ബ്ലോഗ് ആര്‍ക്കൈവ്

2016, ഏപ്രിൽ 1, വെള്ളിയാഴ്‌ച

ഒരു തിരുത്തൽ വാദം

തെറ്റുകൾ പറയാൻ, തിരുത്താനുമായി-
ട്ടെന്തിനിത്ര തെറ്റുകൾ ചെയ്യുന്നിതയ്യോ?
തെറ്റെന്നു തെറ്റിപ്പിരിഞ്ഞുകൊണ്ടല്ലോ
തീറ്റിയടുക്കുന്നു തെറ്റുകൾ കൂട്ടമായ്

ചാട്ടുളി പോലെ ഉന്നം പിഴയ്ക്കാതെ
കാട്ടാളവേഷമെടുത്തു പോർ വിളിയ്ക്കുന്നു
പെട്ടുപോയെങ്കിലും ചെയ്യാതെ വയ്യ
മുട്ടുകാൽ തല്ലിയൊടിയ്ക്കുന്നു തെറ്റുകൾ

വെട്ടിയും കുത്തിയും തീർക്കുന്ന തെറ്റുകൾ
ശരിയായ്ച്ചമയുന്നു വേട്ടക്കാരിൽ
തങ്ങളിൽത്തങ്ങളിൽ പെരുകുന്ന തെറ്റുകൾ
അങ്ങനെത്തന്നെ തിരുഞ്ഞു താൻ കൊത്തുന്നു

പക്ഷെ, ഇനിയുള്ള കാലത്ത് തെറ്റെന്നത്
ഇങ്ങനെയൊക്കെ തിരുത്തിയേയ്ക്കാം

വിശക്കുന്നത് തെറ്റ്
ദാഹിയ്ക്കുന്നത് തെറ്റ്
കരുണയിറ്റിയ്ക്കുന്നത് തെറ്റ്
കാണുന്നത് തെറ്റ്
കേൾക്കുന്നത് തെറ്റ്
കൈ കൂപ്പുന്നത് തെറ്റ്
നിവർന്നു നില്ക്കുന്നത് തെറ്റ്
ചോദ്യമുയർത്തുന്നത് തെറ്റ്
തിരുത്തുവാനോങ്ങുന്നത് തെറ്റ്

ഇങ്ങനെ ജീവിയ്ക്കുന്നതു തന്നെ തെറ്റ്

2016, മാർച്ച് 15, ചൊവ്വാഴ്ച

പുറപ്പാട്

വേലായുധേട്ടൻ പുറപ്പെട്ടു വേലയ്ക്ക്
വടിവൊത്ത മുണ്ടുമായ്, വരയൻ  ഷർട്ടുമായ്
മുഖം മിനുക്കാനെടുത്തു ചോർക്കണ്ണാടി
അല്പം മിനുങ്ങാനെടുത്തൊരു “കുപ്പിയും”

ചില്ലു കൊണ്ടുള്ളൊരു ഗ്ലാസ്സെടുത്തങ്ങനെ
സ്വല്പമളന്നൊഴിയ്ക്കുന്നതാ ദ്രാവകം
ദ്രവ്യമായ്  കോഴി വറുത്തതുമുണ്ട്
പയ്യെ കടിച്ചിറക്കുന്നിതു സന്തോഷം

ഒന്നു രണ്ടാവർത്തി നിർത്താതെ മോന്തി
ഒഴിയുന്ന ഗ്ലാസ്സിൽ പിന്നേമൊഴിച്ചു
ഇടയിൽ തലയൊന്നു കാട്ടുന്നു ധർമ്മദാരം
“ഇന്നു തന്നല്ലേ പൂരം നിങ്ങൾക്ക്?”

കയ്യിലയഞ്ഞ വാച്ചു മുറുക്കി വേലായുധേട്ടൻ
സമയമൊന്നാഞ്ഞു ചികഞ്ഞെടുത്തു പിന്നെ-
യോർത്തൊന്നുറക്കെ, സ്ക്കൂൾ പറമ്പിലെ വേലയ്ക്കിനിയും
ഒരു മണിക്കൂറോളമുണ്ടല്ലോ പുറപ്പെടാൻ

ഒട്ടുമൊഴിഞ്ഞിട്ടുമില്ലയീ കുപ്പി
തൊട്ടു നക്കാനുള്ളതു തീർന്നൂ ചെടുക്കനെ
എന്നാലുമൊന്നുരണ്ടാവർത്തി സേവിച്ചിടാം
എന്നതാലോചിച്ചു കവിൾമോന്തി പിന്നെയും

ഒറ്റയിരുപ്പിനു കുപ്പിയും തീർത്തു
തെറ്റെന്നെഴുന്നേറ്റു നടന്നൂ വേലായുധേട്ടൻ
അകത്തുള്ള ചൂടും പുറത്തുള്ള ഉഷ്ണവും
തകതിമി കൊട്ടി കയറുന്നു കാലങ്ങൾ

വേല പുറപ്പെട്ടു, വേലായുധേട്ടനും, കൂടെ-
മൂന്നാനയും, പഞ്ചാരിയും വേറെ
വേഷങ്ങൾ വേറെ, കരിവേലയും വേറെ,
പൂതനും തിറകളും ചപ്പിലപ്പൂതവും

കൊഴുക്കുന്നു മേളം, ഒപ്പം ചുവടും
വഴുക്കുന്ന നാവിൽ പൂരത്തിമർപ്പും
ഒടുക്കത്തെ അരക്കെട്ടിളക്കവും പിന്നെ-
മുഷ്ടിയുയർന്നുള്ള കൈയ്യും കലാശവും

വേല നീങ്ങുന്നു, വേലായുധേട്ടൻ വേയ്ക്കുന്നു
കാലു കഴയ്ക്കുന്നു, ദാഹം, പരവേശം
ആൽമരച്ചോട്ടിൽ ചുരുണ്ടു പതിയെ
കലാശവും കൊട്ടിക്കൊരവള്ളി “വാൾ*” വെച്ചു

ഗുമുഗുമെന്നായി പുറത്തേയ്ക്കു കോഴി-
ക്കാലും കഷണവും തിരോടത്തെ നേദ്യവും
പൂരം തീണ്ടാതെ തെണ്ടി നടന്നൊരു
ശുനകനതാ വന്നു ചിറി നക്കുന്നതയ്യേ! അയ്യയ്യേ!!!


·         വാൾ - ഛർദ്ദി എന്നർത്ഥമാക്കുന്ന നാടൻ പ്രയോഗം


2016, മാർച്ച് 8, ചൊവ്വാഴ്ച

അഗ്നിവേശം

മാന്തളിരുണ്ണുവാനില്ലാതെ പൂങ്കുയിൽ
മാനസം നൊന്തു തൻ പാട്ടു നിർത്തി
തീയുണ്ടുരുകി ചുവന്നോരു കുന്നുകൾ
പച്ച കറുത്തു കരിനിറമായ്
നെഞ്ഞു പൊട്ടിച്ചു തെറിച്ച കൽച്ചീളുകൾ
ആലംബമില്ലാതെ കൂർത്തു വീണു

ഉള്ളിലെയഗ്നിയുണർന്നു തീക്കാളിയി-
ന്നോരോ വ്യഥകളിൽ തീക്കാറ്റു തുപ്പി
ഓരോ പടലിലും ഓരോ ജടയിലും
അഗ്നിനാളങ്ങൾ നൃത്തമാടി
പടരുന്നു പായുന്നു ചെന്തീക്കനലുകൾ
പാരവശ്യത്തിൻ പരബ്രഹ്മമായ്

പാലിറ്റു കട്ടിയായ് കൊഴുത്തുള്ള വെട്ടുകൾ
പണക്കിഴികളിൽ തുളകൾ വീഴ്ത്തി
വിയർപ്പിറ്റു പ്രാണൻ മെലിഞ്ഞിട്ടുമിന്നും
പാടായപാടമണിഞ്ഞ മേൽപ്പച്ചകൾ
പെട്ടിത്തുലാസിനു പോലുമേ വേണ്ടാതെ
ചീഞ്ഞളിയുന്നു, പൊത്തുന്നു മൂക്കുകൾ

അടുപ്പിലെത്തീ കെട്ടു പോകുമെന്നായിട്ടും
അടുക്കിപ്പെറുക്കുന്നു, വിതയ്ക്കുന്നു വിത്തുകൾ
തോടിന്റെ കണ്ണീർ തടയണ  കെട്ടി
പോടുകൾ കുത്തി കുടിയ്ക്കുന്ന നാട്
ഉദ്വേഗമെന്യേ ചിക്കുന്നു കൊത്തുന്നു
തലവെട്ടിത്തിരിയ്ക്കാതെ മയൂരമന്ദസ്മിതം
മണ്ണിന്റെ മാറിടം വിള്ളുന്നു, കീറുന്നു കട്ടകൾ
ഉച്ചിയിലെത്തിയ മാർത്താണ്ഡവഹ്നിയിൽ
അടരടരായി വേവുന്നു വീഴുന്നു
കടക്കണ്ണു ചോക്കും കാടിൻ പടലുകൾ

വിഷക്കാറ്റു വീശി കെട്ട പൂവാടികൾ
തേൻകണം പോലും കയ്ക്കുന്നു കിളികൾക്ക്
ചിറകൊടിഞ്ഞു ചതഞ്ഞ പൂമ്പാറ്റകൾ
നഞ്ഞു ശ്വസിച്ചു ചാവുന്ന തുമ്പികൾ
ഞാറ്റുവേലക്കണക്കറ്റു തരിശായ
മരതകപ്പച്ച മറന്ന നെൽപ്പാടങ്ങൾ

താണ്ഡവം, താണ്ഡവം, തുടരുന്നു താണ്ഡവം
ഉയരുന്നു തീമണം, പച്ചവേവിൻ മണം
തീകാളുമുച്ചിയും ചിറകുമായ് തീപ്പക്ഷി
നെഞ്ചകം കത്തിപ്പൊരിയ്ക്കുന്നു നിർദ്ദയം


2016, ഫെബ്രുവരി 24, ബുധനാഴ്‌ച

എട്ടുകാലികൾ പ്രണയിയ്ക്കുന്ന കാലത്ത്

ഇവിടെ, ഈ ലോകമുറ്റങ്ങളിൽ
ഒരായിരം, സഹസ്രയുതം എട്ടുകാലി മുഖങ്ങൾ, ജന്മങ്ങൾ
പ്രണയചേഷ്ടകൾ പ്രയോഗിയ്ക്കുന്നു ബലാത്ക്കാരം
കൊല്ലുന്നു, തിന്നുന്നതേയില്ല
ഇരയാകുന്നു ഇണ

എന്നാൽ,
എട്ടുകാലികൾ ശരിയ്ക്കും പ്രണയിയ്ക്കുന്നതെങ്ങനെയെന്നോ?
അവരിലുമുണ്ട് ലിംഗഭേദം
ആൺ എട്ടുകാലി, പെൺ എട്ടുകാലി
നപുംസകങ്ങളില്ലെന്നറിവ്

ഇണകളാകുന്നതിൻ മുമ്പ്
ഇണയഴകോടെ വടിവൊത്ത വലകൾ  നെയ്യും
ഇരകളോരോന്ന് നടന്നടുക്കും, പാറിവീഴും
ഇരപിടിയരവർ വിഷം കുത്തി നീരു മോന്തും

വളർച്ച മുറ്റുമ്പോൾ കൺകറുപ്പു കൂടും, തിളങ്ങും
ഇടറാത്ത കണ്ണുകൾക്കു ചുറ്റും കൺമഷി പുരട്ടും
എട്ടുകാലും നീർത്തി നെടുകെ കോട്ടുവായിടും
എട്ടുകാലും ചവുട്ടി ഇണനൃത്തമാടും

പതിയെ, പതിയെ, പതുക്കെ, പതുക്കെ
ഒരു ആൺ എട്ടുകാലി, ഒരു പെൺ എട്ടുകാലി
ഇടം വലം ഒളികണ്ണിട്ട്, പരസ്പരം ഏറുകണ്ണിട്ട്
ഇനി ഞാൻ നിന്റെ; ഇനി നീ എന്റെ എന്നോതും

എന്തിനേറെപ്പറയുന്നു മാളോരെ
എട്ടുകാലികൾ ഗാഢാലിംഗനത്തിൽ മുഴുകും
എട്ടുകാലികൾ പൂർവ്വകേളികളോരോന്നാടും
എട്ടുകാലികൾ ഒടുവിലൊരാത്മഹർഷത്തിലാറാടും

ഇനിയെന്ത്? ഒന്നൂഹിച്ചു നോക്കാമോ
പെൺ എട്ടുകാലിയ്ക്കിനി ഈ ആൺതുണ മടുത്തു
അതല്ലെങ്കിൽ, പ്രണയാധിക്യം മൂർത്തി കേറി മൂത്ത്
ചാടി വീഴുന്നു, കൊല്ലുന്നു, തിന്നുന്നു ആണിനെ

ഇതൊക്കെയാണെങ്കിലും,

എട്ടുകാലികൾ അന്നും ഇന്നും ഒരുപോലെ പ്രണയിക്കുന്നു

ശിഷ്ടപ്രണയം

പോയവർഷങ്ങളെ കൊടുങ്കാറ്റുഴറ്റി
നഷ്ടശിഷ്ടങ്ങളായ് കശക്കിടുമ്പോൾ
പ്രണയവും പാപവും പൊങ്ങിയും താണും
നിലംതൊടാച്ചുഴി ചുറ്റിച്ചുറ്റി
വിളറിവെളുത്തൊരു മുഖവും കാട്ടി
ആളറിയാതെയലയുന്നിന്നും

പ്രണയത്തിൻ പൊൻതൂവൽ കൊഴിഞ്ഞെ-
ത്രയോ നാളുകൾ ചുളിഞ്ഞു പോയി
കളി പറയുവാൻ പോലുമാകാതെ സ്വയം
കളിമണ്ണപ്പം പോലും കെട്ടുപോയ്

ആദ്യം മെനഞ്ഞ പ്രണയകഥയതിൽ
ക്രൗഞ്ചമിഥുനത്തിൻ പ്രാണനറ്റു
പിന്നെയും പിന്നെയും പ്രണയങ്ങളോരോ
മുൻകഥയേറ്റു പിടഞ്ഞുപോയി
ആദ്യനോട്ടങ്ങളാൽ മൊട്ടിട്ട പ്രണയം
മുകുളപ്രായത്തിൽ വീഴ്ന്നു വാടി
ഉടൽ പിണഞ്ഞെത്തിയ ചൂരായ് ചൂടോടെ
മതിവരുവോളം നുകർന്നു വറ്റി
അൻപോടുൾക്കാമ്പിൽ ചുകപ്പിച്ചു മാഞ്ഞുപോയ്
കാരസ്ക്കരമായ് പാരസ്പര്യവും
ഒരു നീറ്റലെന്നെ പുളയിച്ചു ദീർഘം
കാലാന്തരങ്ങളിൽ കയ്പു തേച്ചു

മിന്നുകെട്ടി തിലക സിന്ദൂരമിട്ട്
വന്നുവെൻ പകുതി, നല്ല പാതി
അന്നുതൊട്ടിന്നുവരേയ്ക്കുമനുസ്യൂതം
ഒന്നുമല്ലാതെ പ്രണയിയ്ക്കുന്നു

ഉള്ളുകൊണ്ടുള്ളിൽ പ്രണയിച്ചു പിന്നെയും
പൊള്ളും പരാധീനമുണ്ടെങ്കിലും
കള്ളം പറയാതെ കലഹിയ്ക്കയാതെ
തള്ളാം പ്രണയനഷ്ടങ്ങളൊന്നായ്

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

നൈമിശാരണ്യം


നൈമിശാരണ്യം – പുരാണങ്ങൾ പ്രകാരം ഗൗതമീ നദീ തീരത്തുള്ള ഒരു വനം.  ഇവിടെ വെച്ചാണത്രേ സൂതൻ ഋഷിമാർക്ക് മഹാഭാരത കഥ ഉപദേശിച്ചത്. ഈ ഇതിവൃത്തം ഇന്നിന്റെ ലോകത്തിലൂടെ നിരീക്ഷിയ്ക്കുവാൻ ഒരു ശ്രമം നടത്തുന്നു

ധരയാം ധരിത്രിയെ വാരിപ്പുണരുവാൻ
ദുര മൂത്ത മർത്ത്യൻ ചാടിയെന്നോ?
അമ്മയെന്നോർക്കാതെ ഉമ്മവെച്ചെന്നും പിന്നെ
തൃഷ്ണയൊടുങ്ങാതെ പ്രാപിച്ചെന്നും
നരവീണ് നുര പൊന്തി വിരവൊടാർത്ത്
മാരന്റെ മാറായ്ച്ചമഞ്ഞുവെന്നും
കരയെ കടലിനെ കാടായ കാടിനെ
അരക്ഷണം കൊണ്ടളന്നുവെന്നും
സൂതവാക്യങ്ങൾ ഇതിഹാസ കഥനമായ്
മൂകാചലങ്ങളിൽ കേട്ടുവെന്നും
വല്ക്കലം വേട്ടൊരു ജീവിത ഗാഥ കേട്ട്
ഉല്ക്കടം കാതിൽ ചിലമ്പിച്ചെന്നും

ഇതൊരു ബൃഹദ് കഥ തന്റെ വൻകടൽ
ഇഹമഹം പൊരുളിന്റെ ഗാനം
അലകൾ, ഓളങ്ങൾ, വേലിയേറ്റിറക്കങ്ങൾ
തിരമാല തല്ലും കരത്തേങ്ങൽ
ജീവൻ, ജഡങ്ങൾ, താഡനം, പ്രതിവാഞ്ചകർ
ജരാനരാശ്ലേഷ കർമ്മങ്ങളായ്
കഥകളിലുപകഥകളിൽ സ്പർശിയായ്
താതജന്മങ്ങളുടെ നൊമ്പരം
പുത്രകാമേഷ്ടിയിൽ പിറക്കും തനയർ  തൻ
ഗാത്രകളത്ര ലാളനാധിക്യം

യവനികയ്ക്കുള്ളിലെ കഥാപാത്രഭേദങ്ങൾ
ചാവായി നോവായി തല്ലി തമ്മിൽ
നരമേധഗ്ലാനികൾ ഉപദംശമായി
കരകന്മഴുമൂർച്ചയിൽ ചോന്നു
ദീർഘമാം ദർശനാംബുരേണു തുടുപ്പിച്ച
മേഘമായയാം ദ്വന്ദമെയ്യിനെ
ശോകമൂകമാം അശോകവനിയിൽ ചാർത്തി
നാകസമാനമാം ശത്രുചിന്ത
ഉരൽ കെട്ടിയേറ്റിത്തളർന്നു കിടക്കുന്നു
ഉരകല്ലുരയ്ക്കും ചാരിത്ര്യങ്ങൾ

ഭൂവെപ്പിളർക്കുമാറശ്വമേധം കൊണ്ടഹോ
പതിതയാം പത്നി മുങ്ങിടുന്നു
പുത്രരെച്ചൊല്ലിപ്പഠിപ്പിച്ച തോറ്റങ്ങൾ
എത്രനാളീ വിണ്ണിൽത്തങ്ങിനില്ക്കും?
കഥകളതി കേട്ടീ നൈമിശാരണ്യവും
പുൽക്കൊടിത്തുമ്പിൽ പാഴ്വീർപ്പിടുന്നു

2016, ജനുവരി 20, ബുധനാഴ്‌ച

ഒച്ചുഭാരതം

ഇത് ജനുവരിമാസം, 2016 ക്രിസ്തുവർഷം

പ്രഭാതം കുളിർമഞ്ഞിൽ നേരം വൈകി
കവിളുകൾ തുടുത്ത് കോച്ചി വിറച്ചെണീറ്റിരിയ്ക്കുന്നു

അല്ലെങ്കിലും കുറെ ദശാബ്ദങ്ങളായി ഈ നാട്ടിൽ
പകലിരവുകൾ പൊട്ടുന്നതു സംശയിച്ചു തന്നെ
ഉദിച്ചാലുമസ്തമിച്ചാലും ഒരേ നിറം, ഭാവം
ഉദാസീനമാം ദിനചക്രചര്യകൾ, ചിന്തകൾ
പിന്നെന്തിന്നുദിയ്ക്കണം, അസ്തമിയ്ക്കണം?
ജനനവും മരണവും സപത്നികൾ ക്ലിഷ്ടമാം നാടിന്

ഇതാണ് ഒച്ചുഭാരതം കൂട്ടരേ
ഇവിടെ, എല്ലാം, എല്ലാ മുഖരതികളും ഒരോടിനുള്ളിൽ
ആരുമില്ലെങ്കിൽ കൊമ്പു കാണിച്ച് ഘ്രാണിച്ച്
പതുക്കെ മുന്നോട്ടെന്നു ഭാവിയ്ക്കും

പരിചിത വായുവിലൊരപരിചിത കമ്പനം
പിച്ച വെയ്ക്കും പോലെയൊരു പതിയ കാലൊച്ച
വിശന്നൊട്ടിയ ഒരു നെടുവീർപ്പ്; ഒരു കരസ്പർശം
മതി, ഇത്രയും മതി; വീണ്ടും തല വലിഞ്ഞ് ഓടുമാത്രം
അതല്ലെങ്കിൽ, സ്വയമൊന്നൂതി വീർത്ത് പേടിപ്പിച്ച്

പിന്നെ, ലക്ഷ്യമില്ല; സ്വയരക്ഷ മാത്രം
അതുമല്ലെങ്കിൽ, സ്വയം പശ പൊട്ടി പരിസരം വെളുപ്പിയ്ക്കൽ

ഇത് അധികാരമല്ല; ദുർമ്മദം, മേദസ്സ്
ഇത് പാരമ്പര്യമല്ല; അഹന്ത തൻ ബലൂൺ രൂപം
ഇത് ആകർഷണമല്ല; അപകർഷത
ഇത് വിപത്തല്ലാതെ മറ്റെന്താണ്?

നീണാൾ വാഴുന്നു ദശദശാന്തരങ്ങളായ്
ഒച്ചയുമനക്കവുമില്ലാതെ ഒച്ചു വേഗത്തിൽ
പിച്ച തേടുവാൻ പോലും ശേഷിയാതെ ഒച്ചുഭാരതം