ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

നിരാലംബശ്രുതി

(ഒരു പഴയ കാല കവിത; 1991ൽ എഴുതിയത്)

ഒരു മുഖം തകർന്നിവിടെ
ഒരഭിലാഷഗാനം പൊലിഞ്ഞു
ഭഗ്നഹൃദയ മേടയിൽ നിന്നുതിർന്നൂ ശിലകൾ
പതനഭാരവുമേറ്റുവാങ്ങിയെൻ
മനോമുകുരമുടഞ്ഞു പോയ്
ചിതറിയ ചില്ലുചീളുകൾ തൊടുക്കും
തീക്ഷ്ണപുഞ്ജപ്രസരിപ്പിൽ കരിയുന്നു
നൈരാശ്യഗർത്തത്തിലേയ്ക്കാണ്ടു പോം
നിരാലംബശ്രുതിയുണർത്തുമെൻ വീചികൾ

ചകോരം പറന്ന ദിക്കിലേയ്ക്കാനന്ദവും പേറി
പാതി പക്ഷത്തിൽ തൂവലേച്ചു തുന്നി
പറന്നുയരാൻ ശ്രമിയ്ക്കയാണിണയെക്കൊതിച്ചൊരു കിളി
അരുതരുതെന്നു വിലക്കുന്നുണ്ടു ചേതന
എന്നിട്ടും, ഓർമ്മകൾ മുറിയ്ക്കുള്ളിൽ മൂളിപ്പറക്കുന്നു
ഭ്രാന്തമായ് കമ്പനം ചെയ്യുന്നു മാനസം

പണ്ടു നാം പാലച്ചോട്ടിൽ യക്ഷഗാനം നുകർന്നതും
പാമ്പുകളിണചേരും പുല്ലാനിക്കാട്ടിലേയ്ക്കിടംകണ്ണു പായിച്ചു
പാപഭയത്താൽ നീ ഓടി മറഞ്ഞതും
ചെമ്പരത്തിച്ചോപ്പിത്തിരിക്കടമെടുക്കാൻ വെമ്പി
ഇതൾ പിഴിഞ്ഞെടുത്ത നീർ ശോണിമ കൈവിട്ടതിൽ
നീ മനം നൊന്തു കരഞ്ഞതും
പുലരിത്തുടിപ്പാർന്ന ചെഞ്ചോരച്ചുണ്ടിണയിൽ
മധുപർക്കം കഴിഞ്ഞനാൾ സാഗര തീരത്തു
നീ സന്ധ്യ തേടി നടന്നതും
പൂത്ത മരച്ചില്ലകളിൽ നാം കൂടു വെച്ചു പാർത്തതും
വന്യമാം ദാഹം ശമിച്ച നാൾ
നീയിക്കൂടും വിട്ടങ്ങേക്കൊമ്പത്തു ചേക്കേറിയതും
മറക്കുന്നില്ല ഞാൻ

വന്ധ്യകിരണങ്ങൾ ചൂഴ്ന്നിടം പേർത്തു
പാറാവു നില്ക്കുന്നു
വ്യർത്ഥഗഹ്വരത്തിൽ വല നെയ്യുന്നു ചിലന്തികൾ
നീയോർമ്മതൻ മൺകുടം
മറവിയിൽ നിമജ്ജനം ചെയ്തെന്നാലും
ചിതയിലെയടങ്ങാത്ത കനൽ പൊതിഞ്ഞെൻ
ചിത്തമുരുകുന്നു, തപിയ്ക്കുന്നു ഹൃദയം

താപമൊരു ഘനാന്ത്യത്തിൽ
വിതുമ്പലായ്, വൃഷ്ടിയായ്, പ്രളയമായ്
നിദ്രാന്തരങ്ങളിൽ യാമിനിയെ പുൽകിപ്പുൽകി
വിനാശം വിതച്ചെത്തുന്നു
വിപദി തന്നാർത്തിരമ്പുന്ന ക്ഷുഭിതാബ്ധി തൻ തീരത്ത്

എവിടെയൊളിയ്ക്കുന്നു രക്ഷകൻ?
തിരകൾ നക്കിത്തുടയ്ക്കും
മോഹശിഷ്ടങ്ങൾ കാണുന്നില്ലവൻ
മണൽത്തരികളൊരായിരം കൂരമ്പു പെയ്തപോൽ
കനവുകളൊന്നൊന്നായ് കവർന്നെടുക്കുന്നു
രുധിരമിറ്റുന്ന ചേലയാൽ
മുഖം മറയ്ക്കുന്നിതു രാധ, വിവശയാം ഗോപിക
ഇമയറ്റ പീലിക്കണ്ണെന്തിനിക്കിരീടത്തിൽ
അണയുവാനായി വ്യാധന്റെ വിഷശരം
താപമൊരു മുളന്തണ്ടിലൂടൂർന്നിറങ്ങുന്നു
നൊമ്പരം പേറുന്ന ചിപ്പിയ്ക്കുൾമുത്തായ്
വീണ്ടും ജനിയ്ക്കട്ടെ രാധ

പകർന്നാടുമർബ്ബുദകോശങ്ങൾ പോൽ
സന്ധികൾ പെരുകുന്നു നോവിനാൽ
വെട്ടിമാറ്റട്ടെ ഞാൻ ബന്ധുത്വ ശാഖകൾ
ഹേ! രൌദ്രകാമേശ്വരാ!
ഇനിയൊരു വരം നീയെനിയ്ക്കരുളായ്ക
ഒരു വേള, ഒരു വേള, കണ്ണടയ്ക്കട്ടെ ഞാൻ

സാന്ത്വന രാഗത്തിലൊരു കണ്ണീർക്കണം പേറി
പിന്നെയും സാഗരം വിതുമ്പുന്നു
ചോർന്നൊഴുകുന്നു വാനം.


അഭിപ്രായങ്ങളൊന്നുമില്ല: