പക്ഷസാഹിത്യത്തിന്റെ
രണാങ്കണങ്ങളിൽ
പക്ഷമറ്റ
ജടായു പോൽ വീണ വാക്കുകൾ
അക്ഷപടലങ്ങൾ
മൂടാതെ കിടക്കുന്നു
അക്ഷമയോടെ
ശാപമോക്ഷങ്ങളും കാത്ത്
എന്തെന്തു
വെട്ടുകൾ, കുത്തുകൾ, പുലഭ്യങ്ങൾ
അസ്ത്രശസ്ത്രങ്ങൾ,
ഒടുങ്ങാത്ത ബഹളങ്ങൾ
വസ്ത്രാക്ഷേപവിവശയായി
വേണിയറ്റ്
ചാന്തു
പരന്ന് കിടക്കുന്നു വാണീദേഹം
നിറം
കൊടുത്തുല്ലസിച്ചൊരു കൂട്ടരങ്ങായ്;
ചറം
വാർത്ത് കോപ്പ മോന്തുന്നു മറ്റേത്തല
മുറം
വീശിപ്പതിരു പാറ്റുന്നൂ ഭീതിയോ-
ടറം
പറ്റും സ്വയംകൃതാനർത്ഥ വിയർപ്പിൽ
സ്വയം
പുകഴ്ത്തുന്നിതു കൂട്ടങ്ങളൊന്നിച്ച്
ഇകഴ്ത്തിയുമാട്ടിയും
നാറും ഫലിതമോടെ
പടി
കടത്തുന്നു പിണ്ഡവും വെയ്ക്കുന്നു
പുതുനാമ്പുമായെത്തും
പുത്തൻ കൂറ്റുകളെ
എട്ടണ
വീതിച്ചെടുക്കേണമെല്ലാർക്കും
ഒട്ടു
മുക്കാലും നിരക്ഷരപ്രഭൃതികൾ
കുക്ഷി
നിറയുകിൽ കാഷ്ഠിച്ച് ഇരപ്പാക്കും
മറ്റുള്ളോരാരും
അവിടെയിരിയ്ക്കരുത്
നീറും
മിടിപ്പിതിൽ മനം മടുക്കുന്നുവോ
അക്ഷരപ്പിശകായി
ഭീതിദമൗനങ്ങൾ
അക്ഷരമാലകൾ
കൊഴിയും അനർത്ഥങ്ങൾ
വീക്ഷണമറ്റു
ഗളച്ഛേദത്തിൽ ബുദ്ധിയും
വാക്കിന്റെ
ദേവിയ്ക്കും വാണി നിലച്ചു പോയെ-
വിടെയും
വാഴുന്നു ദത്തായ മഹത്ത്വങ്ങൾ
വേദികൾ,
വായനാമൂലകൾ, എന്തധികം;
പ്രശസ്തി
മടക്കൽ, ദത്തിന്റെ വിഹാരങ്ങൾ
അടിയന്തിരമായി
ആസ്പത്രി കേറ്റുക
ശസ്ത്രക്രിയാ
സംഹിത സഹിതമായ് കീറി-
മുറിച്ചോരോ
അംഗവും മാറ്റിപ്പണിയുക
വാണീദേവിയ്ക്ക്
ചികിത്സയൊന്നാട്ടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