ബ്ലോഗ് ആര്‍ക്കൈവ്

2014, ജൂൺ 3, ചൊവ്വാഴ്ച

മരണത്തിന്റെ വസന്തം

(ചില മരണങ്ങൾ മനസ്സിനുണ്ടാക്കുന്ന ഉലച്ചിലുകൾ പറഞ്ഞറിയിയ്ക്കാൻ പറ്റാത്തതാണ്. ഞങ്ങളുടെ SACA സഹപ്രവർത്തകനും പ്രിയസുഹൃത്തുമായ കമലഹാസന്റെ ആകസ്മികമായ അപകടമരണം; ഒമ്പതു വർഷക്കാലം കാൻസർ എന്ന മാരകരോഗത്തോടു പടവെട്ടി ധൈര്യപൂർവ്വം ജീവിതത്തെ നേരിട്ട, എന്റെ പ്രിയസുഹൃത്ത് റോസ്കുമാറിന്റെ ഭാര്യയുടെ വേർപ്പാട്; SACA എന്ന ഞങ്ങളുടെ സന്നദ്ധസംഘടനയെ പ്രതീക്ഷാനിർഭരമായ നിറഞ്ഞ മനസ്സോടെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന ശ്രീ.പരമേശ്വരപ്പണിയ്ക്കർ മാസ്റ്ററുടെ നിര്യാണം; ഇവ മൂന്നും വളരെയധികം വേദനാജനകങ്ങളായിരുന്നു.  2014 ഏപ്രിൽ 27 നും ജൂൺ 1നും ഇടയിൽ സംഭവിച്ച തുടർച്ചയായ ഈ മൂന്നു മരണങ്ങൾ  അസ്വസ്ഥമാക്കിയ മനസ്സിന്റെ ഇടർച്ചയിൽ നിന്നെഴുതിയതാണ് ഈ വരികൾ.) 
  
എങ്ങും ശവം നാറികൾ പൂക്കുന്ന രൂക്ഷഗന്ധം മാത്രം
ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം

ചെത്തി മിനുക്കാത്ത ചുമരുകൾക്കുള്ളിൽ ചുഴറ്റുന്ന തേങ്ങലുകൾ
ഫണം നീർത്തിച്ചീറ്റുന്ന വൈധവ്യത്തിൻ പരുക്കൻ കാളിമ
നിലനില്പിൻ രണാങ്കണങ്ങളിൽ പടരുന്ന ഇരുളിന്റെ ഘനീഭാവം
മടികൂടാതെ ഗന്ധം പരത്തുന്നു ശവം നാറികൾ പിന്നെയും

പല നിറമൊരേ ഞെട്ടിൽ പൂവിട്ട ഒടിച്ചുറ്റിയ്ക്കും വിഷാദഗന്ധം
ശാപത്തിനും മോക്ഷത്തിനുമിടയ്ക്കു വലനെയ്യുന്നു മാറാരോഗച്ചിലന്തികൾ പൂക്കളിൽ
ഓർമ്മ തൻ ചെപ്പിൽ കിലുങ്ങുന്ന പൊട്ടിയ വർണ്ണവളപ്പൊട്ടുകൾ
ഞരമ്പുകളിലെഴുന്നു നില്ക്കുന്ന ഭൂതകാലത്തിൻ കല്ലിച്ച നീലകൾ

ഋതുവർണ്ണങ്ങളോടൊട്ടി വിയർപ്പിറ്റിയ്ക്കും പകലൊളി വറ്റിയ മുഖചിത്രങ്ങൾ
കണ്ണീർ പുവുകൾ ചൊരിഞ്ഞു പൂക്കുന്ന ദുരന്തത്തിൻ പാഴ്മരങ്ങൾ
ഇതു മരണത്തിന്റെ സ്വന്തം വസന്തത്തിൻ വരവറിയിപ്പ്
പരക്കുന്നതോ ശവം നാറികളുടെ കനിവറ്റ കാമ്പിയ ഗന്ധം

നിർത്താക്കരച്ചിലിൽ പുതുവസ്ത്രമുടുപ്പിയ്ക്കും പടുനിമിഷങ്ങൾ
ഇണക്കവും പിണക്കവും നിർത്തി  അഗ്നിപുഷ്പങ്ങളായ് മാറും ദേഹാർത്തിയും മാംസവും
നിയതിയുടെ നിർത്താത്ത തീവണ്ടിപ്പാച്ചിലിന്നിടയിലെ മായാത്ത കാഴ്ചകൾ
മയമില്ലാത്ത കടുംചായക്കൂട്ടു തട്ടിത്തെറിച്ച പോൽ മരണവർണ്ണങ്ങളും

ഇത് മരണത്തിന്റെ സ്വന്തം വസന്തകാലം
മാറാതെ മറയാതെ മങ്ങാതെ ശ്മശാനമൂകമായ്
ആചന്ദ്രതാരം ഇടതടവില്ലാത്ത ശോകധാരയിൽ
കിളിർത്തു പുഷ്പിച്ചു കൊണ്ടേയിരിയ്ക്കുന്നു രംഗബോധമില്ലാതെ


അഭിപ്രായങ്ങളൊന്നുമില്ല: