ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

പറയാത്ത പ്രണയം

(ഒരു കോളേജ് കാല കവിത; 1988ൽ എഴുതിയത്)

ഉദ്ദീപ്തസന്താപം മൊത്തിക്കുടിച്ചു കൊണ്ടേ-
കനായ് നിന്നു ഞാനീ വഴിത്താരയിൽ
ഒരു മൈൽക്കുറ്റി, തൻ നിറമറ്റ മിഴികളാൽ
എന്നെയുമുറ്റു നിസ്സംഗമായ് നില്ക്കവേ
വിളറിയ വെളിച്ചവുമൂതിക്കെടുത്തി
വാതായനങ്ങളും നിദ്ര പ്രാപിയ്ക്കവേ
നിഴൽക്കളം തീർത്ത നിലാവിന്റെ പുഞ്ചിരി
ആമ്പൽക്കുളത്തിലേയ്ക്കിറങ്ങി വറ്റീടവേ
ശിഥിലബന്ധങ്ങൾ തീർത്ത ചിതയിലോ
മഥിച്ചു കിട്ടിയൊരമൃതകുംഭത്തിലോ
സിരകളേറ്റുമീ രക്തച്ചവർപ്പിലോ
തിരവൂ സഖീ നിൻ പോറലേറ്റ മുഖം

കൊതിച്ചേറെ ഞാനെൻ പ്രണയമോഹങ്ങളിൽ
പാതിരാപ്പാട്ടിന്റെയീണത്തിൽ മൂളുവാൻ
നിന്നെക്കുറിച്ചോർത്തു കോറിയ വരികളിൽ
സാന്ദ്രമാം വീണതൻ രാഗമാലിക അലയടിച്ചുയർത്തുവാൻ

എന്നിട്ടും എന്നിട്ടും നീയെന്നെയറിഞ്ഞീല
എൻ വരികളിലൂറിയ നോവിന്റെയാർദ്രത
എന്തെന്നുമാർക്കെന്നുമറിഞ്ഞീല നീ സഖി
എന്തായിരുന്നു നിൻ സ്വപ്നനീലിമയെന്നുമറിഞ്ഞീല
ഒന്നറിയുക, ജ്വലിത സ്വപ്നക്കനൽച്ചൂള പൊഴിച്ച
ചുടുചാരമിട്ടു മിനുക്കിയ പൂജാവിഗ്രഹമിത്
ശ്വേതാശ്വബന്ധിത രഥത്തിലേറ്റിയി-
താനയിയ്ക്കട്ടെയീ ഗോപുരനടയിൽ.

എവിടെപ്പോയ് മറഞ്ഞു നീ പ്രിയേ
ഈ മിഴിക്കോൺകളിൽ വിലയിച്ച
നഷ്ടസ്വപ്നങ്ങൾ തൻ കയ്പുനീരറിക
വ്യർത്ഥമോഹങ്ങൾ തൻ നിശ്വാസമേല്ക്ക

നിൻ നൂപുരങ്ങളുതിർക്കും മാസ്മരധ്വനികളിൽ
നിന്റെ ചടുലമാം ചുവടുകളിലുന്നിദ്രമാകട്ടെ ഞാൻ
മുഗ്ദ്ധവദനാങ്കിത കവാടം തുറക്ക നീ ലോലയായ്
ഇഷ്ട ദൈവത്തോടു പ്രാർത്ഥിയ്ക്കയാണിന്നു ഞാൻ
എന്തിത്ര വൈകുന്നതീ താഴുകൾ തുറക്കുവാൻ
നിന്നംഗുലിച്ചാർത്തിലെ മുദ്രകൾ മരവിച്ചോ?

പ്രീതമേ തളർന്നിരിയ്ക്കുന്നു ഞാനീ നടയിലായ്
നിശ്വാസതാപത്തിലെൻ തൊണ്ട വരളുന്നു
നിരങ്ങി നീങ്ങുന്നു ഞാൻ നിർഭരമോഹത്തോടെ
തൊണ്ടയിലൊരിറ്റു പ്രതീക്ഷ തൻ ദാഹനീരിറ്റിയ്ക്കുവാൻ
പക്ഷെ, അമ്പിളിക്കലമാഞ്ഞൊരീ ആമ്പൽക്കുളത്തിൽ
ഒരു കുമ്പിൾ നീർ മോഹിച്ചിറങ്ങാൻ ശ്രമിയ്ക്കുമ്പോൾ
ഈർപ്പവും തേടി ഹതാശനായലയുന്ന
ആർത്തനാമുഷ്ണക്കാറ്റു മുരളുന്നമർഷത്തോടെ
“വരണ്ടൊരീപ്പൊയ്കയിൽ ഉറവുകൾ തേടുന്ന
 മൂഢനാമേകാന്ത പഥികാ, നീ ഇവിടെ അസ്തമിയ്ക്കുന്നു”

ഒരു താരകം പോലുമില്ലിന്നു കൺചിമ്മുവാൻ
ഛിദ്രസ്വപ്നങ്ങൾ തൻ മേലാപ്പിൽ നിന്നപ്പോൾ
മൃത്യുപോൽ ശാന്തമായ്, മരണമായ്
ഹൃത്തിൻ വാതിൽ‌പ്പഴുതിലൂടിരുൾ നൂണിറങ്ങുന്നു

അപ്പോൾ, അങ്ങുദൂരെ, എന്റെ മലർവാടിയിലെ പുഷ്പങ്ങൾ
ഒന്നൊന്നായ് കൊഴിയാൻ തുടങ്ങിയിരുന്നു.



2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കൊളാഷ്


പരാജിതന്റെ ഭാരം അനാഥശവത്തിന്റേതാകുന്നു
ഭാവം വെറുക്കപ്പെട്ട ജീവിതത്തിന്റെ മരണത്തിന്റേതാകുന്നു
അതേറ്റെടുക്കാൻ സ്വന്തം കഴലുകൾ പോലും അറച്ചു നില്ക്കും

രസമുകുളങ്ങളറ്റ നാവുപുറത്തേയ്ക്കു തള്ളി
കറവീണു തേഞ്ഞ പല്ലുകൾ മുറുകെക്കടിച്ച്
അന്ധാളിച്ച കണ്ണുകൾ തുറുപ്പിച്ച്
സഹായമറ്റ കൈകാലുകൾ നിവർത്തിപ്പിടിച്ച്
നാണിയ്ക്കുവാൻ സ്വത്വമെന്ന ഉടുവസ്ത്രം പോലുമില്ലാതെ
ഗ്രസിയ്ക്കുന്ന പരാജയം ഇതല്ലാതെ മറ്റെന്താണ്?

വെട്ടിനിരത്തപ്പെട്ട രംഗപടങ്ങളുടെ പശ്ചാത്തലത്തിൽ
ഒരു രസികൻ കൊളാഷ് ആയി കാണാം പരാജയതുണ്ടങ്ങൾ

ഉണ്ട ചോറിന്റെ വറ്റു വിലങ്ങുകുത്തി
കൂടപ്പിറപ്പിനെ കുടിയിറക്കുന്ന കുടില തന്ത്രത്തിനൊടുവിൽ
പടിപ്പുരപ്പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട ബന്ധങ്ങളുടെ
കാണാച്ചരടുകൾ വലിഞ്ഞു മുറുകുന്ന ഏകാന്തമായ പരാജയം

പുത്രസ്നേഹം കൊണ്ട് മതിയറ്റ് ദുർമ്മോഹത്താൽ
ജന്മമേകിയ ദേഹങ്ങളെ അരക്ഷിതത്വത്തിന്റെ ആഴങ്ങളിൽ
തള്ളിയിട്ട് അവശരാക്കി നെറികേടു കാണിച്ചൊടുവിൽ
പഴകിയ പൊതിയും പിഞ്ഞാണവും പുറത്തു കിട്ടുന്ന പരാജയം

പ്രണയപയോധിയിൽ മുങ്ങിത്തുടിയ്ക്കുന്ന ദേഹാസക്തികളിൽ
തങ്ങളിൽത്തങ്ങളിൽ ചൂഴ്ന്നുനില്ക്കുന്ന നഗ്നമാം പാപങ്ങളിൽ
കുടുംബപാരമ്പര്യ മഹിമകൾ ഉപ്പു തേയ്ക്കുന്ന രക്തശോണമാം വിള്ളിച്ചകളിലുണ്ട്  ഉളുപ്പില്ലാത്ത വിലപേശലിൽ നീറുന്ന പരാജയം

കൂട്ടുകച്ചവടത്തിന്റെ ലാഭക്കണക്കുകളിൽ കൊതിമൂത്ത്
പങ്കാളിയുടെ ചങ്കു പറിച്ചെടുക്കുമ്പോഴുള്ള ദീനരോദനം
സ്വന്തം മനസ്സിന്റെ അകത്തളങ്ങളിലെ ജയിലറയ്ക്കുള്ളിൽ
നടയടിയായി തിരിച്ചടിയ്ക്കുമ്പോഴുള്ള കാലപ്പകർച്ചയുടെ പരാജയം

തന്റേടം തലയുയർത്തിപ്പിടിച്ച് ഉന്മുക്തമാം ധനാഢ്യത
പത്തിവിടർത്തിക്കാട്ടുന്ന അഹങ്കാരത്തിന്മേൽ നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ് ചുമലിൽ പതിയ്ക്കുന്ന ദൈന്യന്തരങ്ങളിലുണ്ട്
അസഹനീയമെങ്കിലും അനിവാര്യമായ അസ്പൃശ്യതയുടെ പരാജയം

ഒരു വെറും ചീരാപ്പിൽ തുടങ്ങി ദിനാന്ത്യം കൊണ്ട്
ശ്വാസവേഗങ്ങളിൽ അണുക്കൾ പെരുക്കുന്ന പക്കമേളത്തിൽ
കലാശക്കൊട്ടു കിടിലം കൊള്ളിയ്ക്കുന്ന തകർന്ന കുടിലിന്റെ
കോലായപ്പുറങ്ങളിൽ പായ വിരിച്ച് കിടപ്പുണ്ടു പുകയുണ്ണുന്ന പരാജയം

പ്രചണ്ഡമാരുതനെപ്പോലെ തലയിളകി വരുന്ന
എണ്ണയുടെ മണവും അഴുക്കുചാലിന്റെ ദുർഗന്ധവും പേറുന്ന
അധികാരഗർവ്വിന്റെ മദപ്പാടൊലിച്ചിറങ്ങുന്ന നീരിന്റെ കൈവഴികളിലുണ്ട്
ഒട്ടിയ വയറുകളുടെ വിരലുകളിൽ പുരണ്ട മഷിയുടെ പരാജയം

വസന്തത്തിന്റെ ശിബിരങ്ങളിൽ മാത്രം കൂടുകൂട്ടുന്ന
ഉത്തരവാദിത്തമില്ലാത്ത പ്രകൃതിസ്നേഹങ്ങൾക്കുമപ്പുറം
ഋതുപ്പകർച്ചകളുടെ ഞാറ്റുവേലക്കണക്കുകൾ പിഴയ്ക്കുമ്പോൾ
അവിടൊളിഞ്ഞുകിടപ്പുണ്ട് മണ്ണു തോല്ക്കുന്ന പഴമയുടെ പരാജയം

എന്തിനധികം? ധർമ്മയുദ്ധം ജയിയ്ക്കുവാനൊരുമ്പെട്ട്
ദ്വന്ദയുദ്ധത്തിനൊടുവിൽ അന്ത്യശസ്ത്രം പ്രയോഗിയ്ക്കേണ്ട മാത്രയിൽ
തുടയെല്ലു തകർക്കേണ്ട അടയാളവാക്യത്തിന്റെ പിൻപറ്റി പാറിച്ച
വെന്നിക്കൊടി മഹാപ്രസ്ഥാനത്തിലെത്തിച്ച വ്യർത്ഥതയുടെ പരാജയം

അതേ; പരാജയം ഒരു മഹാപ്രസ്ഥാനമാകുന്നു
ഒരു പടിയിറക്കമാകുന്നു.

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

സംശയവും സാറും


വ്രണിത സായന്തനത്തിന്റെ ചെരുവിൽ
ഗ്രാമസീമകളിൽ നിസ്സഹായതകളിരുളുന്ന നേരം
ക്ഷുഭിതമാം ചാഞ്ചല്യമൊരാർത്തനാദം തീർത്തു
പൊട്ടിയ മേശമേൽ കൊട്ടിത്തകർക്കുന്നവതാളം
ഇഴയുന്ന സായാഹ്നവാർത്ത മുറുമുറുക്കുന്നു
ബാറ്ററി മാറ്റുവാൻ തിരക്കുകൂട്ടുന്നു വയസ്സനാം റേഡിയോ
പൂമുഖച്ചുമരിലൊരാണിമേൽ തൂങ്ങുന്നു
ആണ്ടുകൾ താണ്ടിയ ഇലഞ്ഞിത്തറമേളക്കലണ്ടർ
ചിന്നിച്ചിതറിച്ചുറ്റിലും പാറിയ കടലാസുകൂമ്പാരം
അയയിൽ ചെളിയോടെ നിവർന്നിടും ആടകൾ
സംശയദൃഷ്ടിയായ് സാറിരിയ്ക്കുന്നരിശം കൊണ്ട്
സംശയമില്ലെവിടെയും ശത്രുക്കൾ തന്നെ, തീർച്ച
മുളങ്കാടു കാറ്റിലുരസിപ്പറയുന്നു രഹസ്യങ്ങൾ
തിളങ്ങുന്നു രണ്ടു മാർജ്ജാരക്കണ്ണുകൾ വട്ടം പിടിയ്ക്കുവാൻ
വാൽ മുറിച്ചിട്ട ഗൌളി തോളിൽ‌പ്പതിയ്ക്കുന്നു ദുർല്ലക്ഷണം
കഞ്ഞിക്കലത്തിൽ പാറ്റ കാഷ്ഠിച്ചന്നം മുടക്കുന്നു

ഇന്നു പുലർച്ചെ താൻ കണ്ട സ്വപ്നം ഫലിയ്ക്കുമോ
സാറുറപ്പിച്ചു ഇതുതന്നെ ഇതുതന്നെ ആ ദിനം
ഊരു മുഴുവൻ തൻ വീട്ടുമുറ്റത്തെത്തിടും വൈകാതെ
പരാന്നഭോജനക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നിടും
അടിയാധാരം തൊട്ടു താക്കോൽക്കൂട്ടം വരെ ഒന്നൊന്നായ്
അപ്പരിഷകൾ കണ്ണിൽച്ചോരയില്ലാതെ തട്ടിയെടുത്തിടും

ഇന്നലത്തെ തപാലിൽ കിട്ടിയ നോട്ടീസ്
തലകീഴായ്പ്പിടിച്ചു സാറു വായിയ്ക്കുവാൻ നോക്കി
അമ്പട ദൈവമേ! ഇതെന്തിനാണീ കത്ത്?
ആപത്തുകാലത്തെഴുത്തും പാമ്പായ് വരുമെന്നോ?
ലോട്ടറി കിട്ടിയ പൊന്നും പണവും ഞാൻ
ബാങ്കിൽ നിക്ഷേപിച്ചത് കവർച്ച പോയെന്നോ?
വീടിൻ പ്രമാണമെടുത്തു ചങ്ങാതിമാർ എന്നവർ
പണയവസ്തുവായ്ക്കൊടുത്തന്യാധീനപ്പെടുത്തിയോ?
അയലത്തെ വീട്ടുകാർ കടംകൊണ്ട കാശിന്ന്
കടംതീർത്ത് ബാങ്കിൽക്കൊടുത്തത് കള്ളനോട്ടായെന്നോ?
കയ്യിൽക്കിടന്നൊരു സ്വർണ്ണമോതിരമൂരി മേടിച്ചു
പഴയ ചാർച്ചക്കാരാരോ കൈക്കലാക്കിയോ?
കൈമോശം വന്ന മൊബൈൽ ഫോണുപയോഗിച്ചു
തീവ്രവാദികൾ വല്ല സ്ഫോടനവും നടത്തിയോ?
ഇവ്വിധം പേടിച്ചരണ്ടും കലിതുള്ളിക്കൊണ്ടും
സാറിന്ന് വീട്ടിന്നകത്തും പുറത്തുമിരുപ്പുറയ്ക്കാതായി
കസേരയും മേശയും പയ്യെ പുറത്തെത്തി
വീടിന്നകത്ത് താനിനി ഇരുന്നാലാപത്തല്ലേ?
ഉപേക്ഷകൂടാതുറക്കെ അപേക്ഷയെഴുതിക്കൊണ്ട്
സാറിരുന്നതിൻ ചുറ്റിലും കൂടി നാട്ടുകാർ മോദത്തോടെ
ആരു പറ്റിച്ചതാണീപ്പാവത്തെ നീചന്മാർ, നികൃഷ്ടജന്മങ്ങൾ
“മഹാപാപശക്തി“യെന്നല്ലാതെ മറ്റെന്തു പറയുവാൻ?
ചർച്ചകൾ ചൂടു സംവാദങ്ങളായപ്പോൾ പ്രമാണിമാർ
അകത്തു കയറിക്കൂടി തപ്പിനോക്കി മുതലുകൾ
മോഷണം ചാർത്തപ്പെട്ട തൊണ്ടിസാമാനങ്ങളെല്ലാം
ചൊവ്വെ ഭദ്രമായിരിയ്ക്കുന്നു തത്സ്ഥാനങ്ങളിൽ തന്നെ
ചോദിച്ചൂ വട്ടം കൂടി നിന്നവർ നിരാശരായ് തമ്മിൽത്തമ്മിൽ
ഈ സാറിനെത്തു പറ്റി ഇങ്ങനെ ഉറയുവാൻ?
സമനില തെറ്റിയാലും ഒരാൾ നിലയിങ്ങനെ മറക്കാമോ?
സ്ഥലകുലന്യായങ്ങളങ്ങനെ പലരും മുന്നോട്ടു വെച്ചു

