ബ്ലോഗ് ആര്‍ക്കൈവ്

2018, നവംബർ 30, വെള്ളിയാഴ്‌ച

ഒരു പ്രളയത്തിന്റെ പിന്നാമ്പുറം


പെയ്തിറങ്ങിയ പ്രളയം
പൊട്ടിത്തെറിച്ച ജലവാഹിനികൾ
ഊർന്നൊലിച്ചിറങ്ങിയ മലഞ്ചെരിവുകൾ
കടപുഴകിയ വന്മരക്കൂട്ടങ്ങൾ
ഞെരിഞ്ഞൊടിഞ്ഞമർന്ന വാസങ്ങൾ
നിമിഷാർദ്ധത്തിലറ്റു പോയ പ്രാണനുകൾ

മറ്റൊരിടത്ത്
അരിച്ചരിച്ചു പൊങ്ങിക്കയറിയ
മരണത്തിന്റെ മണമുള്ള പ്രളയജലം
തോടുകൾ, നാടുകൾ, നഗരങ്ങൾ കവിഞ്ഞ്
എന്നോ മറന്നു കളഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മയിൽ
വേരുകൾ തേടി വന്ന അപത്യനെന്ന പോൽ
ഓർക്കാപ്പുറത്തിരച്ചു വന്ന നീരിൻ കലി
നക്കിത്തുടച്ചിട്ടും മതിയാകാതെ
പിന്നെയും ഉയരത്തിൽ പൊങ്ങി, ചുഴി തീർത്ത്
പശിയടക്കുന്ന ജലദുർമ്മദം
കരതേടാനാകാതെ കന്നുകാലിക്കൂട്ടങ്ങൾ
കരകണ്ടിടത്ത് കൂട്ടം ചേർന്ന്
പണ്ടെങ്ങോ കൈവിട്ട സഹജീവനം ഓർമ്മിച്ച മനുഷ്യർ

ഇവിടെ
ഞങ്ങൾക്ക് പ്രളയമില്ല, ദുരിതമില്ല
ഉറച്ച മണ്ണു ചുരത്തുന്ന ഉറവു ജലം
പരൽക്കൂട്ടം പിടഞ്ഞു തിമർക്കുന്ന നാട്ടൊലിവുകൾ
വരികുത്തിപ്പാഞ്ഞു വരും വൃഷ്ടിയുടെ കാതിരമ്പം
മണ്ണിന്റെ മണം നിറഞ്ഞ കാത്തിരിപ്പുകൾ

വൃഷ്ടി നിലച്ചു;
വർഷപാതങ്ങളുടെ കുത്തൊലിപ്പിലടിഞ്ഞ ബാക്കിപത്രങ്ങൾ
തകർന്നടിഞ്ഞ മതിൽക്കെട്ടുകൾ കടന്ന്
വിശന്നു പൊരിയുന്ന ഉദരാർത്തികൾ കെടുത്തി
വാ പിളർന്നു നില്ക്കുന്ന ഭാവിയുടെ
ഇരുളിന്റെ പദചലനങ്ങളിൽ ഭീതി പൂണ്ട്
കുതിർന്നലിഞ്ഞ സമ്പാദ്യസമവാക്യങ്ങളുടെ
പരന്ന മഷിയിൽ ആവലാതി പൂണ്ട് നില്ക്കുമ്പോൾ
പ്രളയാങ്കണത്തിന്റെ പിന്നാമ്പുറങ്ങളിൽ കലഹിയ്ക്കുന്നു
രംഗബോധമില്ലാത്ത കോമാളികൾ, നിർല്ലജ്ജം

ശവങ്ങൾക്കും ശവപ്പറമ്പുകൾക്കും ഭക്ഷണപ്പൊതികൾക്കും
ചാപ്പ കുത്തി മത്സരിയ്ക്കുന്ന
ആസുരഭാവം തീണ്ടിയ അപഹാസ്യവൃന്ദം
എന്നുമെന്ന പോലെ പോർവിളി തുടർന്നുകൊണ്ടേയിരിയ്ക്കുന്നു



2018, നവംബർ 29, വ്യാഴാഴ്‌ച

ശവകുടീരങ്ങൾ


എവിടെയും ശവപ്പറമ്പുകൾ
നിത്യനിദ്രയുടെ നിതാന്തനിസ്വനങ്ങൾ
വിധിയ്ക്കപ്പെട്ട മരണത്തിന്റെ ചുവരെഴുത്തുകൾ പേറി
മൂർത്തമൂകമായ ഓർമ്മകൾ പ്രസരിപ്പിച്ച്
നാമധേയങ്ങളാൽ വ്യതിരിക്തങ്ങളെങ്കിലും
പര്യവസാനങ്ങളിൽ ഒന്നിച്ചവ

എങ്ങും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട
ശബളശിബിരങ്ങളുടെ അശാന്തരോദനങ്ങൾ,
ആശയങ്ങളുടെ ശവപ്പറമ്പുകൾ,
മൂഢശ്മശാനങ്ങൾ

വയറുനിറഞ്ഞവന്റെ പാതിരാജല്പനങ്ങളിൽ
വിശന്നവന്റെ ദിവാസ്വപ്നങ്ങളിൽ
കാലവും ക്രോധവും കാർക്കശ്യങ്ങളും നിറച്ച്
ക്ഷുബ്ധതിക്ഷ്ണയായ് ഞരമ്പുകൾക്ക് ചൂടു പകർന്ന്
സംഘവർഗ്ഗഗതിവിഗതികൾ കീഴ്മേൽ മറിച്ച്
പുതുലോകസൃഷ്ടിയുടെ വാഗ്ദത്ത ഭൂമികകളായ്
പ്രജ്ഞയെ, പ്രാകാരത്തെ, പ്രകൃതങ്ങളെ തൂത്തെറിഞ്ഞ്
ചിന്തകളുടെ കമ്പനശരങ്ങളായ ആശയങ്ങൾ

ഒരൊറ്റ അച്ചുതണ്ടിനു ചുറ്റും മത്സരിച്ചുള്ള ഭ്രമണം,
ബുദ്ധി മാത്സര്യമായി, ആശയം മത്സരവും
അതിവേഗഭ്രമണത്താൽ ആർജ്ജിച്ച മാലിന്യമേദസ്സുകളാൽ
കൊഴുത്തു തടിച്ച ആശയങ്ങൾക്ക് മന്ദത
അതിജീവനത്തിനായ് കമ്പോള കുതന്ത്രങ്ങൾ
ഉന്മൂലനത്തിന്റെ സത്യവാങ്മൂലങ്ങൾ
പെരുകും ശവപ്പറമ്പുകൾ, ഉയരും സ്മാരകങ്ങൾ
ആശയം നിലച്ച ആശയകാര്യാലയങ്ങൾ

ആഭിചാരം ചെയ്യും ആശയോച്ചാടനം
ഉറുക്കുനൂൽ കെട്ടും ധ്വംസനോദ്ധാരണം
മടിക്കുത്തഴിയ്ക്കും കുമ്പസാരശ്രവണങ്ങൾ
പട്ടുപോകുന്ന ആശയവചനാമൃതങ്ങൾ

കൊടുങ്കാറ്റുകളോട് സംവദിച്ചവരും
സ്വപ്നങ്ങൾ കാർന്നു തിന്ന് എല്ലും തോലുമായവരും
നട്ടെല്ലു കൊണ്ട് മഥനം ചെയ്തെടുത്ത്,
ഋതുഭേദങ്ങൾ കാക്കാതെ, കണക്കിലെടുക്കാതെ
അമരവ്യാപനം മോഹിച്ച് പകർന്നു തന്നവ; ആശയങ്ങൾ
അവയിതാ കർമ്മച്യുതികളിൽ പൊരിഞ്ഞു മരിയ്ക്കുന്നു
ശവപ്പറമ്പുകൾ പോലും പരസ്പരം മത്സരിയ്ക്കുന്നു
ശവകുടീരങ്ങൾ ശ്വാസം കിട്ടാതെ ഞെരുങ്ങുന്നു
കണ്ണീർപ്പുഴകളിലൊലിച്ചു പോകും വരെ

