ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

തീരാക്കടം

                                   തീരാക്കടം       

                                         (നാലു മാസങ്ങൾക്കു മുമ്പേ അന്തരിച്ച, ഞങ്ങളുടെ (അനിത്,പൊന്നൻ,രാജു, അജി,സന്തോഷ്,ഞാൻ) പ്രിയ സുഹൃത്ത് ,ശ്രീ.ഗോപാലകൃഷ്ണേട്ടന്റെ ഓർമ്മയ്ക്കു മുമ്പിൽ ഇതു സമർപ്പിയ്ക്കുന്നു.)


പുഞ്ചിരിപ്പകിട്ടാർന്ന സൌഹൃദം
നിശ്ചേതമായ്

നടുനീരിന്നു കാത്തു നില്ക്കാതെ
വെന്തു നീറുന്ന ചിതയുടെ അന്ത്യനാളങ്ങൾക്കു മുമ്പേ
ശവക്കോട്ട തീർത്തവൻ

വിഷമ മുഹൂർത്തങ്ങളൊന്നൊന്നായ് പെയ്തൊഴിഞ്ഞിട്ടും
വറ്റാത്ത കണ്ണീർച്ചാലുകൾക്കിരുപുറം
നൊന്തു കിളിർത്തതാം ജീവൽക്കിനാവുകൾ
ശാഖയായ് തളിരായ് പോറ്റി വളർത്തുവാൻ മോഹിച്ചവൻ

സിരകളിൽ മധുരം കയ്പു നിറച്ചിട്ടും
തെരുതെരെ പെരുകിയ പാഷാണകോശങ്ങൾ
കണ്ഠം മുഴുക്കെ പോരുവിളിച്ചിട്ടും
വേദനയൂറും വിഭ്രാന്തി തൻ വലയത്തിൽ
ചെറു മന്ദസ്മിതം കൊണ്ടു തീർത്ത പൂച്ചെണ്ടുമായ്
സഹനതീരത്തിൻ മടിത്തട്ടിൽ സഹധർമ്മിണിയ്ക്കു കൂട്ടിരുന്നു നീ

വിഷജ്വരം ബാധിച്ചൊരോമൽക്കിടാവിൻ
ചോരഞരമ്പുകളിലാഴ്ന്നു തളർത്തിയ വ്യാജന്റെ ഹീനമാം സൂചി
കാലമേറെച്ചെന്നിട്ടും തുരുമ്പെടുക്കാതെ തിളങ്ങുന്നൂ നിഷ്ക്കരുണം
പ്രായം യൌവ്വനം തീർത്തിട്ടും
രാവേതെന്നറിയാതെ പകലേതെന്നറിയാതെ
നോവിൻ ദിനരാത്രങ്ങൾ താണ്ടുന്നു
കൈത്തെറ്റിൻ ബാക്കിപത്രമായ്

കദനപ്പകർച്ചകൾ കടുംചായക്കളങ്ങൾ ചാലിച്ചു കോപിച്ചു
“കാണട്ടെ നിൻ വിലോലജന്മാന്തരങ്ങളെഴുതിയ മഷിക്കൂട്“
ഒടുവിൽ ശാന്തരായ് കളം മായിച്ചു വിടചൊല്ലി
“തിരികെ വരികില്ലൊരിയ്ക്കലും നിന്നെ ദുഷിയ്ക്കുവാൻ“
ദോഷമർമ്മങ്ങളുടെ കാവു തീണ്ടാത്ത സ്രഷ്ടാവിൻ
പുത്രകാമേഷ്ടിയിൽ‌പ്പിറന്ന മകനിൽക്കൂടെക്കണ്ടു നീ
വിപദിയുടെ കരാള നിമിഷങ്ങളെല്ലാകന്നു പോകുന്നതും
നിദ്രയിൽ ഭഗ്നവർണ്ണങ്ങൾ ചേർന്നൊരു സ്വച്ഛപ്രകാശമുയരുന്നതും
ഇരുളിൻ കവചം നീക്കി പുലരി പൊന്നു തൂകുന്നതും
കൺചിമ്മിയുറയ്ക്കാതെ കിനാവെന്ന പോൽ നോക്കി നിന്നു നീ

ഒരു സ്വപ്നഭ്രംശമെന്നപോൽ, ആരും വിളിയ്ക്കാതെ
തട്ടിയുണർത്തീ നിർദ്ദയം നിന്നെ രോഗപീഡകൾ
എല്ലാമൊതുക്കി നീ ഉള്ളിൽ, പുറമേക്കണ്ടതില്ല
വിഷമരേണുക്കൾ പടർത്തിയ വിഷാദം ഞങ്ങളൊരിയ്ക്കലും

തീരാക്കടമായ് ഞങ്ങളെ തട്ടിവിളിയ്ക്കുന്നു
നിരാശഛവി പൂണ്ട നിൻ നിസ്സഹായമാം നിശ്ശബ്ദ വിമ്മിഷ്ടങ്ങൾ
മരണവണ്ടിയ്ക്കു കാത്തു നിന്ന പോൽ
ധൃതിയിൽ ഉൾവലിഞ്ഞു നീ,അറിഞ്ഞതില്ല പരാധീനർ ഞങ്ങൾ
യാത്രയായ് നീ, ഞങ്ങളൊരുക്കിയ കൈത്താങ്ങിനായ് നോക്കി നില്ക്കാതെ.

ചിതയിലൊരിറ്റു കണ്ണുനീർ വീഴ്ത്തുവാൻ പോലും
അശക്തരായ്, അശുദ്ധരായ് വിങ്ങി നില്ക്കുന്നു
ശൂന്യഹൃദയർ ഞങ്ങൾ, നിർന്നിമേഷരായ് നിർമ്മജ്ഞർ

നടുനീരു നല്കേണ്ട മൺകുടം തുളയ്ക്കുവാൻ ബാക്കി
സർവ്വരോഗസംഹാരിയാം തുളസിയും വിഷഹാരി മഞ്ഞളും ബാക്കി
മോക്ഷനിമിഷത്തിൻ പശിയടക്കേണ്ട വായ്ക്കരി ബാക്കി
സുകൃതം കുറിച്ച നിൻ ജാതകക്കെട്ടുമോ ബാക്കി
നീ പകർന്ന സ്നേഹ സൌരഭ്യവും ബാക്കി
ബാക്കിയായില്ല നിൻ പ്രാണൻ

ആരു തുളയ്ക്കുമീ മൺകുടം നോവുനീരിൻ ധാര വീഴ്ത്തുവാൻ?
ഒന്നുമേ തിരിയാത്ത പിഞ്ചുപുത്രന്റെ കൈകളോ
ഗദ്ഗദം വിഴുങ്ങുമീ മിത്രവധുവോ
വീൺ വാക്കുകളവശേഷിപ്പിച്ച ഞങ്ങളോ?

അറിയുന്നതില്ലൊരു വഴിയുമീക്കടം വീട്ടുവാൻ
പക്ഷെ, തെളിയുന്നു നിൻ മുഖം ഉയരുമീ മഞ്ഞനാളങ്ങളിൽ
പാതിയടഞ്ഞ നിൻ കൺകോണുകളിലെവിടെയോ
കാണുന്നൊരിറ്റു കണ്ണീർക്കണം ഉരുണ്ടുകൂടുന്നതും
അതിലൊരു പ്രളയത്തിൻ വിനാശം വരമ്പു പൊട്ടിയ്ക്കുന്നതും
പക്ഷെ, സ്മൃതിയുടെ കുലംകുത്തിലകപ്പെടുകില്ലൊരിയ്ക്കലും ഞങ്ങൾ

നില്ക്കട്ടെ ഞങ്ങൾ ഈ സർവ്വസത്യത്തിൻ കവാടത്തിൽ
ഒരു നാളും വീടാത്തൊരീക്കടത്തിൻ പൊരുൾ തേടി ഹതാശരായ്

അഭിപ്രായങ്ങളൊന്നുമില്ല: