ബ്ലോഗ് ആര്‍ക്കൈവ്

2015, ഫെബ്രുവരി 12, വ്യാഴാഴ്‌ച

നാളെയുടെ ബോധിസത്ത്വൻ

ആൾക്കൂട്ടങ്ങൾ തിരയുന്നൊരാലിനെ, തണലിനെ
പിണഞ്ഞു പിടയും വടവേരിന്നിരിപ്പിടത്തെ
കിണഞ്ഞു ചേക്കേറും കിളികളുടെ കൊറ്റില്ലത്തെ1
ആൽച്ചുവട്ടിലിരിയ്ക്കാനൊരു ധ്യാനനിമഗ്നനെ

നാളേറെയായ്, ദിനം തോറുമെത്തി നോക്കുന്നു കൂട്ടം
കാളുന്ന ജന്മപാശഛവി മുറ്റി മോന്തി മോന്തി
നീളുമീ കാത്തു നില്പിൽ പന്തികേടുപോലെ മേവും
പളുങ്കു പൊട്ടിയ പാനപാത്രങ്ങളേന്തി ക്ലിഷ്ടം

മോഹപ്രപഞ്ചകിരണങ്ങളേറ്റു വാടിയോരും
ഇഹലോകസഹനച്ചതവേറെ ചതഞ്ഞവരും
ദാഹാർത്തി കേറിയ സ്വപ്നാസവത്തിൻ പാനകരും
മഹാകഷ്ടം! തിക്കുകൂട്ടുന്നു ജീവിതാസക്തിയാൽ

താമ്രപത്രങ്ങൾ, തലയെഴുത്തിൻ മായാലിഖിതം
തമസ്സിൻ വേരിറങ്ങിയ ചഞ്ചലിത ചിത്തങ്ങൾ
താമസം വരുത്തിടാത്ത ദുര്യോഗദംശനങ്ങൾ
തിന്മ തിന്നീടുന്ന തിര്യക്കിൻ2 രോദനങ്ങൾ എങ്ങും

പല്ലക്കിൻ ഘോഷാരവമേതുമില്ലാതെത്തണം പോൽ
പട്ടിൻ പകിട്ടുപേക്ഷിച്ചിനിയൊരു ശുഭ്രവസ്ത്രൻ
പഞ്ചശീലത്തിൻ പ്രബോധകൻ, പാവനൻ, പല്ലവൻ
പടിഞ്ഞിരിയ്ക്കാനാൽച്ചോട്ടിൽ, നാളെയുടെ ബോധിസത്ത്വൻ3

ഇവനല്ലോ കഴലുപൊട്ടിച്ചണ തട്ടിമാറ്റി
താനെന്നഹംബോധം ശൂന്യമെന്നു നാവിലിറ്റിച്ചു
കരുണതൻ പാലാഴി കൺകളിൽ കുറുക്കി നീട്ടി
പഴയ നടപ്പു ദോഷങ്ങളെ ആവിയാക്കുന്നവൻ

ഇവനായിരിയ്ക്കാം പടരുന്ന പാതകങ്ങളിൽ
മാപ്പപേക്ഷതൻ ഉന്നിദ്രമാം4 ചിന്തേരിടുന്നവൻ5
ഇവനായിരിയ്ക്കാം തളരുന്ന കാലടികൾക്ക്
ശുഭാപ്തി തൻ സുസ്മേരമാം ഉന്മേഷം കൊടുപ്പവൻ

ഇവനായിരിയ്ക്കണം നിഷ്ക്കാമചരിതൻ,
പകയും പാഴ്ക്കിനാവും പാഴ് വിലയ്ക്കുമെടുക്കാത്ത
മൂകമാം വിയർപ്പിൻ മണികളെ മാറണയ്ക്കുന്ന
പകലന്തിയെന്നില്ലാതെ പടവെട്ടും ചിത്ജയൻ

തകർന്ന സ്വപ്നങ്ങളുടെ കരിയിലച്ചാർത്തിനെ
തനിച്ചു തീയിട്ടതിനുള്ളിൽ കരേറും തോൽവിയെ
തമ്മിലുരുമ്മുന്ന പ്രണയവായ്പിൻ കരങ്ങളാൽ
തരസാ6 തർഷണം7 തീർത്തയയ്ക്കുമത്രേ പാലകൻ

ബോധവാസരം8 കഴിഞ്ഞെഴുന്നള്ളിയേയ്ക്കാം ബോധി9
ബോധാബോധ ബുദ്ധി തെളിഞ്ഞേയ്ക്കാം ആൾക്കൂട്ടത്തിന്നും
അധോമുഖപ്രാണരായ് കുമ്പിടും ജനസഞ്ചയം
അധരം വിറച്ചിടും പാപവും മോഹവും തള്ളി

മനമേ; മടങ്ങുക, ഇതശുഭ പാതിരാത്രി
കനം വെച്ച കർമ്മകാണ്ഡങ്ങളുടെ കൂരിരുട്ടിൽ
ഇന്നീ നിനയ്ക്കും കിനാവുപോലും തിരിഞ്ഞു കൊത്താം
നന്നായ്ത്തിരയാമൊരാലിനായ്, ധ്യാനനിമഗ്നനായ്


സാന്ദർഭികമായി ഉപയോഗിച്ച ചില വാക്കുകളുടെ വിവക്ഷ

1 – കൊറ്റില്ലം – കിളികളുടെ പ്രജനന വാസ കേന്ദ്രം
2 -  തിര്യക്ക് –വിശേഷബുദ്ധിയില്ലാത്ത ജീവി (സാധാരണ മനുഷ്യരൊഴിച്ചുള്ള ജീവികൾ തിര്യക്കിൽ പെടുന്നു. ഇവിടെ,
     മേൽക്കാണിച്ച അർത്ഥത്തിലാണ് ഈ വാക്കുപയോഗിച്ചിട്ടുള്ളത്)
3 – ബോധിസത്ത്വൻ - ബുദ്ധസന്ന്യാസി
4 -  ഉന്നിദ്രം – ഉന്മേഷത്തോടെയുള്ള
5 – ചിന്തേരിടുക – ചീകി മിനുസം വരുത്തുക
6 – തരസാ – ശക്തിയോടെ
7 – തർഷണം – ദാഹം
8 – ബോധവാസരം – കാർത്തികമാസം (വൃശ്ചികം) വെളുത്തപക്ഷത്തിലെ ഏകാദശി
9 – ബോധി – ഗൗതമബുദ്ധൻ (ഇവിടെ പരിപൂർണ്ണജ്ഞാനം/ബോധോദയം സിദ്ധിച്ചവൻ എന്നു വിവക്ഷ)


അഭിപ്രായങ്ങളൊന്നുമില്ല: