ് ആര്‍ക്കൈവ്

2014, നവംബർ 9, ഞായറാഴ്‌ച

കൊടുമുടികൾക്കു പറയാനുള്ളത്

എന്തെന്നാൽ ഞങ്ങൾ
തലയുയർത്തി നില്ക്കുമ്പോഴും ഏകരാണ്
ഇവിടെ ശ്വാസമില്ലാതിരുന്നിട്ടും
ഉയർന്നു തന്നെ നില്ക്കാനാണ് വിധി

കൊടും തണുപ്പാണെങ്കിലും
മഞ്ഞുകട്ടകളെടുത്തു പുതയ്ക്കണം
കടുത്ത താപത്തിലും
പാറകാട്ടി നഗ്നരായ് മേവണം
കൊടുങ്കാറ്റിന്റെ ചുഴലിയെ
വഴിതെറ്റിച്ച് വാനകറ്റണം
പേമാരിയുടെ മണൽമൂർച്ഛകളെ
മണ്ണിന്റെ മാറു പിളർക്കാതെ നേർപ്പിയ്ക്കണം
ഇടിമിന്നലിൻ ഊറ്റത്തെ
ദൃഢാലിംഗനം ചെയ്ത് നനുപ്പിയ്ക്കണം

ഞങ്ങൾ ചിറകറ്റവർ
പോകാൻ മറ്റൊരിടമില്ലാത്തവർ
ഉർവ്വി തൻ ഉൾച്ചലനത്താൽ
ഉലകശൃംഗങ്ങളായ് നടിപ്പവർ

ജന്മശിഷ്ടങ്ങളുരുട്ടിക്കയറ്റുന്നു ചിലർ
കീഴടക്കാനെത്തുന്നു മറ്റു ചിലർ
ജീവനുണ്ടോയെന്നു ചുരണ്ടി നോക്കുന്നു
ചെത്തി വലുപ്പം കുറയ്ക്കുവാനായുന്നു
കടലിന്നഗാധതയിൽ നിന്നും കോല-
ളവെത്രയുണ്ടുയരത്തിലേയ്ക്കെന്നു തിട്ടപ്പെടുത്തുന്നു

പൊയ്മുഖം കാട്ടാതെ
അയിരുശോഷം വരുത്താതെ
ശല്ക്കശകലങ്ങളടരാതെ
ഊളിയിട്ടെത്തും മേഘശലാകകളലിയാതെ
പാരിൻ പോരങ്കണത്തിലെ സാക്ഷിയായ്
പടുനായകത്വം ചുമക്കട്ടെ ഞങ്ങൾ

തേരിറക്കിത്തെളിയ്ക്കുന്ന അർക്കനെ
പാലൊളി വിതറുന്ന ചന്ദ്രികയെ
എന്തിനോ വിങ്ങുമുഡുക്കളെ
നിർന്നിമേഷം വീക്ഷിയ്ക്കുന്നു ഞങ്ങൾ

കൊടുമുടിയായുരുന്ന ഹേ! മനുഷ്യാ, സുഹൃത്തേ
നിന്റെ തലവരയും ഞങ്ങളുടേതു തന്നെ
നീ ഏകനാകുന്നു; അസ്തപ്രജ്ഞനാകുന്നു
മറ്റൊരു ഭ്രംശം നിന്നെയൊടുക്കിത്താഴ്ത്തും വരെ

ഉത്തുംഗശൃംഗങ്ങളെപ്പൊഴും മുനകൂർത്തവ
സാന്ത്വനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുന്നവ
സ്വന്തം ജീവിതമുർച്ഛകളെ നിരാകരിയ്ക്കുന്നവ
തമസ്സിൻ കിരണങ്ങളെ ഊറ്റിയെടുക്കുന്നവ

ഈഷലാം അഴലിന്റെ കനലുകളൂതിയും
പണിചെയ്യാക്കുറ്റം ചാർത്തുന്ന പീഡകളായും
അംബരചുംബികളായ ദുരഭിമാനക്കഥകളായും

വളരുന്ന മുടികൾ എന്നും എപ്പോഴും ഏകർ തന്നെ.

2014, ഒക്‌ടോബർ 22, ബുധനാഴ്‌ച

നിഷേധി


നിഷേധിയുടെ തത്രപ്പാടുകൾ ആർക്കറിയാം?
നിമിഷാർദ്ധം കൊണ്ട്, വിനാഴികപ്പുറത്ത്,
ശൈലഭാവത്തിൻ ഇമയഴകോടെ
എന്തിനെയെല്ലാം നിഷേധിയ്ക്കണം?

ജല്പനസുഖം വേണ്ടാത്ത നിമിഷങ്ങളെ
മിഴിവുറ്റ തേന്മിഴിക്കുറ്റം ചാർത്തുന്ന നോട്ടങ്ങളെ
താഴികക്കുടത്തിലെ ചെമ്പോലയെഴുത്തിൻ പുരാണങ്ങളെ
തൊണ്ടകീറുന്ന ഒച്ചയിൽ പിച്ചിക്കീറുന്ന നിഷേധം

അർദ്ധപ്രദക്ഷിണമിച്ഛിയ്ക്കുന്ന പരംപൊരുളിനെ
മുക്കണ്ണിൻ ജ്ഞാനം വഴിയുന്ന തന്മയത്താൽ
മുഴുവട്ടമെത്തുന്ന മാതൃപിതൃവന്ദനം കൊണ്ട്
നൊടിയിടയിൽ വലം വെച്ചെത്തുന്നു നിഷേധി

താൻ പോരിമയുടെ ഒടുങ്ങാത്ത വാഞ്ച
സ്വച്ഛപാതങ്ങളെ ആവിയാക്കുന്ന തീക്കനൽക്കണ്ണുകൾ
രാഗദ്വേഷങ്ങളുടെ സമ്മിശ്രമാം തരംഗദൈർഘ്യം
മുഴുനീളസ്വപ്നങ്ങളുടെ പാതുകാപ്പുകാരനാം നിഷേധി

നിഷേധിയ്ക്ക് കൂട്ടു വേണ്ട; കൂട്ടിക്കൊടുപ്പും
അവനില്ല, ദുർമ്മേദസ്സാർത്തിരയ്ക്കും വശീകരണ തന്ത്രം
ജാരസംസർഗ്ഗം തീണ്ടാത്ത വാച്യാനുഭൂതിയായ്
അലങ്കാരഭൂഷനായ് വിളങ്ങുന്നു നിഷേധി

സത്യവും മിഥ്യയും കൈകോർക്കുന്ന ചെന്നീരൊലിപ്പിൽ
നിഷേധത്തിന്നുപ്പും ലവണവും പുരട്ടുന്ന നിഘാതങ്ങളാൽ
ജന്മം കൊണ്ടു മാത്രം സിദ്ധിച്ച തഴമ്പിനെ തെറ്റെന്ന്,
തെറ്റെന്നുറക്കെ വിളിച്ചു പറയുവാനെത്തുന്ന നിഷേധം

തർക്കവിതർക്കങ്ങൾ മുറുകുന്ന വേളയിൽ
തിണ്ടുകുത്തിക്കളിയ്ക്കുവാൻ തിടുക്കം കൂട്ടിയും
താറുടുക്കാതെ, കുപിതനാം കൗപീനമാത്രധാരിയായ്
അതിദ്രുതം എതിർപ്പിൻ മറുവശം തേടുന്നു നിഷേധി

സാക്ഷി വേണ്ട നിഷേധിയ്ക്ക്, ഉൾപ്രേരണ മാത്രം
അനുക്ഷണം അല്ലലിൽ തുടരുന്ന പ്രയാണം
പക്ഷം പിടിയ്ക്കുവാനാരുണ്ട്, നോട്ടമേതുമില്ല

പരമകാഷ്ഠയിലെത്തുന്ന ചിന്താനിഷേധത്തിൽ കലുങ്കുകളല്ലാതെ

2014, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വിഷാദമൗനങ്ങൾ


ലിവിൻ മഹാമേരു താണ്ടി പറന്നിട്ടും
പൊലിയുന്ന താരമായ് താഴെപ്പതിച്ചുപോയ്
പീലികൾ പരത്തിയ വർണ്ണങ്ങൾ കെട്ടുപോയ്
പാലിച്ചതില്ല ദേഹമിരന്ന ശീലങ്ങൾ

കാച്ചിയും കുറുക്കിയും വാക്കുകൾ നോക്കുകൾ
നിമിഷവേഗത്തിൽ കനം വെച്ചടിവെപ്പൂ
ഉള്ളിന്റെയുള്ളിൽ പ്രാണന്റെ കുറുകൽ നിലച്ചപ്പോൾ
അടങ്ങാത്ത തേങ്ങലായ് ജന്മബന്ധങ്ങളും

നട്ടെല്ലു പൊട്ടിത്തകർന്ന പൊട്ടമോഹങ്ങൾ
കാട്ടാറു തലതല്ലുന്ന ഈതിബാധയായ്
കറുത്ത പക്ഷത്തിലുദിയ്ക്കാത്ത ചന്ദ്രനായ്
ഭഗ്നമാം രാശിയിൽ പോർവഴി തേടുന്നുവോ?

എൻ വിഷാദമൗനങ്ങളേ, പൊറുക്കുകില്ലേ
നീണ്ട രാത്രിയാമങ്ങളിൽ ഉറക്കു പാട്ടായ്
തെല്ലൊന്നറച്ചു നിന്നെങ്കിലും മൂളുകില്ലേ
എൻ കൺകളിൽ കുഞ്ഞുകണമായൂറുകില്ലേ?


2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

അതിരുകൾ

കാണുന്നിടത്തെല്ലാം അതിരുകൾ മാത്രം
കാണാത്തിടങ്ങളിൽ അദൃശ്യമാം വിലക്കുകൾ
പിരിമുറുക്കങ്ങളുടെ അനന്തമാം വേലിയേറ്റിറക്കങ്ങൾ
ഇടംവലം തിരിയുവാനാകാത്ത പൊരുൾച്ചുറ്റിൻ മഹാമഹം

കാടുകൾക്കതിരുകൾ
മേടുകൾക്കതിരുകൾ
ലിംഗഭേദങ്ങൾക്കതിരുകൾ
സമവായ കേളികൾക്കതിരുകൾ
അതിരുകൾ, പതിരുകൾ
എണ്ണിയാലൊടുങ്ങാത്ത വേർത്തിരുവുകൾ

തുറന്നിട്ട ജാലകപ്പഴുതിലൂടെ നോക്കുമ്പോൾ
കണ്ണെത്താ ദൂരം മുഴുക്കെ വരമ്പുകൾ,, അതിരുകൾ
കണ്ണടച്ചിരുട്ടാക്കുവാൻ വെമ്പുമ്പോൾ
മനസ്സിന്നകത്തും അറകെട്ടുന്നയതിരുകൾ

കരുതലിൽ, വായ്പിൽ, തീർപ്പിൽ
കലഹങ്ങളിൽ, മുഖം വീർപ്പിൽ
ആവശ്യത്തീരാമഴയിൽ
ചെളിയുറയ്ക്കാതൊലിച്ചിറങ്ങുന്ന തരം തിരിവുകൾ, അതിരുകൾ

മണിയടിച്ചെത്തുന്ന ദിനപത്രം പേറുന്നു
പക്ഷപാതം വമിയ്ക്കുന്ന വാർത്തകൾ, അതിരിട്ട്
വായിച്ചു മനസ്സു കെട്ട് വിവശനായ്
തീൻമേശയ്ക്കു മുന്നിൽ പ്രാതലിനെത്തുമ്പോൾ
അവിടെയും ഇല്ലായ്മ ചേർത്തു വേവിച്ച അതിരുകൾ

ഇനിയെന്തെന്നു പതുക്കെ പുറത്തേയ്ക്കു
തല കുനിച്ച് ദുരഭിമാനം മൂത്തിറങ്ങുമ്പോൾ
എതിരേല്ക്കുന്നു താഴിട്ടു പൂട്ടിയ മുഖങ്ങൾ

അതിരുകൾ വ്യക്തം, പല്ലിളിയ്ക്കാത്ത ദു:ഖസത്യം

2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

കരയാത്ത പാടങ്ങൾ


ഞങ്ങൾ പാടങ്ങൾ ഇനി കരയുകയില്ല
വരൾച്ചയും പ്രളയവും കെടുതി നോവാകുകയുമില്ല
ഞങ്ങളുടെ ഹൃദയവും കരളും വിണ്ടു പൊട്ടുകയില്ല
താത സ്മൃതികളിൽ ഗൃഹാതുരമാകുക തെല്ലുമില്ല

പ്രണയചേഷ്ടകളാരുമ്മി നട്ടു നീങ്ങുന്ന ഇണകളില്ല
കൊയ്ത്തുപാട്ടിൻ ശീലുകൾ തരളിതമാക്കുന്ന വിളവെടുപ്പില്ല
ഞങ്ങൾ വിളയിച്ച വിളവു പോരെന്ന പായാരം മാത്രം
പത്തായമൊഴിഞ്ഞാലും പതം പോരട്ടെന്ന പിടിവാശി മാത്രം

കന്നുപൂട്ടിക്കൊഴുത്ത മണ്ണിന്റെ ഗർഭത്തിൽ
ഗുപ്തമുകുളങ്ങളൊളിപ്പിച്ച വിത്തുകോശങ്ങൾ കെട്ടുപോയ്
വെയിൽ കാഞ്ഞ് മഞ്ഞിൻ നനവു തട്ടി
നല്ല നാളെയെ അന്നമൂട്ടുവാനാകാത്ത ഷണ്ഡരാം വിത്തുകൾ

ഇവർക്കായ് ഇനിയെന്തിനു ഞങ്ങൾ ചേറൊരുക്കണം?
ഇവരുടെ മുറ്റിനും ചിനപ്പിനും എന്തിനു കാവൽ കിടക്കണം?
നാളെ പണ്ടകശാല നിറയ്ക്കുവാൻ മാത്രമായ് വിളയുന്ന ഇവർക്ക്
വാടക ഗർഭപാത്രങ്ങളെന്നോ ഞങ്ങൾ?

കിനാവു കാണാൻ പോലും കെല്പില്ലാത്തവർക്കായ്
സ്വയം വേരാഴ്ത്തിയിട്ടും തീറ്റ തേടാത്തവർക്കായ്
സ്വയരക്ഷയ്ക്കായുള്ള ആർജ്ജവം തരിമ്പുമില്ലാത്തവർക്കായ്
എന്തിനു കരയണം ഞങ്ങൾ, എന്തിനു കരയണം?


2014, ജൂലൈ 29, ചൊവ്വാഴ്ച

തോൽവി

ഞാനിന്ന് തോറ്റുപോയി
കാത്തു കാത്തിരുന്ന തോൽവി
ഇത്തിരി വൈകിയാണെങ്കിലും
കാലപുരുഷന്റെ സ്വാഭാവിക നീതി

ഇവിടെ കയ്പുനീരില്ല, കറ വീണ പാടുകൾ
കാട്ടപ്പ കയറി കാടായ മനസ്സ്
ഭാരമന്തിൽ പുതഞ്ഞ കനത്ത കാലുകൾ
അടുക്കളക്കുഷ്ഠം പിടിച്ച ചുളിഞ്ഞ വിരലുകൾ
പുകയില പകുത്തെടുക്കുന്ന ശ്വാസകോശങ്ങൾ
ജരാനരകൾ ഏശാത്ത കഷണ്ടിത്തല
ദോഷദുർഗന്ധം മണത്തെടുക്കാനാകാത്ത പടുനാസിക
നരച്ച മാറും കൊഴിയുന്ന രോമങ്ങളും

ആസന്നമായ തോൽവിയെക്കാക്കാൻ
ഇതിലെന്തിനായിരുന്നു മറ്റു ചേരുവകൾ?

എങ്കിലും, തോറ്റപ്പോൾ മൃഷ്ടാന്നമായിരുന്നു
പരിഹാസശബളമായ അകമ്പടിയുണ്ടായിരുന്നു
ശകാരവർഷങ്ങളുടെ മേളക്കൊഴുപ്പുണ്ടായിരുന്നു
തോൽവിയും ഒരാഘോഷമാണല്ലോ?

തോൽവിയിൽ ജയം നേടിയ എനിയ്ക്കിനി
നീളെ നീളെ ആർപ്പോടെ വരവേൽപ്പൊരുക്കുക
ശീർഷപാദങ്ങളെത്തുന്ന കുറ്റമാല അണിയിക്കുക
നാടൊഴിഞ്ഞു പോകാനായ് കഴുതപ്പുറം ഒരുക്കുക

ബന്ധനങ്ങളറുത്ത് നീങ്ങട്ടെ ഞാൻ
തിരിഞ്ഞൊന്നു നോക്കാതെ പോകട്ടെ ഞാൻ
ഇനിയെങ്ങാനും പിൻവിളികൾ കേട്ടാലോ?
ഒരു ഞൊടി നിന്നാൽ നിറമിഴികൾ കവിഞ്ഞാലോ?


അഭിനവ രത്നാകരൻ

ജീവിതത്തിൻ രാത്രിവെളിച്ചത്തിൽ
അവമതിപ്പിൻ പൊന്തയിൽ ഒളിച്ചിരിയ്ക്കാം
ഇല്ലായ്മ തൻ ഊനു മാന്തി മാന്തി പുണ്ണാക്കാം
അഭിനവ രത്നാകരനായ് അരിയിടാം

ഉള്ളു പൊള്ളിത്തുടുക്കുക മണ്ണു തേയ്ക്കുക
ചെള്ളരിയ്ക്കുന്ന തൊലിയടരുകൾ നുള്ളുക
മുള്ളുപോൽ കൂർത്ത സഹമോഹങ്ങൾ വാങ്ങുക
വെള്ളിടി വെട്ടത്തിൽ ഹാ! പാപങ്ങൾ ചെയ്യുക

മഴവിൽ സ്വപ്നങ്ങളുടെ ചാരുതയേകി
അഴലൊളിപ്പിച്ചു മൂകമായ് ശാപം കൊയ്ക
നിഴൽശുദ്ധി വരുത്തി ഗുഹയ്ക്കകമേറി
പഴയ നടപ്പിന്റെ ഏടു പിച്ചി കീറുക

സ്നേഹമെന്നാൽ പണം, പണത്തെ സ്നേഹിയ്ക്കുക
വഴി പിഴച്ച ചെയ്തിയാൽ വഴി വെട്ടുക
സൗഹൃദപ്പച്ചയാൽ വാരിക്കുഴി മൂടുക
ഇരയെ വീഴ്ത്തി ദണ്ഡിച്ചു ചട്ടം കൊടുക്ക

പാപക്കറയാർന്ന പങ്കില കരങ്ങളിൽ
പുഴുവരിയ്ക്കും വ്രണങ്ങൾ പെരുത്ത നേരം
മരുന്നു പുരട്ടുവാൻ പോലുമറച്ചു പോം
പങ്കുപറ്റിച്ചീർത്ത സഹബോധമറ്റവർ

ഒന്നു ചോദിച്ചു നോക്കുക വൃഥായെങ്കിലും
പങ്കിലെ പാപത്തെ പങ്കു വെയ്ക്കട്ടെയെന്ന്
പുച്ഛമായ് ഒരു വശം കോട്ടി ഉദാസീനം
ബധിര മൂകരായ് പയ്യെ കയ്യൊഴിഞ്ഞിടും

വിഷമുള്ളു തീണ്ടിയ കാലും നിനവുമായ്
കടും നീല പായും ദേഹജ്വരാധി ചൂഴും
ഒറ്റപ്പെടുത്തലിൻ ചിതൽപ്പുറ്റു വളർന്നു
തെറ്റെന്നു മുറ്റി മെല്ലെ ജപമന്ത്രമോതാം

ശിഷ്ടലാഭങ്ങളുടെ പെരുക്കങ്ങളായി
പൊയ്പ്പോയ വർഷങ്ങൾ ചുരുൾ നിവർത്തുന്നു
വളർന്നതും വളർത്തി വലുതാക്കിയതും
ഉള്ളു കുടയായ് പിടിച്ചതും എന്തിനെന്നോ?

ഇതു കലിയുഗം, കാക്ഷിയ്ക്കാതിരിയ്ക്കുക
മോക്ഷപ്രഭുവെ, മോക്ഷത്തെ, മോചനത്തെയും
ഇല്ല സ്നാനഘട്ടങ്ങൾ പാപക്കറ മായ്ക്കാൻ

വസിയ്ക്കുക ഹീനം വാത്മീകത്തിനുള്ളിലായ്