ബ്ലോഗ് ആര്‍ക്കൈവ്

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

സംശയവും സാറും


വ്രണിത സായന്തനത്തിന്റെ ചെരുവിൽ
ഗ്രാമസീമകളിൽ നിസ്സഹായതകളിരുളുന്ന നേരം
ക്ഷുഭിതമാം ചാഞ്ചല്യമൊരാർത്തനാദം തീർത്തു
പൊട്ടിയ മേശമേൽ കൊട്ടിത്തകർക്കുന്നവതാളം
ഇഴയുന്ന സായാഹ്നവാർത്ത മുറുമുറുക്കുന്നു
ബാറ്ററി മാറ്റുവാൻ തിരക്കുകൂട്ടുന്നു വയസ്സനാം റേഡിയോ
പൂമുഖച്ചുമരിലൊരാണിമേൽ തൂങ്ങുന്നു
ആണ്ടുകൾ താണ്ടിയ ഇലഞ്ഞിത്തറമേളക്കലണ്ടർ
ചിന്നിച്ചിതറിച്ചുറ്റിലും പാറിയ കടലാസുകൂമ്പാരം
അയയിൽ ചെളിയോടെ നിവർന്നിടും ആടകൾ
സംശയദൃഷ്ടിയായ് സാറിരിയ്ക്കുന്നരിശം കൊണ്ട്
സംശയമില്ലെവിടെയും ശത്രുക്കൾ തന്നെ, തീർച്ച
മുളങ്കാടു കാറ്റിലുരസിപ്പറയുന്നു രഹസ്യങ്ങൾ
തിളങ്ങുന്നു രണ്ടു മാർജ്ജാരക്കണ്ണുകൾ വട്ടം പിടിയ്ക്കുവാൻ
വാൽ മുറിച്ചിട്ട ഗൌളി തോളിൽ‌പ്പതിയ്ക്കുന്നു ദുർല്ലക്ഷണം
കഞ്ഞിക്കലത്തിൽ പാറ്റ കാഷ്ഠിച്ചന്നം മുടക്കുന്നു

ഇന്നു പുലർച്ചെ താൻ കണ്ട സ്വപ്നം ഫലിയ്ക്കുമോ
സാറുറപ്പിച്ചു ഇതുതന്നെ ഇതുതന്നെ ആ ദിനം
ഊരു മുഴുവൻ തൻ വീട്ടുമുറ്റത്തെത്തിടും വൈകാതെ
പരാന്നഭോജനക്കൂട്ടങ്ങൾ വട്ടമിട്ടു പറന്നിടും
അടിയാധാരം തൊട്ടു താക്കോൽക്കൂട്ടം വരെ ഒന്നൊന്നായ്
അപ്പരിഷകൾ കണ്ണിൽച്ചോരയില്ലാതെ തട്ടിയെടുത്തിടും

ഇന്നലത്തെ തപാലിൽ കിട്ടിയ നോട്ടീസ്
തലകീഴായ്പ്പിടിച്ചു സാറു വായിയ്ക്കുവാൻ നോക്കി
അമ്പട ദൈവമേ! ഇതെന്തിനാണീ കത്ത്?
ആപത്തുകാലത്തെഴുത്തും പാമ്പായ് വരുമെന്നോ?
ലോട്ടറി കിട്ടിയ പൊന്നും പണവും ഞാൻ
ബാങ്കിൽ നിക്ഷേപിച്ചത് കവർച്ച പോയെന്നോ?
വീടിൻ പ്രമാണമെടുത്തു ചങ്ങാതിമാർ എന്നവർ
പണയവസ്തുവായ്ക്കൊടുത്തന്യാധീനപ്പെടുത്തിയോ?
അയലത്തെ വീട്ടുകാർ കടംകൊണ്ട കാശിന്ന്
കടംതീർത്ത് ബാങ്കിൽക്കൊടുത്തത് കള്ളനോട്ടായെന്നോ?
കയ്യിൽക്കിടന്നൊരു സ്വർണ്ണമോതിരമൂരി മേടിച്ചു
പഴയ ചാർച്ചക്കാരാരോ കൈക്കലാക്കിയോ?
കൈമോശം വന്ന മൊബൈൽ ഫോണുപയോഗിച്ചു
തീവ്രവാദികൾ വല്ല സ്ഫോടനവും നടത്തിയോ?
ഇവ്വിധം പേടിച്ചരണ്ടും കലിതുള്ളിക്കൊണ്ടും
സാറിന്ന് വീട്ടിന്നകത്തും പുറത്തുമിരുപ്പുറയ്ക്കാതായി
കസേരയും മേശയും പയ്യെ പുറത്തെത്തി
വീടിന്നകത്ത് താനിനി ഇരുന്നാലാപത്തല്ലേ?
ഉപേക്ഷകൂടാതുറക്കെ അപേക്ഷയെഴുതിക്കൊണ്ട്
സാറിരുന്നതിൻ ചുറ്റിലും കൂടി നാട്ടുകാർ മോദത്തോടെ
ആരു പറ്റിച്ചതാണീപ്പാവത്തെ നീചന്മാർ, നികൃഷ്ടജന്മങ്ങൾ
“മഹാപാപശക്തി“യെന്നല്ലാതെ മറ്റെന്തു പറയുവാൻ?
ചർച്ചകൾ ചൂടു സംവാദങ്ങളായപ്പോൾ പ്രമാണിമാർ
അകത്തു കയറിക്കൂടി തപ്പിനോക്കി മുതലുകൾ
മോഷണം ചാർത്തപ്പെട്ട തൊണ്ടിസാമാനങ്ങളെല്ലാം
ചൊവ്വെ ഭദ്രമായിരിയ്ക്കുന്നു തത്സ്ഥാനങ്ങളിൽ തന്നെ
ചോദിച്ചൂ വട്ടം കൂടി നിന്നവർ നിരാശരായ് തമ്മിൽത്തമ്മിൽ
ഈ സാറിനെത്തു പറ്റി ഇങ്ങനെ ഉറയുവാൻ?
സമനില തെറ്റിയാലും ഒരാൾ നിലയിങ്ങനെ മറക്കാമോ?
സ്ഥലകുലന്യായങ്ങളങ്ങനെ പലരും മുന്നോട്ടു വെച്ചു

ഒന്നുമേ കേട്ട ഭാവം പോലും നടിയ്ക്കാതെ പുച്ഛത്തിൽ
നാറുന്ന പുത്തൻ സഞ്ചിയുമായ് സാറിറങ്ങി തിടുക്കത്തിൽ
ശരവേഗം നടത്തത്തിൽ, ചവയ്ക്കുന്നു കീഴ്ത്താടി ബേജാറിൽ
ശിവന്റെ ചായപ്പീടിക തന്നെ ശരണം, കഷ്ടം
മാറും ചൊറിഞ്ഞു മുടിയുമൊതുക്കിക്കൊണ്ട് ചിരിയോടെ
ശിവൻ ചോദിച്ചൂ “സാറിനിന്ന് തൈരോ ദോശയോ” ?
സംഘർഷചിത്തനായ് സാറു ചോദിച്ചു മറുചോദ്യം
“വിഷം കലക്കാത്തതായ് എന്തുണ്ടു കഴിയ്ക്കുവാൻ” ?
പെട്ടെന്നു സംശയമുദിയ്ക്കുന്നു സാറിനു മനക്കണ്ണിൽ
ശിവനുമുണ്ടായിരുന്നില്ലേ വീട്ടിൽ സഭ കൂടിയ നേരം
ഒട്ടുമേ അമാന്തിയ്ക്കാതെ സാറിറങ്ങീ വേഗം
സർവ്വം വിഷമയം, എൻ സംശയം മാത്രം നിർമ്മലം
എൻ സംശയം മാത്രം സത്യം, ഗുളികയിനി കഴിയ്ക്കേണ്ട


അഭിപ്രായങ്ങളൊന്നുമില്ല: