ബ്ലോഗ് ആര്‍ക്കൈവ്

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

മാർച്ചിന്റെ ദുഃഖം



മാർച്ച് അല്ലെങ്കിലും ഒരു ദുഃഖമാസമാണ്.

ഉരുകിയൊലിയ്ക്കുന്ന വേനലിനോട് തോറ്റ്
കരിയിലകൾ പൊഴിയ്ക്കുന്ന മരച്ചില്ലകളുടെ ക്ലേശങ്ങളും
മീനച്ചൂടിന്റെ കിതപ്പിൽ തണൽ തിരയുന്ന
ഉച്ചക്കിളികളുടെ കലപിലയിൽ കോർത്ത പരിഭവങ്ങളും
ഊരുഭംഗത്തിൽ ഉടലും കതിരും ഛേദിയ്ക്കപ്പെട്ട്
കട്ടകീറിനില്ക്കുന്ന നെൽച്ചെടിത്തുറുമ്പുകളുടെ ഗദ്ഗദങ്ങളും
പ്രകൃതിനിയമത്തിന്റെ ക്ലിഷ്ടതയിൽ സ്വത്വം നഷ്ടപ്പെട്ട്
വരുംകാലസമൃദ്ധിയ്ക്കു വളമൂട്ടാനൊരുങ്ങുന്ന ചാണകക്കൂനകളുടെ നിർവ്വികാരതയും
കാട്ടുപന്നികളുടെ തേറ്റയിൽ കോർക്കപ്പെട്ട് വശംകെട്ട്
കീഴ്മേൽ കിടക്കുന്ന വാഴക്കന്നുകളുടെ അകാലമൃത്യുവും
ഒരു വെറും കത്തുന്ന ബീഡിക്കുറ്റിയിൽ തുടങ്ങി
അഗ്നിഗോളങ്ങൾ വിശപ്പടക്കുന്ന മലനിരകളുടെ വിലാപങ്ങളും
ഉടുതുണിയുരിഞ്ഞ ദേഹശുദ്ധികളുടെ സ്രവങ്ങൾ
തടംകെട്ടിക്കൊഴുത്ത കൈത്തോടിൻ വേമ്പൻ ചൂരും
ഒരു വെള്ളക്കൊട്ട മാത്രം മുങ്ങുന്ന കിണറിന്റെ ഉറവിൽ
അമ്പലപ്രാവുകൾ ദാഹം തീർത്ത് കാഷ്ഠിച്ചതിൻ നിസ്സഹായതയും
അടുത്തകൊല്ലത്തെ പൂരത്തിനു കാണാമെന്ന്
മദ്യോപചാരം ചൊല്ലിപ്പിരിഞ്ഞ കുഴഞ്ഞ നാവുകളുടെ സൌഹൃദാക്രോശങ്ങളും
ഞങ്ങൾ വള്ളുവനാട്ടു ഗ്രാമക്കാരുടെ
മാർച്ചുമാസത്തെ നിതാന്തദുഃഖങ്ങളാകുന്നു.

ഇനിയൊരു മഴയെങ്ങാനും പെയ്താലോ? അതും ദുഃഖം
മീനമാസത്തിൽ മഴ പെയ്താൽ മലയാളം മുടിയുമത്രേ!!!!????

2013, മാർച്ച് 16, ശനിയാഴ്‌ച

മടി



ഈ ഒടുക്കത്തെ മടി കൊണ്ടു തോറ്റു
ഒരൊഴിയാ ബാധയായ്
സുഖം പിടിപ്പിയ്ക്കുന്ന മുറിവായയായ്
പുച്ഛം വമിയ്ക്കുന്ന ശീലദോഷമായ്
മൂർച്ഛയിൽ നിന്നകറ്റും വികൃതചിന്തയായ്
സന്നിവേശിച്ചിരിയ്ക്കുന്നു മടി കൂസലേതുമില്ലാതെ.

കണ്ണുകൾ തുറക്കുവാൻ മടി
തുറന്നാൽ ഓർമ്മകൾ വികലമാക്കപ്പെടുന്ന നെറികേടുകൾ കണ്ടേയ്ക്കാം
ശബ്ദിയ്ക്കുവാൻ മടി
ശബ്ദിച്ചാൽ മുഖങ്ങൾ കറുത്തേയ്ക്കാം
കേൾക്കുവാൻ മടി
കേട്ടെന്നാൽ അസഭ്യവർഷത്തിൽ കുളിച്ചേയ്ക്കാം

ഒന്നുറക്കെച്ചിന്തിയ്ക്കുവാൻ മടി
ഭ്രാന്തനായ് മുദ്രകുത്തപ്പെടാം
മുഴുകെ സ്നേഹിയ്ക്കുവാൻ മടി
കോന്തനെന്നു വിളിപ്പേരു കിട്ടാം
സ്വയമൊന്നുരുകുവാൻ മടി
ഭീരുവായ് ചിത്രവധം ചെയ്യപ്പെടാം

മടിയിലേയ്ക്കു നയിയ്ക്കുന്ന അവസ്ഥാന്തരങ്ങൾ
എത്ര ഭീതിദം, സുചിന്തിതം, സുനിശ്ചിതം?

ചുരുക്കത്തിൽ
ഒന്നുണരുവാൻ, ഉറങ്ങാൻ
ദിനാന്ത്യത്തിലേയ്ക്കു നടക്കുവാൻ
മടിയായിരിയ്ക്കുന്നു.

പക്ഷെ,
മടി പിടിച്ചിരിയ്ക്കുവാൻ മാത്രം
ഒരു മടിയുമില്ല.

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ബിരുദം



ജീവിയ്ക്കുവാൻ വേണ്ട ബിരുദമേത്?
അറിവിന്റെ ആലയിൽ ഉല കാച്ചിയ ഫലകത്തിളക്കങ്ങളിൽ
കയ്പുനീർ കുടിച്ചു വറ്റിച്ച മോഹപാത്രങ്ങളിൽ
വൃഥാവിലിറ്റുന്ന ഭാഗ്യഹീനമാം സ്വേദകണങ്ങളിൽ
സമരസങ്ങൾ വിളമ്പുന്ന വെറുപ്പിൻ അതിരസങ്ങളിൽ
നിർദ്ധനത മഞ്ഞനീർ പായിയ്ക്കും ശുഷ്ക്കപത്രങ്ങളിൽ
ജനനമരണങ്ങൾക്കിടയ്ക്കാർത്തിരമ്പുന്ന വേഗക്ഷയങ്ങളിൽ
നെടുവീർപ്പിലമരുന്ന ആത്മബോധത്തിൻ കിതപ്പിൽ
കീഴ്പ്പെടലുകളുടെ നിസ്വാർത്ഥമാം അഗ്നിപാതങ്ങളിൽ
പാപശയ്യയിൽ പുണ്യം തളിയ്ക്കുന്ന തുളവീണ കൈക്കുടന്നയിൽ
ഇങ്ങു നോക്കെത്തുംവരേയ്ക്കും പിന്തിരിഞ്ഞു നോക്കും വിരഹാർത്തികളിൽ
ഇല്ലെവിടെയുമില്ല ജീവിയ്ക്കുവാൻ വേണ്ട ബിരുദം

നിഴലൊളിയ്ക്കുന്ന നേരത്ത് മുഖമൊന്ന് കോറിപ്പടിയിറങ്ങിയ നിഴൽക്കുത്തുകളിൽ
അസുരതാളത്തിൽ വലന്തല മുറുക്കുന്ന പാപദ്ധ്വനികളിൽ
ചതിയുടെ കരുത്തിൽ കാ‍ലുകളുയർത്തിച്ചവിട്ടുന്ന തീവെട്ടികളിൽ
അമറിച്ചിരിയ്ക്കുന്ന നാണം മറയ്ക്കാത്ത വേട്ടബോധങ്ങളിൽ
പുഷ്ടധാതുക്കളെ ദൈവകണമാക്കുന്ന കണികശാസ്ത്രങ്ങളിൽ
വെള്ളിത്തളികയും വെള്ളിക്കരണ്ടിയും പെറ്റുവീഴുന്ന ജീ‍വിതപ്പുരകളിൽ
ഒന്നിലും കലരാതെ നന്മയും തിന്മയും കൂട്ടിപ്പിണയ്ക്കുന്ന ചാലകശക്തികളിൽ
വിശപ്പും വിയർപ്പും വിലകെട്ടി വില്ക്കുന്ന മിനുക്കു മുഖങ്ങളിൽ
തികട്ടിപ്പുളിയ്ക്കുന്ന ആർത്തിയുടെ ദുർമ്മോഹകേന്ദ്രങ്ങളിൽ
അജ്ഞതയെ രാജവേഷം കെട്ടിച്ച് സ്തുതിയ്ക്കും വിദൂഷകസദസ്സുകളിൽ

ഇവിടെയെല്ലാം ഞെളിഞ്ഞു പുളച്ചു മദിച്ചു നടക്കുന്നു
തിടമ്പു വെച്ചു ചിലമ്പും ധരിച്ച് അഹങ്കാരികളായ് ബിരുദം ധരിച്ചവർ
ജീവിയ്ക്കുന്നതെങ്ങിനെ എന്നു പഠിപ്പിയ്ക്കുന്നു
ഇതു തന്നെ ജീവിതം
ഇതു തന്നെ ബിരുദം

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ദയാവധം



യൌവ്വനയുക്തയായ് കിടക്കയാണൊരു രൂപം
നിശ്ചലം, നിരാമയം, നിർവ്വികാരപ്രിയം

കിടക്കയിലേയ്ക്കെത്തിനോക്കിപ്പതുക്കെ
പിന്നെയാവട്ടെ എന്നു ചൊല്ലുന്നു മരണം
ശിഷ്ടബോധത്തിന്നരികെ മൃത്യുഞ്ജയമന്ത്രണം
നൂറ്റൊന്നാവർത്തിയ്ക്കുന്നു ഹോമകുണ്ഡപ്രവാസികൾ
എന്തറിയുന്നിവർ, തന്നുച്ഛിഷ്ടവായുവിൻ മണം നോക്കി
ഭാവിപ്രവചനം നടത്തുമ്പോൾ?

അമ്മയ്ക്കുമച്ഛന്നുമോമന, കുസൃതിക്കുടുക്ക, പൊൻമകൾ
പക്ഷെ, പൊള്ളുന്ന പനിയെത്തളർത്തിയ വൈദ്യശാസ്ത്രം
പാടെ മരവിപ്പിച്ചൂ ബുദ്ധിയും ഉടലിൻ ശക്തിയും
മരുന്നിന്നശുദ്ധിയിൽ നീലച്ചൂ സിരയും സുഷുമ്നയും
പിന്നെയൊരിയ്ക്കലും കണ്ടതില്ലവൾ, അറിഞ്ഞുമില്ല
വെള്ളപൂശിത്തുടങ്ങുന്ന പകലിന്റെ പ്രസരിപ്പും
നറുനിലാവിന്നമൃതു പെയ്യുന്ന രാത്രിയും
പീലികൾ കൊഴിച്ചും വളർത്തിയും തിമിർക്കുന്ന ദിനങ്ങളും
വർണ്ണമേഘങ്ങളും കൺചിമ്മുന്ന വാനനേത്രങ്ങളും
കുടുംബം പുലർത്തുവാൻ കലപില കൂട്ടും കിളികളും
തെങ്ങിന്റെ നെറുകയിൽ കൊഞ്ഞനം കാണിച്ച്
പൂച്ചയെ പുച്ഛിയ്ക്കുമണ്ണാറക്കണ്ണനും
നിശ്ശൂന്യ വിസ്മയത്തേരിൽ മറഞ്ഞു പോയ്

ചുണ്ടുപുളർത്തിയൊന്നമ്മേ വിളിയ്ക്കുവാൻ
അച്ഛന്റെ പുറത്തൊന്നാന കയറുവാൻ
നെയ്യിൽ മൊരിച്ചൊരു ദോശ ചോദിയ്ക്കുവാൻ
മോരിൽ കുഴച്ചൊരു ചോറുരുള ഉരുട്ടുവാൻ
പൂരപ്പറമ്പിലെ പീപ്പിയൊന്നൂതുവാൻ
ഞൊറി നെയ്ത പട്ടുപാവാടയുടുക്കുവാൻ
എത്രമേൽ ഉള്ളിൽ പൂതി തോന്നിയിട്ടില്ലേയിവൾക്ക്?

ആ ദൃഷ്ടി ചലിച്ചില്ല പിന്നെയൊരിയ്ക്കലും
വിതുമ്പിയിട്ടില്ലയധരങ്ങൾ ശേഷവും
നേർത്ത നിശ്വാസ ഞരക്കങ്ങളല്ലാതെ
മുറിയുടെ മേലാപ്പു മാത്രമാം ലോകത്തിൽ
ജിവിച്ചു തീർക്കുന്നു വിധി വൈകൃതങ്ങളൊന്നൊന്നായ്

നിയതിയുടെ മേളപ്പെരുക്കങ്ങൾ മുറുകു-
ന്നോരോ വിരലിലും തറഞ്ഞു കയറി ശരപഞ്ജരം തീർക്കുന്നു
ആയുസ്സിൻ ഉത്തരായണം കാത്തു നിൽക്കുന്നു സ്വഛന്ദമൃത്യു
തൻ പിതാവിൻ ചിതയെരിഞ്ഞ നാൾ മുതൽ

ജീവിതം ഷഷ്ഠി നോമ്പായി മാറ്റുന്നൊരമ്മ
വൃദ്ധിക്ഷയം മാത്രം ശീലിച്ചയനുജൻ
പല്ലിറുമ്മിക്കൊണ്ടു ചോദിയ്ക്കുന്നു ദുർമ്മരണത്തിന്റെ ദേവൻ
“പ്രീതിപ്പെടുത്തുവാനെന്തുണ്ടു കൈയിൽ?”

ഒടുവിൽ, ഗതിയേതുമില്ലാതെ
അന്ത്യോദകമൊരുക്കുന്നു ഖിന്നപ്രകാശപ്രതാപിയായ്
പത്തുമാസം ചുമന്നു പെറ്റ വയർ മകൾക്കായ്

ഒരു കണ്ണിൽ ക്രൌര്യം, മറുകണ്ണിൽ ദൈന്യം
വായ്ക്കൊരു പാതി ദംഷ്ട്രങ്ങൾ, മറുപാതി ശുന്യം
ഒരു മുലക്കണ്ണിൽ നഞ്ഞ്, മറുമുലക്കണ്ണിൽ അൻപ്
ഒരു കൈയ്യിൽ കൂരമ്പ്, മറുകൈ തൂവൽ സ്പർശം
ഒരു കാലുയർന്ന്, മറുകാൽ സ്തംഭിച്ച്
ഹൃദയവും മനസ്സും പകുക്കുവാനാകാതെ
ചഞ്ചലിത ചിത്തയായ് നില്ക്കുന്നിതീയമ്മ

ജ്വലിയ്ക്കുന്നു അഗ്നികുണ്ഠത്തിൽ ജഠരാഗ്നി
തിലഹോമം തുടങ്ങുന്നു ആത്മമോക്ഷത്തിനായ്
ഹവിസ്സില്ലർഘ്യവും, നിറകണ്ണിൽ
നിന്നൊഴുകുമീ മോക്ഷജലമല്ലാതെ
ശമം വരിയ്ക്കുന്ന ചിന്ത തന്നൊടുവിൽ
പരിത്യക്തയായ്, നിരുദ്ധയായ്, പരിക്ഷീണയായ്
അമ്മ നീട്ടുന്നു ചഷകം, സർവ്വോർജ്ജപ്രദായിനി
 “മകളേ, സ്വീകരിയ്ക്ക തിലോദകം
മടങ്ങുക ശാന്തയായ്, ഈ അമ്മയെ ശപിയ്ക്കായ്ക”

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

സ്നേഹപരിണാമം



സ്നേഹം ഒരു മഹാസാഗരമായിരുന്നു
അനാദികാലത്ത്
അന്ന് ജീവൻ ഒരു മാംസ്യകണം മാത്രം
മൂന്നു ലോകങ്ങൾ വിരചിയ്ക്കപ്പെട്ടപ്പോൾ
സ്നേഹം സപ്ത സമുദ്രങ്ങളായി വികസിച്ചു

നരജന്മത്തിന്റെ വിസ്ഫോടനം
സ്നേഹത്തെ അഞ്ചാഴികളാക്കിച്ചുരുക്കി
മനുഷ്യൻ സ്നേഹത്തെ കീഴടക്കി
ദയാരാഹിത്യത്തിന്റെ വൻകരകളുണ്ടായി
എന്നിട്ടും സ്നേഹത്തിന്റെ കൈവഴികൾ
ചെറുകടലുകളായൊഴുകി നടന്നു
കാറ്റും കോളുമായ് വൻകരകളെ പ്രീണിപ്പിച്ചു
ഗോത്രങ്ങൾ ആസന്ന ദുരന്തങ്ങളെ പ്രേമിച്ചു പ്രേമിച്ചു
പിച്ചും പേയും പറഞ്ഞു കടലുകളെ കരയോടടുപ്പിച്ചു
ഗോത്രങ്ങൾ കുടുംബങ്ങളായി
വറ്റിയ കടലുകളുടെ സ്ഥാനം പുഴകൾ ഏറ്റെടുത്തു
സ്നേഹം പുഴകളിൽ തത്തിക്കളിച്ചു

പിന്നെ, കുറെ കാരണവന്മാർ കനിവൂറിക്കിടന്ന മണലൂറ്റിയും
സ്വപുത്ര സ്നേഹാന്ധത കൊണ്ട് അണകെട്ടിയും
അലിവിൻ വൃഷ്ടിപ്രദേശത്ത്  തീയിട്ടും
പുഴകളെ പീഡിപ്പിച്ചപ്പോൾ
സ്നേഹം തടാ‍കങ്ങളിലൊതുങ്ങിക്കൂടി
തടാകങ്ങളിൽ കുടുംബകലഹങ്ങളുടെ കണ്ണുനീർ
ഉപ്പുരസം നിറച്ചപ്പോൾ
സ്നേഹം കിണറുകളിലേയ്ക്കരിച്ചിറങ്ങി

കത്തിക്കാളുന്ന ചോദനകളുടെ കൂത്തരങ്ങുകളുണ്ടായപ്പോൾ
വെറിപൂണ്ട മണ്ണിന്റെ വികാര വിക്ഷുബ്ധതയിലെന്ന പോൽ
സ്നേഹം ഇടിഞ്ഞു താണു പോയി
പകരം, മനസ്സിന്റെ ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിൽ
തങ്ങി നില്ക്കുന്ന സ്നേഹത്തിന്റെ കുഴൽക്കിണറുകളുണ്ടായി

അതും അനുഭവിച്ചു തീർന്നെന്നു വന്നപ്പോൾ
ഇപ്പോൾ പറയുന്നു,
സ്നേഹം പ്രപഞ്ചമാണെന്ന്.

കഷ്ടം, ഇനി പ്രപഞ്ചത്തിന്
എത്ര നാൾ കാണും ആയുസ്സ്?


2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

തീരാക്കടം

                                   തീരാക്കടം       

                                         (നാലു മാസങ്ങൾക്കു മുമ്പേ അന്തരിച്ച, ഞങ്ങളുടെ (അനിത്,പൊന്നൻ,രാജു, അജി,സന്തോഷ്,ഞാൻ) പ്രിയ സുഹൃത്ത് ,ശ്രീ.ഗോപാലകൃഷ്ണേട്ടന്റെ ഓർമ്മയ്ക്കു മുമ്പിൽ ഇതു സമർപ്പിയ്ക്കുന്നു.)


പുഞ്ചിരിപ്പകിട്ടാർന്ന സൌഹൃദം
നിശ്ചേതമായ്

നടുനീരിന്നു കാത്തു നില്ക്കാതെ
വെന്തു നീറുന്ന ചിതയുടെ അന്ത്യനാളങ്ങൾക്കു മുമ്പേ
ശവക്കോട്ട തീർത്തവൻ

വിഷമ മുഹൂർത്തങ്ങളൊന്നൊന്നായ് പെയ്തൊഴിഞ്ഞിട്ടും
വറ്റാത്ത കണ്ണീർച്ചാലുകൾക്കിരുപുറം
നൊന്തു കിളിർത്തതാം ജീവൽക്കിനാവുകൾ
ശാഖയായ് തളിരായ് പോറ്റി വളർത്തുവാൻ മോഹിച്ചവൻ

സിരകളിൽ മധുരം കയ്പു നിറച്ചിട്ടും
തെരുതെരെ പെരുകിയ പാഷാണകോശങ്ങൾ
കണ്ഠം മുഴുക്കെ പോരുവിളിച്ചിട്ടും
വേദനയൂറും വിഭ്രാന്തി തൻ വലയത്തിൽ
ചെറു മന്ദസ്മിതം കൊണ്ടു തീർത്ത പൂച്ചെണ്ടുമായ്
സഹനതീരത്തിൻ മടിത്തട്ടിൽ സഹധർമ്മിണിയ്ക്കു കൂട്ടിരുന്നു നീ

വിഷജ്വരം ബാധിച്ചൊരോമൽക്കിടാവിൻ
ചോരഞരമ്പുകളിലാഴ്ന്നു തളർത്തിയ വ്യാജന്റെ ഹീനമാം സൂചി
കാലമേറെച്ചെന്നിട്ടും തുരുമ്പെടുക്കാതെ തിളങ്ങുന്നൂ നിഷ്ക്കരുണം
പ്രായം യൌവ്വനം തീർത്തിട്ടും
രാവേതെന്നറിയാതെ പകലേതെന്നറിയാതെ
നോവിൻ ദിനരാത്രങ്ങൾ താണ്ടുന്നു
കൈത്തെറ്റിൻ ബാക്കിപത്രമായ്

കദനപ്പകർച്ചകൾ കടുംചായക്കളങ്ങൾ ചാലിച്ചു കോപിച്ചു
“കാണട്ടെ നിൻ വിലോലജന്മാന്തരങ്ങളെഴുതിയ മഷിക്കൂട്“
ഒടുവിൽ ശാന്തരായ് കളം മായിച്ചു വിടചൊല്ലി
“തിരികെ വരികില്ലൊരിയ്ക്കലും നിന്നെ ദുഷിയ്ക്കുവാൻ“
ദോഷമർമ്മങ്ങളുടെ കാവു തീണ്ടാത്ത സ്രഷ്ടാവിൻ
പുത്രകാമേഷ്ടിയിൽ‌പ്പിറന്ന മകനിൽക്കൂടെക്കണ്ടു നീ
വിപദിയുടെ കരാള നിമിഷങ്ങളെല്ലാകന്നു പോകുന്നതും
നിദ്രയിൽ ഭഗ്നവർണ്ണങ്ങൾ ചേർന്നൊരു സ്വച്ഛപ്രകാശമുയരുന്നതും
ഇരുളിൻ കവചം നീക്കി പുലരി പൊന്നു തൂകുന്നതും
കൺചിമ്മിയുറയ്ക്കാതെ കിനാവെന്ന പോൽ നോക്കി നിന്നു നീ

ഒരു സ്വപ്നഭ്രംശമെന്നപോൽ, ആരും വിളിയ്ക്കാതെ
തട്ടിയുണർത്തീ നിർദ്ദയം നിന്നെ രോഗപീഡകൾ
എല്ലാമൊതുക്കി നീ ഉള്ളിൽ, പുറമേക്കണ്ടതില്ല
വിഷമരേണുക്കൾ പടർത്തിയ വിഷാദം ഞങ്ങളൊരിയ്ക്കലും

തീരാക്കടമായ് ഞങ്ങളെ തട്ടിവിളിയ്ക്കുന്നു
നിരാശഛവി പൂണ്ട നിൻ നിസ്സഹായമാം നിശ്ശബ്ദ വിമ്മിഷ്ടങ്ങൾ
മരണവണ്ടിയ്ക്കു കാത്തു നിന്ന പോൽ
ധൃതിയിൽ ഉൾവലിഞ്ഞു നീ,അറിഞ്ഞതില്ല പരാധീനർ ഞങ്ങൾ
യാത്രയായ് നീ, ഞങ്ങളൊരുക്കിയ കൈത്താങ്ങിനായ് നോക്കി നില്ക്കാതെ.

ചിതയിലൊരിറ്റു കണ്ണുനീർ വീഴ്ത്തുവാൻ പോലും
അശക്തരായ്, അശുദ്ധരായ് വിങ്ങി നില്ക്കുന്നു
ശൂന്യഹൃദയർ ഞങ്ങൾ, നിർന്നിമേഷരായ് നിർമ്മജ്ഞർ

നടുനീരു നല്കേണ്ട മൺകുടം തുളയ്ക്കുവാൻ ബാക്കി
സർവ്വരോഗസംഹാരിയാം തുളസിയും വിഷഹാരി മഞ്ഞളും ബാക്കി
മോക്ഷനിമിഷത്തിൻ പശിയടക്കേണ്ട വായ്ക്കരി ബാക്കി
സുകൃതം കുറിച്ച നിൻ ജാതകക്കെട്ടുമോ ബാക്കി
നീ പകർന്ന സ്നേഹ സൌരഭ്യവും ബാക്കി
ബാക്കിയായില്ല നിൻ പ്രാണൻ

ആരു തുളയ്ക്കുമീ മൺകുടം നോവുനീരിൻ ധാര വീഴ്ത്തുവാൻ?
ഒന്നുമേ തിരിയാത്ത പിഞ്ചുപുത്രന്റെ കൈകളോ
ഗദ്ഗദം വിഴുങ്ങുമീ മിത്രവധുവോ
വീൺ വാക്കുകളവശേഷിപ്പിച്ച ഞങ്ങളോ?

അറിയുന്നതില്ലൊരു വഴിയുമീക്കടം വീട്ടുവാൻ
പക്ഷെ, തെളിയുന്നു നിൻ മുഖം ഉയരുമീ മഞ്ഞനാളങ്ങളിൽ
പാതിയടഞ്ഞ നിൻ കൺകോണുകളിലെവിടെയോ
കാണുന്നൊരിറ്റു കണ്ണീർക്കണം ഉരുണ്ടുകൂടുന്നതും
അതിലൊരു പ്രളയത്തിൻ വിനാശം വരമ്പു പൊട്ടിയ്ക്കുന്നതും
പക്ഷെ, സ്മൃതിയുടെ കുലംകുത്തിലകപ്പെടുകില്ലൊരിയ്ക്കലും ഞങ്ങൾ

നില്ക്കട്ടെ ഞങ്ങൾ ഈ സർവ്വസത്യത്തിൻ കവാടത്തിൽ
ഒരു നാളും വീടാത്തൊരീക്കടത്തിൻ പൊരുൾ തേടി ഹതാശരായ്

2012, ഡിസംബർ 23, ഞായറാഴ്‌ച

കുരുട സാക്ഷി




ഹേ! സർവ്വശക്താ,
ഉള്ളിൽ പുളയുന്ന വിഷബീജങ്ങൾ-
ക്കൊന്നിനും മർത്ത്യരൂപം കൊടുക്കാതിരുന്നാലും

ജനനേന്ദ്രിയം തുളഞ്ഞുകയറിയ
കാമാർത്തിയുടെ ഇരുമ്പുദണ്ഡിൻ കൃശാഗ്രം
ദഹനനാളവും കവച്ചെത്തി നില്ക്കുന്നു
രുധിരമിറ്റുന്ന ഹൃദയ കവാടത്തിൽ

താഡനമേറ്റ മസ്തിഷ്ക്കം, പ്രജ്ഞ
മാഞ്ഞിരുളിൽ ശവക്കുഴി തോണ്ടുന്നു
വായ്പിൻ സ്നിഗ്ദ്ധത ചുരത്തേണ്ടും
സ്തനങ്ങൾ അധമദംഷ്ട്രങ്ങൾക്കടിപ്പെട്ടു
സഹികെട്ടശക്തരായ് ഞെരിയുന്നു
മുലക്കണ്ണുകൾ രക്തം വിതുമ്പുന്നു
നിലയില്ലാക്കയം നീന്തിക്കയറേണ്ട
കൈകാലുകൾ ബന്ധനത്തിലാണിപ്പൊഴും

ഹോ! ഒരുത്തൻ തൃഷ്ണ തീർന്നെഴുന്നേറ്റു, പക്ഷെ;
വേഴ്ചയ്ക്കൂഴം കാത്തിനിയെത്ര പേർ? അറിയില്ല....!!

ഇതു കാമമോ ദുഷ്ക്കാമമോ?

ഇഴുകിപ്പിടിയ്ക്കുന്ന ജീവാമ്ളദുർഗന്ധം പേറി
നഗ്നമാം ദേഹം നീരറ്റു പതിയ്ക്കുമ്പോൾ
ഒടുങ്ങാത്ത സംവാദത്തിലുണർന്നിരിയ്ക്കുന്നു മഹാനഗരം
കുരുടസാക്ഷിയായ് കാതറ്റ നീതിബോധവും.