ഒന്നുമേ കേട്ട ഭാവം പോലും നടിയ്ക്കാതെ പുച്ഛത്തിൽ
നാറുന്ന പുത്തൻ സഞ്ചിയുമായ് സാറിറങ്ങി തിടുക്കത്തിൽ
ശരവേഗം നടത്തത്തിൽ, ചവയ്ക്കുന്നു കീഴ്ത്താടി ബേജാറിൽ
ശിവന്റെ ചായപ്പീടിക തന്നെ ശരണം, കഷ്ടം
മാറും ചൊറിഞ്ഞു മുടിയുമൊതുക്കിക്കൊണ്ട് ചിരിയോടെ
ശിവൻ ചോദിച്ചൂ “സാറിനിന്ന് തൈരോ ദോശയോ” ?
സംഘർഷചിത്തനായ് സാറു ചോദിച്ചു മറുചോദ്യം
“വിഷം കലക്കാത്തതായ് എന്തുണ്ടു കഴിയ്ക്കുവാൻ” ?
പെട്ടെന്നു സംശയമുദിയ്ക്കുന്നു സാറിനു മനക്കണ്ണിൽ
ശിവനുമുണ്ടായിരുന്നില്ലേ വീട്ടിൽ സഭ കൂടിയ നേരം
ഒട്ടുമേ അമാന്തിയ്ക്കാതെ സാറിറങ്ങീ വേഗം
സർവ്വം വിഷമയം, എൻ സംശയം മാത്രം നിർമ്മലം
എൻ സംശയം മാത്രം സത്യം, ഗുളികയിനി കഴിയ്ക്കേണ്ട


2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

ഒരു പ്രണയസങ്കല്പം

ആദ്യനോട്ടത്തിൽത്തന്നെ ഒത്തിരി കനവുകൾ
മിന്നൽ‌പ്പിണർ കണക്കുള്ളിലൊന്നാന്തണം
ഇടറുന്ന മിഴികളിൽ നിന്നിടരാതെ പെയ്യുന്ന
പുതുമഴപ്പെയ്ത്തിൻ പുളകങ്ങൾ ചൊരിയണം
ചെറുവിരൽത്തുമ്പൊന്നു തൊട്ടുരുമ്മുമ്പോൾ കവിൾ-
നാണം ചുവക്കുന്ന രക്തശോഭയിൽ തുടുക്കണം
പുസ്തകത്താളിന്നിടയിലൊളിപ്പിച്ചു മോഹ-
ത്തിരകളടങ്ങാത്ത തീരത്തുലാത്തണം
സന്ധ്യകൾ ചാലിയ്ക്കും കുറിയുമായിലച്ചീന്തിൽ
പൂവും പ്രസാദവും കൊണ്ട് കൺവഴി പാർക്കണം
നടയടയ്ക്കുമ്പോളിഷ്ട ദൈവത്തെ പ്രാർത്ഥിച്ച്
ഇഷ്ടങ്ങൾ കൊണ്ടൊരു മാലയും കോർക്കണം
ഇരുൾ വിഴുങ്ങാത്ത നിലാവുള്ള രാത്രിയിൽ
നിദ്രയും സ്വപ്നവും സമാന്തരം തീർക്കണം
മുൾക്കമ്പിനറ്റത്തിലച്ചാർത്തുമായ് നില്ക്കുന്ന
ചെമ്പനീർപുഷ്പമായ് പ്രണയ സൌരഭ്യം പരത്തണം
ഞെട്ടറ്റുവീഴും വരേയ്ക്കും കരിയാതുണങ്ങാതെ
മാറിന്റെ ചൂടിന്നുറവകൾ ചോലയായ് ഒഴുകണം
ജന്മജന്മാന്തര മൂർച്ഛകൾ തളം കെട്ടും വിരഹത്തിൻ
മൌനസങ്കല്പങ്ങൾ പ്രണയചിന്തയിൽ പടരുമ്പോൾ
ശിഥിലചിന്തകൾ കാറ്റിൽ‌പ്പറത്തിക്കൊണ്ട്
കുറിയ്ക്കപ്പെടാത്തൊരു കുറിമാനം കാക്കണം

2013, ജൂലൈ 18, വ്യാഴാഴ്‌ച

അദിതി

അദിതി ഉറക്കമായ് നിത്യം,ഉണ്മയെ പുൽകിക്കൊണ്ട്
പിളർന്ന നെറ്റിമേലൊരുമ്മ തൻ നനവു പോലുമേ പറ്റാതെ

പൈതലേ, പാതിയടഞ്ഞ നിൻ കണ്ണുകൾ
പലവട്ടം തിരഞ്ഞുവോ മാതൃബിംബങ്ങളെ?
തളർന്ന കണ്ണീരിൽ കുതിർന്ന നിറകൺപീലികൾ
കൊതിച്ചുവോ തലോടൽ കൊഴിയുന്നതിൻ മുമ്പായ്
നിൻപേറ്റുനോവേറ്റു വാങ്ങിയ പ്രാണ-
നുടച്ചു കളഞ്ഞെന്നോ നിന്റെ ജനകന്റെ ദ്വേഷങ്ങൾ?
ഗായത്രി ചൊല്ലിത്തുറക്കുന്ന ബ്രാഹ്മമുഹൂർത്തങ്ങളിൽ
ക്രൂരമാം വെറുപ്പിൻ വിഴുപ്പലക്കിച്ചുവെന്നോ നിന്നെ?
കുപ്പിവള കുണുങ്ങിച്ചിരിയ്ക്കേണ്ട കൈത്തണ്ടയിൽ
കരുവാളിച്ചു കിടക്കുന്നുവോ മുറിപ്പട്ടികത്തുണ്ട്?
ശിക്ഷയിൽ ചകിതയായ് കിടക്കയിലിറ്റിയ ഉപ്പുനീർ
നിഷ്ക്കരുണം കുറ്റം ചാർത്തിച്ചുട്ടുനീറ്റിച്ചുവെന്നോ നിന്നെ?
കുളിരിളം നിദ്രയുടെ തൂവൽ സ്പർശമേല്ക്കാതെ മേലാകെ
തണർത്തു കിടക്കുന്നുവോ ചകിരിനാരിൻ പിരിവുകൾ?
വിശക്കുന്ന കുഞ്ഞുവയറിന്നു പട്ടിണിക്കോലം കെട്ടി-
ക്കത്തിച്ചു പൊള്ളിച്ചുവെന്നോ ചട്ടുകം പഴുപ്പിച്ച്?

ഒടുവിലൊരിറ്റു ജീവൻ ബാക്കിയായ്, അനാഥയായ്
നീ ഞരങ്ങുമ്പോൾ, അദിതീ, തിരക്കുന്നു ഞങ്ങൾ
ആരു നീ? ആരു നിൻ കാവലാളുകൾ?
ആട്ടിയിറക്കപ്പെടുന്നു ഞങ്ങൾ, കാവൽനായ്ക്കൾ പല്ലിളിയ്ക്കുന്നു
തിരയുന്നു ഞങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ,നിഘണ്ടുക്കൾ
നാനാർത്ഥഭാവങ്ങൾ ചൊല്ലുന്ന നിൻ നാമം ശൌര്യത്തോടെ

അദിതീ, നീയത്രേ മുപ്പത്തിമുക്കോടി ദേവർക്കു-
മമ്മ, വിശ്വമാതാ,വെന്നിട്ടുമെന്തീ ദുർവ്വിധി?
നീ തന്നെ ദക്ഷപുത്രി, പിതാവിൻ ധാർഷ്ട്യത്തിൻ
ഹുങ്കാരത്തിനെരിതീയിലെരിഞ്ഞവൾ
ധരയെ, നീലാകാശത്തെ, വെൺമേഘക്കീറുകളെ
ചിമിഴുകൾക്കപ്പുറം, സഹനത്തിൽ സീമകൾക്കപ്പുറം
ചൂഴ്ന്നുനില്ക്കുന്ന തമസ്സിൻ പാഴ്ത്രസിപ്പുകളിൽ
ശുഭ്രശോഭയായ്, ആദിയുമന്തവുമില്ലാതെ നില്ക്കുന്ന സർവ്വംസഹയും നീ

മഴനിലാവുപോൽ ഇടയ്ക്കിടയ്ക്കെത്തും മതിവെളിച്ചത്തിൽ
അഴൽ പൊതിഞ്ഞ നിൻ മേനി വിറച്ചു തുള്ളുമ്പൊഴും
പഴകിയ പഴന്തുണിക്കെട്ടുമായ് കാത്തു നില്ക്കുന്നു ഞങ്ങൾ
ഇഴചേർത്തു കെട്ടി,യൊരു പഴംകഥ മെനയുവാൻ
അക്കഥ,യൊരായിരം നാവുകളേറ്റു പാടി,യാ-
ത്തീക്കാറ്റിൽ തെരുവുകൾ പൊരിഞ്ഞു കത്തി
അർദ്ധപ്രാണയായ് നിൻ പിഞ്ചുകൈകൾ പരതിയപ്പൊഴും
നിഷ്ഫലം, പിന്നെ പതുക്കെ വാർന്നുപോയ് ജീവശ്വാസവും രക്തരേണുക്കളും
ആശുപത്രിവരാന്തയിൽ കുതിച്ചെത്തിയ ഞങ്ങളോ, ഇപ്പോൾത്തന്നെ
ബാലപീഡനങ്ങളെക്കുറിച്ചൊരു തുടർപരമ്പര തുടങ്ങട്ടെ.


2013, മേയ് 25, ശനിയാഴ്‌ച

വികലജന്മം


എന്റെ മരണത്തിലാർക്കാണു ദുഃഖം?
കടമെടുത്തിട്ടില്ലൊരു സ്വപ്നകുടീരവുമിതുവരെ
പങ്കു ചോദിച്ചിട്ടില്ലയൊരു സ്നേഹകലശത്തിനും
അമ്മാനമാടിയിട്ടില്ല ജന്മദുഃഖങ്ങളെ ഭോഗത്തിനായ്

ലഹരി പൂക്കുന്ന നിലാവിൻ നുറുങ്ങുകൾ പതിയെ
സിരകളിൽ നുരഞ്ഞു കയറുന്നു ദാഹനീർ തേടി
ഇണയുടെ മാറ്റക്കണ്ണീർ തേടുന്നൊരൊറ്റത്തവള
അണയുന്ന വിപത്തിൻ വക്ത്രത്തെ കൂസാതെ കരയുന്നു നിരന്തരം
ഒരു കുഞ്ഞു മഴത്തുള്ളിപോലും പേടിച്ചരണ്ടു നില്ക്കുന്നു
ആസന്ന ദുരന്തത്തെത്തടയുകാനാകാ‍തെ ബാഷ്പമായ്

പഴകിപ്പറിഞ്ഞ ചടുലമോഹങ്ങളിൽ
പെരുങ്കയം തേടുന്ന മനസ്സിൻ ചുഴികളിൽ
ചുഴലികൾ പിറക്കുന്ന മൌനനൊമ്പരങ്ങളിൽ
ശനിദോഷത്തിമിർപ്പിലാറാടുന്ന ശത്രുസംഹാരപൂജയിൽ
ജയിയ്ക്കുവാൻ തോല്ക്കുന്ന ജനന സ്ഥലികളിൽ
വീർപ്പടക്കിക്കൊണ്ടു നില്ക്കയാണിന്നു ഞാൻ

ഭദ്രമാണത്രേ ഈ പുറംതോട്, പക്ഷേ
നിറയെ പുഴുക്കുത്തു നിറഞ്ഞതാണീ അകക്കാമ്പ്
വിഷു കഴിഞ്ഞാണിക്കുറി വിഷുപ്പക്ഷി വന്നതും
മോഷ്ടിച്ചതിൻ ശേഷമായ് കാവൽ നായുടെ കുരകളും
ഉച്ഛിഷ്ടവിരുന്നിനായ് കാക്കുന്നു ഞാൻ നിർല്ലജ്ജം
അലസത മറുതയായ് വഴിതെറ്റിയ്ക്കുന്ന വഴികളിൽ

ഉന്മാദമൊരു തേരിറങ്ങി വരുമൊരു നാൾ, ഈ പഥങ്ങളിൽ
അന്നെന്റെ വിരലുകൾ വിറങ്ങലിയ്ക്കുമോ?
അന്നെന്റെ തൃഷ്ണയുടെ തുടവും തിരകളും
കുഴിമിന്നി മേലാപ്പിൽ വർണ്ണപ്രപഞ്ചം തീർക്കുമോ?

ഇല്ല, അറിയില്ല, പക്ഷേ ഒന്നു നിശ്ചയം
അതെന്റെ മരണത്തിൻ തിരക്കഥ മെനയും
ആർക്കും വേണ്ടാത്ത, ആരും കൊതിയ്ക്കാത്ത,
പങ്കുചോദിയ്ക്കാത്ത,  അന്ത്യം കുറിയ്ക്കും

ഇരുളിന്റെ തീവ്രത മുറ്റിയ കണ്ണുകൾ
ചോര വാർന്ന് ചുക്കിച്ചുളിഞ്ഞ ഹൃത്തടം
വീർത്തു മഞ്ഞച്ച കരൾ മുഴുവനും
ആർക്കായ് കൊടുത്തീ വേഷമൊന്നഴിച്ചിടും

അറിയുന്നീ പരമപുച്ഛത്തിൻ പൊതിക്കെട്ടു പൊട്ടുമ്പോൾ
ആർക്കുമേ വേണ്ട കെടുതിയുടെ ദാനപ്പകർച്ചകൾ

അരികിലെത്തി ചിരിയ്ക്കുന്നു നീ ഗൂഢം, എങ്കിലും
മരണമേ, മറക്കുകെൻ ജന്മവൈകല്യങ്ങളെ..

2013, മേയ് 21, ചൊവ്വാഴ്ച

ഗ്രാമായനം


ഗ്രാമം വിട്ടകലുന്നെൻ ഗ്രാമം മന്ദം മന്ദം
ഇങ്ങിനി മടങ്ങാതെ, മിണ്ടാതെ പരസ്പരം

എവിടെയെൻ നിഷ്ക്കാമസൌഹൃദത്തേനരിമ്പുകൾ?
എവിടെ വഴിക്കണ്ണുമായ് കാത്തിരിയ്ക്കുന്നോ-
രരുമയൂറും വാത്സല്യ നേത്രങ്ങൾ?
എവിടെ കടുത്ത നോട്ടത്തിൽ ഒത്തിരി
ശാസനയടക്കുന്ന ഗുരുകാരണവകല്പന?
എവിടെ എന്നുഷസ്സിന്നു തുടികൊട്ടും
തൊഴുത്തിൻ കുളമ്പടിതാളങ്ങൾ?
എവിടെ ഇളംകാറ്റിൻ പുന്നാരത്തി-
ലിക്കിളി കൊള്ളുന്ന പുന്നെല്ലിൻ നാമ്പുകൾ?
എവിടെ എൻ ബാല്യം ഇല്ലം നിറ-
യ്ക്കൊപ്പം കതിർ നിറച്ച വല്ലങ്ങൾ?
എവിടെ ഉണ്ണിക്കൈകളിലേയ്ക്കു ഞെട്ടറ്റു
വീഴുമാ ശർക്കരമാവിൻ തേൻകനി?
എവിടെ ശകുനത്താൽ സന്തോഷം നേരുന്ന
കണ്മഷിയിട്ട ഇരട്ടമൈനകൾ?
എവിടെ എൻ രക്തം ചാർത്തിയ മോഹ-
പ്രപഞ്ചത്തിൻ കടലാസു കീറുകൾ?

നാടുനീങ്ങുന്നോരോ നാട്ടുനന്മയുടെ കഠിനബിംബങ്ങൾ
നെഞ്ചിൻ നെരിപ്പോടിൽ വിങ്ങലൊതുക്കി നിസ്തോഭരായ്
പിറവിയെടുക്കുന്നൊരു പുതുലോകം അന്തർമുഖരായ്
മതിൽക്കെട്ടുകൾക്കപ്പുറമിപ്പുറം, അപരിചിതർ പരസ്പരം
ഇതു ലോകനീതിയുടെ രൂപപരിണാ‍മത്തിൻ പകർച്ചപ്പനി
ശേഷിപ്പുകൾ തുടച്ചു നീക്കും പ്രലോഭനങ്ങളുടെ കാരാഗൃഹം

പേടിച്ചരണ്ട പ്രണയം മൊട്ടിട്ട ഇടവഴികളിന്നു
പീഡനപ്പറമ്പുകളായ് മാറുന്നു നിർദ്ദയം
മിന്നാമിനുങ്ങിൻ നറുവെട്ടം പൂത്തിറങ്ങിയ
നനുത്ത രാവുകൾക്കിന്നു കൂരിരുട്ടിൻ വന്യത
ആയുരാരോഗ്യ സൌഖ്യം തിരിയിട്ടു കൊളുത്തിയ
തുളസിത്തറയിൽ കരിന്തിരി കത്തുന്ന നൈതികസത്യങ്ങൾ

ഇവിടെ വിരുന്നുണ്ണുവാനെത്തുന്നു കപടലോ‍കത്തിൻ
കയ്യൊപ്പു ചാർത്തിയ മുഴുപ്പേറിയ അപഥസത്വങ്ങൾ
മൂടി തുറന്നെത്തിനോക്കുന്നു കുടം കയറിയ ഭൂതങ്ങളോരോന്നും
ഉച്ചനീചത്വത്തിന്നിടിവെട്ടിൽ തകർന്ന നട്ടെല്ലിൻ മജ്ജയൂറ്റുവാൻ

ശേഷിയ്ക്കുന്നതില്ല തർപ്പണപുണ്യം തേടിയൊരു
ബലിക്കാക്ക പോലുമിന്നിവിടെ
വിഷമവൃത്തമായ് വൃക്ഷരാജന്മാരുടെ
വരിയുടച്ചു നീങ്ങുന്നു ഹ്രസ്വദൃഷ്ടികൾ
ഇല്ല തിരുവാതിരനോമ്പിനായുണരുന്ന
വിശുദ്ധിയുടെ തുടികൊട്ടും കയ്യുകൾ
ഇല്ല ശിവരാത്രിയ്ക്കായ് കാക്കും
അർദ്ധനാരീശ്വരരൂപികൾ നെടുവീർപ്പുമായ്, ഭസ്മവറളികൾ
പൂപൊലിയ്ക്കുന്നതില്ലയൊരു
പുതുഹർഷത്തിൻ പൂവിളികളും
നിന്ദിതപ്രാണരായ് ചുവടുവെയ്ക്കുന്നു
ഗൂഢചിന്തയിലാണ്ടു യുവത്വവും

വെട്ടിത്തെളിയ്ക്കുവാൻ വഴികളില്ലിനി ഞങ്ങൾക്ക്
വെട്ടിമാറ്റുവാൻ കാടുമില്ല
ഗ്രാമായനം, ഗ്രാമായനം മാത്രം തുടരുന്നു നിസ്യൂതം.