ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

കൊളാഷ്


പരാജിതന്റെ ഭാരം അനാഥശവത്തിന്റേതാകുന്നു
ഭാവം വെറുക്കപ്പെട്ട ജീവിതത്തിന്റെ മരണത്തിന്റേതാകുന്നു
അതേറ്റെടുക്കാൻ സ്വന്തം കഴലുകൾ പോലും അറച്ചു നില്ക്കും

രസമുകുളങ്ങളറ്റ നാവുപുറത്തേയ്ക്കു തള്ളി
കറവീണു തേഞ്ഞ പല്ലുകൾ മുറുകെക്കടിച്ച്
അന്ധാളിച്ച കണ്ണുകൾ തുറുപ്പിച്ച്
സഹായമറ്റ കൈകാലുകൾ നിവർത്തിപ്പിടിച്ച്
നാണിയ്ക്കുവാൻ സ്വത്വമെന്ന ഉടുവസ്ത്രം പോലുമില്ലാതെ
ഗ്രസിയ്ക്കുന്ന പരാജയം ഇതല്ലാതെ മറ്റെന്താണ്?

വെട്ടിനിരത്തപ്പെട്ട രംഗപടങ്ങളുടെ പശ്ചാത്തലത്തിൽ
ഒരു രസികൻ കൊളാഷ് ആയി കാണാം പരാജയതുണ്ടങ്ങൾ

ഉണ്ട ചോറിന്റെ വറ്റു വിലങ്ങുകുത്തി
കൂടപ്പിറപ്പിനെ കുടിയിറക്കുന്ന കുടില തന്ത്രത്തിനൊടുവിൽ
പടിപ്പുരപ്പുറത്തേയ്ക്കു വലിച്ചെറിയപ്പെട്ട ബന്ധങ്ങളുടെ
കാണാച്ചരടുകൾ വലിഞ്ഞു മുറുകുന്ന ഏകാന്തമായ പരാജയം

പുത്രസ്നേഹം കൊണ്ട് മതിയറ്റ് ദുർമ്മോഹത്താൽ
ജന്മമേകിയ ദേഹങ്ങളെ അരക്ഷിതത്വത്തിന്റെ ആഴങ്ങളിൽ
തള്ളിയിട്ട് അവശരാക്കി നെറികേടു കാണിച്ചൊടുവിൽ
പഴകിയ പൊതിയും പിഞ്ഞാണവും പുറത്തു കിട്ടുന്ന പരാജയം

പ്രണയപയോധിയിൽ മുങ്ങിത്തുടിയ്ക്കുന്ന ദേഹാസക്തികളിൽ
തങ്ങളിൽത്തങ്ങളിൽ ചൂഴ്ന്നുനില്ക്കുന്ന നഗ്നമാം പാപങ്ങളിൽ
കുടുംബപാരമ്പര്യ മഹിമകൾ ഉപ്പു തേയ്ക്കുന്ന രക്തശോണമാം വിള്ളിച്ചകളിലുണ്ട്  ഉളുപ്പില്ലാത്ത വിലപേശലിൽ നീറുന്ന പരാജയം

കൂട്ടുകച്ചവടത്തിന്റെ ലാഭക്കണക്കുകളിൽ കൊതിമൂത്ത്
പങ്കാളിയുടെ ചങ്കു പറിച്ചെടുക്കുമ്പോഴുള്ള ദീനരോദനം
സ്വന്തം മനസ്സിന്റെ അകത്തളങ്ങളിലെ ജയിലറയ്ക്കുള്ളിൽ
നടയടിയായി തിരിച്ചടിയ്ക്കുമ്പോഴുള്ള കാലപ്പകർച്ചയുടെ പരാജയം

തന്റേടം തലയുയർത്തിപ്പിടിച്ച് ഉന്മുക്തമാം ധനാഢ്യത
പത്തിവിടർത്തിക്കാട്ടുന്ന അഹങ്കാരത്തിന്മേൽ നിമിഷാർദ്ധത്തിൽ
മാറാവ്യാധിയുടെ മാറാപ്പ് ചുമലിൽ പതിയ്ക്കുന്ന ദൈന്യന്തരങ്ങളിലുണ്ട്
അസഹനീയമെങ്കിലും അനിവാര്യമായ അസ്പൃശ്യതയുടെ പരാജയം

ഒരു വെറും ചീരാപ്പിൽ തുടങ്ങി ദിനാന്ത്യം കൊണ്ട്
ശ്വാസവേഗങ്ങളിൽ അണുക്കൾ പെരുക്കുന്ന പക്കമേളത്തിൽ
കലാശക്കൊട്ടു കിടിലം കൊള്ളിയ്ക്കുന്ന തകർന്ന കുടിലിന്റെ
കോലായപ്പുറങ്ങളിൽ പായ വിരിച്ച് കിടപ്പുണ്ടു പുകയുണ്ണുന്ന പരാജയം

പ്രചണ്ഡമാരുതനെപ്പോലെ തലയിളകി വരുന്ന
എണ്ണയുടെ മണവും അഴുക്കുചാലിന്റെ ദുർഗന്ധവും പേറുന്ന
അധികാരഗർവ്വിന്റെ മദപ്പാടൊലിച്ചിറങ്ങുന്ന നീരിന്റെ കൈവഴികളിലുണ്ട്
ഒട്ടിയ വയറുകളുടെ വിരലുകളിൽ പുരണ്ട മഷിയുടെ പരാജയം

വസന്തത്തിന്റെ ശിബിരങ്ങളിൽ മാത്രം കൂടുകൂട്ടുന്ന
ഉത്തരവാദിത്തമില്ലാത്ത പ്രകൃതിസ്നേഹങ്ങൾക്കുമപ്പുറം
ഋതുപ്പകർച്ചകളുടെ ഞാറ്റുവേലക്കണക്കുകൾ പിഴയ്ക്കുമ്പോൾ
അവിടൊളിഞ്ഞുകിടപ്പുണ്ട് മണ്ണു തോല്ക്കുന്ന പഴമയുടെ പരാജയം

എന്തിനധികം? ധർമ്മയുദ്ധം ജയിയ്ക്കുവാനൊരുമ്പെട്ട്
ദ്വന്ദയുദ്ധത്തിനൊടുവിൽ അന്ത്യശസ്ത്രം പ്രയോഗിയ്ക്കേണ്ട മാത്രയിൽ
തുടയെല്ലു തകർക്കേണ്ട അടയാളവാക്യത്തിന്റെ പിൻപറ്റി പാറിച്ച
വെന്നിക്കൊടി മഹാപ്രസ്ഥാനത്തിലെത്തിച്ച വ്യർത്ഥതയുടെ പരാജയം

അതേ; പരാജയം ഒരു മഹാപ്രസ്ഥാനമാകുന്നു
ഒരു പടിയിറക്കമാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: