ബ്ലോഗ് ആര്‍ക്കൈവ്

2017, ജനുവരി 25, ബുധനാഴ്‌ച

നാട്ടിലും വീട്ടിലും

നാട്ടിലെനിയ്ക്ക് വിശുദ്ധനായേ പറ്റൂ
നാട്ടിലെ വിശുദ്ധി വീട്ടിൽക്കിട്ടാൻ പാട്

നാടെനിയ്ക്കൊരു പാഠശാലയാകുന്നു
വീട്ടുപേരിൻ പ്രയോക്താവാകാൻ പറയുന്നു
വീട്ടുമുറിയ്ക്കുള്ളിലെ നാട്യസാധകം മുഴുമിച്ച്
അപ്രിയഭാവങ്ങളൊരു കൂട്ടിലടച്ചു വെച്ച്
വീട്ടിൽച്ചാർത്തിക്കിട്ടാത്ത വിശുദ്ധി മോഹിച്ച്
നാട്ടിലാകമാനം ചുറ്റിക്കറങ്ങുന്നു

പൊയ്പ്പോയ വത്സരങ്ങളെ വായിച്ച് നെടുവീർപ്പിടാതെ
തിരുത്തിയും വെട്ടിയും പിന്നെയും തിരുത്തിയും
വന്ധ്യംകരിയ്ക്കപ്പെട്ട വ്രണിത മാനങ്ങളും
ചൂടുപിടിയ്ക്കുന്ന ചകിത രോഷങ്ങളും മറികടന്ന്
വാസരസന്ധ്യകളുടെ സിന്ദൂരച്ചാർത്ത് കണ്ടാനന്ദിച്ച്
വിശുദ്ധിയുടെ വിഭൂതിയ്ക്കായി വറളികൾ തീർക്കട്ടെ

ചുറ്റിലും ഗോളങ്ങളുണ്ടാകാം, ഉപഗോളങ്ങളും
ധൂമകേതുവിൻ വാൽ തിരയും കൗമാരതൃഷ്ണകളും
കിഴക്കുകായ്ച്ചു നില്ക്കും നെല്ലിമരത്തിന്നിലച്ചാർത്തുകളൂളിയിട്ട്
കുറിയതെന്നു തോന്നിയ്ക്കും നക്ഷത്രക്കണ്ണിറുക്കലും
തൊട്ടതെല്ലാം പഴിയാകുന്ന പ്രാരബ്ധക്കലികളും
ഇതിനെല്ലാമിടയ്ക്കായി വിശുദ്ധി തേടും ബിംബന്യാസങ്ങളും

എന്തു വന്നാലും എനിയ്ക്ക് വിശുദ്ധനായേ പറ്റൂ
ഇനിയുള്ള കാലമെങ്കിലും വിശുദ്ധി തെളിയണം
പനിപ്പൊള്ളലും മൂർച്ഛയും പോലും ദൈവം കേറലാകണം
കഴിഞ്ഞ കാലത്തിന്റെ പേരുദോഷം മറയണം
ജീവത്സരണികൾ ചൂടായ് സൗരഭ്യം വിളമ്പണം
മൃതിനാളങ്ങൾക്കൊപ്പം വിശുദ്ധിയുടെ ആവിഗന്ധം പരക്കണം


2017, ജനുവരി 18, ബുധനാഴ്‌ച

അക്ഷരക്കെടുതി

പക്ഷസാഹിത്യത്തിന്റെ രണാങ്കണങ്ങളിൽ
പക്ഷമറ്റ ജടായു പോൽ വീണ വാക്കുകൾ
അക്ഷപടലങ്ങൾ മൂടാതെ കിടക്കുന്നു
അക്ഷമയോടെ ശാപമോക്ഷങ്ങളും കാത്ത്

എന്തെന്തു വെട്ടുകൾ, കുത്തുകൾ, പുലഭ്യങ്ങൾ
അസ്ത്രശസ്ത്രങ്ങൾ, ഒടുങ്ങാത്ത ബഹളങ്ങൾ
വസ്ത്രാക്ഷേപവിവശയായി വേണിയറ്റ്
ചാന്തു പരന്ന് കിടക്കുന്നു വാണീദേഹം

നിറം കൊടുത്തുല്ലസിച്ചൊരു കൂട്ടരങ്ങായ്;
ചറം വാർത്ത് കോപ്പ മോന്തുന്നു മറ്റേത്തല
മുറം വീശിപ്പതിരു പാറ്റുന്നൂ ഭീതിയോ-
ടറം പറ്റും സ്വയംകൃതാനർത്ഥ വിയർപ്പിൽ

സ്വയം പുകഴ്ത്തുന്നിതു കൂട്ടങ്ങളൊന്നിച്ച്
ഇകഴ്ത്തിയുമാട്ടിയും നാറും ഫലിതമോടെ
പടി കടത്തുന്നു പിണ്ഡവും വെയ്ക്കുന്നു
പുതുനാമ്പുമായെത്തും പുത്തൻ കൂറ്റുകളെ

എട്ടണ വീതിച്ചെടുക്കേണമെല്ലാർക്കും
ഒട്ടു മുക്കാലും നിരക്ഷരപ്രഭൃതികൾ
കുക്ഷി നിറയുകിൽ കാഷ്ഠിച്ച് ഇരപ്പാക്കും
മറ്റുള്ളോരാരും അവിടെയിരിയ്ക്കരുത്

നീറും മിടിപ്പിതിൽ മനം മടുക്കുന്നുവോ
അക്ഷരപ്പിശകായി ഭീതിദമൗനങ്ങൾ
അക്ഷരമാലകൾ കൊഴിയും അനർത്ഥങ്ങൾ
വീക്ഷണമറ്റു ഗളച്ഛേദത്തിൽ ബുദ്ധിയും

വാക്കിന്റെ ദേവിയ്ക്കും വാണി നിലച്ചു പോയെ-
വിടെയും വാഴുന്നു ദത്തായ മഹത്ത്വങ്ങൾ
വേദികൾ, വായനാമൂലകൾ, എന്തധികം;
പ്രശസ്തി മടക്കൽ, ദത്തിന്റെ വിഹാരങ്ങൾ

അടിയന്തിരമായി ആസ്പത്രി കേറ്റുക
ശസ്ത്രക്രിയാ സംഹിത സഹിതമായ് കീറി-
മുറിച്ചോരോ അംഗവും മാറ്റിപ്പണിയുക
വാണീദേവിയ്ക്ക് ചികിത്സയൊന്നാട്ടെ

2017, ജനുവരി 5, വ്യാഴാഴ്‌ച

അച്ഛനെന്ന വിളിപ്പേർ

മൺമറഞ്ഞശരീരികളായിപ്പോയ
അച്ഛന്മാർ സഭ ചേർന്നു; സമ്മേളിച്ചു
പരസ്പരം പരിചയം പുതുക്കി; പരിചയപ്പെട്ടു

വേവലാതികൾ; പായാരം പറച്ചിൽ
നർമ്മചിന്തകൾ; അങ്ങനെ നേരം പോയി
പെട്ടെന്ന് എല്ലാരും ഒരു നിമിഷം ഞെട്ടി

തങ്ങളുടെ നിലപാടുതറകളൊന്നായ് തോണ്ടപ്പെടുന്നതും
ആണ്ടറുതികളിൽ ആഘോഷങ്ങൾ കൊടിയേറിയിങ്ങുന്നതും
തങ്ങളെതിരിട്ട വൈരുദ്ധ്യങ്ങളൊന്നായ് വലിയ വായിൽ നില്ക്കുന്നതും കണ്ടു

മുമ്പന്നെത്തേക്കാൾ ഊറ്റമുള്ള ദംഷ്ട്രകൾ
മുന്നെക്കണ്ടതിനേക്കാൾ തിളങ്ങും വർണ്ണതോരണങ്ങൾ
മുച്ചാൺ വയർ വിജൃംഭിയ്ക്കും കുമ്പക്കുടങ്ങൾ

തങ്ങൾ അരൂപികളായിട്ടു കൂടി പാർക്കാനിടമില്ല;
പുറത്തു വരാത്ത ശബ്ദങ്ങൾക്ക് ഉച്ചഭാഷിണി
അദൃശ്യരായിട്ടു കൂടി തൊഴുത്തിൽക്കെട്ടുവാനാവേശം

വാവിട്ടു നിലവിളിയ്ക്കാനാകുന്നില്ല
ഒരിറ്റു ദാഹജലം ഇറക്കാനാവതില്ല
അരുതെന്നു പറയാൻ കൈപൊക്കാനാവതില്ല

എങ്കിൽ, കുറച്ച് മണലിലെഴുതാനാഞ്ഞ്
സഭ നിർത്തി മോതിരവിരൽ ഊന്നിയപ്പോൾ കേട്ടു;
“അച്ഛനെന്ന വിളിപ്പേർ പോരെ? ഒന്നു പോയാട്ടെ”

ആകാശഗംഗകൾക്കിടയിൽ, പരലോകത്ത്
ആഴിപ്പരപ്പുകളിലെ അലമാലകളിൽ മറയുമ്പോൾ
അശരീരികൾ പറഞ്ഞു; “മക്കളേ, വെറുതെ വിട്ടേയ്ക്കുമോ ഞങ്ങളെ?”


2017, ജനുവരി 2, തിങ്കളാഴ്‌ച

പുതുവർഷത്തിലേയ്ക്ക്

വരൂ, നമുക്ക് മരണങ്ങളാഘോഷിയ്ക്കാം
ശവങ്ങളുടെ പടവടുക്കുകൾ കയറാം
ശ്രവണനയനബാഹുല്യ വേദനകളനുഭവിയ്ക്കാം
ശവപ്പറമ്പുകളിൽ മെഴുകു കൊടി നാട്ടാം

എന്തെന്നാൽ, ജീവിതം മെഴുകാകണം
ഉരുകിയൊലിച്ച് തിരിമാത്രം കത്തിയമരണം
മരണമെന്ന നിതാന്തസത്യത്തിലേയ്ക്കടുത്ത്
അക്കങ്ങളുടെ കലണ്ടറിൽ ചുവപ്പ് വീഴ്ത്തണം

നമ്മൾ, കാലാവധി തീരുന്ന ജീവിയ്ക്കുന്ന കലണ്ടറുകൾ
കഴിഞ്ഞുപോയ ദിനാന്ത്യസ്മരണകളുടെ ഓർമ്മപ്പെടുത്തലുകൾ
വെറുമൊരു കടലാസിന്റെ ആലേഖനങ്ങളായ്
ജനിമൃതികൾക്കൊപ്പം നീങ്ങുന്ന കാലത്തിന്റെ കഴുമരങ്ങൾ

ഓരോ കഴുമരവും കാത്തിരിയ്ക്കുന്നു
ഭൂതകാലത്തിനായ് കൊലക്കയറുകൾ പിരിച്ച്
ഓരോ കൊലക്കയറും കാത്തു നില്ക്കുന്നു
പിടയുന്ന പ്രാണന്റെ മരണശ്വാസങ്ങൾക്കായി

ശ്വാസവേഗങ്ങൾക്കപ്പുറം പായുന്ന കാലം
കാലം വറ്റിച്ച കനിവുറവകളുടെ നീർപ്പാടുകൾ
വരണ്ട നീർച്ചാലുകളുടെ ഊഷരപ്രണയരോദനങ്ങൾ
ഇവയ്ക്കെല്ലാമിടയിലായ് ……
ബഹുവാക്കല്ലാതെ മരണം.
പുതുവർഷം..
മരണങ്ങളിൽ നിന്നും..മരണങ്ങളിൽ നിന്നും……

പുതുവർഷം.

2016, ഡിസംബർ 13, ചൊവ്വാഴ്ച

കനൽ കുതിർത്ത പാടങ്ങൾ

വേനലാണ്; ഉണക്കുകാറ്റിന്റെ മൂളക്കം
തിമിർത്തു പെയ്യേണ്ട മഴയൊഴിഞ്ഞ മാനം
ചൂടു വറ്റാത്ത വെയിൽ കുടിച്ചു പാടങ്ങൾ
ഗർഭത്തിൽ ജീവനീരൊട്ടിയ കതിരുകൾ

പാട കെട്ടിക്കൊഴുത്തൊഴുക്കില്ലാതഴുക്കായ്
ഇടയ്ക്കിടയ്ക്കോരോ തുരുത്തിലായ് തോട്ടുനീർ
കുളിപ്പടവുകൾ, ഉറവിറങ്ങും ചാലും
കാളകൂടം കുടിച്ച കണ്ഠമായ് നീലച്ചു

താണറ്റം പറ്റിപ്പറക്കും തുമ്പിയെ നോക്കി
ഊളിയിട്ടു ചിലയ്ക്കും കുഞ്ഞാറ്റയെക്കണ്ട്
മൺവിയർപ്പാവിയായ്പ്പൊങ്ങും മൺകിതപ്പോതി
വിണ്ണിന്നു വർഷിയ്ക്കും, വയലിൻ ദാഹം തീരും

പാതി മറഞ്ഞു പോയ് ചന്ദ്രബിംബം, കാർമേഘ-
ത്തുണ്ടൊന്നു പതിയെപ്പാറി വന്നു മോഹം പോൽ
തലകുനിച്ചു നില്ക്കട്ടെ ആദ്യരാപ്പെൺപോൽ
വേർപടലം കൊണ്ടൊന്നു നാണം വരയ്ക്കട്ടെ

എന്നിട്ടുമെന്തേ കനിയാത്തു മഴദൈവം
പൊന്നുപോൽ തിളങ്ങേണ്ടേ, കതിർക്കേണ്ടേ പാടങ്ങൾ?
പേറുവാൻ വയ്യിനി പേറിന്റെ യാതനകൾ
വല്ലാതെ വിയർക്കുന്നൂ, വിണ്ടു കീറുന്നൂ

പച്ചയിൽ പൊന്മണി വിളങ്ങിക്കാറ്റിലാടി
നെന്മണം വീശി മത്തു പിടിയ്ക്കേണ്ട മന-
മുരുകി വേവുന്നു ചൂളയ്ക്കിട്ട കട്ടയായ്
ആരറിയുന്നൂ കതിരൊട്ടും പാടതാപം?

വേനലാണ്; മഞ്ഞു പെയ്തിറങ്ങിക്കനത്ത്
കനലു കോരിപ്പകലിനെ ചുകപ്പിച്ചും
വെന്തു പൊള്ളും തൊലിപ്പുറം പാടെക്കരിച്ചും

അന്തമില്ലാതിറങ്ങയാണർക്ക കാർക്കശ്യം

2016, നവംബർ 28, തിങ്കളാഴ്‌ച

കുളിമുറി

കെട്ടിയുയർത്തപ്പെട്ട നാലു ചുമരുകൾക്കുള്ളിൽ
വാതിലടച്ചു കുറ്റിയിടപ്പെട്ട നഗ്നത
ഇവിടെ എനിയ്ക്കു ഞാനാകാം, ഒളിഞ്ഞു നോട്ടമില്ലെങ്കിൽ
ഭയപ്പാടില്ലാതെ കുപ്പായമൂരാം

നഗ്നനാകുന്നു ഞാൻ ശുദ്ധി വരുത്തുവാൻ
നിലക്കണ്ണാടിയില്ലാതെ അംഗപ്രത്യംഗം നോക്കാം; കണ്ണുഴിയാം
നഗ്നമേനിയെ, നഗ്നാംഗങ്ങളെ തൊട്ടറിയാം
ഉള്ളിലുറങ്ങുന്ന ആത്മരതിയെയുണർത്താം
കാപട്യമില്ലാത്ത ചോദന സ്രവിപ്പിയ്ക്കാം
ഒരു ഗർവ്വിഷ്ഠ നാർസിസിസ്റ്റ് ആയൊന്ന് തലവെട്ടിത്തിരിയ്ക്കാം

പതപ്പിച്ച സോപ്പുകട്ടയൊന്നെടുത്ത് പതിയെ
ഒരു ദിവസം മുഴുക്കത്തെ ചെളിയൊന്നിളക്കട്ടെ
പിന്നെ തണുത്ത വെള്ളമൊരു കോപ്പയിൽ-
ക്കോരി മതി വരുവോളം വീഴ്ത്തുമ്പോൾ
പഴിയായ്ക്കേട്ട പുച്ഛങ്ങളോടട്ടഹസിയ്ക്കട്ടെ
മുള്ളായ് കോറി നോവിച്ച അപരാധങ്ങൾക്കു കേഴട്ടെ
ഉള്ളു പൊട്ടിയുറക്കെക്കരഞ്ഞും ചിരിച്ചും ആറാടി
അള്ളിപ്പിടിച്ച വിഡ്ഢിവേഷമൊന്നഴിയ്ക്കുമ്പോൾ
എന്റെ സിരാപടലങ്ങളിൾ, രോമകൂപങ്ങളിൽ നേർമ്മ പടരുന്നു
എന്റെ നഗ്നത എന്റെ സ്വകാര്യമാകുന്നു


2016, നവംബർ 25, വെള്ളിയാഴ്‌ച

എന്റെ നൂറാം സൃഷ്ടി

ഇതെന്റെ നൂറാം സൃഷ്ടി

ഹൃദയവ്രണങ്ങളിൽ നിന്നിറ്റുന്ന
ചോരയുടെ ഗന്ധമൂറി
നടന്നു തീർന്ന പാതകളുടെ പൊടി പുരണ്ട
യാത്രാസ്വേദത്തിൻ ഉപ്പുണ്ട്
കണ്മുന്നിലാടപ്പെട്ട ജീവിതനാടകങ്ങളുടെ
തിരശ്ശീല വീഴാത്ത ജീവൽച്ചിത്രങ്ങൾ ചമച്ച്
കശക്കിയെറിയപ്പെട്ട കാമനകളുടെ
ചൂടാറാത്ത കരാളനിശ്വാസങ്ങൾ ഉതിർത്ത്
കണ്ടുമടുത്ത ഏകശിലാമുഖഭാവങ്ങൾക്ക്
ഭാവഹീനമായ ഹംസഗീതം പാടി
വെട്ടിമാറ്റപ്പെട്ട ബന്ധങ്ങളുടെ
ചൂടും ചൂരും ഉദ്ധ്വസിച്ച്
ഇണക്കമറ്റ പിണക്കങ്ങളിൽ മനം നൊന്ത്
സ്വയം കലഹിച്ചും ആത്മരോഷത്തിലാണ്ടും
ശിഷ്ടപ്രണയത്തിന്റെ ബാക്കിപത്രമിറക്കാൻ
രാക്കിളികളുടെ ചിറകടിയൊച്ചകൾക്ക് കാതോർത്തും
ചിലപ്പോൾ ചിട്ടയൊപ്പിച്ച് വടിവോടെ
മറ്റു ചിലപ്പോൾ കുത്തഴിഞ്ഞ വാക്കുകളുടെ കുത്തൊഴുക്കായും
നിശ്ശബ്ദമായ തേങ്ങലുകൾ കടിച്ചമർത്തി
എന്റെ പേനത്തുമ്പിലൂടെ മഷി തുപ്പുന്ന സൃഷ്ടികൾ

ഇന്ന് ഞാൻ വാക്കറുതി പേടിച്ച്
വായ്ക്കറുതി കൊടുക്കുന്നു
എന്തെന്നാൽ, ഇത് വറുതിയുടെ കാലമാകുന്നു
അൻപുവറുതി, വിശ്വാസവറുതി, ശ്വാസവറുതി
മഴവറുതി, ജലവറുതി, അന്നവറുതി
എങ്ങും വറുതി മാത്രം
അതു കൊണ്ട് വാക്കുകൾ വറ്റാതെ സൂക്ഷിയ്ക്കേണമല്ല്ലോ
വാക്കിന്നോളങ്ങൾ വെട്ടി
സ്നേഹാശയം ഇടിഞ്ഞു തൂരാതെ കാക്കണമല്ലോ

എന്നിട്ടും, ജന്മചാപല്യത്തിൻ ചഞ്ചലതയായ്
കളിത്തോഴിയുടെ മുല്ലമൊട്ടരിച്ചിരിയെന്ന പോൽ നിഷ്ക്കളങ്കമായ്
സൃഷ്ടിനൊമ്പരങ്ങൾ അലിഞ്ഞു ചേർന്ന്
മൂടിവെച്ച മൺകുടം പൊട്ടിച്ച്
പിറവി കൊള്ളുന്നു നൂറാം സൃഷ്ടി

സദയം ക്ഷമിയ്ക്കുക

ക്ഷമിയ്ക്കുക