ബ്ലോഗ് ആര്‍ക്കൈവ്

2013, മേയ് 21, ചൊവ്വാഴ്ച

ഗ്രാമായനം


ഗ്രാമം വിട്ടകലുന്നെൻ ഗ്രാമം മന്ദം മന്ദം
ഇങ്ങിനി മടങ്ങാതെ, മിണ്ടാതെ പരസ്പരം

എവിടെയെൻ നിഷ്ക്കാമസൌഹൃദത്തേനരിമ്പുകൾ?
എവിടെ വഴിക്കണ്ണുമായ് കാത്തിരിയ്ക്കുന്നോ-
രരുമയൂറും വാത്സല്യ നേത്രങ്ങൾ?
എവിടെ കടുത്ത നോട്ടത്തിൽ ഒത്തിരി
ശാസനയടക്കുന്ന ഗുരുകാരണവകല്പന?
എവിടെ എന്നുഷസ്സിന്നു തുടികൊട്ടും
തൊഴുത്തിൻ കുളമ്പടിതാളങ്ങൾ?
എവിടെ ഇളംകാറ്റിൻ പുന്നാരത്തി-
ലിക്കിളി കൊള്ളുന്ന പുന്നെല്ലിൻ നാമ്പുകൾ?
എവിടെ എൻ ബാല്യം ഇല്ലം നിറ-
യ്ക്കൊപ്പം കതിർ നിറച്ച വല്ലങ്ങൾ?
എവിടെ ഉണ്ണിക്കൈകളിലേയ്ക്കു ഞെട്ടറ്റു
വീഴുമാ ശർക്കരമാവിൻ തേൻകനി?
എവിടെ ശകുനത്താൽ സന്തോഷം നേരുന്ന
കണ്മഷിയിട്ട ഇരട്ടമൈനകൾ?
എവിടെ എൻ രക്തം ചാർത്തിയ മോഹ-
പ്രപഞ്ചത്തിൻ കടലാസു കീറുകൾ?

നാടുനീങ്ങുന്നോരോ നാട്ടുനന്മയുടെ കഠിനബിംബങ്ങൾ
നെഞ്ചിൻ നെരിപ്പോടിൽ വിങ്ങലൊതുക്കി നിസ്തോഭരായ്
പിറവിയെടുക്കുന്നൊരു പുതുലോകം അന്തർമുഖരായ്
മതിൽക്കെട്ടുകൾക്കപ്പുറമിപ്പുറം, അപരിചിതർ പരസ്പരം
ഇതു ലോകനീതിയുടെ രൂപപരിണാ‍മത്തിൻ പകർച്ചപ്പനി
ശേഷിപ്പുകൾ തുടച്ചു നീക്കും പ്രലോഭനങ്ങളുടെ കാരാഗൃഹം

പേടിച്ചരണ്ട പ്രണയം മൊട്ടിട്ട ഇടവഴികളിന്നു
പീഡനപ്പറമ്പുകളായ് മാറുന്നു നിർദ്ദയം
മിന്നാമിനുങ്ങിൻ നറുവെട്ടം പൂത്തിറങ്ങിയ
നനുത്ത രാവുകൾക്കിന്നു കൂരിരുട്ടിൻ വന്യത
ആയുരാരോഗ്യ സൌഖ്യം തിരിയിട്ടു കൊളുത്തിയ
തുളസിത്തറയിൽ കരിന്തിരി കത്തുന്ന നൈതികസത്യങ്ങൾ

ഇവിടെ വിരുന്നുണ്ണുവാനെത്തുന്നു കപടലോ‍കത്തിൻ
കയ്യൊപ്പു ചാർത്തിയ മുഴുപ്പേറിയ അപഥസത്വങ്ങൾ
മൂടി തുറന്നെത്തിനോക്കുന്നു കുടം കയറിയ ഭൂതങ്ങളോരോന്നും
ഉച്ചനീചത്വത്തിന്നിടിവെട്ടിൽ തകർന്ന നട്ടെല്ലിൻ മജ്ജയൂറ്റുവാൻ

ശേഷിയ്ക്കുന്നതില്ല തർപ്പണപുണ്യം തേടിയൊരു
ബലിക്കാക്ക പോലുമിന്നിവിടെ
വിഷമവൃത്തമായ് വൃക്ഷരാജന്മാരുടെ
വരിയുടച്ചു നീങ്ങുന്നു ഹ്രസ്വദൃഷ്ടികൾ
ഇല്ല തിരുവാതിരനോമ്പിനായുണരുന്ന
വിശുദ്ധിയുടെ തുടികൊട്ടും കയ്യുകൾ
ഇല്ല ശിവരാത്രിയ്ക്കായ് കാക്കും
അർദ്ധനാരീശ്വരരൂപികൾ നെടുവീർപ്പുമായ്, ഭസ്മവറളികൾ
പൂപൊലിയ്ക്കുന്നതില്ലയൊരു
പുതുഹർഷത്തിൻ പൂവിളികളും
നിന്ദിതപ്രാണരായ് ചുവടുവെയ്ക്കുന്നു
ഗൂഢചിന്തയിലാണ്ടു യുവത്വവും

വെട്ടിത്തെളിയ്ക്കുവാൻ വഴികളില്ലിനി ഞങ്ങൾക്ക്
വെട്ടിമാറ്റുവാൻ കാടുമില്ല
ഗ്രാമായനം, ഗ്രാമായനം മാത്രം തുടരുന്നു നിസ്യൂതം.