ബ്ലോഗ് ആര്‍ക്കൈവ്

2015, മാർച്ച് 19, വ്യാഴാഴ്‌ച

ഒരു പുരീഷ പുരാണം


നാട്ടിലെ നാലാൾ കൂടുന്ന
തിരക്കേറിയ നാല്ക്കവലയിൽ
ആളൊഴിഞ്ഞ രാത്രി നേരം നോക്കി
ഒരു നായ തെക്കുവടക്കായി കാഷ്ഠിച്ചു

ലക്ഷണമൊത്ത, വടിവുള്ള
ചൂടും ചൂരും വിട്ടുമാറാത്ത
ആരുടെ ദൃഷ്ടിയിലും പെടുന്ന
ദണ്ഡിൻ ദൃഢതയുള്ള അമേദ്ധ്യഖണ്ഡം

പ്രത്യക്ഷത്തിൽ ഏഭ്യമല്ലാത്ത,
വിശിഷ്ടവസ്തുവായ് തോന്നപ്പെട്ടതിന്റെ
തെക്കുനിന്ന് ഇടത്ത് ചുവപ്പ് നിറം,
മദ്ധ്യം മൂവർണ്ണം, വലതു ഭാഗം കാവി

നേരം പുലർന്നു, ചുവന്നു, വെളുത്തു
ആളുകളോരോന്നായടുത്തു കൂടി
സാകൂതം, അത്ഭുതക്കണ്ണുകളാൽ
വന്നവർ വന്നവർ അഭിരമിച്ചു കാഴ്ചയിൽ

ആർക്കും തിരിഞ്ഞില്ല; എന്താണീ സാധനം?
പിന്നെയോരോരുത്തരായ് തുടങ്ങീ വർണ്ണന
ഐശ്യര്യവർദ്ധക വശീകരണ യന്ത്രം മുതൽ
അന്യഗ്രഹവസ്തുവരെയെത്തി കല്പിതം

പിന്നെ, തത്രപ്പാടായ് സ്വന്തമാക്കാൻ
തർക്കം മൂത്ത് കശപിശയടി വരെയെത്തി
മദ്ധ്യസ്ഥമായി, വീതം വെയ്ക്കുക മൂന്നായ്
തലക്കഷ്ണം, നടുക്കഷ്ണം, വാൽക്കഷ്ണം എന്നിങ്ങനെ

താമസംവിനാ ഈർച്ചവാളെത്തി
തെക്കുള്ള വാൽക്കഷ്ണം ചുവപ്പ്
അതിനുമുന്നിലെ നടുക്കഷ്ണം മൂവർണ്ണം
വടക്കേയറ്റം തലക്കഷ്ണം കാവി

ഈർച്ചവാൾ ആരെല്ലാം പിടിയ്ക്കും, മുറിയ്ക്കും
വീണ്ടും വാഗ്വാദങ്ങൾ, അവകാശവാദങ്ങൾ
ഒടുവിൽ തീരുമാനം, സമവായം; വാളിന്റെ-
ഓരോ തലയ്ക്കലും ഓരോ നിറത്തിൻ അവകാശവാദികൾ

അങ്ങനെ ഉയർന്നൂ ഈർച്ചവാൾ ആരവത്തിൽ;
പെട്ടെന്നൊരാളെത്തുന്നു ചൂലുമായ്
കഠിനമായൊരു ചോദ്യമുയർത്തീ ചൂലുധാരി
നിങ്ങൾക്കറിയാമോ എന്താണിതെന്ന്?

അയാൾ ഉറക്കെ, സ്പഷ്ടമായ് ശബ്ദിച്ചു
“ഇതു വെറും നായ്ക്കാഷ്ഠം; കഷ്ടം
തിരിച്ചറിയുന്നില്ലേ നിങ്ങൾ ഈ നാറ്റം?
നായ്ക്കാട്ടത്തിനുണ്ടോ വാൽക്കഷ്ണം, നടുക്കഷ്ണം, തലക്കഷ്ണം?”

“നായ്ക്കാട്ടം മൂന്നു മുറി മുറിച്ച്
ഏതു മുറി വേണമെന്നാരാഞ്ഞാൽ
ഏതു കിട്ടിയാലും എന്തു ഫലം? നോക്ക്വണ്ടൂ
തലമുറി, നടുമുറി, വാൽമുറി എല്ലാം ഒന്നല്ലേ?”

അയാൾ നേരിട്ട് ചൂലുകൊണ്ടു തന്നെ
ശക്തമായടിച്ചു ദൂരെയ്ക്കിട്ടാ വിചിത്ര വിസർജ്ജ്യം
ഹാവൂ!യെന്നായി പൊതുജനം, മൂക്കത്തുവിരലോടെ
എന്തൊരാശ്വാസം; ഒഴിഞ്ഞല്ലോ മാരണം

വീണ്ടും പരന്നല്ലോ നാറ്റം; അസഹ്യം
കൂട്ടമായെത്തിയവർ നോക്കീ പരസ്പരം
കണ്ട കാഴ്ചയോ? തെല്ലൊറപ്പോടെ ശിവ! ശിവ!
നില്ക്കുന്നൂ ചൂലുവേഷം നായ്ക്കാട്ടത്തിൽ പൊതിഞ്ഞ്


2015, മാർച്ച് 9, തിങ്കളാഴ്‌ച

പതിരു കൊയ്യുന്നവർ

കൂടൊഴിഞ്ഞ ഭൂതകാലത്തിനും
കൂടു തേടുന്ന ഭാവിയ്ക്കുമിടയിൽ
കൊയ്ത്തും കാത്തു കിടക്കുകയാണ്
പതിരായ് വിളഞ്ഞ വർത്തമാനം

ഞങ്ങൾ പതിരു കൊയ്യുന്നവർ
ഞങ്ങൾ നീരൊഴിഞ്ഞ ചിറ കാക്കുന്നവർ
ഞങ്ങൾ അമ്ലതയുടെ മ്ലേച്ഛാവാഹകർ
ഞങ്ങൾ കുറ്റിയറുന്ന അന്നദേഹികൾ

അഷ്ടിയ്ക്കു മുട്ടിപ്പോയിട്ടും
സൃഷ്ടിയുടെ സമീക്ഷയെന്നപോൽ,
മുഷ്ടിയ്ക്കു ബലം പോയെന്നറിഞ്ഞിട്ടും
കഷ്ടിച്ചു കൊയ്തു കയറ്റുന്നു കറ്റകൾ

മെതിച്ചു കൂട്ടുന്ന കറ്റകളുതിർക്കുന്നു
ഒട്ടുമുക്കാലും പതിരിൻ മണികൾ
കളകളും വിളനാശവും ചേർന്ന്
പുഷ്ടി പാതിയും തിന്നു തീർത്ത കതിരുകൾ

വിധിയെന്നു പഴി ചൊല്ലുന്നു
ആദിയും അന്തവുമില്ലാത്ത ജന്മങ്ങളെ
മേദസ്സു പൊട്ടിയൊലിയ്ക്കുന്നു
ആധിയൊരു പുണ്ണായ് വളരുന്നു

ഞങ്ങൾ ബാലശാപം പേറുന്നവർ
പതിരു കൊണ്ട് അന്നമൂട്ടുന്നവർ
പതിരുജന്മങ്ങളെ വളർത്തുന്നവർ
പതിരു സ്നേഹങ്ങളെ ഓതിക്കൊടുപ്പോർ

ഇനി നാളെ മുഴുപ്പുള്ള വിത്തിനായ്
കഴുമരത്തിൽ തലയും വെച്ചു കൊടുത്ത്
കായ്ഫലം മാത്രം കായ്ക്കും അന്നപിണ്ഡത്തിനായ്
ലവലേശം നാണമില്ലാതെ കൈനീട്ടണം

മരണക്കിടക്കയിൽക്കിടക്കും വിത്തങ്കുരങ്ങൾ
പതിരാകാതെ പതിരാകാൻ വിധിയ്ക്കപ്പെട്ടവ
സ്വന്തം മണ്ണിന്റെ ഗന്ധം ഗർഭത്തിലൊതുക്കിയവ
മുളയ്ക്കുവാൻ കാത്തുവെച്ച ഈർപ്പം വിങ്ങലാക്കിയവ

തീട്ടൂരം കല്ലേപ്പിളർന്നു കല്പിയ്ക്കുമ്പോൾ
എതിർപ്പിൻ യാഗശ്വം പോലും നിശ്ശബ്ദനാക്കപ്പെടുന്നു
കൊയ്ത്തരിവാളിൻ പിടി പയ്യെ വിറച്ച്

പതിരുകൾ കൊയ്തുകൊണ്ടേയിരിയ്ക്കുന്നു ഞങ്ങൾ

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ആരാ ഒന്നു പറയുക?


നേതാവിരിയ്ക്കയാണു ഉടുതുണിയില്ലാതെ
ചുറ്റിലും അനുചരവൃന്ദങ്ങൾ, സ്തുതിപാഠകർ
ഈ വിടുവായ്ക്കൂട്ടങ്ങളല്ലാതെ മറ്റാരുമില്ല

കാണുന്ന നാൾ തൊട്ടേ തുണിയില്ലാത്തതുകൊണ്ട്
നഗ്നനാണു നേതാവെന്നവർ അറിയുന്നുമില്ല
കുലംകുത്തിച്ചും കൃമികീടങ്ങളായ് മാറ്റിയും
ഇരിപ്പിടാവയവത്തിൽ ഓലപ്പടക്കം വെച്ചും പൊട്ടിച്ചും
മീൻപെറുക്കിച്ചും, പേശിപെരുപ്പിച്ച് കണ്ണുരുട്ടിക്കാണിച്ചും,
ഉടുതുണി വെച്ചു നീട്ടാൻ ശ്രമിച്ചവർ ഓടിപ്പോയി

ഇനിയുള്ളവർക്കോ ഒന്നേ കർമ്മലക്ഷ്യമുള്ളൂ;
അന്നന്നത്തെ നേതാക്കളുടെ
തെറിച്ചു നില്ക്കുന്നതെന്തും ദീപസ്തംഭം, മഹാശ്ചര്യം
അവർ പഠിച്ചതെന്തെന്നാൽ,
ഒട്ടി നിന്നാൽ കിട്ടും വീതങ്ങൾ
വീഞ്ഞു പോൽ ലഹരിയും

കുറച്ചകലെ മാറിയിരിയ്ക്കുന്നൊരാൾ
നഗ്നതയിൽ വ്യാകുലചിത്തനാണയാൾ
അയാൾ നേതാവായിരുന്നു പോൽ
ഊട്ടി വളർത്തിപോൽ ഇന്നത്തെ നേതാവിനെ
അന്നിന്നത്തെ നേതാവ്, പഴയതെങ്കിലും
അഴുക്കു ലേശം പോലുമില്ലാത്ത കുപ്പായമണിഞ്ഞിരുന്നു പോൽ
അന്നെല്ലാം തുണിമാറലും ഉടുക്കലും അലക്കലും
മറപ്പുരയ്ക്കുള്ളിൽ മാത്രമായിരുന്നു പോൽ
സന്തോഷവും സമാധാനവും കളിയാടിയിരുന്നു പോൽ
വൃത്തിയും വെടിപ്പും നിർബ്ബന്ധമായിരുന്നു അന്നെല്ലാം

ഇപ്പഴോ, എല്ലാം നാലാൾ കാൺകെ, അല്ലെങ്കിൽ
ഒളിഞ്ഞു നോക്കി ഏന്തിക്കാണാൻ പാകത്തിൽ

എന്തു കഷ്ടമാണിത്? മാത്രമോ, തുണിയുമുടുക്കുന്നില്ല
വൃത്തിലേശം വേണമെന്ന ആത്മാഭിമാനം പോലുമില്ല

ആരെങ്കിലും നേതാവിനോടൊന്നു
പറഞ്ഞിരുന്നെങ്കിൽ?
നഗ്നത കുറ്റമല്ലെങ്കിലും
വൃത്തികേടു തന്നെ എന്ന്
അല്ലെങ്കിൽ,
കാണുവാൻ, കേൾക്കാൻ,ചൊല്ലി വിളിയ്ക്കാൻ
സ്തുതിയുമുണ്ടാകില്ല,
പാടുവാൻ ആരുമേ വരുകയുമില്ലെന്ന്

വാൽക്കഷണം:

നല്ലൊരു വീടും നേതാവും കുറെ വാചകമടിക്കാരും
താഴിട്ട ഗേറ്റിനു  ചുറ്റും വിജനമാം വഴിത്താരകളും


ഭ്രാന്തിന്റെ വഴികൾ


ഭ്രാന്താണു ഭ്രാന്താണു ഭ്രാന്താണു സർവ്വവും
ഭ്രാന്തിന്നു പോലും ഭ്രാന്താണു സർവ്വരേ
ചിന്തയിലൂറുന്ന ചെം ചാന്തായി ഭ്രാന്ത്
മൊന്ത പോൽ ചെരിയുന്ന കുംഭമായ് ഭ്രാന്ത്

ഇടത്തും വലത്തും മോളിലും ചോട്ടിലും
ഇടയുന്ന വാക്കിൽ, പിടയുന്നയുള്ളിൽ
ഇടതൂർന്ന മമതയിലുടയുന്നു
ഇടതടവില്ലാതെ പായും ഭ്രാന്തുകൾ

കുതറുന്ന കാറ്റിൽ ചങ്ങല കിലുക്കി
പതറുന്ന മണ്ണിൽ പൂഴിച്ചുഴി ചുറ്റി
അമറുന്ന യക്ഷിയായ് കടവായ് കൊണ്ട്
ചിതറുന്ന ചെത്തി പോൽ പൂക്കുന്ന ഭ്രാന്ത്

എടങ്ങേറു കേറി പതയ്ക്കുന്ന ചിത്തം
പെടയ്ക്കുന്ന കണ്ണിന്നിമ പറ്റെ വെട്ടി
പെടാപ്പാടു പെട്ടമ്പേ തോറ്റു സുല്ലിട്ട്
എടാകൂടമായി ചെന്നെത്തുമീ ഭ്രാന്ത്

തലയ്ക്കാണു ഭ്രാന്ത്, മുലയ്ക്കാണു ഭാന്ത്
നിവരുന്ന പൗരുഷത്തിന്നാണു ഭ്രാന്ത്
തുടിയ്ക്കുന്ന കന്യകാത്വത്തിന്നും ഭ്രാന്ത്
കലരുന്ന ബീജാണ്ഡ ഡംഭിന്റെതാം ഭ്രാന്ത്

വെറുതെയിരുന്നിട്ടും ഓടി നടന്നും
കൗശലം കൊണ്ട് കുതികാലു വെട്ടിയും
കുശലം പറഞ്ഞ് വരുതിയിൽ വീഴ്ത്തീം
മടിശ്ശീല വീർപ്പിയ്ക്കും വിദ്യയാം ഭ്രാന്ത്

വഴിക്കണ്ണു നീട്ടിത്തലോടിയുമൂട്ടി-
യാഴക്കയങ്ങളിൽ താഴുന്ന അൻപിനാൽ
പഴംതുണിക്കച്ചയ്ക്കു പോലുമിരക്കും
അഴലായ് അമ്മ തൻ ദൈന്യമാം ഭ്രാന്ത്

അമ്മായിയമ്മയ്ക്ക് അടുക്കളപ്പോരും
മരുമകൾക്കോ തന്റെ കണവന്റെ ചൂരും
ഭ്രാതാക്കൾക്കുള്ളിലായ് സ്വത്തുക്കൾ വീതവും
ഭ്രാന്തായ് മാറിടും, പരസ്പരം മാന്തിടും

ചിതയ്ക്കെടുക്കും പിണം ചിരി തുടങ്ങും
പൊള്ളക്കരച്ചിലിൻ ഗീർവാണശുംഭിൽ
പൊടുന്നനെ എട്ടുദിക്കിലായ് മുഴങ്ങും
ശവദാഹശേഷം ലഹരി തൻ ഭ്രാന്തിൽ

മോഷണ ശീലമായ്, പാഷാണ പാനമായ്
മീശയും താടിയും വെട്ടി വെടുപ്പിച്ചും
മുടി കറുപ്പിച്ചും ചുണ്ടു ചുവപ്പിച്ചും
മതി മറക്കുന്നു ഭ്രാന്തിന്റെ വഴികളിൽ

എവിടേയ്ക്കു തിരിഞ്ഞാലും ഭ്രാന്തു തന്നെ
ഇവിടെവിടെയും ഇല്ലാ വെളിവുകൾ
കവിയുന്നു ഉന്മാദമൊന്നിനൊന്നായി
സവിസ്തരം ഭ്രാന്തുകൾ മേയുന്നിതമ്പോ!!!



2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

നാളെയുടെ ബോധിസത്ത്വൻ

ആൾക്കൂട്ടങ്ങൾ തിരയുന്നൊരാലിനെ, തണലിനെ
പിണഞ്ഞു പിടയും വടവേരിന്നിരിപ്പിടത്തെ
കിണഞ്ഞു ചേക്കേറും കിളികളുടെ കൊറ്റില്ലത്തെ1
ആൽച്ചുവട്ടിലിരിയ്ക്കാനൊരു ധ്യാനനിമഗ്നനെ

നാളേറെയായ്, ദിനം തോറുമെത്തി നോക്കുന്നു കൂട്ടം
കാളുന്ന ജന്മപാശഛവി മുറ്റി മോന്തി മോന്തി
നീളുമീ കാത്തു നില്പിൽ പന്തികേടുപോലെ മേവും
പളുങ്കു പൊട്ടിയ പാനപാത്രങ്ങളേന്തി ക്ലിഷ്ടം

മോഹപ്രപഞ്ചകിരണങ്ങളേറ്റു വാടിയോരും
ഇഹലോകസഹനച്ചതവേറെ ചതഞ്ഞവരും
ദാഹാർത്തി കേറിയ സ്വപ്നാസവത്തിൻ പാനകരും
മഹാകഷ്ടം! തിക്കുകൂട്ടുന്നു ജീവിതാസക്തിയാൽ

താമ്രപത്രങ്ങൾ, തലയെഴുത്തിൻ മായാലിഖിതം
തമസ്സിൻ വേരിറങ്ങിയ ചഞ്ചലിത ചിത്തങ്ങൾ
താമസം വരുത്തിടാത്ത ദുര്യോഗദംശനങ്ങൾ
തിന്മ തിന്നീടുന്ന തിര്യക്കിൻ2 രോദനങ്ങൾ എങ്ങും

പല്ലക്കിൻ ഘോഷാരവമേതുമില്ലാതെത്തണം പോൽ
പട്ടിൻ പകിട്ടുപേക്ഷിച്ചിനിയൊരു ശുഭ്രവസ്ത്രൻ
പഞ്ചശീലത്തിൻ പ്രബോധകൻ, പാവനൻ, പല്ലവൻ
പടിഞ്ഞിരിയ്ക്കാനാൽച്ചോട്ടിൽ, നാളെയുടെ ബോധിസത്ത്വൻ3

ഇവനല്ലോ കഴലുപൊട്ടിച്ചണ തട്ടിമാറ്റി
താനെന്നഹംബോധം ശൂന്യമെന്നു നാവിലിറ്റിച്ചു
കരുണതൻ പാലാഴി കൺകളിൽ കുറുക്കി നീട്ടി
പഴയ നടപ്പു ദോഷങ്ങളെ ആവിയാക്കുന്നവൻ

ഇവനായിരിയ്ക്കാം പടരുന്ന പാതകങ്ങളിൽ
മാപ്പപേക്ഷതൻ ഉന്നിദ്രമാം4 ചിന്തേരിടുന്നവൻ5
ഇവനായിരിയ്ക്കാം തളരുന്ന കാലടികൾക്ക്
ശുഭാപ്തി തൻ സുസ്മേരമാം ഉന്മേഷം കൊടുപ്പവൻ

ഇവനായിരിയ്ക്കണം നിഷ്ക്കാമചരിതൻ,
പകയും പാഴ്ക്കിനാവും പാഴ് വിലയ്ക്കുമെടുക്കാത്ത
മൂകമാം വിയർപ്പിൻ മണികളെ മാറണയ്ക്കുന്ന
പകലന്തിയെന്നില്ലാതെ പടവെട്ടും ചിത്ജയൻ

തകർന്ന സ്വപ്നങ്ങളുടെ കരിയിലച്ചാർത്തിനെ
തനിച്ചു തീയിട്ടതിനുള്ളിൽ കരേറും തോൽവിയെ
തമ്മിലുരുമ്മുന്ന പ്രണയവായ്പിൻ കരങ്ങളാൽ
തരസാ6 തർഷണം7 തീർത്തയയ്ക്കുമത്രേ പാലകൻ

ബോധവാസരം8 കഴിഞ്ഞെഴുന്നള്ളിയേയ്ക്കാം ബോധി9
ബോധാബോധ ബുദ്ധി തെളിഞ്ഞേയ്ക്കാം ആൾക്കൂട്ടത്തിന്നും
അധോമുഖപ്രാണരായ് കുമ്പിടും ജനസഞ്ചയം
അധരം വിറച്ചിടും പാപവും മോഹവും തള്ളി

മനമേ; മടങ്ങുക, ഇതശുഭ പാതിരാത്രി
കനം വെച്ച കർമ്മകാണ്ഡങ്ങളുടെ കൂരിരുട്ടിൽ
ഇന്നീ നിനയ്ക്കും കിനാവുപോലും തിരിഞ്ഞു കൊത്താം
നന്നായ്ത്തിരയാമൊരാലിനായ്, ധ്യാനനിമഗ്നനായ്


സാന്ദർഭികമായി ഉപയോഗിച്ച ചില വാക്കുകളുടെ വിവക്ഷ

1 – കൊറ്റില്ലം – കിളികളുടെ പ്രജനന വാസ കേന്ദ്രം
2 -  തിര്യക്ക് –വിശേഷബുദ്ധിയില്ലാത്ത ജീവി (സാധാരണ മനുഷ്യരൊഴിച്ചുള്ള ജീവികൾ തിര്യക്കിൽ പെടുന്നു. ഇവിടെ,
     മേൽക്കാണിച്ച അർത്ഥത്തിലാണ് ഈ വാക്കുപയോഗിച്ചിട്ടുള്ളത്)
3 – ബോധിസത്ത്വൻ - ബുദ്ധസന്ന്യാസി
4 -  ഉന്നിദ്രം – ഉന്മേഷത്തോടെയുള്ള
5 – ചിന്തേരിടുക – ചീകി മിനുസം വരുത്തുക
6 – തരസാ – ശക്തിയോടെ
7 – തർഷണം – ദാഹം
8 – ബോധവാസരം – കാർത്തികമാസം (വൃശ്ചികം) വെളുത്തപക്ഷത്തിലെ ഏകാദശി
9 – ബോധി – ഗൗതമബുദ്ധൻ (ഇവിടെ പരിപൂർണ്ണജ്ഞാനം/ബോധോദയം സിദ്ധിച്ചവൻ എന്നു വിവക്ഷ)


2015, ജനുവരി 2, വെള്ളിയാഴ്‌ച

അരക്കില്ലങ്ങൾ


നോവും നിരാസവും നീറിപ്പിടിയ്ക്കുന്ന
നവം നവങ്ങളാം ഗേഹങ്ങളായിന്നും
പണ്ടൊരടവിയിൽ പടുത്തു തീയിട്ട
ചതിയുടെ ആഴപ്രധാന കേന്ദ്രങ്ങൾ

പലനിറങ്ങളിൽ, വർണ്ണത്തിളക്കത്തിൽ
മെഴുകുപോൽ ഉരുക്കിയും ഉറപ്പിച്ചും
വാർത്തെടുക്കുന്നു അരക്കില്ലങ്ങൾ ഇന്നും
ആത്മശത്രുക്കളെ ഇല്ലായ്മ ചെയ്യുവാൻ

പ്രത്യാശയറ്റ പാഴ്ജന്മത്തിൻ പൊരിച്ചിൽ
ആകസ്മികതയാൽ ഇരുളിനെ കാത്ത്
കനൽക്കൊള്ളി ഊതിക്കാത്തിരിയ്ക്കുന്നു ഹാ!
ഏനക്കേടൊടുക്കി ഉരുകിക്കത്തുവാൻ

പൊള്ളുചൂടേറ്റ് പയ്യെ കട്ടിനീരായും
മോഹവർണ്ണങ്ങൾ നീറി നാളം കണക്കെ
കൈ കൂപ്പി സ്വയം അർപ്പിയ്ക്കുവാനായ് വരും
വെൺകതിരായ് കുറ്റിയറ്റ പുഴുക്കുത്ത്

മൂത്ത വൈരങ്ങളാൽ ശപഥമെടുത്തും
പത്തു നാൾക്കകം പടകളൊരുക്കിയും
ആപ്തവാക്യം കേട്ടു ഒളിവിലിരുന്നും
കോലരക്കിൻ മണം തട്ടിയതില്ലെന്നോ?

ഓർക്കുക, റാത്തൽ കണക്കാണരക്കിന്
നിരക്കുകൾ പലതരം, നിറം നോക്കി
പിറവിയും പൊറുതിയും അറുതിയും
ഇന്നേ നടക്കുന്നു അരക്കില്ലങ്ങളിൽ

ആടിത്തിമർക്കുക, പാടി രസിയ്ക്കുക
ചാഞ്ചാടിക്കളിയ്ക്കുക, തിന്നു ചീർക്കുക
ഇണചേർന്നു കുലവംശം പെരുക്കുക
പുത്തനാം അരക്കില്ലങ്ങൾ പണിയുക

നാം അരക്ഷിതർ ഈ അരക്കറകളിൽ
വഹ്നി എന്നേ എത്തിടാം ദുരവസ്ഥയായ്
മത്തിൻ മയക്കത്തിലല്ലേ നാമെപ്പൊഴും
എരിഞ്ഞൊടുങ്ങാൻ അരക്കച്ചയും കെട്ടി


2014, ഡിസംബർ 30, ചൊവ്വാഴ്ച

ഒരു മതേതര ചിന്ത


ഇന്നീക്കാണുന്ന മനുഷ്യ ലോകത്ത്, പ്രകൃതിയിൽ
മതേതരമെന്ന വിശേഷണം ഒരേയൊരു വികാരത്തിന്
മതേതരമെന്യേ പ്രയോഗിയ്ക്കപ്പെടുന്ന ഒറ്റ കാമന
അതു കാമം മാത്രം, മനുഷ്യന്റെ എതിർലിംഗക്കാമം

മതമില്ല, ജാതിയില്ല, പ്രായഭേദമില്ല
ഒറ്റയായും, നാലാൾ കൂടുന്ന കാട്ടുനായ്ക്രൗര്യമായും
എല്ലിനേക്കാൾ മൂർച്ചയുള്ള പേശിയൊന്നിൻ ദൃഢതയാൽ
ബലാൽ ഭോഗിച്ചും പ്രീണിപ്പിച്ചിരയായ് വീഴ്ത്തിയും ആഘോഷിയ്ക്കുന്ന കാമം

കട്ടിമീശയും മിയ്ക്കപ്പോഴും സുമുഖനായും
നേരവും കാലവും നോക്കാതെ കീഴ്പ്പെടുത്തുന്ന ചേതസ്സ്
ഇണചേരുവാൻ ഋതുക്കളില്ല, ശുക്ലകൃഷ്ണപക്ഷങ്ങളില്ല
മാനവകുലത്തിനു മാത്രമൊതുങ്ങുന്ന കാമശാസ്ത്രം

രസദളങ്ങളെ ഉന്മത്തരാക്കി സ്വയം ക്രീഡ ചെയ്യുന്നു
മറുപകുതിയുടെ ചോദനകളെന്തെന്നു തിരക്കാതെ
ദുരഭിമാനക്കൊലയായ്, മതാധിനിവേശമായ്
നാലാളു കാൺകെ കട വെട്ടുന്നു കാമത്തെ

ഇതു ചിന്തയോ? വികാരമോ? ആത്മപീഡയോ?
ശൈലീജന്യരോഗമോ? വികലമാം കുലബാധയോ?
ആവർത്തന വിരസമാം പരപരാഗണ തന്ത്രമോ?
പാപജന്മങ്ങളുടെ രേതസ്സു വിസർജ്ജിയ്ക്കുന്ന മാലിന്യമോ?

വ്രീളാമുഖിയായ്, മുഖം കുനിച്ചു നഖം വരയ്ക്കുന്ന പതിതയായ്
അകക്കാമ്പിൽ തപം ചെയ്ത മൃദുലവിശുദ്ധമാം കാമത്തെ
നാണമില്ലാതെ നടുത്തളത്തിൽ വലിച്ചിഴയ്ക്കുന്നു വസ്ത്രാക്ഷേപമായ്
ഇന്ദ്രിയ വിസ്ഫോടനമായ് ചൂതാടി രസിയ്ക്കുന്നു സംഭോഗഢംഭ്