ഒരിറ്റു കനിവിനായ് കേഴുന്നു, കേഴുന്നു

2018, നവംബർ 26, തിങ്കളാഴ്‌ച

താതഭ്രഷ്ട്


നൈഷ്ഠികനല്ല പിതാവെന്നു പുത്രൻ
താതനെ മാറ്റണം; മാറട്ടെ ദുരാചാരം
ചെല്ലും ചിലവും കൊടുത്തിട്ടും ചൊൽവിളിയില്ലത്രേ
ഭ്രഷ്ടനാക്കുക ജനകനെയെന്നുപദേശികൾ

അച്ഛനെന്നതൊരു വെറും പഴയ പ്രോക്തസ്ഥാനം
അനുസരണയില്ലെങ്കിൽ എന്തിനീക്കെട്ടുപാട്?
ഭ്രഷ്ടനാക്കുകിൽ നിയമവൃത്തത്തിന്നും പുറത്താകും
മാറ്റി നിയമിയ്ക്കാം അച്ഛനെ; ഉണരട്ടെ നവലോകം

പത്രപ്പരസ്യം കൊടുക്കണം പുതിയൊരച്ഛനെത്തേടി
എത്രയും കഠോരം മാനദണ്ഡങ്ങൾ; എന്തൊരു ധീരത?
ആർക്കുമപേക്ഷിയ്ക്കാം; പക്ഷെ, അടിവസ്ത്രം നിർബ്ബന്ധം
ലിംഗമതഭേദങ്ങളില്ല; പ്രായമൊരു പ്രശ്നമേയല്ല താനും
പുതിയൊരച്ഛനെന്നാൽ ഉപനയിയ്ക്കേണമെന്നുമില്ല
മാറണം ദുരാചാരം; താതനെന്ന അഹങ്കാരവും

അഭിമുഖം കൊടുക്കേണം വെടിപ്പായ് പുത്രന്നു നേർക്കു നേർ
മേൽവസ്ത്രമുരിഞ്ഞു കാണിയ്ക്കണം; ശുപാർശയുമാകാം
മുട്ടിലിഴഞ്ഞു മുറി മുഴുവൻ മെഴുക്കണം; തറ നന്നായ്ത്തിളങ്ങണം
അച്ഛനെന്നു വിളി കേട്ടാൽ ബധിരത നടിയ്ക്കണം
“ടാ അച്ഛാ”ന്നു വിളിച്ചാൽ “റാൻ” എന്നു മൂളണം

നിയുക്ത “അച്ഛൻ” കാട്ടുക മുദ്ര മാത്രം
മറ്റുള്ള “അച്ഛന്മാർ” പടിയ്ക്കു പുറത്ത്
മാറണം ദുരാചാരം, ഉയരണം നവസമൂഹം

മൂകബധിരമാം പിണസഞ്ചയം

2018, ഏപ്രിൽ 23, തിങ്കളാഴ്‌ച

ഒരു പിതാവിന്റെ തോൽവിയിൽ നിന്നും


പരാജിതനായ പിതാവു ഞാൻ

പണ്ടു പിന്നിട്ടയിരുട്ടിൻ പെരുവഴി മേലാപ്പിൽ
പൊൻതാരകപ്പൂപ്പന്തലെന്നോതി നിൻ
കുഞ്ഞിളം ബാല്യത്തിൽ കുളിർനിലാവൂട്ടി
പിച്ചവെച്ചു നടത്തിച്ചേൻ പച്ചമണ്ണിൻ മാറിൽ

വിടർന്ന കണ്ണാൽ നിൻ കൗതുക കുതൂഹലം
തുമ്പിയെക്കല്ലെടുപ്പിച്ചും, പിന്നെ പൈക്കിടാ നെറ്റി
മെല്ലെത്തലോടിയും, തൊട്ടുരുമ്മും കുഞ്ഞാടിൻ കുസൃതി മാറോടണച്ചും
എത്ര സായന്തനങ്ങളിൽ സന്ധ്യയായ് ചിണുങ്ങി നീ?

കൗമാരം കടുപ്പിച്ച വചന ദോഷങ്ങളെ
ദൃശ്യഘോഷത്തിൻ കടുംചായക്കൂട്ടിതിൽ
കുടുകുടെക്കണ്ണീരും വാശിയും ചപലയായ്ച്ചാലിച്ച്
ജ്വാലാമുഖങ്ങളിൽ ശലഭമായ് പറന്നു നീ

എത്ര ദിനോത്ഭവം, എത്രയോ വസന്തങ്ങൾ, എത്രയും
ശാസനാങ്കിതം നിൻ ചുവടുകൾ, ആലസ്യങ്ങൾ
നീയറിഞ്ഞീലയെങ്കിലും നിൻ വിജയങ്ങൾ എന്റെയും
നിൻ മോടിയിൽ വിമോഹിച്ച പിതാവു ഞാൻ

ജ്ഞാതയൗവ്വനത്തിൻ ബോധാവബോധങ്ങളിൽ
മാല്യം പിടിച്ചു നീ സ്വയംവരയുക്ത, ബുദ്ധമാം സ്മരണകൾ
പാഴ്ക്കിനാത്തൊട്ടിയിലെറിഞ്ഞു, മുഖക്കണ്ണിതിൽ
ഇഷ്ടയൗവ്വനത്തിൻ തലച്ചുമടുമായ്, പേറ്റുനോവിറ്റും
നോട്ടം കൺതഴഞ്ഞ്, പടിവാതിൽ കടന്ന്
പിന്തിരിഞ്ഞൊന്ന് നോക്കീടാതകലെയന്നു പോയ്

അപഥ്യനായലയുന്നു ഞാനീക്കോടതി മുറികളിൽ; നീയും,
നീതിപുസ്തകം തൊട്ടു വന്ദിച്ചു പറയുന്നു, “രക്ഷിയ്ക്കണം”
നിരത്തി കയ്ക്കുന്ന സത്യങ്ങൾ, കേട്ടു ന്യായാധിപർ,
പഠിച്ചു വാദങ്ങളോരോന്നും, വാടുന്നു ഹൃദയങ്ങൾ
അജയ്യമാം ന്യായത്തിന്നന്ത്യമാം വിധി കുറിയ്ക്കും മുമ്പേ
ചോദിച്ചു ന്യായാധിപൻ, “വേണ്ടതു രക്ഷയോ, കാവലോ, പറയുക”
പുറത്തിരമ്പിയാർക്കും ഹർഷാരവങ്ങളിലാണ്ടു പോയ്
“രക്ഷ” എന്നോതിയ ഏകസ്വരമാം നമ്മുടെ ഉത്തരം
മുഴങ്ങിയാനൊറ്റവരി വിധിന്യായം, “ഇരയാകുന്നു നീ,
നിനക്കിനി കാവലാൾ മാത്രം”, കേഴുന്നു ഞാൻ എന്റെ തോൽവിയിൽ

പരാജിതനായ പിതാവു ഞാൻ, വിധിയ്ക്കുക
തൂക്കു കയർ നീതിപീഠമേ, ഈ പാന്ഥപിതൃത്വത്തിന്
ലോകാവസാനം വരേയ്ക്കും തൂങ്ങിയാടട്ടെ കൺതുറിപ്പിച്ച്
സ്മാർത്തമോഹങ്ങളായ് താമ്രശാസനങ്ങൾ


2018, ഏപ്രിൽ 21, ശനിയാഴ്‌ച

ഒരു നിസ്സഹായന്റെ വിലാപം


ചില രാത്രികൾ ഉള്ളിൽ ഭീതി നിറയ്ക്കുന്നു
ക്രമം തെറ്റുന്ന ഹൃദയമിടിപ്പുകൾ
ശ്വാസം മുട്ടുന്ന നിശ്വാസവേഗങ്ങൾ
എന്തോ, നാളെയെന്ന ദിവസം
ആധിയായ് വളരുന്ന തലപൊട്ടുന്ന വേദന
മഞ്ഞവെള്ളം തികട്ടുന്ന ആപൽസൂചനകൾ

നിഴലും ഉടലും പിന്തുടരപ്പെട്ടു കൊണ്ടിരിയ്ക്കുന്നു
രാത്രിയും പകലും ഭേദമില്ല
എവിടെയും എന്തും ഒപ്പിയെടുക്കാനായി
വൈദ്യുതി നിലയ്ക്കാത്ത ഒളികണ്ണുകൾ

കിടപ്പറകൾ പരസ്യമാം തുണിയുരിച്ചിലുകൾ
കുളിമുറികൾ സ്നാനത്തിന്റെ തുറസ്സ്
ജഠരാഗ്നി മുറ്റും മിഴികളിൽ ചാർത്തും കനിവറ്റ കുറ്റപത്രം
ബാല്യകൗമാരത്തിന്നുടലളവുകൾ നോക്കും ലഹരിഞരമ്പുകൾ
അസഭ്യലാസ്യങ്ങളുടെ അസത്യമാം ചുമർച്ചിത്രങ്ങൾ
ആരും എങ്ങും അപ്രാപ്യരല്ലെന്ന പേടിപ്പെടുത്തുന്ന പ്രക്ഷുബ്ധസത്യം

ചിന്തകളുടെ കനലുകൾ പോലും
തടങ്കലിലായി ചാരം മൂടാറായിരിയ്ക്കുന്നു
വിധ്വംസനത്തിന്റെ പുകഴ്പാട്ടുകൾ
മുഴങ്ങി മുഴങ്ങി ചെവി ബധിരമായിരിയ്ക്കുന്നു

മനസ്സെന്ന മദാർണ്ണവം ചൊരിയുന്നു
തീരാത്ത സേതുബന്ധനത്തിന്റെ കാലുഷ്യം
ജനപഥങ്ങളിൽ തീയാർക്കുന്നു, കൽമഴ  പെയ്യുന്നു
ദിശാബോധമറ്റ കാറ്റു വീശുന്നു

ജനനവും മരണവും പരസ്പരം പോർവിളിയ്ക്കുമ്പോൾ
ദിനരാത്രങ്ങൾക്ക് ജരയും നരയും കരേറി വിറങ്ങലിച്ചിരിയ്ക്കുന്നു
മുരളുന്ന മാനത്തിന്റെ ഇടിത്തീയിൽ,
ഒടിഞ്ഞ പ്രാണൻ കരിക്കട്ടയാകുന്നു
നട്ടെല്ലു പൊട്ടിത്തകരുന്ന ആത്മബോധത്തിൽ
നിസ്സഹായമായൊരു രോദനം ഞെരിഞ്ഞമരുന്നു
പകലുകൾ പൊട്ടിവിടരാനാകാത്ത
ചലനമറ്റ ഭ്രമണവേഗം ബാധിച്ച് നിലച്ചുപോയിരിയ്ക്കുന്നു


2018, മാർച്ച് 15, വ്യാഴാഴ്‌ച

സുനയന

പകൽ വെളിച്ചത്തിൻ പ്രഭയിൽ
ഇരുട്ടു കത്തും കണ്ണുകൾ
ഞാൻ സുനയന; വരിയ്ക്കുന്നാളന്ധത
കൂട്ടില്ല മറ്റൊന്നും, ചൂടിരവു മാത്രം
നിഴലായാടുന്ന മരണം, സ്വച്ഛന്ദം
ഒളിയ്ക്കുന്നു, കളിയ്ക്കുന്നു, ദംശിയ്ക്കുന്നു

അറവുമാടിൻ ദൈന്യം മുറ്റുന്ന മിഴികളാ-
ലറ്റു വീഴുന്നു ദിനം തോറും ദണ്ഡിത പ്രാണർ
വാരി പിളർക്കുന്നൊരിരുമ്പു ദണ്ഡിൻ
കലി, ഗുഹ പോലുമരക്ഷിതം
മാർ പകുക്കുന്നു വാൾത്തലപ്പിൻ മൂർച്ച
ശോണം നുരയ്ക്കും വായ്ത്തടം
മാനം കവരുന്നു കൂട്ടഭോഗത്തിൽ കാമം
കുതിരുന്നു പ്രണയമണിമെത്തകൾ
കുത്തിവെയ്ക്കുന്നഗ്നി ചോരഞരമ്പിതിൽ
ദഹിയ്ക്കുന്നു മുച്ചൂടും ഊടും പാവും
മണം പേരാത്ത ലഹരിയ്ക്കായ് ചൂഴുന്നു കണ്ണുകൾ
വിടരുന്നൂ മസ്തിഷ്ക്കപ്രക്ഷാളനം

വിടർന്ന കണ്ണാൽക്കണ്ടതിത്രയും കാഴ്ചകൾ,
കാഴ്ചയ്ക്കിത്രയും ശാപദൃക്കെന്നോ?
കുഞ്ഞുനാളിലേയെൻ തലച്ചോറിതിൽപ്പതിയ്ക്കും
ചിത്രങ്ങളെത്രയും വ്യക്തം, ശപ്തം

കേട്ടപുരാണത്തിൻ പാതി ഞാനെടുക്കുന്നൂ,
വരിയ്ക്കുന്നാളന്ധത; വരണമാല്യം ചാർത്താതെ
ഞാൻ സുനയന;യെങ്കിലും കാണേണ്ട-
യിനിയെനിയ്ക്കൊന്നുമീക്കല്മഷം

2018, മാർച്ച് 7, ബുധനാഴ്‌ച

നാട്ടിലാടുന്ന നഗ്നതകൾ


തുണിയുടുക്കുന്ന രാജ്യത്തെ
തുണിയുടുക്കാത്ത രാജാവിന്റെ കഥ
പണ്ടത്തെ പാഠപുസ്തകം ചൊല്ലിത്തന്നു
പള്ളിക്കൂടങ്ങളിൽ ഗുണപാഠം ചൊല്ലിക്കേൾപ്പിച്ചു
ഇന്നായിരുന്നെങ്കിൽ സചിത്രപാഠം ചോദിച്ചേനെ

ഇന്നും ഇപ്പോഴും നാടുവാഴുന്നവർ
പലപ്പോഴും തുണിയുടുക്കുവാൻ മറക്കുന്നു
വിജൃംഭിച്ച നഗ്നത പൊതുമദ്ധ്യത്തിലെത്തുന്നു
പൊതുജനം കണ്ടുരസിയ്ക്കുന്നു
സ്വയം തുണിയുരിഞ്ഞു കാട്ടുന്നു
ആത്മരതിയിൽ മുങ്ങി രസിയ്ക്കുന്നു
തുന്നൽക്കാർ നഗ്നത തുന്നി സംപ്രീതരാകുന്നു

പണ്ടത്തെ കഥയിൽ ഒരു കൊച്ചുബാലനുണ്ടായിരുന്നു
അവൻ ചൂണ്ടിക്കാണിച്ചത്രേ രാജാവിന്റെ തുണിയില്ലായ്മ
ഇന്നിപ്പോൾ ബാലകരില്ല്ലാതായിരിയ്ക്കുന്നു
ബാല്യങ്ങൾ നൈപുണ്യങ്ങൾക്കു വഴിമാറിയിരിയ്ക്കുന്നു.
ഗർജ്ജിയ്ക്കുന്ന കളിക്കോപ്പുകളും
അണിയിച്ചൊരുക്കാനുള്ള സൗന്ദര്യവർദ്ധകങ്ങളും
അഭിനയിച്ചു തിമിർക്കാനുള്ള കപടഭാവങ്ങളുമായി,
ബാല്യങ്ങളുടെ വിരലുകൾ ദക്ഷിണയായ് മുറിച്ചെടുക്കപ്പെട്ടിരിയ്ക്കുന്നു
        ബാക്കിയായവരുടെ ചോര വറ്റി വിരലുകളറ്റു പോയിരിയ്ക്കുന്നു
          
        അല്ലെങ്കിലും, ആരും തുണിയുടുക്കാത്ത ലോകത്തിൽ
        ഉടുക്കുന്നതെന്തിന്?
        തടുക്കുന്നതെന്തിന്?
        “ലോകാ സമസ്താ സുഖിനോ ഭവന്തുഃ”