ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

പറയാത്ത പ്രണയം

(ഒരു കോളേജ് കാല കവിത; 1988ൽ എഴുതിയത്)

ഉദ്ദീപ്തസന്താപം മൊത്തിക്കുടിച്ചു കൊണ്ടേ-
കനായ് നിന്നു ഞാനീ വഴിത്താരയിൽ
ഒരു മൈൽക്കുറ്റി, തൻ നിറമറ്റ മിഴികളാൽ
എന്നെയുമുറ്റു നിസ്സംഗമായ് നില്ക്കവേ
വിളറിയ വെളിച്ചവുമൂതിക്കെടുത്തി
വാതായനങ്ങളും നിദ്ര പ്രാപിയ്ക്കവേ
നിഴൽക്കളം തീർത്ത നിലാവിന്റെ പുഞ്ചിരി
ആമ്പൽക്കുളത്തിലേയ്ക്കിറങ്ങി വറ്റീടവേ
ശിഥിലബന്ധങ്ങൾ തീർത്ത ചിതയിലോ
മഥിച്ചു കിട്ടിയൊരമൃതകുംഭത്തിലോ
സിരകളേറ്റുമീ രക്തച്ചവർപ്പിലോ
തിരവൂ സഖീ നിൻ പോറലേറ്റ മുഖം

കൊതിച്ചേറെ ഞാനെൻ പ്രണയമോഹങ്ങളിൽ
പാതിരാപ്പാട്ടിന്റെയീണത്തിൽ മൂളുവാൻ
നിന്നെക്കുറിച്ചോർത്തു കോറിയ വരികളിൽ
സാന്ദ്രമാം വീണതൻ രാഗമാലിക അലയടിച്ചുയർത്തുവാൻ

എന്നിട്ടും എന്നിട്ടും നീയെന്നെയറിഞ്ഞീല
എൻ വരികളിലൂറിയ നോവിന്റെയാർദ്രത
എന്തെന്നുമാർക്കെന്നുമറിഞ്ഞീല നീ സഖി
എന്തായിരുന്നു നിൻ സ്വപ്നനീലിമയെന്നുമറിഞ്ഞീല
ഒന്നറിയുക, ജ്വലിത സ്വപ്നക്കനൽച്ചൂള പൊഴിച്ച
ചുടുചാരമിട്ടു മിനുക്കിയ പൂജാവിഗ്രഹമിത്
ശ്വേതാശ്വബന്ധിത രഥത്തിലേറ്റിയി-
താനയിയ്ക്കട്ടെയീ ഗോപുരനടയിൽ.

എവിടെപ്പോയ് മറഞ്ഞു നീ പ്രിയേ
ഈ മിഴിക്കോൺകളിൽ വിലയിച്ച
നഷ്ടസ്വപ്നങ്ങൾ തൻ കയ്പുനീരറിക
വ്യർത്ഥമോഹങ്ങൾ തൻ നിശ്വാസമേല്ക്ക

നിൻ നൂപുരങ്ങളുതിർക്കും മാസ്മരധ്വനികളിൽ
നിന്റെ ചടുലമാം ചുവടുകളിലുന്നിദ്രമാകട്ടെ ഞാൻ
മുഗ്ദ്ധവദനാങ്കിത കവാടം തുറക്ക നീ ലോലയായ്
ഇഷ്ട ദൈവത്തോടു പ്രാർത്ഥിയ്ക്കയാണിന്നു ഞാൻ
എന്തിത്ര വൈകുന്നതീ താഴുകൾ തുറക്കുവാൻ
നിന്നംഗുലിച്ചാർത്തിലെ മുദ്രകൾ മരവിച്ചോ?

പ്രീതമേ തളർന്നിരിയ്ക്കുന്നു ഞാനീ നടയിലായ്
നിശ്വാസതാപത്തിലെൻ തൊണ്ട വരളുന്നു
നിരങ്ങി നീങ്ങുന്നു ഞാൻ നിർഭരമോഹത്തോടെ
തൊണ്ടയിലൊരിറ്റു പ്രതീക്ഷ തൻ ദാഹനീരിറ്റിയ്ക്കുവാൻ
പക്ഷെ, അമ്പിളിക്കലമാഞ്ഞൊരീ ആമ്പൽക്കുളത്തിൽ
ഒരു കുമ്പിൾ നീർ മോഹിച്ചിറങ്ങാൻ ശ്രമിയ്ക്കുമ്പോൾ
ഈർപ്പവും തേടി ഹതാശനായലയുന്ന
ആർത്തനാമുഷ്ണക്കാറ്റു മുരളുന്നമർഷത്തോടെ
“വരണ്ടൊരീപ്പൊയ്കയിൽ ഉറവുകൾ തേടുന്ന
 മൂഢനാമേകാന്ത പഥികാ, നീ ഇവിടെ അസ്തമിയ്ക്കുന്നു”

ഒരു താരകം പോലുമില്ലിന്നു കൺചിമ്മുവാൻ
ഛിദ്രസ്വപ്നങ്ങൾ തൻ മേലാപ്പിൽ നിന്നപ്പോൾ
മൃത്യുപോൽ ശാന്തമായ്, മരണമായ്
ഹൃത്തിൻ വാതിൽ‌പ്പഴുതിലൂടിരുൾ നൂണിറങ്ങുന്നു

അപ്പോൾ, അങ്ങുദൂരെ, എന്റെ മലർവാടിയിലെ പുഷ്പങ്ങൾ
ഒന്നൊന്നായ് കൊഴിയാൻ തുടങ്ങിയിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: