ബ്ലോഗ് ആര്‍ക്കൈവ്

2014, ജൂൺ 3, ചൊവ്വാഴ്ച

മരണത്തിന്റെ വസന്തം

(ചില മരണങ്ങൾ മനസ്സിനുണ്ടാക്കുന്ന ഉലച്ചിലുകൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതാണ്. ഞങ്ങളുടെ SACA സഹപ്രവർത്തകനും പ്രിയസുഹൃത്തുമായ കമലഹാസന്റെ ആകസ്മികമായ അപകടമരണം; ഒമ്പതു വർഷക്കാലം കാൻസർ എന്ന മാരകരോഗത്തോടു പടവെട്ടി ധൈര്യപൂർവ്വം ജീവിതത്തെ നേരിട്ട, എന്റെ പ്രിയസുഹൃത്ത് റോസ്കുമാറിന്റെ ഭാര്യയുടെ വേർപ്പാട്; SACA എന്ന ഞങ്ങളുടെ സന്നദ്ധസംഘടനയെ പ്രതീക്ഷാനിർഭരമായ നിറഞ്ഞ മനസ്സോടെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ശ്രീ.പരമേശ്വരപ്പണിയ്ക്കർ മാസ്റ്ററുടെ നിര്യാണം; ഇവ മൂന്നും വളരെയധികം വേദനാജനകങ്ങളായിരുന്നു.  2014 ഏപ്രിൽ 27 നും ജൂൺ 1നും ഇടയിൽ സംഭവിച്ച തുടർച്ചയായ ഈ മൂന്നു മരണങ്ങൾ  അസ്വസ്ഥമാക്കിയ മനസ്സിന്റെ ഇടർച്ചയിൽ നിന്നെഴുതിയതാണ് ഈ വരികൾ.) 
  
എങ്ങും ശവം നാറികൾ പൂക്കുന്ന രൂക്ഷഗന്ധം മാത്രം
ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം

ചെത്തി മിനുക്കാത്ത ചുമരുകൾക്കുള്ളിൽ ചുഴറ്റുന്ന തേങ്ങലുകൾ
ഫണം നീർത്തിച്ചീറ്റുന്ന വൈധവ്യത്തിൻ പരുക്കൻ കാളിമ
നിലനില്പിൻ രണാങ്കണങ്ങളിൽ പടരുന്ന ഇരുളിന്റെ ഘനീഭാവം
മടികൂടാതെ ഗന്ധം പരത്തുന്നു ശവം നാറികൾ പിന്നെയും

പല നിറമൊരേ ഞെട്ടിൽ പൂവിട്ട ഒടിച്ചുറ്റിയ്ക്കും വിഷാദഗന്ധം
ശാപത്തിനും മോക്ഷത്തിനുമിടയ്ക്കു വലനെയ്യുന്നു മാറാരോഗച്ചിലന്തികൾ പൂക്കളിൽ
ഓർമ്മ തൻ ചെപ്പിൽ കിലുങ്ങുന്ന പൊട്ടിയ വർണ്ണവളപ്പൊട്ടുകൾ
ഞരമ്പുകളിലെഴുന്നു നില്ക്കുന്ന ഭൂതകാലത്തിൻ കല്ലിച്ച നീലകൾ

ഋതുവർണ്ണങ്ങളോടൊട്ടി വിയർപ്പിറ്റിയ്ക്കും പകലൊളി വറ്റിയ മുഖചിത്രങ്ങൾ
കണ്ണീർ പുവുകൾ ചൊരിഞ്ഞു പൂക്കുന്ന ദുരന്തത്തിൻ പാഴ്മരങ്ങൾ
ഇതു മരണത്തിന്റെ സ്വന്തം വസന്തത്തിൻ വരവറിയിപ്പ്
പരക്കുന്നതോ ശവം നാറികളുടെ കനിവറ്റ കാമ്പിയ ഗന്ധം

നിർത്താക്കരച്ചിലിൽ പുതുവസ്ത്രമുടുപ്പിയ്ക്കും പടുനിമിഷങ്ങൾ
ഇണക്കവും പിണക്കവും നിർത്തി  അഗ്നിപുഷ്പങ്ങളായ് മാറും ദേഹാർത്തിയും മാംസവും
നിയതിയുടെ നിർത്താത്ത തീവണ്ടിപ്പാച്ചിലിന്നിടയിലെ മായാത്ത കാഴ്ചകൾ
മയമില്ലാത്ത കടുംചായക്കൂട്ടു തട്ടിത്തെറിച്ച പോൽ മരണവർണ്ണങ്ങളും

ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം
മാറാതെ മറയാതെ മങ്ങാതെ ശ്മശാനമൂകമായ്
ആചന്ദ്രതാരം ഇടതടവില്ലാത്ത ശോകധാരയിൽ
കിളിർത്തു പുഷ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു രംഗബോധമില്ലാതെ


2014, മേയ് 19, തിങ്കളാഴ്‌ച

ഫലശ്രുതിയറ്റ തായ്കുലം


പഞ്ചമിയ്ക്കീറ്റുനോവായിരുന്നു പന്തീരാണ്ടും
പഞ്ചേന്ദ്രിയങ്ങളും സ്നിഗ്ദ്ധമായിരുന്നു വാഞ്ചയാൽ
കഞ്ചുകകവചങ്ങളേതുമില്ലാതെ കൺമിഴിച്ചു പന്ത്രണ്ടു പേർ
നെഞ്ചകം കത്തിനീറുന്ന ഉമിത്തീയിലുഴറിക്കറുത്തു പഞ്ചമി

മുലപ്പാൽ കെട്ടിക്കനത്ത മാർത്തടം വിതുമ്പി
നെറ്റിയിലുറച്ച, പന്തം തറച്ച, മുറിപ്പാടു വിങ്ങിയില്ലെന്നിട്ടും
നേരിന്റെ നേർവഴി ഞരക്കങ്ങളിൽ കാലുഷ്യമില്ലാതെ
ബീജാങ്കുരങ്ങളെ അതിലോലം ഉയിരാക്കി പഞ്ചമി

ആയിരം കറിയൂട്ടിയ കൈകളാത്മനിന്ദയിൽ വിറച്ചുവോ
മറക്കുട നീക്കിപ്പുറത്തെത്തിയ വ്യുത്പത്തി അറച്ചുവോ
മാറു ചേർത്തൊന്നു നറും പാലൂട്ടുവാനാകാത്ത ശോകം തിളച്ചുവോ
പേറ്റുനീരിന്നീറൻ വറ്റാത്ത തൻ മക്കളെപ്പിരിഞ്ഞപ്പോൾ?

വരരുചിപ്പുത്രരായ് നിറഞ്ഞാടി പലകുലങ്ങളിൽ അമ്പോറ്റിമക്കൾ
ഊറ്റങ്ങൾ കേൾപ്പിച്ചു പല ദേശങ്ങളിൽ അഭംഗുരം, അന്യൂനം
താതന്നു തെറ്റാതെ തർപ്പണം ഇല്ലത്തിൽ മുറ്റത്തു മുറപോൽ
ധരയ്ക്കില്ലെന്നോ ഒരു കൈക്കുടന്ന നീരിറ്റിയ്ക്കുവാനായ് ദിനം?

പാടിപ്പുകഴ്കേട്ട കഥകളിൽ ശ്രേഷ്ഠനാം വിശാരദൻ വരരുചി
പറയി തൻ സഗർഭ്യരാം പന്തിരുകുലം മേല്ക്കുമേൽ സമുത്തമർ
പറഞ്ഞില്ല പഞ്ചമിപ്പെണ്ണിൻ പേരോ പെരുമയോ തെല്ലോളം
പഞ്ചപുച്ഛങ്ങൾക്കും പുച്ഛമായ്ത്തോന്നിയെന്നോ തായ്കുലം?

പാടുവാനില്ല പറയിയ്ക്കു തോറ്റങ്ങൾ, വിധേയമാം ദുർന്നീതി മാത്രം
പെരുപ്പിയ്ക്കുവാനോ പെരുമ തൻ കുലപ്പേരും തുണയില്ല
പടിപ്പുറത്തെന്നുമേയിടം നല്കി, കൂട്ടായ് ചത്തപയ്യിന്നിറച്ചിയും തോലും
പാളയിൽ മൃഷ്ടാന്നഭോജനശേഷവും എച്ചിലും തുപ്പലും തീണ്ടുകുറ്റവും

ആര്യാവർത്തചരിതങ്ങളിൽ, ദ്രാവിഡക്കുറൾകളിൽ ഗരിമയായ്
വർണ്ണഭേദങ്ങൾക്കെതിർഭാഷ്യം ചമയ്ക്കുന്ന വരേണ്യ ധാർഷ്ട്യങ്ങളിൽ
പിന്നാമ്പുറ പഴംകഥകളിലെവിടെയോ ചാരമൂറിയ കനലായ്ച്ചിരിയ്ക്കുന്നു
ആത്മമനനം വിധിയ്ക്കാത്ത ഫലശ്രുതിയ്ക്കുൾപറ്റി പഞ്ചമി

  • ധര -  ഗർഭപാത്രം എന്നും അർത്ഥം ( അവലംബം  -  ശബ്ദതാരാവലി)


2014, മേയ് 11, ഞായറാഴ്‌ച

ഒത്തുതീർപ്പുകൾ

കഥയും കാര്യവും ആദ്യന്തം നെടുവീർപ്പുമായ്
വ്യഥകൾ മടക്കി കിടക്കപ്പായയിൽ ചുരുട്ടി
കോട്ടുവായിട്ടു വാശിയില്ലാതെ മൂരി നിവരുമ്പോൾ
പീളകെട്ടിയ മുഖപടം നീക്കുന്നു ആവി പറക്കും ഒത്തുതീർപ്പുകൾ

കണപിടിയ്ക്കുന്ന മനസ്സിന്നകലം പാർത്തും ഗണിച്ചും
സ്വർണ്ണമീനെന്നപോൽ ചില്ലുഭരണിയിൽ ഉലകങ്ങൾ കണ്ടും
ജീവിതസിരാമുഖങ്ങളിലാഴിയോളം ലവണം കുറുക്കിയും
നേർക്കാഴ്ചകൾ ചിറകടിയൊച്ചകൾ തീർത്തു മറയുവാനായുന്നുവെന്നോ?

ഉത്ക്കടം കോർക്കെ നുരുമ്പിച്ച പാഴ്ക്കിനാക്കൾ പൊടിയുന്നു
തന്നിഷ്ടം പൊറുക്കാത്ത ക്ലേശങ്ങൾ കലഹിയ്ക്കുമ്പൊഴും
രാത്രിയുടെ കനം വെച്ച കാലടികൾക്കു കാതേകിയിരിയ്ക്കുമീ
വിലകെട്ട വിനാഴികത്തരികളുടെ വെറും പതന നാദങ്ങൾ

പൊന്നു മോഹിച്ചു മിന്നുന്നതിൻ പിറകേ പോകാതെ
മണ്ണോടു ചേർന്നു കളകൾ  പിഴുതു മാറ്റിയും വളം ചെയ്തും
വിളിയ്ക്കാതെ വിരുന്നുണ്ണുവാനെത്തിയ വഹ്നിയ്ക്കമൃതേത്തായ്
വല്ക്കലമുരിയുന്നു സ്വയമേവം, നഗ്നമാം മേനി നാണിച്ചിട്ടും

തിട്ടപ്പെടുത്താത്ത തീട്ടുരങ്ങൾ ചട്ടങ്ങൾ തീർക്കവേ
ഒട്ടിയകന്ന ബന്ധങ്ങൾ ബാക്കിപത്രം പരിശോധിയ്ക്കവേ
വീട്ടുമൂലയിലിരുട്ടിൻ ബലത്തിൽ മൗനമായ് കരയാൻ കൊതിച്ചിട്ടും
ഓട്ടുതാഴിട്ടു പൂട്ടിയ കദനത്തിൻ കാൽപ്പെട്ടി കൂട്ടാക്കുന്നതില്ല തുറക്കുവാൻ

പുനർചിന്തയില്ലാതെ ഛർദ്ദിച്ച വിളമ്പലുകൾ വിഴുങ്ങണം
അനർഹമാണെന്നു പഴികേട്ട ഔദാര്യങ്ങൾ മടക്കണം
പനപോലെ വളർന്നൊരു പോന്തനായ് നടിയ്ക്കണം
വിനാശകാലേ വിപരീതബുദ്ധിയാണെന്നു ചമയ്ക്കണം

അശ്രാന്തം ആർത്തിരമ്പും പിത്തം കലർന്ന ചകിതമോഹങ്ങൾ
ആരും വിലയ്ക്കെടുക്കാത്ത കെട്ടു പിണയും ബന്ധന ദൈന്യങ്ങൾ
ഇനിയുമിനിയുമൊരുപാടുണ്ടു കാലദൈർഘ്യത്തിൻ ദുർവത്സരങ്ങൾ

ഉന്തിയുമുരുട്ടിയീക്കാറ്റുപോയ ചക്രമുരുളണം വേച്ചും ചതഞ്ഞും

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പൊക്കിൾക്കൊടി


നാഭിച്ചുഴിയുടെ ചുറ്റിലപദാനമായ് ചുറ്റിനിവർന്ന് അടരുന്നു
പശിയും പൈദാഹവും പരവേശവും അടക്കിയ മാംസച്ചുരുൾ

ആത്മസുരതത്തിൻ നാളുകൾ പിന്നിട്ട് പുടവ വാങ്ങിയ ആദ്യരാത്രി
ആശ്ലേഷത്തിൻ പ്രണയമൂർച്ഛയിൽ  പൊട്ടിമുളച്ച രേതസ്സിൻ രേണു
തലയും ഉടലും കയ്യും കാലുമായ് മിടിപ്പോടെ തുടിച്ചുല്ലസിച്ചു
മാതൃപാത്രത്തിൻ തോടിനുള്ളിൽ പൊക്കിൾക്കൊടിത്തുമ്പിൽ

അമ്മ തൻ നനവും നോവും രക്തവും ആസക്തിയുമൂറ്റി രസിച്ചും
നാമസങ്കീർത്തനങ്ങൾക്ക് ചെവിടോർത്തും തെന്നിയും പയ്യെ വളർന്നും
കാത്തു കാത്തിരുന്നാ നിമിഷത്തെ, കൊടിയോടെ ഉടലുമായ് പുറത്തെത്താൻ
കണ്ണിറുക്കെ പൂട്ടി ‘ള്ളേ’ വിളിക്കുവാൻ, അമ്മവയറിനോട് മല്ലിട്ടും തിടുക്കിയും

കൺതുറക്കാതെ കലഹിച്ചു കൊണ്ടേ നുകർന്നൂ അമ്മിഞ്ഞയേകുമമൃതം
താമരയിലകളുടെ കരിയിലക്കണ്ണീർ വറ്റാത്ത കുളത്തിലെ നീരു പോൽ
ഇതെന്തൊരു ചതിലോകമെന്നു ചെറ്റെ മിഴിച്ചു നോക്കുന്നു വാവിട്ട്
ഇനി പതുക്കെ നാവേറ്റാം നാവിലും ചുണ്ടിലും ഇന്നിൻ സുരാസുര പാനങ്ങൾ\

പിറന്നിരുപത്തെട്ടിനും മുന്നെ വലിച്ചെറിഞ്ഞിടാം ഹർഷത്തോടെ
പൊക്കിൾക്കൊടിയും പിറന്ന വയറുമായുള്ള ദൃഢത്വവും വായ്പും
പിച്ച വെച്ചും തോന്നിവാസങ്ങൾക്കു ലാളനാശാസനയേറ്റു മുറ്റിയും
കച്ച മുറുക്കാം ആശങ്കയാൽ പടുതിരി കത്തുന്ന സ്നേഹത്തെ നിരസിയ്ക്കാൻ

ഉമ്മയ്ക്കു മറുചോദ്യം ചമയ്ക്കുവാൻ ശീലിച്ച ശീലുകൾക്കിടയിലും
അമ്മയുമച്ഛനുമല്ലോ പിടയ്ക്കുന്നു ജനനിയായ്, ജനകനായ് നിസ്വാർത്ഥം
ഉരകല്ലുരച്ചു മാറ്റു നോക്കുന്നു മടികൂടാതെ മാതൃപൈതൃക പരമ്പരകളിൽ
ഇരയെന്നു പറയുവാൻ തിരക്കു കൂട്ടുന്നു അവമതിപ്പിൻ അജ്ഞാത ഹസ്തങ്ങൾ

പൊക്കിൾക്കൊടിയ്ക്കെന്തു വിലയിടേണം, നാഭിച്ചുഴിയേക്കാൾ, ചിന്തിയ്ക്കണം

ഓക്കാനം വരാത്ത ചിന്തയിൽ മാറാല കെട്ടാത്ത ഓർമ്മയായ് വാഴേണ്ട ബന്ധനം

2014, മാർച്ച് 29, ശനിയാഴ്‌ച

രോഗം

രോഗം ഒരു കുറ്റമല്ല;
അവസ്ഥാന്തരം മാത്രം.

രാത്രിയുടെ കൂട്ടുകാർക്ക് പകലൊരുക്കുന്ന താന്തമാം
വെയിൽച്ചൂടിൻ പടലത്തിൽ തിമരാന്ധകാ‍രമായ് മൂടി
എണ്ണവാർന്ന ഉൾവെളിച്ചത്തിൻ തിരി വിളറിയും വിറച്ചും
കൂടൊഴിയുവാൻ നേരമായെന്നുറക്കെ കാറുന്ന ദേഹം

നീറിയൊലിയ്ക്കും രോഗമൂർച്ഛ തൻ ചലം കണ്ട് ഈഷലോടെ
തീണ്ടാപ്പാടകലത്തിൽ പാളി നോക്കുന്ന വെറുപ്പരിയ്ക്കും കണ്ണുകൾ
രോഗമെന്നതൊരു കുറ്റമായ് ന്യായം ചാർത്തി പിൻവലിയുന്ന നേരം
ഇനി ആരു തുണയെന്ന് മേലോട്ടു ദൃഷ്ടിയായ് മലയ്ക്കുന്ന പതിത്വം

ഭൂമിയിൽ നരകമുണ്ടെന്നുറക്കെ ചിന്തിയ്ക്കുവാൻ മാത്രം
വറചട്ടികളൊരുക്കി കാത്തിരിയ്ക്കുന്ന മലിന പങ്കില വിശുദ്ധികൾ
തീൻമേശയ്ക്കു ചുറ്റും ആർത്തിമൂത്ത ആക്രാന്തങ്ങൾ രുചിയ്ക്കുന്നു
പുതുപുത്തനാം രോഗകൂമ്പാരങ്ങളും കുറിപ്പടികളും കൂട്ടിക്കൊടുപ്പും

ശസ്ത്രക്രിയാകാരന്മാരുടെ കത്തിമുനകൾക്കു കീഴെ വടിവോടെ
കൺമുന്നിൽ  തെളിയുന്ന അവയവഭംഗങ്ങളുടെ കാഴ്ചയിൽ
നട്ടെല്ലിൻ തലപ്പിലമർന്ന സൂചിമരുന്നിൻ അബോധബോധത്തിൽ
വേദന തിരിച്ചറിയുന്നതു വരേയ്ക്കുമാശ്വാസത്തിലമരുന്ന ചോദന

അറിയുന്നു ഞാൻ; ഒന്നു മറ്റൊന്നിൻ വിനാശമല്ലെന്നും
കുഴതെറ്റിപ്പുളയുന്ന പ്രാണന്റെ പുകിലുകളുടെ പിടച്ചിലെന്നും
സന്നിപാതങ്ങളിൽ കത്തിയമരുന്ന അന്തമില്ലാത്ത ചൂതാട്ടമെന്നും
ചുടുകട്ടകൾ ചൂളയ്ക്കടുക്കുന്ന കൌശലമിച്ഛിയ്ക്കാത്ത ചിട്ടയെന്നും

എങ്കിലും പറയട്ടെ;
രോഗം ആരുടെയും കുറ്റമല്ല;
ക്ഷണികമായ അവസ്ഥാന്തരം മാത്രം.

മറക്കണം, പൊറുക്കണം
ഋതുപ്പകർച്ചകളിലെന്നപോലെ കൺചിമ്മാതെ കൂട്ടിരിയ്ക്കണം

ദളങ്ങളായ് വിരിയുന്ന പരിമളപ്പെരുമഴകൾക്കു കാവലായ്.

2014, മാർച്ച് 28, വെള്ളിയാഴ്‌ച

അടച്ചൂട്

പേടിയാണിന്നെനിയ്ക്കൊന്നുറക്കെ കുറുകുവാൻ
അടയിരിയ്ക്കയാണു കുഞ്ഞുമുട്ടകൾക്കൂനമേ തട്ടാതെ
നനുക്കെ പതുക്കെ എൻ കൊക്കൊന്നുരുമ്മി
മനക്കൺ തുറക്കുന്ന വേഗത്തിലെൻ മക്കൾ
തോടുപൊട്ടിച്ചെൻ ചിറകിന്നടിയിൽ വരാനായ്
പടലുപിടിച്ചൊരീ കിണറിന്നകം പൂകി
പ്രാപ്പിടിയന്മാർക്കിടയൊട്ടുമേ ഏകാതെ,
വാപിളർന്നും നാക്കു ചുഴറ്റിയും മുകുളജീവൻ
പാപചിന്തയില്ലാതെ വിഴുങ്ങുന്ന കണ്ണുവെട്ടിച്ചും
വെളുപ്പിനും മുമ്പേ പോയൊരെൻ പ്രിയതമനെക്കാത്ത്

അമ്മക്കിളിയായിരിയ്ക്കുന്നു ഞാൻ ഗർവ്വമായ്

2014, മാർച്ച് 3, തിങ്കളാഴ്‌ച

ഹൃദയരേഖകൾ

ജന്മനക്ഷത്രം മുനിഞ്ഞു മായുന്ന കലണ്ടറിൻ താളിൽ
ചൂണ്ടാണിവിരലിന്നറ്റം കൊണ്ടൊന്നു ചുരണ്ടി മാന്തി
വിരൽനഖച്ചുരുളിന്നകത്തു പുരണ്ട മഷിക്കറയൊന്നു നക്കി
കൊള്ളിമാസമെന്നെത്തുമെന്നൊന്നു നിനച്ചു നോക്കി

ഇനി പിഴിഞ്ഞെടുക്കുവാനില്ല ശുദ്ധമാം ഹൃദയത്തെ ഒട്ടും
ഇടയിലങ്ങിങ്ങു പൊട്ടിപ്പിരിഞ്ഞിരിയ്ക്കുന്നു രക്തവാഹിനികളും
ഇടതും വലതുമായ് ഞെങ്ങിനിവർന്നു നിലയ്ക്കാത്ത താളത്തിൽ
ഇടനെഞ്ചു കലങ്ങാതെ കാത്തതെന്തിനിക്കാലമത്രയും?

ഹൃദയത്തിൻ ചിത്രം തെളിഞ്ഞു പതിയുന്ന കല്ലുവരവീഴാത്ത കണ്ണാടി
പുസ്തകച്ചിമിഴിലൊരിലയുടെ പഞ്ജരം കണക്കു ചോരഞരമ്പുകൾ
ശോണം വെടിഞ്ഞവ, കട്ടച്ചോരയൊലൊട്ടിയവ, നീലിച്ചവ
എൻ ഹൃദയത്തിൽ പതിഞ്ഞ ചില്ലകൾ, എൻ ഹൃദയരേഖകൾ

എല്ലാം വെടിഞ്ഞേകനായ് വിടചൊല്ലുന്ന നേരത്ത് നിസ്സംഗരായ്
അവസാന മിടിപ്പിന്നും മുന്നേയീ ശാഖകൾ വാർന്നൊന്നു വറ്റണം
കച്ചപുതപ്പിയ്ക്കാനെത്തുന്ന മരണത്തിൻ ശേഷം മിടിച്ചു കൂടാ
ജനനം മുതലൊരായുസ്സു മുഴുവനും മിനക്കെടാതെ ജീവൻ ചുമന്നവ

ഇടയ്ക്കിടെ കത്തിത്തലപ്പിൽ, കൂർത്ത വാതിൽ‌പ്പിളർപ്പുകളിൽ ചതഞ്ഞും
സൂചിയാഴ്ന്നും ഇരടിമുട്ടിയും വരണ്ട സ്നേഹത്തിൽ വിണ്ടുപൊട്ടിയും
ഈച്ചയാർക്കും മുറിവായൊലിപ്പിച്ചും വെളുക്കെ ചിരിച്ചും, ചുണ്ടു കടിയ്ക്കാതെ
തെല്ലുമേ പിണങ്ങാത്ത ശപിയ്ക്കാത്ത ഉന്മാദരാകാത്ത കാരുണ്യരേഖകൾ

ഈ കലണ്ടറിൻ കീറുകൾ നാളുകൾ തള്ളി കൊഴിഞ്ഞേയ്ക്കാം, പക്ഷെ-
നിലയ്ക്കില്ല കാലം, മാസവർഷങ്ങൾ പിന്നിട്ട് ജന്മനക്ഷത്രമിനിയും വരാം
അപ്പൊഴേയ്ക്കും എൻ ഹൃദയരേഖകൾ ജീവവായുവില്ലാതെ കിതച്ചേയ്ക്കാം

നിയതാം വഴികളിൽ മുടന്തിയുമേങ്ങിയും മാപ്പിരക്കാൻ പോലും മറന്നേയ്ക്കാം