ബ്ലോഗ് ആര്‍ക്കൈവ്

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

സമ്പാദ്യം

ഓട്ടമുക്കാലു കീശയിൽ, ഒത്തിരിക്കണക്കും
ആർക്കുമേവേണ്ടാത്തയധികമാം ശീലങ്ങളും
മുന്നിൽക്കാണും പുകയുന്ന വഴികൾ, വേലികൾ
കാഴ്ചമങ്ങും കണ്ണിലിരുട്ടിന്റെ സമാവർത്തനം

മുഖക്കരുത്തു മാത്രം ബാക്കി; ശോഷിച്ച പ്രാണൻ
മെയ് വഴക്കം വറ്റിയ കൈകാലുകൾ; ചിന്തകൾ
ജാതകക്കെട്ടിലെ പാപാപഹാരപ്പഴികൾ
മണ്ണുറച്ചു പോകുന്നു തേരിൻ ചക്രമോരോന്നും

വയസ്സു പെരുത്തു പെരുങ്കാലു വിറച്ചിട്ടും
പെറുക്കി വെച്ചീല പണത്തുട്ട്; പണത്തൂക്കം
സുകൃതം വിളമ്പിയുമാചരിച്ചും പോറ്റുവാൻ
വടിവൊത്ത കാലത്തിൽ മിടുക്കുകൾ പോരല്ലോ

ചാഞ്ഞുപോം ചില്ലകൾ; അറുക്കാനാകാതെ കായ്കൾ
സനാഥമാം സ്വത്വത്തിനേകാന്ത രൂപാന്തരം
അയയുന്ന ബന്ധങ്ങളുന്മാദ രന്ധ്രസ്രവം
പാഞ്ഞടുത്താഞ്ഞു കൊത്തും ശിഷ്ടനഷ്ടക്കണക്കുകൾ

ഇനിയെന്തു വേണമീ ജീവിതം മുഴുമിയ്ക്കാൻ?
ഒരുൾക്കാളലെന്തിന്നു ബാക്കി വെച്ചിരിയ്ക്കുന്നൂ?
കൈനീട്ടിയെത്രനാൾ പ്രമാണിയായ്ച്ചമയണം

ഇത്തിരി വെട്ടവും മായും; നിറയല്ലെ കണ്ണേ..

2017, മാർച്ച് 28, ചൊവ്വാഴ്ച

ഓർമ്മകളുടെ കായ്ഫലങ്ങൾ

മുഖത്തെ ചുളിവുകൾ പറയുന്നു, വയസ്സനായെന്ന്
നരവീണ് താടിവര മുറിയും ഓർമ്മകളുടെ മറവികൾ
എന്നിട്ടുമെൻ ബാല്യം പിച്ചവെയ്ക്കുന്നു മുറ്റത്ത്
കളിമണ്ണപ്പവും ഓലവാച്ചും പീപ്പിളിയുമായ്

വർഷങ്ങൾ രസമുകുളങ്ങളായ്, ദിനങ്ങൾ കപ്പലോടി-
ത്തകർക്കുന്നു വായ്തോരാതെ ഉമിനീർപ്പുഴകളിൽ
ഒപ്പം, വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മുളച്ച നമ്പായ്
പതിരു പാറ്റിത്തളിർക്കുന്നുവോ അൻപുവാർച്ചകൾ

നോവിന്റെ പാട കെട്ടാതെ കാച്ചിക്കുറുക്കിയ
ആവി വറ്റാത്ത സ്നേഹ വിളമ്പലുകൾ മഥിയ്ക്കുന്നു
കാലം തെറ്റാത്ത വർഷാന്ത്യപ്പതിപ്പുകളായ് തർപ്പണങ്ങൾ
കായ്ഫലം കണക്കെ ബലിച്ചോരിന്നുരുളകൾ

പൂത്താങ്കീരിക്കലമ്പലായ് പിണങ്ങിയുമിണങ്ങിപ്പഠിച്ച്
ചാരുകസേരവടിയെടുത്തിരുത്തിയ കുസൃതിയായ്
വീതനപ്പുറത്തെ ആക്രാന്തം മൂത്ത കാരോലപ്പങ്ങളായ്
വത്സരം കോണി ചവുട്ടിയ ഗൃഹാതുരസ്മരണകൾ

കാറ്റും കാറ്റിന്റെ ചിറകിലെ പൊടിയൂറും സ്വേദവും
ആത്മരോദനങ്ങളുടെ ചെന്തീക്കടലുകൾക്കപ്പുറം
കനിവിന്റെ കന്നിമഴയ്ക്കൊപ്പം പെയ്തിറങ്ങിക്കണ്ട്
മനം കുളിർത്തു തളിർത്ത കൊച്ചു നാമ്പുകളീറനണിയുന്നു

വീണ്ടുമെത്തുന്നു കാലം കടന്നെത്തും വർഷപാതം
ആണ്ടറുതിഘോഷങ്ങൾ, വിണ്ടുണങ്ങാത്ത വീടും
ആഞ്ഞടിച്ച കാറ്റിൽ വീണു ചിന്നിയ കനിക്കൂട്ടം,
പിഞ്ഞിപ്പറക്കുന്ന തിരശ്ശീലക്കഷ്ണങ്ങളുടെ ആന്തലും

ഇനിയുമുണ്ടൊരുപാടു പെറുക്കുവാൻ കായും, പഴങ്ങളും
ആരും കൂട്ടു വരികയില്ലെന്നാലും പെറുക്കണം, അടുക്കണം
കണ്ണിൽപ്പെടാതെ ചാർ കുടിച്ചതിൻ വിത്ത് മുളപ്പിച്ചെടുക്കണം

ഇനിയീ വയസ്സൊന്നു കൂടുവാൻ ജാതകശിഷ്ടമില്ലെങ്കിലോ?

2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വർണ്ണാന്ധ വേപഥു

വർണ്ണഭേദങ്ങൾക്കെല്ലാം ഒരേ നിറം
വർണ്ണവെറി, വിവേചനം, തീണ്ടൽ കലർന്ന്
ഒരേ തരം പ്രിസം കടന്നെത്തും വർണ്ണമേളനം
ഏക ശിലാമുഖ ഭാവം, വർണ്ണാന്ധ നിസ്സംഗത

എന്നും ഒരേ നിറം ചവച്ചിറക്കിയിറക്കി
എന്നും ഉള്ളിലൊരു കടലളവോളം ലവണം നിറച്ച്
എന്നും പുറം ലോകമറിയാത്ത ദഹനക്കേടു സഹിച്ച്
എന്നുമൊരു സപര്യയായ്ത്തുടരുന്ന വർണ്ണാന്ധത

മാറു പിളരുവോളം മനം മുറുക്കുന്നു
തുടയിലടിച്ചു തൻ കരുത്തു കാട്ടുന്നു
കുച നാസികാ ഛേദം ചെയ്തും വർണ്ണരക്ഷണം ചെയ്ത്
സ്വപ്നാടനം പോലും ചൊല്പടിയിൽ നിർത്തുന്നു

ചിലപ്പോൾ നടിച്ചും, പലപ്പൊഴും ചൊടിച്ചും
വർണ്ണാന്ധത മറച്ച്, മറ്റു വർണ്ണങ്ങളോരോന്നായ്
ശിരോബാഹുക്കൾ, പാദങ്ങളറുത്ത് കബന്ധങ്ങളായ്
വിശപ്പും ദാഹവും സഹിയ്ക്കാതെ ഗതികെട്ടുഴലുന്നു

പ്രണയാർദ്രസ്വപ്നങ്ങളെ ശീതീകരിച്ച്
നറുനിലാബന്ധങ്ങളിൽ നിഴൽ വീഴ്ത്തി
പാദസേവയ്ക്കൊത്ത രാജഭക്തിയോടെ
ഒന്നായ മനസ്സുകളെ വിഗതഭ്രമത്തിലാഴ്ത്തുന്നു

ചേലമറയ്ക്കാത്ത മാറിടങ്ങളെ ചൂഴ്ന്നു നോക്കി
സ്വലിംഗങ്ങളായിണചേരും വർഗ്ഗഭോഗമുണർത്തി
ഉദ്യാനപാലകരുടെ സ്വാർത്ഥമാം നിസ്സംഗതയോടെ
എന്നും ഒരേ വർണ്ണസങ്കലനത്തിന്റെ സമവാക്യങ്ങൾ ചമയ്ക്കുന്നു

എന്നും അനുവർത്തിയ്ക്കാൻ ശീലങ്ങളെക്കാണിച്ച്
നിറഭേദങ്ങൾ കാണരുതെന്നനുവർത്തിച്ച്
ചോദ്യകർത്താവു തന്നെ ഉത്തരദായകനായി
വർണ്ണാന്ധത മറയ്ക്കുന്നു അധികാരക്കെടുതി പേടിച്ച്

കൂട്ടത്തിൽ നിന്നൊരുത്തൻ വർണ്ണാന്ധത ഭേദിയ്ക്കും
ആട്ടം തുടങ്ങും വർണ്ണഭേദങ്ങൾ രുചിച്ചും പറഞ്ഞും
ആദ്യമവനെയെതിർക്കും, പിന്നെ ശോഷിയ്ക്കും, ചത്തുണങ്ങും
ഒരു തരിലേശമില്ലാതെ നിശ്ശൂന്യതയിൽ വിലയിയ്ക്കും

ഇതെല്ലാമറിഞ്ഞിട്ടും, പാടിപ്പഴകിയ ചരിത്രങ്ങളതായിട്ടും
സ്വയം ഊതിവീർത്ത്, ശ്വാസം വിടാതെ, ധാർഷ്ട്യമോടെ
തുടർന്നിടും വർണ്ണാന്ധത, കണ്ടിട്ടും കാണാതിരിയ്ക്കലും
മുഴുഭ്രാന്തെന്നവണ്ണം വർണ്ണാന്ധത പരത്തി പിൻ വാങ്ങലും

സൂതന്മാരെമ്പാടുമുണ്ടായിട്ടും കേൾക്കാനാളില്ലാതെ
സന്തതിപരമ്പരകളിൽ വംശം പെരുക്കിപ്പെരുക്കി
ബുദ്ധിവെളിവിന്റെ ഉല്ക്കാപതനത്തിൽ കുറ്റിയറ്റ്

ഒടുങ്ങട്ടെ വെറുപ്പിൻ ദൃഷ്ടികൾ, മുടിയട്ടെ വർണ്ണാന്ധത

2017, ജനുവരി 25, ബുധനാഴ്‌ച

നാട്ടിലും വീട്ടിലും

നാട്ടിലെനിയ്ക്ക് വിശുദ്ധനായേ പറ്റൂ
നാട്ടിലെ വിശുദ്ധി വീട്ടിൽക്കിട്ടാൻ പാട്

നാടെനിയ്ക്കൊരു പാഠശാലയാകുന്നു
വീട്ടുപേരിൻ പ്രയോക്താവാകാൻ പറയുന്നു
വീട്ടുമുറിയ്ക്കുള്ളിലെ നാട്യസാധകം മുഴുമിച്ച്
അപ്രിയഭാവങ്ങളൊരു കൂട്ടിലടച്ചു വെച്ച്
വീട്ടിൽച്ചാർത്തിക്കിട്ടാത്ത വിശുദ്ധി മോഹിച്ച്
നാട്ടിലാകമാനം ചുറ്റിക്കറങ്ങുന്നു

പൊയ്പ്പോയ വത്സരങ്ങളെ വായിച്ച് നെടുവീർപ്പിടാതെ
തിരുത്തിയും വെട്ടിയും പിന്നെയും തിരുത്തിയും
വന്ധ്യംകരിയ്ക്കപ്പെട്ട വ്രണിത മാനങ്ങളും
ചൂടുപിടിയ്ക്കുന്ന ചകിത രോഷങ്ങളും മറികടന്ന്
വാസരസന്ധ്യകളുടെ സിന്ദൂരച്ചാർത്ത് കണ്ടാനന്ദിച്ച്
വിശുദ്ധിയുടെ വിഭൂതിയ്ക്കായി വറളികൾ തീർക്കട്ടെ

ചുറ്റിലും ഗോളങ്ങളുണ്ടാകാം, ഉപഗോളങ്ങളും
ധൂമകേതുവിൻ വാൽ തിരയും കൗമാരതൃഷ്ണകളും
കിഴക്കുകായ്ച്ചു നില്ക്കും നെല്ലിമരത്തിന്നിലച്ചാർത്തുകളൂളിയിട്ട്
കുറിയതെന്നു തോന്നിയ്ക്കും നക്ഷത്രക്കണ്ണിറുക്കലും
തൊട്ടതെല്ലാം പഴിയാകുന്ന പ്രാരബ്ധക്കലികളും
ഇതിനെല്ലാമിടയ്ക്കായി വിശുദ്ധി തേടും ബിംബന്യാസങ്ങളും

എന്തു വന്നാലും എനിയ്ക്ക് വിശുദ്ധനായേ പറ്റൂ
ഇനിയുള്ള കാലമെങ്കിലും വിശുദ്ധി തെളിയണം
പനിപ്പൊള്ളലും മൂർച്ഛയും പോലും ദൈവം കേറലാകണം
കഴിഞ്ഞ കാലത്തിന്റെ പേരുദോഷം മറയണം
ജീവത്സരണികൾ ചൂടായ് സൗരഭ്യം വിളമ്പണം
മൃതിനാളങ്ങൾക്കൊപ്പം വിശുദ്ധിയുടെ ആവിഗന്ധം പരക്കണം


2017, ജനുവരി 18, ബുധനാഴ്‌ച

അക്ഷരക്കെടുതി

പക്ഷസാഹിത്യത്തിന്റെ രണാങ്കണങ്ങളിൽ
പക്ഷമറ്റ ജടായു പോൽ വീണ വാക്കുകൾ
അക്ഷപടലങ്ങൾ മൂടാതെ കിടക്കുന്നു
അക്ഷമയോടെ ശാപമോക്ഷങ്ങളും കാത്ത്

എന്തെന്തു വെട്ടുകൾ, കുത്തുകൾ, പുലഭ്യങ്ങൾ
അസ്ത്രശസ്ത്രങ്ങൾ, ഒടുങ്ങാത്ത ബഹളങ്ങൾ
വസ്ത്രാക്ഷേപവിവശയായി വേണിയറ്റ്
ചാന്തു പരന്ന് കിടക്കുന്നു വാണീദേഹം

നിറം കൊടുത്തുല്ലസിച്ചൊരു കൂട്ടരങ്ങായ്;
ചറം വാർത്ത് കോപ്പ മോന്തുന്നു മറ്റേത്തല
മുറം വീശിപ്പതിരു പാറ്റുന്നൂ ഭീതിയോ-
ടറം പറ്റും സ്വയംകൃതാനർത്ഥ വിയർപ്പിൽ

സ്വയം പുകഴ്ത്തുന്നിതു കൂട്ടങ്ങളൊന്നിച്ച്
ഇകഴ്ത്തിയുമാട്ടിയും നാറും ഫലിതമോടെ
പടി കടത്തുന്നു പിണ്ഡവും വെയ്ക്കുന്നു
പുതുനാമ്പുമായെത്തും പുത്തൻ കൂറ്റുകളെ

എട്ടണ വീതിച്ചെടുക്കേണമെല്ലാർക്കും
ഒട്ടു മുക്കാലും നിരക്ഷരപ്രഭൃതികൾ
കുക്ഷി നിറയുകിൽ കാഷ്ഠിച്ച് ഇരപ്പാക്കും
മറ്റുള്ളോരാരും അവിടെയിരിയ്ക്കരുത്

നീറും മിടിപ്പിതിൽ മനം മടുക്കുന്നുവോ
അക്ഷരപ്പിശകായി ഭീതിദമൗനങ്ങൾ
അക്ഷരമാലകൾ കൊഴിയും അനർത്ഥങ്ങൾ
വീക്ഷണമറ്റു ഗളച്ഛേദത്തിൽ ബുദ്ധിയും

വാക്കിന്റെ ദേവിയ്ക്കും വാണി നിലച്ചു പോയെ-
വിടെയും വാഴുന്നു ദത്തായ മഹത്ത്വങ്ങൾ
വേദികൾ, വായനാമൂലകൾ, എന്തധികം;
പ്രശസ്തി മടക്കൽ, ദത്തിന്റെ വിഹാരങ്ങൾ

അടിയന്തിരമായി ആസ്പത്രി കേറ്റുക
ശസ്ത്രക്രിയാ സംഹിത സഹിതമായ് കീറി-
മുറിച്ചോരോ അംഗവും മാറ്റിപ്പണിയുക
വാണീദേവിയ്ക്ക് ചികിത്സയൊന്നാട്ടെ

2017, ജനുവരി 5, വ്യാഴാഴ്‌ച

അച്ഛനെന്ന വിളിപ്പേർ

മൺമറഞ്ഞശരീരികളായിപ്പോയ
അച്ഛന്മാർ സഭ ചേർന്നു; സമ്മേളിച്ചു
പരസ്പരം പരിചയം പുതുക്കി; പരിചയപ്പെട്ടു

വേവലാതികൾ; പായാരം പറച്ചിൽ
നർമ്മചിന്തകൾ; അങ്ങനെ നേരം പോയി
പെട്ടെന്ന് എല്ലാരും ഒരു നിമിഷം ഞെട്ടി

തങ്ങളുടെ നിലപാടുതറകളൊന്നായ് തോണ്ടപ്പെടുന്നതും
ആണ്ടറുതികളിൽ ആഘോഷങ്ങൾ കൊടിയേറിയിങ്ങുന്നതും
തങ്ങളെതിരിട്ട വൈരുദ്ധ്യങ്ങളൊന്നായ് വലിയ വായിൽ നില്ക്കുന്നതും കണ്ടു

മുമ്പന്നെത്തേക്കാൾ ഊറ്റമുള്ള ദംഷ്ട്രകൾ
മുന്നെക്കണ്ടതിനേക്കാൾ തിളങ്ങും വർണ്ണതോരണങ്ങൾ
മുച്ചാൺ വയർ വിജൃംഭിയ്ക്കും കുമ്പക്കുടങ്ങൾ

തങ്ങൾ അരൂപികളായിട്ടു കൂടി പാർക്കാനിടമില്ല;
പുറത്തു വരാത്ത ശബ്ദങ്ങൾക്ക് ഉച്ചഭാഷിണി
അദൃശ്യരായിട്ടു കൂടി തൊഴുത്തിൽക്കെട്ടുവാനാവേശം

വാവിട്ടു നിലവിളിയ്ക്കാനാകുന്നില്ല
ഒരിറ്റു ദാഹജലം ഇറക്കാനാവതില്ല
അരുതെന്നു പറയാൻ കൈപൊക്കാനാവതില്ല

എങ്കിൽ, കുറച്ച് മണലിലെഴുതാനാഞ്ഞ്
സഭ നിർത്തി മോതിരവിരൽ ഊന്നിയപ്പോൾ കേട്ടു;
“അച്ഛനെന്ന വിളിപ്പേർ പോരെ? ഒന്നു പോയാട്ടെ”

ആകാശഗംഗകൾക്കിടയിൽ, പരലോകത്ത്
ആഴിപ്പരപ്പുകളിലെ അലമാലകളിൽ മറയുമ്പോൾ
അശരീരികൾ പറഞ്ഞു; “മക്കളേ, വെറുതെ വിട്ടേയ്ക്കുമോ ഞങ്ങളെ?”


2017, ജനുവരി 2, തിങ്കളാഴ്‌ച

പുതുവർഷത്തിലേയ്ക്ക്

വരൂ, നമുക്ക് മരണങ്ങളാഘോഷിയ്ക്കാം
ശവങ്ങളുടെ പടവടുക്കുകൾ കയറാം
ശ്രവണനയനബാഹുല്യ വേദനകളനുഭവിയ്ക്കാം
ശവപ്പറമ്പുകളിൽ മെഴുകു കൊടി നാട്ടാം

എന്തെന്നാൽ, ജീവിതം മെഴുകാകണം
ഉരുകിയൊലിച്ച് തിരിമാത്രം കത്തിയമരണം
മരണമെന്ന നിതാന്തസത്യത്തിലേയ്ക്കടുത്ത്
അക്കങ്ങളുടെ കലണ്ടറിൽ ചുവപ്പ് വീഴ്ത്തണം

നമ്മൾ, കാലാവധി തീരുന്ന ജീവിയ്ക്കുന്ന കലണ്ടറുകൾ
കഴിഞ്ഞുപോയ ദിനാന്ത്യസ്മരണകളുടെ ഓർമ്മപ്പെടുത്തലുകൾ
വെറുമൊരു കടലാസിന്റെ ആലേഖനങ്ങളായ്
ജനിമൃതികൾക്കൊപ്പം നീങ്ങുന്ന കാലത്തിന്റെ കഴുമരങ്ങൾ

ഓരോ കഴുമരവും കാത്തിരിയ്ക്കുന്നു
ഭൂതകാലത്തിനായ് കൊലക്കയറുകൾ പിരിച്ച്
ഓരോ കൊലക്കയറും കാത്തു നില്ക്കുന്നു
പിടയുന്ന പ്രാണന്റെ മരണശ്വാസങ്ങൾക്കായി

ശ്വാസവേഗങ്ങൾക്കപ്പുറം പായുന്ന കാലം
കാലം വറ്റിച്ച കനിവുറവകളുടെ നീർപ്പാടുകൾ
വരണ്ട നീർച്ചാലുകളുടെ ഊഷരപ്രണയരോദനങ്ങൾ
ഇവയ്ക്കെല്ലാമിടയിലായ് ……
ബഹുവാക്കല്ലാതെ മരണം.
പുതുവർഷം..
മരണങ്ങളിൽ നിന്നും..മരണങ്ങളിൽ നിന്നും……

പുതുവർഷം.