ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

ദയാവധം



യൌവ്വനയുക്തയായ് കിടക്കയാണൊരു രൂപം
നിശ്ചലം, നിരാമയം, നിർവ്വികാരപ്രിയം

കിടക്കയിലേയ്ക്കെത്തിനോക്കിപ്പതുക്കെ
പിന്നെയാവട്ടെ എന്നു ചൊല്ലുന്നു മരണം
ശിഷ്ടബോധത്തിന്നരികെ മൃത്യുഞ്ജയമന്ത്രണം
നൂറ്റൊന്നാവർത്തിയ്ക്കുന്നു ഹോമകുണ്ഡപ്രവാസികൾ
എന്തറിയുന്നിവർ, തന്നുച്ഛിഷ്ടവായുവിൻ മണം നോക്കി
ഭാവിപ്രവചനം നടത്തുമ്പോൾ?

അമ്മയ്ക്കുമച്ഛന്നുമോമന, കുസൃതിക്കുടുക്ക, പൊൻമകൾ
പക്ഷെ, പൊള്ളുന്ന പനിയെത്തളർത്തിയ വൈദ്യശാസ്ത്രം
പാടെ മരവിപ്പിച്ചൂ ബുദ്ധിയും ഉടലിൻ ശക്തിയും
മരുന്നിന്നശുദ്ധിയിൽ നീലച്ചൂ സിരയും സുഷുമ്നയും
പിന്നെയൊരിയ്ക്കലും കണ്ടതില്ലവൾ, അറിഞ്ഞുമില്ല
വെള്ളപൂശിത്തുടങ്ങുന്ന പകലിന്റെ പ്രസരിപ്പും
നറുനിലാവിന്നമൃതു പെയ്യുന്ന രാത്രിയും
പീലികൾ കൊഴിച്ചും വളർത്തിയും തിമിർക്കുന്ന ദിനങ്ങളും
വർണ്ണമേഘങ്ങളും കൺചിമ്മുന്ന വാനനേത്രങ്ങളും
കുടുംബം പുലർത്തുവാൻ കലപില കൂട്ടും കിളികളും
തെങ്ങിന്റെ നെറുകയിൽ കൊഞ്ഞനം കാണിച്ച്
പൂച്ചയെ പുച്ഛിയ്ക്കുമണ്ണാറക്കണ്ണനും
നിശ്ശൂന്യ വിസ്മയത്തേരിൽ മറഞ്ഞു പോയ്

ചുണ്ടുപുളർത്തിയൊന്നമ്മേ വിളിയ്ക്കുവാൻ
അച്ഛന്റെ പുറത്തൊന്നാന കയറുവാൻ
നെയ്യിൽ മൊരിച്ചൊരു ദോശ ചോദിയ്ക്കുവാൻ
മോരിൽ കുഴച്ചൊരു ചോറുരുള ഉരുട്ടുവാൻ
പൂരപ്പറമ്പിലെ പീപ്പിയൊന്നൂതുവാൻ
ഞൊറി നെയ്ത പട്ടുപാവാടയുടുക്കുവാൻ
എത്രമേൽ ഉള്ളിൽ പൂതി തോന്നിയിട്ടില്ലേയിവൾക്ക്?

ആ ദൃഷ്ടി ചലിച്ചില്ല പിന്നെയൊരിയ്ക്കലും
വിതുമ്പിയിട്ടില്ലയധരങ്ങൾ ശേഷവും
നേർത്ത നിശ്വാസ ഞരക്കങ്ങളല്ലാതെ
മുറിയുടെ മേലാപ്പു മാത്രമാം ലോകത്തിൽ
ജിവിച്ചു തീർക്കുന്നു വിധി വൈകൃതങ്ങളൊന്നൊന്നായ്

നിയതിയുടെ മേളപ്പെരുക്കങ്ങൾ മുറുകു-
ന്നോരോ വിരലിലും തറഞ്ഞു കയറി ശരപഞ്ജരം തീർക്കുന്നു
ആയുസ്സിൻ ഉത്തരായണം കാത്തു നിൽക്കുന്നു സ്വഛന്ദമൃത്യു
തൻ പിതാവിൻ ചിതയെരിഞ്ഞ നാൾ മുതൽ

ജീവിതം ഷഷ്ഠി നോമ്പായി മാറ്റുന്നൊരമ്മ
വൃദ്ധിക്ഷയം മാത്രം ശീലിച്ചയനുജൻ
പല്ലിറുമ്മിക്കൊണ്ടു ചോദിയ്ക്കുന്നു ദുർമ്മരണത്തിന്റെ ദേവൻ
“പ്രീതിപ്പെടുത്തുവാനെന്തുണ്ടു കൈയിൽ?”

ഒടുവിൽ, ഗതിയേതുമില്ലാതെ
അന്ത്യോദകമൊരുക്കുന്നു ഖിന്നപ്രകാശപ്രതാപിയായ്
പത്തുമാസം ചുമന്നു പെറ്റ വയർ മകൾക്കായ്

ഒരു കണ്ണിൽ ക്രൌര്യം, മറുകണ്ണിൽ ദൈന്യം
വായ്ക്കൊരു പാതി ദംഷ്ട്രങ്ങൾ, മറുപാതി ശുന്യം
ഒരു മുലക്കണ്ണിൽ നഞ്ഞ്, മറുമുലക്കണ്ണിൽ അൻപ്
ഒരു കൈയ്യിൽ കൂരമ്പ്, മറുകൈ തൂവൽ സ്പർശം
ഒരു കാലുയർന്ന്, മറുകാൽ സ്തംഭിച്ച്
ഹൃദയവും മനസ്സും പകുക്കുവാനാകാതെ
ചഞ്ചലിത ചിത്തയായ് നില്ക്കുന്നിതീയമ്മ

ജ്വലിയ്ക്കുന്നു അഗ്നികുണ്ഠത്തിൽ ജഠരാഗ്നി
തിലഹോമം തുടങ്ങുന്നു ആത്മമോക്ഷത്തിനായ്
ഹവിസ്സില്ലർഘ്യവും, നിറകണ്ണിൽ
നിന്നൊഴുകുമീ മോക്ഷജലമല്ലാതെ
ശമം വരിയ്ക്കുന്ന ചിന്ത തന്നൊടുവിൽ
പരിത്യക്തയായ്, നിരുദ്ധയായ്, പരിക്ഷീണയായ്
അമ്മ നീട്ടുന്നു ചഷകം, സർവ്വോർജ്ജപ്രദായിനി
 “മകളേ, സ്വീകരിയ്ക്ക തിലോദകം
മടങ്ങുക ശാന്തയായ്, ഈ അമ്മയെ ശപിയ്ക്കായ്ക”

അഭിപ്രായങ്ങളൊന്നുമില്ല: