ബ്ലോഗ് ആര്‍ക്കൈവ്

2023, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ചരിത്രം തമസ്ക്കരിച്ചവരോട്

 

കലുഷമായ മനസ്സ്

കാപട്യത്തിന്റെ ഉറവിടമാകുന്നു

 

വാല്‍ പോയ മൃഗങ്ങളെ 1

വാലാട്ടാന്‍ മെരുക്കിയും

വേരറുത്ത വൃക്ഷത്തിന്നൂറലില്‍

വിഷം വെച്ചശേഷനാക്കിയും

വെന്തഴല്‍2 ചുറ്റിലും കാവല്‍ നിന്നും

വെന്നിപ്പെരുമ്പറ കൊട്ടുന്നോരെ

 

നിങ്ങളറിയണം;

ഇത് പൊളിച്ചെഴുത്തിന്‍ കാലം

 

കരിഞ്ഞ വേനലില്‍

കരയിച്ച വസന്തത്തില്‍

കടും ഭീതിയുടെ ശിശിരസുഷുപ്തിയില്‍

കനലുരുക്കിയ നഷ്ട ഹേമന്തത്തില്‍

കറുപ്പു ശോഷിച്ച വര്‍ഷമേഘപ്പെയ്ത്തില്‍

കനവുറങ്ങിയ ശരത്ക്കാല സന്ധ്യയില്‍

കരയ്ക്കായ്, കടലിനായ്, കാറ്റുരയ്ക്കും കാറ്റിനായ്

കണ്ണിമ ചോരാതെ പടവെട്ടിയ നേര്‍പുത്രന്മാരെ

കാണാമറയത്ത് പഴന്തുണിക്കെട്ടില്‍

കെട്ടിപ്പൊതിഞ്ഞിട്ടൂറ്റം നടിച്ചപ്പോള്‍

തിരിഞ്ഞു കൊത്തുന്നു കാലം;

പൊതിയഴിഞ്ഞിടും; പുറത്തെത്തും നേരുകള്‍

 

മനുഷ്യനുണ്ടായതെപ്പോള്‍? അറിയില്ല;

തുരന്ന ഭൂമിയ്ക്കടിയില്‍ ഗാഢ നിദ്രയാണടരുകള്‍

പിറകോട്ടു പോകും യുഗാന്തരം

തീര്‍പ്പില്ല; ഇനിയും തുരക്കണം

 

വിജയികള്‍ ചരിത്രം ചമച്ചെന്നും

തനതു സൂതന്‍മാരവ പാടിപ്പരത്തിയും

വിനീത ഭക്തന്മാര്‍ നൂറ്റൊന്നാവര്‍ത്തിച്ചും

സത്യത്തിന്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പീ നിരന്തരം

 

നാം പഠിച്ചതത്രയും തമസ്ക്കാരം

ചതിയുടെ കളങ്കിത ജയഭേരികള്‍

അധികാര സ്വേച്ഛ തന്‍ കണ്‍മൂടല്‍

വിടുതല്‍ നേടീട്ടും വിടാത്ത വിധേയത്വം

 

അമ്മയില്ലാതെ മക്കളുണ്ടോ?

താതനില്ലാതെ സ്വത്വമുണ്ടോ?

പ്രകൃതിയില്ലാതെ പുരുഷനുണ്ടോ?

ദൈവമില്ലാതെ നാസ്തികരും?

 

അറിവാം അഗ്നിയെ തീയിട്ടും മണ്‍മൂടിയും

തകര്‍ത്തു ബിംബങ്ങള്‍ തന്‍ തലയറുത്തും

വംശഹത്യയ്ക്കും ഭോഗതൃഷ്ണയ്ക്കുമിടയിലൂടാര്‍ത്തയായ്

ഇന്നിലേയ്ക്കെത്തിയ എന്‍ ജന്‍മഭൂവേ, പൊറുക്കണേ

ഒറ്റിയതത്രയും നിന്നെയൂറ്റിയ നിന്‍ മക്കള്‍;

നന്ദികെട്ടോര്‍, കാലചക്രം കരിച്ചവര്‍

 

കാത്തിരിക്കാതെ ശൌര്യകഞ്ചുകമണിയുക

ഉള്‍ത്തുടിപ്പിന്‍ ഉയിരില്‍ സട കുടഞ്ഞെഴുന്നേല്‍ക്കുക

വീണ്ടെടുക്കുക വെളിച്ചത്തെ, വിശുദ്ധിയെ

തമസ്ക്കാരതമസ്സാം തിമിരം നീക്കീടുക

 

1 മനുഷ്യനു വാല്‍ പോയത് നടക്കാന്‍ തുടങ്ങിയപ്പോളെന്ന് ഒരു മുത്തശ്ശിക്കഥ

2 എരിതീയ്

2023, മേയ് 13, ശനിയാഴ്‌ച

അശ്രുപൂജ - ആത്മരോഷത്തോടെ

അശ്രുപൂജ ആത്മരോഷത്തോടെ

 

തലകുനിയ്ക്കാം നമുക്കോരോദിനത്തിലും

ദുരന്തങ്ങളിനിയും ഒരുമ്പെട്ടിറങ്ങുമ്പോള്‍

പാഷാണതുല്യമാം പക്ഷപാതം മൂത്ത്

ഭര്‍ത്സിച്ചിടാം വിമര്‍ശത്തെയെമ്പാടും

 

കെട്ടിപ്പടുത്ത കുമിളകളോരോന്നായ്

പൊട്ടിച്ചിതറുന്നു; പഠിയ്ക്കുന്നതില്ല നാം

ധാര്‍ഷ്ട്യം, തൊലിക്കനം, കപടമാനവീയങ്ങള്‍

ഒട്ടും സുഖമുള്ളതല്ലീ കെട്ട കാലത്തിന്‍ ഗതി

 

രക്തം പൊടിഞ്ഞും പിടഞ്ഞും പൊലിഞ്ഞു

കുത്തേറ്റു വീണ ആതുരാലയത്തിന്‍ പ്രാണന്‍

ചങ്ങല പൂട്ടിക്കിടത്തേണ്ട ലഹരിഭ്രാന്തിനോ-

ടൊന്ന് കലഹിയ്ക്കുവാന്‍ പോലും വയ്യാതെ

 

രക്ഷ നേടിയൊളിച്ചത്രേ രക്ഷകര്‍

രക്ഷ നേടാനുള്ള പഴുതിനും താഴിട്ട്

വാദിയാക്കി കുറ്റവാളിയെത്തിടുക്കത്തില്‍

ഭയമെന്ന കുറ്റം ചാര്‍ത്തി ഉയിര് പോയെന്നാക്കി

 

മഹാമൌനത്തിന്റെ തടവറയില്‍ത്തളം കെട്ടും

കനം വെച്ച നിത്യദു:ഖത്താല്‍ മുഖം പൊത്തി

പതിഞ്ഞ വിതുമ്പലിലൊരു പ്രചണ്ഡമാം-

പ്രളയത്തിന്നാന്തലോടിരിപ്പാണ്  ജനിതാക്കള്‍

 

ദുര്‍വ്വിധി പൊതികെട്ടിപ്പുതപ്പിച്ച് കിടത്തിയ

തങ്ങള്‍ തന്‍ പ്രതീക്ഷയും തണലും വെളിച്ചവും

ക്ഷണികമാം ആള്‍ക്കൂട്ട പുഷ്പാശ്രു പൂജയ്ക്ക് ശേഷം

ചിതാഗ്നിയായ് നിത്യമായെന്നേയ്ക്കായ് മറയുമ്പോള്‍

 

മൂകരാം സാക്ഷികള്‍ നമ്മള്‍, മന:സാക്ഷിയറ്റവര്‍

നാണിച്ചു നില്_ക്കേണ്ടതല്ലേ പ്രബുദ്ധത?

 

ഇവിടെ, കാമക്കലി പൂണ്ട ലിംഗമുന കവര്‍ന്ന

യാത്രയിലെ യൌവ്വനം, തെരുവുബാല്യത്തിന്‍ നിരാശ്രയത്വം,

കുടിലില്‍ കുടല്‍ കീറിത്തുളച്ചെടുത്ത ചാരിത്ര്യം,

മഹാമാരി തീണ്ടിയ പീഡിത രോഗിണി; നീളും പ്രബുദ്ധത

 

ഇവിടെ, ചെളിയില്‍, തടാകത്തില്‍, കായലി-

ന്നാഴക്കയങ്ങളില്‍ തകര്‍ന്ന യാനങ്ങളില്‍,

പാതയോരത്തെ മത്സരബുദ്ധിയില്‍

കേണു വിലയിച്ചൂ എത്രയോ നിശ്വാസങ്ങള്‍?

 

പഠിച്ചുവോ നമ്മള്‍ എന്നിട്ടും ?; അരങ്ങത്ത്

താടിവേഷങ്ങള്‍ നിരവധി നിരന്നു നില്ക്കുന്നു

പരസ്പരം ഗ്വാ-ഗ്വാ വിളികള്‍ വിളിയ്ക്കുന്നു

പുതുവാര്‍ത്തകള്‍_ക്കൊപ്പം  ദുരന്തങ്ങള്‍ മായ്ക്കുന്നു

 

തിളയ്ക്കുന്നതില്ല ചോര നമുക്ക്  ഞരമ്പുകളില്‍

ഷണ്ഡരാം നമ്മള്‍_ക്കെല്ലാം  ഒറ്റയാം സംഭവം

എങ്കിലും, ആര്‍ദ്രയാം ആതുര സേവിണീ, സഹോദരീ,

നിനക്കായ്, ഉദകതീര്‍ത്ഥമായ്  ഒരിറ്റശ്രുബിന്ദു; മാപ്പാക്കുക


 


2023, മേയ് 10, ബുധനാഴ്‌ച

ഒരു പിളര്‍പ്പിന്‍റെ കഥാകഥനം

 

സ്വര്‍ഗ്ഗരാജ്യം പിളര്‍ന്നപ്പോള്‍

നോവിന്റെ വന്‍കര വേര്‍_പെട്ടുപോയി

 

വേര്‍പ്പാടിന്റെ വസൂരിവടുക്കള്‍ കറുപ്പരിച്ച മുഖവുമായ്

വന്‍കര അപകര്‍ഷതയാല്‍ തല താഴ്ത്തി

പാരതന്ത്ര്യത്തിന്റെ പരാദരേണുക്കളായടിഞ്ഞ

ആധിക്കടലിന്റെ അഴിമുഖങ്ങളില്‍

നാവേറു പാടിത്തീര്‍ക്കുവാന്‍ കഴിയാത്ത ദോഷങ്ങള്‍

ചങ്കിടിപ്പുകള്‍ക്കിടയിലൂടെ മണിവീണ മീട്ടി

 

വന്‍കരയിലെ ശവമണ്ണൊരുക്കിയ ശയ്യാതലങ്ങളില്‍

സുഷൂപ്തിയിലാണ്ടുകിടന്ന കുറ്റവും ശിക്ഷയും

കേട്ടു മോഹിച്ച സ്വര്‍ഗ്ഗരാജ്യത്തേയ്ക്കുയരുവാന്‍ വെമ്പി

സ്വപ്ന സംഘര്‍ഷത്തില്‍  ഞെട്ടിയുണര്‍ന്നു പൊട്ടിക്കരഞ്ഞു

 

കുറ്റങ്ങളോരോന്നും

വിധിവൈപരീത്യങ്ങളുടെ ശിക്ഷകളേറ്റു വാങ്ങി;

ശിക്ഷകളുടെ

പുതുമഴപ്പെയ്ത്തില്‍ വന്‍കര കുളിരണിഞ്ഞു;

കണ്ണീരിന്റെ

കാട്ടുറവകള്‍ കെട്ടുപൊട്ടിച്ചു കുതിച്ചു;

കരിയില മൂടിയ

ചതിക്കുഴികള്‍ കണ്ണീരാത്തു കുടിച്ചു വീര്‍ത്തു;

ആര്‍ത്തു പൊടിച്ച

പാഴ് ചെടികള്‍ പഴുതു കൊടുക്കാതെ വേരൂന്നിത്തുടങ്ങി;

വേരുകളിറുക്കിയ

വേദനയില്‍ വന്‍കര നീണ്ട മയക്കത്തിലേയ്ക്കൂര്‍ന്ന് വീണു

 

നോവിന്റെ വന്‍കര നിറയെ

സ്വപ്ന ബീജാങ്കുരങ്ങളില്‍ കിളിര്‍ത്ത

വ്യഥകളുടെ വന്മരങ്ങള്‍

വെറിയുടെ കുറ്റിക്കാടുകള്‍

മുറിഞ്ഞുപോയ പ്രണയങ്ങള്‍

പാറി നടക്കുന്ന വെളിയിടങ്ങള്‍

ചിതല്‍ കാര്‍ന്ന വാല്മീകങ്ങള്‍

 

ഇവകള്‍ക്കിടയില്‍

എന്നോ പിളരുന്നതിന്‍ മുമ്പ് കടലെടുക്കാതെ

മണല്‍ മൂടിയ ഭൂതകാലത്തിന്‍ ശിഷ്ടം

വന്‍കരയുടെ ശല്‍ക്കപാളികള്‍ക്കിടയിലൊളിച്ചിരുന്നു

കഠിനമായ കാലത്തിന്റെ

കയ്യൊച്ചകളടങ്ങുവാന്‍

 

അങ്ങനെ,

ഋതുചംക്രമണത്തിന്റെ ഇടവേളകളൊഴിച്ച്

നോവിന്റെ വന്‍കര പൊതുവേ മ്ലാനമായിരുന്നു

 

അങ്ങ് സ്വര്‍ഗ്ഗരാജ്യത്ത്,

സ്വപ്നങ്ങള്‍ക്കിടമില്ലായിരുന്നു

എവിടേയും രാസക്രീഡകളുടെ തുറസ്സായ ശീല്‍ക്കാരങ്ങള്‍

യന്ത്രസമാനമായ

മീമാംസകളുടെ സമീക്ഷകള്‍_ക്കൊപ്പം

നിരന്തരം ആഘോഷത്തിമിര്‍പ്പും മേളപ്പെരുക്കങ്ങളും

സൂര്യചന്ദ്രതാരകള്‍ക്ക്

അസ്തമയം അനുവദിയ്ക്കാത്ത അടിമത്തം

മറക്കപ്പെട്ട നോവിന്റെ ആണ്ടറുതികള്‍

 

തീണ്ടല്‍പ്പാടകലെ മാറ്റിനിര്‍ത്തപ്പെട്ടതെങ്കിലും

പരഭോജികളുടെ ഘോഷയാത്രയ്ക്കായി മാത്രം

മുജ്ജന്‍മത്തിന്റെ ധ്വജചിഹ്നങ്ങളുയര്‍ത്തിക്കാട്ടി

നോവും നോവിന്റെ കാലാള്‍പ്പടയും വന്‍കരയും കാതോര്‍ത്തിരുന്നു

2023, ഏപ്രിൽ 1, ശനിയാഴ്‌ച

ഞാന്‍ എന്ന ഗൃഹാതുരത്വം

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

വെന്തുണങ്ങിയ അമൃതപാകങ്ങളില്‍

നൊന്തു നീറും ചങ്കിടിപ്പില്‍ തട്ടി

നെഞ്ചുകൂടത്തിന്‍ അച്ചുതണ്ടിന്‍ വേഗം

സഞ്ചാരപാതയില്‍ ഭ്രംശമേറ്റുഴലുന്നു

 

ഭീതീയുടെ കരിനീല വണ്ടുകള്‍ മൂളും

നിയതിയുടെ നിത്യമാം നീതിയല്ലല്ലിത് ;

രൂപാന്തരത്തിലെ ഭീമന്‍ കീടവുമല്ല; (1)

കുപ്പായമൂരിയ കാലപ്രഭാവം

 

ഓര്‍മ്മകള്‍ക്കുള്ളറകളിലെങ്ങോ

നന്തുണി കൊട്ടിപ്പാടിയ ഉണര്‍ത്തുപാട്ട്

ബോധിവൃക്ഷത്തണല്‍ച്ചുവടിലെ

ധ്യാനമില്ലാതെ വന്ന തിരിച്ചറിവ്

 

ഓരോ പകലും പേറുന്നു; പോയ -

രാവിന്‍ യൌവ്വനം; നരകളും

ഉഷസ്സിന്‍ സാന്ധ്യശോഭയും; ആഭയും,

പകല്‍ നരയ്ക്കുമ്പോള്‍ മായുന്നതല്ലിവ

 

കര്‍മ്മബന്ധങ്ങളുടെ ഓരത്തലയ്ക്കും

ദുര്‍മ്മദം കലരാത്ത അലകളായ് അനുസ്യൂതം

ധൂസര വാസരമെത്ര മറഞ്ഞാലും

മറക്കുമോ ഓര്‍മ്മകള്‍, പിന്‍വിളി വിളിയ്ക്കുന്നു

 

 

 

തനിച്ചു നടക്കുമീ വഴികളിലെങ്ങും

പണ്ടത്തെ ആണ്ടറുതി, പണ്ടത്തെ പൂരം

പണ്ടൊരുമിച്ചു കയ്യിട്ട ചക്കരപ്പാത്രം

പണ്ടാര്‍ത്തി പൂണ്ടു കട്ടുതിന്ന കാരോലപ്പം

പണ്ടത്തെ അടുക്കള, പണ്ടത്തെ സ്വാദ്

 പണ്ടത്തെ അമ്മ, പണ്ടത്തെ അച്ഛന്‍

പണ്ടത്തെ ഏകോദരര്‍, മാതുല മാതൃവാത്സല്യങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത പണ്ടും, പണ്ടത്തെ പണ്ടും

കണ്ടു നടന്നോട്ടെയിത്തിരി, ഗൃഹാതുരത്വമല്ലേ?

 

മരണത്തിന്റെ മണമുള്ള ഗൃഹാതുരത

മരണമുഹൂര്‍ത്തമടുത്ത പകലിന്റെ ആന്തല്‍

അകലെ മറഞ്ഞ്, തെളിയുവാന്‍ വെമ്പും താരങ്ങള്‍

നിത്യ സത്യത്തിന്‍ ചെപ്പേടുകള്‍, മൂകസാക്ഷികള്‍

 

എന്നും നടക്കുന്ന വഴികളിലേയ്ക്ക് പതിവുപോല്‍

എല്ലാമറിഞ്ഞെന്ന് മൂഢനായ്, വെടിപ്പായ്

പഴയകാലത്തിന്റെ മുഴുക്കയ്യന്‍ കുപ്പായമിട്ട്

ചിത്തഭ്രമത്താല്‍ ചിതലെടുത്ത കൈവടിയുമായ്

ചെരിയുന്ന സൂര്യന്റെ അന്തിവാനച്ചോപ്പില്‍

നഗ്നപാദനായ് സവാരിയ്ക്കിറങ്ങുമ്പോള്‍

 

പണ്ടു പഠിച്ചിറങ്ങിയ പള്ളിക്കൂടത്തിന്‍ ചുമരി-

ലാണിത്തുരുമ്പില്‍ തൂങ്ങിയാടും ഛായാപടത്തില്‍

തോളില്‍ തല ചേര്‍ത്തു നിന്ന സഹപാഠി

കണ്ടാലറിയാത്ത ഭാവം പൂണ്ട്  നില്‍പ്പാണ് വീട്ടില്‍

പുതിയ കാലത്തേയ്ക് കണ്ണും നട്ട്, പരുക്കനായ്

വീണ്ടും പിറകോട്ടു നോക്കാമോ, ഗൃഹാതുരത്വമല്ലേ?

 

 

ഇരടി(2) മുട്ടാതെ പിന്നേയും നടക്കുമ്പോള്‍

പുതിയ കാലത്തിന്റെ കൃത്രിമത്വം മണക്കും

വയലേലകള്‍, നാട്ടുപാതകള്‍, വേഷവിഭൂഷകള്‍

ത്വര പോയ ദ്വര പോലെ ആളില്ലാവീടുകള്‍

വിവരഖനനത്തില്‍ മുഴുകിയ യന്ത്രയൌവനങ്ങള്‍

എന്റെ സ്വപ്നാടനത്തിന് പങ്ക് ചോദിയ്ക്കുന്നവര്‍

 

ഇവരൊന്നുമറിയുന്നില്ലെന്നോ?

എന്നും നടക്കുന്ന വഴികളിലാണ്ടുകിടക്കുന്നു

പഴയ കാലമെന്ന്, വിയര്‍പ്പും കണ്ണീര്‍ക്കണങ്ങളും

പുതുമഴ കിളിര്‍ത്തും മുളകളോരോന്നും

പണ്ടുണങ്ങിക്കരിഞ്ഞ പുഷ്ടികളായിരുന്നെന്ന്

കണ്ണിമ ചോരാത്ത കാത്തുസൂക്ഷിപ്പുകള്‍

 

അങ്കുശം കുറിയ്ക്കാതെ, പിറകോട്ടു നടക്കാതെ

വീടെത്തണമെനിയ്ക്ക്; ചുറ്റിലും പുറ്റ് തീര്‍ക്കണം

കണ്ണടച്ചിരുട്ടാക്കി സ്വയം നിമീലനം ചെയ്യണം

കണ്ണു കുത്തിപ്പൊട്ടിയ്ക്കാന്‍ കുസൃതിക്കാര്‍ വന്നാലോ?(3)

എന്തെന്നാല്‍,

ഇന്നലെ പകലറുതിയോടെ

ഞാനൊരു ഗൃഹാതുരത്വമായി

 

 

1 Metamorphosis (രൂപാന്തരം) എന്ന കാഫ്കയുടെ കഥ

2 കാല്‍ കല്ലില്‍ തട്ടുന്നതിനുള്ള ഒരു നാട്ടുപ്രയോഗം

3 ച്യവന മഹര്‍ഷിയുടെ കഥയ്ക്ക് അവലംബം